2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

പച്ചക്കറികൃഷിയില്‍ പുത്തന്‍ ആശയവുമായി വിദ്യാര്‍ത്ഥികള്‍



പെരുമ്പള്ളിച്ചിറ അല്‍-അഹ്‌സര്‍ കോളേജ്‌ ഓഫ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സിലെ നാഷണല്‍ സര്‍വ്വീസ്‌ സ്‌കീം വിദ്യാര്‍ത്ഥികള്‍ പച്ചക്കറികൃഷിയില്‍ പുത്തന്‍ ആശയവുമായി രംഗത്ത്‌. പഞ്ചായത്തുകള്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടവെട്ടി പഞ്ചായത്തിലെ മാര്‍ത്തോമ റസിഡന്‍സ്‌ അസോസിയേഷനുമായി സഹകരിച്ചു കൊണ്ടാണ്‌ സംരംഭത്തിന്‌ തുടക്കം കുറിച്ചത്‌. ഇടവെട്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫിയ ബഷീര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു റിട്ട.കൃഷി ഓഫീസര്‍ എന്‍. ശിവരാമന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യമായി മാര്‍ത്തോമയിലുള്ള സ്ഥലം പച്ചക്കറി കൃഷിക്കായി വിട്ടുനല്‍കി. 

പത്രശേഖരവുമായി വൈദികന്‍ ശ്രദ്ധേയനാകുന്നു.


വൈവിധ്യമാര്‍ന്ന വാര്‍ത്തകള്‍ നിറഞ്ഞ പത്രശേഖരവുമായി വൈദികന്‍ ശ്രദ്ധേയനാകുന്നു. അറക്കുളം സെന്റ്‌ മേരീസ്‌ പുത്തന്‍ പള്ളിയിലെ വികാരി റവ. ഫാ.ജോസഫ്‌ കൊച്ചുപറമ്പിലാണ്‌ കഴിഞ്ഞ 42 വര്‍,ക്കാലമായി ദിനപത്രങ്ങള്‍ ശേഖരിച്ച്‌ ശ്രദ്ധേയനാകുന്നത്‌. 

തൊടുപുഴ റസിഡന്‍സ്‌ അസോസിയേഷനുകളുടെ കൂട്ടായ്‌മയായ ട്രാക്‌ നേതൃത്വത്തില്‍ ശുചിത്വ-സ്വാശ്രയ പദ്ധതിയുടെ ഉദ്‌ഘാടനം ഒക്‌ടോബര്‍ രണ്ടിന്‌ തൊടുപുഴ ആനക്കൂട്‌ ജംങ്‌ഷനില്‍ മന്ത്രി പി.ജെ. ജോസഫ്‌ നിര്‍വഹിക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സോളാര്‍ ഹോം ലൈറ്റിങ്‌ സിസ്റ്റം ഉദ്‌ഘാടനം അഡ്വ.പി.ടി തോമസ്‌ എം.പി നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ്‌ എം.സി മാത്യൂ, ജനറല്‍ സെക്രട്ടറി മാത്യൂ മഠത്തിക്കണ്ടം, ജോയിന്റ്‌ സെക്രട്ടറി എന്‍.ശിവരാമന്‍, വൈസ്‌ പ്രസിഡന്റ്‌ ജയിംസ്‌ റ്റി. മാളിയേക്കല്‍, ജോയിന്റ്‌ സെക്രട്ടറി സെബാസ്റ്റ്യന്‍ ജേക്കബ്‌, ജോയിന്റ്‌ സെക്രട്ടറിമാരായ സണ്ണി തെക്കേക്കര, സൈജന്‍ സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു. 

ഐഎസ്‌ഒ - 9001-2008 സര്‍ട്ടിഫിക്കറ്റ്‌ പ്രകാശനം സെപ്‌റ്റംബര്‍ 24 ന്‌


മാനേജ്‌മെന്റ്‌ മികവിന്‌ ലഭിക്കുന്ന അന്തര്‍ദേശീയ അംഗീകാരമായ ഐഎസ്‌ഒ - 9001-2008 സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ സഹകരണ സംഘമായ ദി കേരള സ്റ്റേറ്റ്‌ ലീഗല്‍ മെട്രോളജി ലൈസന്‍സീസ്‌ ആന്റ്‌ ടെക്‌നീഷ്യന്‍സ്‌ സഹകരണ സംഘത്തിന്‌ ലഭിച്ച സര്‍ട്ടിഫിക്കറ്റിന്റെ പ്രകാശനം സെപ്‌റ്റംബര്‍ 24 ന്‌ മന്ത്രി പി.ജെ ജോസഫ്‌ നിര്‍വഹിക്കുമെന്ന്‌ സംഘം പ്രസിഡന്റ്‌ തോമസ്‌ ജയാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്‌ച വൈകുന്നേരം നാലിന്‌ സിവില്‍ സ്റ്റേഷന്‌ എതിര്‍വശം മാരിയില്‍ ടവറിലുള്ള ഓഫീസില്‍ ചേരുന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌ അദ്ധ്യക്ഷത വഹിക്കും. സൗരോര്‍ജ്ജ പദ്ധതികളുടെ ഉദ്‌ഘാടനം കണ്‍സ്യൂമര്‍ ഫെഡ്‌ ചെയര്‍മാന്‍ അഡ്വ. ജോയി തോമസും വയോനിക്ഷേപ പദ്ധതി ഉദ്‌ഘാടനം സ്‌പൈസസ്‌ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ റോയി കെ. പൗലോസും വ്യവസായ സംരംഭകര്‍ക്ക്‌ ഹെല്‍പ്‌ ഡെസ്‌ക്‌ ഉദ്‌ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ മാരിയില്‍ കൃഷ്‌ണന്‍ നായരും സ്‌ട്രോംഗ്‌ റൂം ഉദ്‌ഘാടനം ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) സി. സി തോമസും നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘം പ്രസിഡന്റ്‌ ശ്രീ.തോമസ്‌ ജയാജി, ബോര്‍ഡ്‌ മെമ്പര്‍ ശ്രീ. ബാബു, ഡവലപ്‌മെന്റ്‌ ഓഫീസര്‍ ശ്രീ. കുര്യാക്കോസ്‌, ലീഗല്‍ അഡൈ്വസര്‍ അഡ്വ. സണ്ണി എന്നിവര്‍ പങ്കെടുത്തു. 

മാധ്യമം വെളിച്ചം പദ്ധതിക്കു തുടക്കമായി


തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ സ്‌കൂളില്‍ മാധ്യമം വെളിച്ചം പദ്ധതിക്കു തുടക്കമായി. തൊടുപുഴ പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സജി മര്‍ക്കോസ്‌ ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂള്‍ അസിസ്റ്റന്റ്‌ മാനേജര്‍ ഫാ. ജോസഫ്‌ മുട്ടത്തുവാളായില്‍ അദ്ധ്യക്ഷത വഹിച്ചു. മാധ്യമം ഏരിയ കോ ഓര്‍ഡിനേറ്റര്‍ എല്‍.കെ റഹിം, ജില്ലാ ഫീല്‍ഡ്‌ ഓഫീസര്‍ പി.എ ഹനീഫ, സീനിയര്‍ മാര്‍ക്കറ്റിംഗ്‌ എക്‌സിക്യുട്ടീവ്‌ സി. ജയകൃഷ്‌ണന്‍, വാര്‍ഡ്‌ കൗണ്‍സിലര്‍ ജോസ്‌ മഠത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹെഡ്‌മിസ്‌ട്രസ്‌ സിസ്റ്റര്‍ ആന്‍സ്‌ലറ്റ്‌ സ്വാഗതവും ആന്റണി കണ്ടിരിക്കല്‍ നന്ദിയും പറഞ്ഞു. ചാഴികാട്ട്‌ ഹോസ്‌പിറ്റല്‍ ഉടമ ഡോ. ജോസ്‌ ചാഴികാട്ടാണ്‌ പത്രം സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌. 

പ്രഫ. സി.ജെ തോമസ്‌ മെമ്മോറിയല്‍ ക്വിസ്‌ മത്സരം


തൊടുപുഴ ന്യൂമാന്‍ കോളേജിലെ ഇംഗ്ലീഷ്‌ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രഫ. സി.ജെ തോമസ്‌ മെമ്മോറിയല്‍ ക്വിസ്‌ മത്സരത്തില്‍ പാലാ സെന്റ്‌ തോമസ്‌ കോളേജ്‌ ജേതാക്കളായി. ഡോ. മാത്യു ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ അപ്രേം മണിപ്പുഴ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.ടി.എം ജോസഫ്‌, ഇംഗ്ലീഷ്‌ വകുപ്പ്‌ മേധാവി പ്രഫ. പി.എ ജോണ്‍, ഡോ. ബിജിമോള്‍തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു. ഡോ. വിന്‍സെന്റ്‌ ഏറത്ത്‌ നേതൃത്വം നല്‍കി.

ജില്ലാതല സിവില്‍ സര്‍വീസ്‌ കായികമേള ആരംഭിച്ചു

ജില്ലാതല സിവില്‍ സര്‍വീസ്‌ കായികമേള ആരംഭിച്ചു. കായിക മത്സരങ്ങള്‍ അറക്കുളം സെന്റ്‌ മേരീസ്‌ സ്‌കൂള്‍ ഗ്രൗണ്ടിലും നീന്തല്‍ മത്സരങ്ങള്‍ വണ്ടമറ്റം അക്വാട്ടിക്‌ സെന്ററിലുമാണ്‌ നടക്കുന്നത്‌. നീന്തലില്‍ ബ്രസ്റ്റ്‌ സ്‌ട്രോക്ക്‌, ബട്ടര്‍ഫ്‌ളൈ, ഫ്രീസ്റ്റൈല്‍ എന്നീയിനങ്ങളില്‍ ആലക്കോട്‌ ഗ്രാമപഞ്ചായത്തിലെ ഹെഡ്‌ക്ലാര്‍ക്ക്‌ ബേബി വര്‍ഗീസ്‌ ഒന്നാമതെത്തി വ്യക്തിഗത ചാമ്പ്യനായി. 

പാക്ക്‌ ശേഖരിക്കുന്നത്‌ ശ്രദ്ധേയമാകുന്നു.

കമുകും അടയ്‌ക്കയും സംഭരണ കേന്ദ്രങ്ങളും പാക്ക്‌ അട്ടികളും അപ്രത്യക്ഷമാകുന്ന ഇക്കാലത്ത്‌ കഴിഞ്ഞ മുപ്പതുവര്‍ഷക്കാലമായി വെങ്ങല്ലൂര്‍ സ്വദേശി രാമന്‍ ഇന്നും പാക്ക്‌ ശേഖരിക്കുന്നത്‌ ശ്രദ്ധേയമാകുന്നു. പുരയിടങ്ങളില്‍ മാനംമുട്ടെ വളര്‍ന്നു നില്‍ക്കുന്ന കമുകുകളില്‍ കയറി പാക്ക്‌ പറിക്കുന്നതും അവ ചിതറി പോകാതെ കുലകുലയായി താഴെയിറക്കുന്നതും അത്യന്തം ശ്രമകരമാണ്‌. എന്നാല്‍ കമുക്‌ കൃഷി നാട്ടിലെമ്പാടും ഉണ്ടെങ്കിലും കമുകില്‍ കയറി പാക്ക്‌ പറിക്കാനറിയുന്നവര്‍ ഇല്ലെന്നതും കമുക്‌ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ ഇവ ശേഖരിക്കുന്നതിനും വിപണനം നടത്തുന്നതിനും തൊഴിലാളികളെ കിട്ടാനില്ലാത്തതും ഈ മേഖലയ്‌ക്ക്‌ പ്രതികൂലമാകുന്നു. കൂടാതെ പാന്‍പരാഗ്‌ മുതലായ ഉല്‍പന്നങ്ങളെ സര്‍ക്കാര്‍ നിരോധിച്ചതും ഈ മേഖലയെ തളര്‍ത്തുന്നു. 

കളഞ്ഞു കിട്ടിയ സ്വര്‍ണം തിരികെ നല്‍കി ഓട്ടോഡ്രൈവര്‍ മാതൃകയായി.

കളഞ്ഞു കിട്ടിയ സ്വര്‍ണം തിരികെ നല്‍കി ഓട്ടോഡ്രൈവര്‍ മാതൃകയായി. ഏഴല്ലൂര്‍ പ്ലാന്റേഷന്‍ സ്വദേശി പൊട്ടേങ്ങല്‍ മുസ്‌തഫയാണ്‌ കളഞ്ഞു കിട്ടിയ മൂന്നു പവന്റെ കൈച്ചെയിന്‍ ഉടമയ്‌ക്കു തിരികെ നല്‍കി മാതൃകയായത്‌. തൊടുപുഴ പ്രസ്‌ ക്ലബിനു സമീപമുള്ള ഓട്ടോസ്റ്റാന്റിലെ ഓട്ടോഡ്രൈവറായ മുസ്‌തഫയ്‌ക്ക്‌ വഴിയില്‍ കിടന്നാണ്‌ കൈച്ചെയിന്‍ ലഭിച്ചത്‌. ഉടമ വിബിസി ക്യാമറാമാന്‍ ഷിജു ഏഴല്ലൂരിന്‌ കൈച്ചെയിന്‍ തിരികെ നല്‍കി. മൂന്നാമത്തെ തവണയാണ്‌ മുസ്‌തഫയ്‌ക്ക്‌ സ്വര്‍ണം കളഞ്ഞു കിട്ടുന്നത്‌. മൂന്നു തവണയും ഉടമയെ കണ്ടെത്തി തിരികെ നല്‍കിയതായി മുസ്‌തഫ പറഞ്ഞു. 

സി.പി.എം സംഘടനകള്‍ സമരവുമായി രംഗത്തിറങ്ങുന്നത്‌ അപഹാസ്യമാണെന്ന്‌ പിടി തോമസ്‌ എം.പി


മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയില്‍ 200രൂപ കൂലിയും 250 തൊഴില്‍ ദിനങ്ങളും ആക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിക്കുകയും പ്രാബല്യത്തില്‍ വരുത്തുന്നതിന്‌ ആവശ്യമായ നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്യുമ്പോള്‍ സി.പി.എം സംഘടനകള്‍ സമരവുമായി രംഗത്തിറങ്ങുന്നത്‌ അപഹാസ്യമാണെന്ന്‌ പിടി തോമസ്‌ എം.പി പറഞ്ഞു. 

2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

മാധവ്‌ ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരേ ഉപവാസ സമരം നടത്തുമെന്ന്‌ മാത്യു വര്‍ഗീസ്‌


മാധവ്‌ ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരേ കിസാന്‍സഭ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത്‌ ഉപവാസ സമരം നടത്തുമെന്ന്‌ കിസാന്‍സഭ ജില്ലാ സെക്രട്ടറി മാത്യു വര്‍ഗീസ്‌ പറഞ്ഞു. ഒക്‌ടോബര്‍ രണ്ടിന്‌ നടത്തുന്ന ഉപവാസ സമരം കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി ഉദ്‌ഘാടനം ചെയ്യും. 

ഷാഡ്‌വെല്‍സ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ബിസിനസ്‌ ആന്‍ഡ്‌ ഫിനാന്‍സ്‌.

ഷാഡ്‌വെല്‍സ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ബിസിനസ്‌ ആന്‍ഡ്‌ ഫിനാന്‍സിന്റെ നിര്‍മ്മാണോദ്‌ഘാടനം വാഴക്കുളം ലയണ്‍സ്‌ ക്ലബില്‍ നടന്ന ചടങ്ങില്‍ ജോസഫ്‌ വാഴയ്‌ക്കന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. എല്‍ദോസ്‌ കുന്നപ്പിള്ളി, ഷാഡ്‌വെല്‍സ്‌ സി.ഇഒ ടോം ബി. മണ്ണപ്പുറത്ത്‌, ഷാഡ്‌വെല്‍സ്‌ ചെയര്‍മാന്‍ ജൂലിയന്‍ മാഷോട്ട്‌, സി.എഫ്‌.ഒ വേണുഗോപാല്‍, എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ സുബി കുര്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എമേര്‍ജിംഗ്‌ കേരളയിലെ നിക്ഷേപ നിര്‍ദ്ദേശങ്ങളില്‍ ആദ്യം നടപ്പാക്കുന്ന പദ്ധതിയാണ്‌ ഷാഡ്‌വെല്‍സ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ബിസിനസ്‌ ആന്‍ഡ്‌ ഫിനാന്‍സ്‌. 

2012, സെപ്റ്റംബർ 18, ചൊവ്വാഴ്ച

ആന്റോയും റീബയും തമ്മില്‍ വിവാഹിതരായി


കേരള കോണ്‍ഗ്രസ്‌ എം. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. കെ.ഐ ആന്റണി - തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രഫ. ജെസ്സി ആന്റണി ദമ്പതികളുടെ മകന്‍ ബ്ലൂംബെര്‍ഗ്‌ വാര്‍ത്താ ഏജന്‍സിയിലെ അസോസിയേറ്റ്‌ എഡിറ്റര്‍ ആന്റോയും മാന്നാര്‍ കരിവേലില്‍ചെറുകരയില്‍ സക്കറിയാസ്‌ - ആച്ചിയമ്മ ദമ്പതികളുടെ മകള്‍ ടൈംസ്‌ ഓഫ്‌ ഇന്ത്യയിലെ കോര്‍പറേറ്റ്‌ എഡിറ്റര്‍ റീബയും തമ്മില്‍ ചുങ്കം സെന്റ്‌ മേരീസ്‌ പള്ളിയില്‍ വിവാഹിതരായി. മന്ത്രിമാരായ കെ.എം മാണി, പി.ജെ ജോസഫ്‌, എം.പി മാരായ പി.ടി തോമസ്‌, ജോയി നടുക്കര, ജോസ്‌ കെ. മാണി തുടങ്ങി വിവിധ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു. 

2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

സ്‌കോളര്‍ഷിപ്പ്‌ വിതരണം

ഇടുക്കി വെല്‍ഫെയര്‍ അസോസിയേഷന്റെ സ്‌കോളര്‍ഷിപ്പ്‌ വിതരണം കരിമണ്ണൂര്‍ സെന്റ്‌ ജോസഫ്‌സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീന ജോളി അദ്ധ്യക്ഷത വഹിച്ചു. ബേസില്‍ ജോണ്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാത്യു സ്റ്റീഫന്‍, പിടിഎ പ്രസിഡന്റ്‌ അശ്വതി മധു, ഡിപ്പി ജോര്‍ജ്ജ്‌, വിജിലന്റ്‌ മാത്യു, റിജോ ജോണ്‍, അരുണ്‍ സ്‌കറിയ, ഷിജു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇടുക്കി വെല്‍ഫയര്‍ അസോസിയേഷന്റെ പതിനൊന്നാമത്‌ സ്‌കോളര്‍ഷിപ്പ്‌ വിതരണമാണ്‌ നടന്നത്‌. 

ഈഫല്‍ റസിഡന്‍സി


ഈഫല്‍ റസിഡന്‍സി തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി. ടി.കെ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഡയറക്‌ടര്‍ ടി.കെ രമേശ്‌ തച്ചുകുഴിയില്‍ സന്നിഹിതനായിരുന്നു. ശീതീകരിച്ചതും അല്ലാത്തതുമായ മുറികള്‍, മിനി കോണ്‍ഫറന്‍സ്‌ ഹാള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്‌. പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്റിന്‌ മുകള്‍വശത്ത്‌ ലയണ്‍സ്‌ ക്ലബിന്‌ സമീപമാണ്‌ ഈഫല്‍ റസിഡന്‍സി. കണ്‍സ്‌ട്രക്ഷന്‍ രംഗത്ത്‌ 20 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈഫല്‍ കണ്‍സ്‌ട്രക്ഷന്‍സിന്റെ പുതിയ സംരംഭമാണിത്‌. ഐഡിയല്‍ ഇന്‍സൈഡ്‌ ആന്റ്‌ ഔട്ട്‌സൈഡ്‌ സഹോദരസ്ഥാപനമാണ്‌. 

വികെയര്‍ സര്‍ജിക്കല്‍സ്‌

ആശുപത്രി ഉപകരണങ്ങളുടെ വില്‍പനശാലയായ വികെയര്‍ സര്‍ജിക്കല്‍സ്‌ തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി. കോതായിക്കുന്ന്‌ ബൈപാസ്‌ റോഡില്‍ അന്തിനാട്ട്‌ കോംപ്ലക്‌സില്‍ വികെയര്‍ സര്‍ജിക്കല്‍സിന്റെ ഉദ്‌ഘാടനം ഓര്‍ത്തോ സര്‍ജന്‍ ഡോ. ഒ.റ്റി ജോര്‍ജ്ജ്‌ നിര്‍വഹിച്ചു. വീല്‍ചെയര്‍ ഉള്‍പ്പെടെ എല്ലാവിധ ഉപകരണങ്ങളും ഇവിടെ ലഭിക്കും. ലാബിലേക്കുള്ള ഉപകരണങ്ങളും സര്‍ജിക്കല്‍ എക്യുപ്‌മെന്റ്‌സും ലഭ്യമാണ്‌. ഗ്ലൂക്കോ മീറ്റര്‍, ക്രെച്ചസ്‌, ബെല്‍റ്റുകള്‍, ലെബിലൈസറുകള്‍, ബി.പി മോണിറ്റര്‍, എയര്‍ബെഡ്‌, വാട്ടര്‍ ബെഡ്‌ തുടങ്ങിയവയും ലഭ്യമാണ്‌.

ഷാഡ്‌വെല്‍സ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ബിസിനസ്‌ ആന്‍ഡ്‌ ഫിനാന്‍സ്‌

ഷാഡ്‌വെല്‍സിന്റെ ബിസിനസ്‌ സ്‌കൂളും ഫിനാന്‍സ്‌ കോളേജും വാഴക്കുളത്ത്‌ ആരംഭിക്കുമെന്ന്‌ ഷാഡ്‌വെല്‍സ്‌ സി.ഇഒ ടോം ബി. മണ്ണപ്പുറത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെപ്‌റ്റംബര്‍ 18 ന്‌ ചൊവ്വാഴ്‌ച വാഴക്കുളത്ത്‌ ശിലാസ്ഥാപനം നടത്തും. എമേര്‍ജിംഗ്‌ കേരളയിലെ നിക്ഷേപ നിര്‍ദ്ദേശങ്ങളില്‍ ആദ്യം നടപ്പാക്കുന്ന പദ്ധതിയായ ഷാഡ്‌വെല്‍സ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ബിസിനസ്‌ ആന്‍ഡ്‌ ഫിനാന്‍സിന്റെ നിര്‍മ്മാണോദ്‌ഘാടനം വാഴക്കുളം ലയണ്‍സ്‌ ക്ലബില്‍ വൈകിട്ട്‌ ആറിന്‌ മന്ത്രി അനൂപ്‌ ജേക്കബ്‌ നിര്‍വഹിക്കും. ഷാഡ്‌വെല്‍സ്‌ ചെയര്‍മാന്‍ ജൂലിയന്‍ മാഷോട്ട്‌, സി.എഫ്‌.ഒ വേണുഗോപാല്‍, എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ സുബി കുര്യന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

കേരള വിശ്വകര്‍മ്മ സഭ തൊടുപുഴ താലൂക്ക്‌ യൂണിയന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മദിനാഘോഷം നടത്തി. മങ്ങാട്ടുകവലയില്‍ നിന്നും ആരംഭിച്ച ശോഭായാത്രയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. നിരവധി നിശ്ചലദൃശ്യങ്ങളും ശോഭായാത്രയില്‍ അണിനിരന്നു.

2. വിശ്വകര്‍മ്മദിനാഘോഷത്തോടനുബന്ധിച്ച്‌ തൊടുപുഴയില്‍ നടന്ന പൊതുസമ്മേളനം പി ടി തോമസ്‌ എം.പി ഉദ്‌ഘാടനം ചെയ്‌തു. വിശ്വകര്‍മ്മസഭാ ജില്ലാ പ്രസിഡന്റ്‌ അഡ്വ. എം.എസ്‌ വിനയരാജ്‌ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. വി.എന്‍ ശശിധരന്‍, യുവജനഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ദിലീപ്‌കുമാര്‍, സ്‌പൈസസ്‌ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ റോയി കെ. പൗലോസ്‌, വിശ്വകര്‍മ്മസഭ ഭാരവാഹികളായ എ.എന്‍ മുകുന്ദദാസ്‌, ഗോപാലകൃഷ്‌ണന്‍, ബിന്ദു വിക്രമന്‍, ഷീല ഗോപി, വിജയകുമാര്‍,.കെ എ സജി, പി കെ മനോജ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

ലയണ്‍സ്‌ ഗവര്‍ണര്‍ സന്ദര്‍ശനം നടത്തി


തൊടുപുഴ ലയണ്‍സ്‌ ക്ലബ്‌ എലൈറ്റില്‍ ലയണ്‍സ്‌ ഗവര്‍ണര്‍ സന്ദര്‍ശനം നടത്തി. ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ ശിവാനന്ദന്‍ ഇതോടനുബന്ധിച്ചു ചേര്‍ന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ജോര്‍ജ്ജ്‌ തോമസ്‌ കാപ്പന്‍, അമര്‍നാഥ്‌, റോയി ലൂക്ക്‌, ജയിംസ്‌ടി. മാളിയേക്കല്‍, ബൈജു ശിവരാമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  

ലോഗോ പ്രകാശനം


തൊടുപുഴയില്‍ സെപ്‌റ്റംബര്‍ 28 മുതല്‍ 30 വരെ നടക്കുന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ ഇടുക്കി ലോക്‌സഭാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം മുന്‍ സംസ്ഥാന പ്രസിഡന്റ്‌ ടി. സിദ്ധിഖ്‌ നിര്‍വഹിച്ചു. തൊടുപുഴയില്‍നടന്ന ചടങ്ങില്‍ ലോക്‌ സഭാ പ്രസിഡന്റ്‌ അഡ്വ. ഡീന്‍ കുര്യാക്കോസ്‌ അദ്ധ്യക്ഷത വഹിച്ചു. എന്‍.ഐ ബെന്നി, ജിയോ മാത്യു, നിയാസ്‌ കൂരാപ്പിള്ളി, അനീഷ്‌ കിഴക്കേല്‍, ജാഫര്‍ഖാന്‍ മുഹമ്മദ്‌, കെ ദീപക്‌, മുഹമ്മദ്‌ അന്‍ഷാദ്‌, കെ. ജി സജിമോന്‍, സി എസ്‌ മഹേഷ്‌, വി.ഇ താജുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

2012, സെപ്റ്റംബർ 16, ഞായറാഴ്‌ച

കിണറ്റില്‍ വീണ പോത്തിനെ രക്ഷപ്പെടുത്തി.


ഹര്‍ത്താല്‍ ദിനത്തില്‍ കിണറ്റില്‍ വീണ പോത്തിനെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. തൊടുപുഴ കെഎസ്‌ആര്‍ടിസി ജംഗ്‌ഷന്‍ കോതായിക്കുന്ന്‌ റോഡില്‍ ശനിയാഴ്‌ച ഉച്ചകഴിഞ്ഞാണ്‌ സംഭവം. ഫയര്‍ഫോഴ്‌സെത്തി കിണറിലേക്ക്‌ വെള്ളം പമ്പ്‌ ചെയ്‌ത്‌ വെള്ളം ഉയര്‍ത്തിയാണ്‌ പോത്തിനെ രക്ഷപ്പെടുത്തിയത്‌. 

കെ. വി ദേവസ്യായ്‌ക്ക്‌ സ്വീകരണം നല്‍കി


ദേശീയ അദ്ധ്യാപക അവാര്‍ഡ്‌ നേടിയ കെ. വി ദേവസ്യായ്‌ക്ക്‌ ജന്മനാടായ തൊമ്മന്‍കുത്തില്‍ സ്വീകരണം നല്‍കി. ഫാ. ജോര്‍ജ്ജ്‌ നെടുങ്കല്ലേല്‍, അദ്ധ്യക്ഷത വഹിച്ചു. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി വര്‍ഗീസ്‌, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീന ജോളി, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, തോമസ്‌ മാഷ്‌, കെ.എല്‍ ജോസഫ്‌, ലീല തങ്കന്‍, ബിജു തങ്കപ്പന്‍, അഡ്വ. സാബു എബ്രഹാം, ലൈല രമേശ്‌, ജെസീന്ത ജോസഫ്‌, എല്‍.ഐ അബ്‌ദുള്‍ നാസര്‍, ഫാ. ജോസഫ്‌ കുന്നുമ്മേല്‍, പീതാംബരന്‍ വട്ടോലില്‍, സോജന്‍ ഈന്തുങ്കല്‍, മൈക്കിള്‍ വെട്ടിക്കാട്ടില്‍, ടി.കെ സോമന്‍കുഞ്ഞ്‌, ബാബു പോള്‍, സോണി കോഴികോട്ട്‌, തുടങ്ങിയവര്‍ പ്രസംഗിച്ചു. 

ഹര്‍ത്താല്‍ ദിനത്തില്‍ സാധാരണ നിലയില്‍ സഹകരണ ബാങ്ക്‌.


ആര്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്ക്‌. തെക്കുംഭാഗം സര്‍വ്വീസ്‌ സഹകരണ ബാങ്കാണ്‌ ഹര്‍ത്താല്‍ ദിനങ്ങളിലും സാധാരണ പോലെ പ്രവര്‍ത്തിക്കുന്നത്‌. ഏതു പാര്‍ട്ടി ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌താലും ബാങ്ക്‌ അടപ്പിക്കാന്‍ ആരും എത്താറില്ല. ഹര്‍ത്താല്‍ ദിനത്തില്‍ പതിവിലേറെ ഇടപാടുകാര്‍ എത്തുന്നതും ഇവിടുത്തെ പ്രത്യേകതയാണ്‌. ബാങ്കിന്റെ തെക്കുംഭാഗത്തുള്ള ഹെഡ്‌ ഓഫീസും ആനക്കയത്തുള്ള ബ്രാഞ്ചും എല്ലാ ഹര്‍ത്താല്‍ ദിനങ്ങളിലും സാധാരണ പോലെ പ്രവര്‍ത്തിക്കുന്നു. 

2012, സെപ്റ്റംബർ 10, തിങ്കളാഴ്‌ച

നാകപ്പുഴ പള്ളിയില്‍ എട്ടുനോമ്പാചരണം സമാപിച്ചു.

മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ നാകപ്പുഴ പള്ളിയില്‍ എട്ടുനോമ്പാചരണം സമാപിച്ചു. ഫാ. സ്റ്റെനി കുന്നേക്കാടന്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു. റവ. ഡോ. ജോര്‍ജ്ജ്‌ ഓലിയപ്പുറംസന്ദേശം നല്‍കി. തുടര്‍ന്ന്‌ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നു. എട്ടാമിടം സെപ്‌റ്റംബര്‍ 15 ന്‌ ആഘോഷിക്കും.

മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ നാകപ്പുഴ പള്ളിയില്‍ എട്ടുനോമ്പാചരണത്തോടനുബന്ധിച്ച്‌ തിരി പ്രദക്ഷിണം നടന്നു. ശനിയാഴ്‌ച വെളുപ്പിന്‌ മൂന്നുമണിക്ക്‌ നടന്ന പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന്‌ വിശ്വാസികള്‍ പങ്കെടുത്തു.  

2012, സെപ്റ്റംബർ 9, ഞായറാഴ്‌ച

തൊടുപുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തില്‍ അഷ്‌ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച്‌ `സ്വാതി സംഗീത കലാലയം' അവതരിപ്പിക്കുന്ന സംഗീത സദസ്സും കലാലയ വിദ്യാര്‍ത്ഥികളുടെ സംഗീത ആരാധനയും നടന്നു. സ്വാതി സംഗീത കലാലയം പ്രിന്‍സിപ്പല്‍ മനോജ്‌ പത്മനാഭന്‍ നേതൃത്വം നല്‍കി. 

2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

പാറത്തോട്‌ സ്വദേശിക്ക്‌ ചൈനക്കാരി വധുവായി


പാറത്തോട്‌ സ്വദേശിക്ക്‌ ചൈനക്കാരി വധുവായി. പാറത്തോട്‌ സ്വദേശി മറ്റത്തില്‍ രാജപ്പന്‍-ശ്യാമളകുമാരി ദമ്പതികളുടെ മകന്‍ ബിനുമോനാണ്‌ ചൈനക്കാരി യാന്‍ യുവാന്‍ ചെന്നിന്‌ മിന്നുചാര്‍ത്തിയത്‌. തൊടുപുഴ ഉത്രം റസിഡന്‍സിയില്‍ ഒരുക്കിയ വിവാഹ മണ്‌ഡപത്തില്‍ ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹം. ആംഗോ യെന്നര്‍ ടെക്‌നോളജീസ്‌ എന്ന പേരില്‍ ചൈനയില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ ബിസിനസ്സ്‌ നടത്തുകയാണ്‌ ബിനുമോന്‍. 

2012, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

സിസ്റ്റര്‍ ആന്‍സിലറ്റിനു സ്വീകരണം നല്‍കി.

0
തൊടുപുഴ: ദേശീയ അദ്ധ്യാപക അവാര്‍ഡ്‌ ഇന്ത്യന്‍ പ്രസിഡന്റ്‌ ഡോ. പ്രണബ്‌ മുഖര്‍ജിയില്‍ നിന്നും ഏറ്റുവാങ്ങി തൊടുപുഴയില്‍ തിരിച്ചെത്തിയ സിസ്റ്റര്‍ ആന്‍സിലറ്റിനെ തൊടുപുഴ നഗരസഭയും ലയണ്‍സ്‌ ക്ലബ്ബ്‌ എലൈറ്റും സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ യു.പി സ്‌കൂളും വിവിധ അദ്ധ്യാപക സംഘടനകളും സംയുക്തമായി സ്വീകരണം നല്‍കി.
തൊടുപുഴയില്‍ എത്തിയ സിസ്റ്ററിനെ അച്ചന്‍കവലയില്‍ അസിസ്റ്റന്റ്‌ മാനേജര്‍ ഫാ.ജോസഫ്‌ മുട്ടത്തുവാളായിലും ലയണ്‍സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ റോയ്‌ ലൂക്കും പൂച്ചെണ്ട്‌ നല്‍കി സ്വീകരിച്ചു.തുടര്‍ന്ന്‌ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നഗരസഭാ ഓഫീസിനു മുമ്പില്‍ എത്തിയ സിസ്റ്റര്‍ ആന്‍സലിറ്റിനെ നഗരസഭ ചെയര്‍മാന്‍ ടിജെ ജോസഫ്‌ ബൊക്കെ നല്‍കി സ്വീകരിച്ചു. സ്‌കൂള്‍ ലീഡര്‍ മീരാ രാജേഷ്‌ ഹാരമണിയിച്ചു. തുടര്‍ന്ന്‌ ഘോഷയാത്രയായി മുനിസിപ്പല്‍ മൈതാനിയിലേക്ക്‌ സിസ്റ്റര്‍ ആന്‍സിലറ്റിനെ ആനയിച്ചു. മുനിസിപ്പല്‍ വേദിയില്‍ നടന്ന സ്വീകരണയോഗം ചെയര്‍മാന്‍ ടിജെ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു.
അലിഗഢ്‌ യൂണിവേഴ്‌സിറ്റി മുന്‍ വൈസ്‌ ചാന്‍സിലര്‍ ഡോ. പി.കെ അബ്‌ദുള്‍ അസീസ്‌ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ്‌ മോനിപ്പിള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ഷിബിലി സാഹിബ്‌, ആരോഗ്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജോസഫ്‌ ജോണ്‍, കൗണ്‍സിലര്‍മാരായ പ്രൊഫ. ജെസ്സി ആന്റണി, ആര്‍ ഹരി, ലയണ്‍സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ റോയി ലൂക്ക്‌, എച്ച്‌.എം ഫോറം സെക്രട്ടറി ജെയിംസ്‌ മാളിയേക്കല്‍, പി.എം ദേവസ്യാച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.സംഘടനകളേയും സ്ഥാപനങ്ങളേയും പ്രതിനിധികരിച്ച്‌ ഷാജു പോള്‍, ജോര്‍ജ്ജ്‌ താന്നിക്കല്‍, മേരി ആന്റണി, യേശുദാസ്‌ ആന്റണി, ബൈജു ശിവരാമന്‍, ഷിന്റോ ജോര്‍ജ്ജ്‌, ജോബിന്‍ ജോസഫ്‌, അനീഷ്‌ ജോര്‍ജ്ജ്‌, ഫ്രാന്‍സീസ്‌ ലൂക്ക്‌, വി.എം ഫിലിപ്പച്ചന്‍, പി.ജി. മോഹനന്‍, റ്റി.യു ജോര്‍ജ്ജ്‌, സിജു ജോസഫ്‌, ജോണ്‍സണ്‍ വെള്ളാപ്പുഴ, ജിന്‍സി സിനോജ്‌, റോമിസ്‌ പി.ടോം, സിസ്റ്റര്‍ സിറില്‍, പി.എ ജോര്‍ജ്ജ്‌, മത്തായിച്ചന്‍ മാത്യു, ലില്ലിക്കുട്ടി സേവ്യര്‍ എന്നിവര്‍ സ്വീകരിച്ചു.
തുടര്‍ന്ന്‌ സ്വീകരണറാലി മുനിസിപ്പല്‍ ചെയര്‍മാന്റേയും വിവിധ സംഘടനാ നേതാക്കളുടെയും നേതൃത്വത്തില്‍ സ്‌കൂളില്‍ സമാപിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാരായ ഷിന്റേ ജോര്‍ജ്ജ്‌, ജോബിന്‍ ജോസഫ്‌, അനീഷ്‌ ജോര്‍ജ്ജ്‌ എന്നിവര്‍ റാലിക്ക്‌ നേതൃത്വം നല്‍കി.  

2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

വോളിബോള്‍താരം ടി ജെ ബേബി സര്‍വീസില്‍നിന്ന്‌ വിരമിച്ചു

തൃശൂര്‍: കായികരംഗത്ത്‌ ഏറെ നേട്ടങ്ങള്‍ സമ്മാനിച്ച വോളിബോള്‍ താരം പൊലീസ്‌ ജീവിതത്തോട്‌ വിടപറഞ്ഞു. തൊടുപുഴ ഇളംദേശം തെക്കേപുത്തന്‍പുരയില്‍ ടി ജെ ബേബിയാണ്‌ കായികസമ്പന്നമായ 28 വര്‍ഷത്തെ ഔദ്യോഗികജീവിതത്തില്‍ നിന്ന്‌ വിരമിച്ചത്‌. 1984ലാണ്‌ കേരള പൊലീസില്‍ ചേര്‍ന്നത്‌. കേരള പൊലീസില്‍നിന്ന്‌ വിരമിക്കുന്ന ആദ്യ കായിക താരവും കൂടിയാണ്‌ ബേബി. വോളിബോള്‍ കേരള പൊലീസ്‌ ടീമിനും കേരള വോളിബോള്‍ടീമിനും വേണ്ടി പത്തുവര്‍ഷം കളിച്ച ബേബി 91ല്‍ പോണ്ടിച്ചേരിയില്‍ നടന്ന ഫെഡറേഷന്‍കപ്പില്‍ ചാമ്പ്യന്മാരായ കേരളപൊലീസ്‌ ടീമിലും അംഗമായിരുന്നു. 85ല്‍ ആദ്യ ദേശീയഗെയിംസില്‍ വോളിബോളില്‍ കേരള ചാമ്പ്യന്മാരായപ്പോള്‍ സെന്റര്‍ബ്ലോക്കില്‍ കളിച്ച ബേബിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. 2011ല്‍ മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാമെഡലും നേടി. സിആര്‍പിഎഫില്‍ നിന്നാണ്‌ ബേബി കേരള പൊലീസിലെത്തിയത്‌. 76 മുതല്‍ 84 വരെ സിആര്‍പിഎഫില്‍ ജോലിചെയ്യുമ്പോള്‍ നിരവധി വോളിബോള്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്‌. വോളിബോളിലെ മികവു കണക്കിലെടുത്താണ്‌ കേരളപൊലീസിലേക്ക്‌ തെരഞ്ഞെടുത്തത്‌. കേരളവോളിബോള്‍ ടീമിലും പൊലീസ്‌ ടീമിലും അംഗമായി. 90ല്‍ കേരളപൊലീസ്‌ ടീമിന്റെ ക്യാപ്‌റ്റനായി. പത്തനംതിട്ട മണിയാറില്‍ കെഎപി അഞ്ചാം ബറ്റാലിയനില്‍ നിന്ന്‌ അസിസ്റ്റന്റ്‌ കമാന്‍ഡന്റായാണ്‌ 31ന്‌ വിരമിച്ചത്‌. തൃശൂര്‍ പൊലീസ്‌ അക്കാദമി ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ സേവനമനുഷ്‌ഠിച്ചു. തൃശൂരില്‍ ടി ജെ ബേബിക്ക്‌ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ്‌ നല്‍കി. കേരള പൊലീസ്‌ സ്‌പോര്‍ട്‌സ്‌ ടീം ഒരുക്കിയ യാത്രയയപ്പ്‌ യോഗത്തില്‍ ഐജി എസ്‌ ഗോപിനാഥ്‌, യു ഷറഫലി, സി വി പാപ്പച്ചന്‍, ഐ എം വിജയന്‍, മൊയ്‌തീന്‍നൈ, അബ്ദുള്‍ റസാക്‌, ഉദയകുമാര്‍, ലോയ്‌ഡ്‌ ജോസഫ്‌, സി എലിക്‌സ്റ്റണ്‍ എന്നിവര്‍ സംസാരിച്ചു.

2012, സെപ്റ്റംബർ 2, ഞായറാഴ്‌ച