2011 ജൂൺ 10, വെള്ളിയാഴ്‌ച

ചിലവ്‌ ആലപ്പാട്ട്‌ ചാക്കോ ഉലഹന്നാന്‍ (കുഞ്ചിലോ ചേട്ടന്‍- 92) നിര്യാതനായി


ചാക്കോ ഉലഹന്നാന്‍ (92)
തൊടുപുഴ : ചിലവ്‌ ആലപ്പാട്ട്‌ ചാക്കോ ഉലഹന്നാന്‍ (കുഞ്ചിലോ ചേട്ടന്‍- 92) നിര്യാതനായി. സംസ്‌കാരം നാളെ (ഞായര്‍) ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ ചിലവ്‌ ക്രിസ്‌തുരാജ പള്ളിയില്‍. ഭാര്യ മറിയം കരിമണ്ണൂര്‍ കുന്നപ്പിള്ളില്‍ കുടുംബാംഗം. മക്കള്‍ : ജയിംസ്‌ (റിട്ട. എയര്‍ഫോഴ്‌സ്‌ ഓഫീസര്‍, ഡല്‍ഹി), സിസ്റ്റര്‍ ചാള്‍സ്‌ എസ്‌എബിഎസ്‌ (മുന്‍ പ്രോവിന്‍ഷ്യാള്‍, ആരാധന സഭ, തൊടുപുഴ, ഇടുക്കി പ്രോവിന്‍സുകള്‍), ജോസ്‌ (ചിലവ്‌), മോണ്‍. ഫ്രാന്‍സീസ്‌ ആലപ്പാട്ട്‌ (വികാരി ജനറാള്‍, കോതമംഗലം രൂപത), ഫാ. അഗസ്റ്റ്യന്‍ ആലപ്പാട്ട്‌ (ഡയറക്‌ടര്‍, സെന്റ്‌ ലൂക്ക്‌സ്‌ ഹോസ്‌പിറ്റല്‍, മീററ്റ്‌ രൂപത), ആനി (റിട്ട. ടീച്ചര്‍, മുതലക്കോടം), ലില്ലി (അസി. മാനേജര്‍, സൗത്ത്‌ ഇന്‍ഡ്യന്‍ ബാങ്ക്‌, മുവാറ്റുപുഴ), ജോണി (അസി. മാനേജര്‍, സൗത്ത്‌ ഇന്‍ഡ്യന്‍ ബാങ്ക്‌, തൊടുപുഴ), മരുമക്കള്‍ : ഗ്രേസി കച്ചിറക്കല്‍ (വെണ്ണിക്കുളം), ത്രേസ്യാമ്മ കമ്പകത്തിങ്കല്‍ (ചീനിക്കുഴി), മാത്യു തുറയ്‌ക്കല്‍, മുതലക്കോടം (റിട്ട. മാനേജര്‍, ഫെഡറല്‍ ബാങ്ക്‌), പരേതനായ ജോണ്‍ ചെറുപറമ്പില്‍ (വാഴക്കുളം), റെജി തോട്ടത്തിമ്യാലില്‍, നെയ്യശ്ശേരി (ടീച്ചര്‍, വിമലമാതാ എച്ച്‌എസ്‌എസ്‌, കദളിക്കാട്‌).

2011 ജൂൺ 9, വ്യാഴാഴ്‌ച

വാഹനാപകടത്തില്‍ തലയ്‌ക്കു ഗുരുതരമായി പരിക്കേറ്റ യുവാവ്‌ ചികിത്സാ സഹായം തേടുന്നു

വാഹനാപകടത്തില്‍ തലയ്‌ക്കു ഗുരുതരമായി പരിക്കേറ്റ നിര്‍ദ്ധന കുടുംബത്തിലെ യുവാവ്‌ ഉദാരമതികളില്‍ നിന്നും ചികിത്സാ സഹായം തേടുന്നു. കോളപ്ര വീട്ടിക്കല്‍ വിജയന്റെ മകന്‍ ഷിനൂപ്‌ (25) ആണ്‌ തലയ്‌ക്കു ഗുരുതരമായി പരിക്കേറ്റ്‌ ഒരു വശം തളര്‍ന്ന്‌ ചികിത്സയില്‍ കഴിയുന്നത്‌. 2007 ഏപ്രില്‍ 15 ന്‌ വിഷുദിനത്തില്‍ ഉണ്ടായ ബൈക്ക്‌ അപകടത്തില്‍ തലയ്‌ക്കു മാരകമായി പരിക്കേറ്റ ഷിനൂപ്‌ ഒരു വര്‍ഷത്തോളം അബോധാവസ്ഥയിലായിരുന്നു. തലയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന്‌ സംസാരശേഷിയും നഷ്‌ടപ്പെട്ടിരുന്നു.വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും ഒരു വശംതളര്‍ന്നതു മൂലം എഴുന്നേറ്റ്‌ നടക്കാന്‍ കഴിയുന്നില്ല. ഭാഗികമായി മാത്രമാണ്‌ സംസാരശേഷിയും തിരികെ ലഭിച്ചത്‌. തുടര്‍ചികിത്സ ലഭ്യമായാല്‍ ഷിനൂപിന്റെ തളര്‍ന്ന വശം ഭേദമാക്കാനാകുമെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു. ഇതുവരെ ഷിനൂപിന്റെ ചികിത്സയ്‌ക്കായി ലക്ഷക്കണക്കിന്‌ രൂപ ചിലവായിക്കഴിഞ്ഞു. നല്ലവരായ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും നിര്‍ലോഭമായ സഹകരണം ലഭിച്ചതുകൊണ്ട്‌ ഇതുവരെ ചികിത്സ നടത്തി വന്നത്‌. ഹൃദ്രോഗിയായ പിതാവ്‌ വിജയനും മാതാവ്‌ സാവിത്രിയും ഇനി തുടര്‍ന്നു ചികിത്സിക്കായി പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്‌. ഉള്ള കിടപ്പാടം വരെ പണയപ്പെടുത്തിയാണ്‌ ഇവര്‍ കുടുംബത്തിന്റെ തണലാകേണ്ടിയിരുന്ന തങ്ങളുടെ ഏകമകനെ ചികിത്സിക്കാന്‍ പണം കണ്ടെത്തിയത്‌. എന്നാല്‍ തുടര്‍ചികിത്സയ്‌ക്കായി വേണ്ടി വരുന്ന ഒരു ലക്ഷത്തോളം രൂപയ്‌ക്കായി നെട്ടോട്ടമോടുകയാണ്‌ ഇവര്‍. തുടര്‍ചികിത്സയ്‌ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ്‌ ഇവര്‍. ഇതിനായി സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ കാഞ്ഞാര്‍ ശാഖയില്‍ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. അക്കൗണ്ട്‌ നമ്പര്‍: 0202053000003559.

2011 ജൂൺ 6, തിങ്കളാഴ്‌ച

കേരളം തട്ടിപ്പുകാരുടെ സ്വര്‍ഗ്ഗം, ഒത്താശ ചെയ്യുവാന്‍ മാധ്യമങ്ങളും


കേരളം ദൈവത്തിന്റെ സ്വന്തം നാട്‌ എന്നത്‌ തിരുത്തി, കേരളം തട്ടിപ്പുകാരുടെ സ്വന്തം നാട്‌ എന്ന്‌ മാറിയിരിക്കുന്നു. ആട്‌, മാഞ്ചിയം, തേക്ക്‌ തട്ടിപ്പ്‌, ടോട്ടല്‍ഫോര്‍യു തട്ടിപ്പ്‌, ലാബെല്ലാ രാജന്‍, ഷാലിമാര്‍ ... ഏറ്റവും ഒടുവില്‍ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്‌, ടൈക്കൂണ്‍... എന്താണ്‌ കേരളം തട്ടിപ്പുകാരുടെ സ്വര്‍ഗമായി മാറുവാന്‍ കാരണം.? മലയാളിയുടെ മടിയും മാധ്യമങ്ങളുടെ പണത്തോടുള്ള കൊതിയുമാണ്‌ മലയാള നാടിനെ തട്ടിപ്പ്‌ നാടാക്കി മാറ്റിയത്‌. മള്ളൂര്‍ വക്കീലും പണവും ഉണ്ടെങ്കില്‍ ആരെയും കൊല്ലാമെന്നത്‌ പഴഞ്ചന്‍ കഥ. കയ്യില്‍ പണവും മാധ്യങ്ങളുമുണ്ടെങ്കില്‍ ആരെയും പറ്റിക്കാം. തട്ടിപ്പുകാര്‍ക്കെതിരേ വിശ്വാസവഞ്ചനയ്‌ക്ക്‌ കേസ്‌ നല്‍കിയാലും പ്രിന്റ്‌, വിഷ്വല്‍ മാധ്യമങ്ങള്‍ അത്‌ വാര്‍ത്തയാക്കാന്‍ തയ്യാറല്ല. അവര്‍ക്ക്‌ വാര്‍ത്ത ആരെങ്കിലും കാശു കൊടുത്ത്‌ വ്യഭിചാരം ചെയ്‌തശേഷം ഒരുമാസം കഴിയുമ്പോള്‍ പരാതിയുമായെത്തുന്ന അഭിസാരികകളുടെ തല്‍സമയ സംപ്രേഷണത്തിലാണല്ലോ താല്‍പര്യം.
പഴയകാല തട്ടിപ്പുകള്‍- അത്‌ ആട്‌ - മാഞ്ചിയമാണെങ്കിലും ബ്ലേഡാണെങ്കിലും എല്ലാം കേരളീയരുടെ പണം തട്ടിയെടുത്തത്‌ മാധ്യമപരസ്യങ്ങളിലൂടെയാണ്‌. ആരെങ്കിലും ചെറിയ ഒരു ക്ലാസിഫൈഡ്‌ പരസ്യം നല്‍കാന്‍ ചെന്നാല്‍ ഐഡന്റിറ്റി കാര്‍ഡും നാട്ടിലുള്ള അറിയപ്പെടുന്നവരുടെ സാക്ഷ്യപത്രവും ആവശ്യപ്പെടുന്ന കുത്തകപത്രങ്ങളാണ്‌ വന്‍കിട തട്ടിപ്പുകാരുടെ പരസ്യം കോടികള്‍ വാങ്ങി നല്‍കി കേരളീയരെ കുത്തുപാളയെടുപ്പിക്കുന്നത്‌. തട്ടിപ്പുകാരനില്‍ നിന്നും പരസ്യയിനത്തില്‍ കോടികള്‍ വാങ്ങിയശേഷം തട്ടിപ്പുകാരനു വേണ്ടി സ്ഥാപനം പൊളിഞ്ഞു എന്ന്‌ വാര്‍ത്തയും പിന്നീട്‌ തട്ടിപ്പു പരമ്പരയും എഴുതുന്നതാണല്ലോ മലയാള മാധ്യമസംസ്‌കാരം. കുഞ്ഞുണ്ടാകുന്നതിനു തുടങ്ങി സുഖിക്കുന്നതിനും നടുവേദന, കൈവേദന തുടങ്ങി സര്‍വ്വരോഗസംഹാരികള്‍ ആയുര്‍വേദപേരുകളില്‍ കേരളത്തില്‍ വന്‍ വിസ്‌ഫോടനം നടത്തിവരികയാണല്ലോ. ഇതിനെല്ലാം ഒത്താശയുമായി സര്‍വ്വസന്നാഹങ്ങളുമായി മാധ്യമങ്ങളും നിലയുറപ്പിച്ചിരിക്കുന്നു.
പത്രങ്ങളെക്കുറിച്ച്‌ നാട്ടിന്‍പുറങ്ങളിലെ ചില സരസന്മാര്‍ പുറത്തുവിട്ട രസകരമായ കഥകളുണ്ട്‌. നാട്ടിലെ ഏറ്റവും കുപ്രസിദ്ധയായ അഭിസാരികയെ വാഴ്‌ത്തപ്പെട്ടവളാക്കുന്നതിന്റെ രസതന്ത്രമാണ്‌ രസികന്മാര്‍ വിവരിക്കുന്നത്‌. പട്ടണത്തിലുള്ള പത്രത്തിന്റെ ബ്യൂറോയിലേക്ക്‌ അഭിസാരിക വക ഒരു ഫോണ്‍കോള്‍. തങ്ങളുടെ തൊഴിലില്‍ മാര്‍ഗദീപമായ ഞങ്ങളുടെ മുത്തശ്ശിയെ ഓര്‍ക്കുന്നതിന്‌ ഞങ്ങള്‍ പോയിട്ടില്ലെങ്കിലും ഞങ്ങളുടെ നാട്ടിലുള്ള കുട്ടികള്‍ക്ക്‌ അക്ഷരവെളിച്ചം നല്‍കാന്‍ താല്‍പര്യമുണ്ട്‌. പത്ത്‌ പത്രം സ്‌പോണ്‍സര്‍ ചെയ്‌തേക്കാം. ഇത്രയും കേള്‍ക്കുന്നതേ പത്രത്തിന്റെ എക്‌സിക്യുട്ടീവ്‌ വിലാസം തിരക്കി നാട്ടിന്‍പുറത്തെങ്ങും പത്ത്‌ പത്രത്തിന്റെ വില വാങ്ങി സ്‌കൂളില്‍ വച്ച്‌ ഒരു ഉദ്‌ഘാടനവും നടത്തും. മുത്തശ്ശിയുടെ ഓര്‍മ്മയ്‌ക്ക്‌ സ്‌കൂളില്‍ പത്രം സംഭാവന ചെയ്‌ത അഭിസാരിക സ്‌കൂള്‍ ലീഡര്‍ക്ക്‌ പത്രം കൈമാറുന്നതിന്റെ ചിത്രവും അടുത്ത ദിവസം പത്രത്തില്‍ കൊടുക്കും. അടിക്കുറിപ്പായി അഭിസാരികയോടൊപ്പം ബ്യൂറോ ചീഫ്‌, മാര്‍ക്കറ്റിംഗ്‌ എക്‌സിക്യുട്ടീവ്‌, സ്ഥലത്തെ ഏജന്റ്‌ തുടങ്ങിയവര്‍ സമീപമെന്നും കൊടുക്കും. ഇങ്ങനെ നാലോ അഞ്ചോ പത്രങ്ങള്‍ സ്‌കൂളില്‍ സംഭാവന ചെയ്‌താല്‍ നമ്മുടെ നായികയ്‌ക്ക്‌ അടുത്ത ഒരുവര്‍ഷത്തേക്ക്‌ ധൈര്യമായി തൊഴിലില്‍ തുടരാം. കാരണം തൊഴിലിനിടയില്‍ പോലീസ്‌ പിടികൂടിയാലും പത്രങ്ങളില്‍ വാര്‍ത്ത വരില്ലല്ലോ. കാരണം ഒരു വര്‍ഷത്തേക്കല്ലേ പത്രം സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌.
മാധ്യമമത്സരത്തിനിടയില്‍ സര്‍വ്വമര്യാദകളും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. തട്ടിപ്പ്‌ സ്ഥാപനങ്ങളുടെ ഉദ്‌ഘാടനങ്ങള്‍ക്ക്‌ മന്ത്രിമാരും ഉന്നതപോലീസ്‌ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. ഈ സാഹചര്യത്തില്‍ സ്വകാര്യസ്ഥ
പനങ്ങളുടെ ഉദ്‌ഘാടനത്തിന്‌ മന്ത്രിമാരും ഉന്നതപോലീസ്‌ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പ്രവണത ഒഴിവാക്കാവുന്നതല്ലേ.

2011 ജൂൺ 4, ശനിയാഴ്‌ച

മകന്റെ പിതൃത്വം നിഷേധിച്ച അമേരിക്കന്‍ മലയാളിക്ക്‌ സുപ്രീം കോടതി പിഴ ശിക്ഷിച്ചു

തൊടുപുഴ : മകന്റെ പിതൃത്വം നിഷേധിച്ച അമേരിക്കന്‍ മലയാളിക്ക്‌ സുപ്രീം കോടതി പിഴ വിധിച്ചു. കോലഞ്ചേരി പൂതൃക്ക സ്വദേശി മുല്ലയ്‌ക്കല്‍ സ്ലീബാ തോമസിനാണ്‌ സുപ്രീം കോടതി അര ലക്ഷം രൂപ പിഴ ശിക്ഷിച്ചത്‌. തൊടുപുഴ കുടുംബകോടതി മകന്‌ നാലായിരം രൂപ പ്രതിമാസം ജീവനാംശം നല്‍കണമെന്ന വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ്‌ അപ്പീല്‍ തള്ളുകയും അര ലക്ഷം രൂപ പിഴ ശിക്ഷിക്കുകയും ചെയ്‌തത്‌. അമേരിക്കന്‍ പൗരനും അമേരിക്കയില്‍ ജയില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുന്നതുമായ സ്ലീബാ തോമസിന്‌ അമേരിക്കയില്‍ ഭാര്യയും മക്കളും ഉള്ള വിവരം മറച്ച്‌ വച്ച്‌ തൊടുപുഴ മുളപ്പുറം സ്വദേശിനി സീനാമോളെ വിവാഹം കഴിച്ച്‌ വഞ്ചിച്ചത്‌ വിവാദമായിരുന്നു. വഞ്ചനയുടെ കഥ പുറത്ത്‌ വന്നതോടെ സീനാമോളെയും മകനെയും വധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്‌ സീനാമോള്‍ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തിരുന്നു. കോടതിയുടെ ഉത്തരവ്‌ പ്രകാരം സ്ലീബാ തോമസിനെതിരെ കരിമണ്ണൂര്‍ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു. കുറ്റകൃത്യം ഗൗരവമേറിയതിനാല്‍ അന്വേഷണം അന്ന്‌ കാളിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന വിഎന്‍ സജി ഏറ്റെടുക്കുകയും സ്ലീബാ തോമസിനെ അറസ്റ്റ്‌ ചെയ്‌ത്‌ കോടതി മുവാറ്റുപുഴ സബ്‌ ജയിലില്‍ റിമാന്‍ഡ്‌ ചെയ്യുകയും ചെയ്‌തിരുന്നു. ഈ കേസ്‌ ഇപ്പോള്‍ തൊടുപുഴ ജില്ലാകോടതിയില്‍ വിചാരണ നടന്നുവരികയാണ്‌. സീനാമോള്‍ക്കും മകന്‍ അഭിജിത്തിനും ജീവനാംശം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ തൊടുപുഴ കുടുംബകോടതിയില്‍ അഡ്വ. ബിജു പറയന്നിലം മുഖേന ഹര്‍ജി ഫയല്‍ ചെയ്‌തിരുന്നു. ഈ ഹര്‍ജിയില്‍ മകന്റെ പിതൃത്വം നിഷേധിച്ചും മതപരമായ വിവാഹം ഇല്ലാത്തതിനാലും ഹര്‍ജിക്കാര്‍ക്ക്‌ ജീവനാംശം നല്‍കാന്‍ ബാദ്ധ്യസ്ഥനല്ല എന്ന നിലപാടാണ്‌ സ്ലീബാ തോമസ്‌ സ്വീകരിച്ചത്‌. എന്നാല്‍ കുടുംബകോടതിയുടെ ഉത്തരവോടെ ഡിഎന്‍എ ടെസ്റ്റിന്‌ സ്ലീബായും സീനാമോളും മകന്‍ അഭിജിത്തും വിധേയമായി. ടെസ്റ്റില്‍ അഭിജിത്തിന്റെ പിതാവ്‌ സ്ലീബായാണെന്ന്‌ തെളിഞ്ഞതിനെ തുടര്‍ന്ന്‌ പ്രതിമാസം നാലായിരം രൂപ വീതം ജീവനാംശം നല്‍കാന്‍ കുടുംബകോടതി വിധിക്കുകയും ചെയ്‌തിരുന്നു. ഈ വിധിക്കെതിരെ സ്ലീബാ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌. മകന്റെ പിതൃത്വം നിഷേധിച്ച പിതാവിന്റെ നിലപാട്‌ വേദനാജനകമാണെന്നും മതപരമായ വിവാഹം ഇല്ലെങ്കിലും ജീവനാംശം നല്‍കുന്നതിന്‌ സ്ലീബായുമായുള്ള വിവാഹ ഉടമ്പടി സാധുവായ വിവാഹമായി പരിഗണിച്ച കുടുംബകോടതി ജഡ്‌ജിയായിരുന്ന ടിവി മാത്യുവിന്റെ വിധി ന്യായം പൂര്‍ണ്ണമായി സുപ്രീം കോടതി അംഗീകരിച്ചാണ്‌ സ്ലീബായുടെ അപ്പീല്‍ തള്ളിയത്‌. അനാവശ്യമായി അപ്പീല്‍ നല്‍കിയതിന്‌ പിഴയായി അര ലക്ഷം രൂപ സ്ലീബാ സീനാമോള്‍ക്കും മകനും നല്‍കുവാനാണ്‌ സുപ്രീം കോടതി ഉത്തരവ്‌.

2011 ജൂൺ 3, വെള്ളിയാഴ്‌ച

നമ്മള്‍ തമ്മില്‍ അവതരിപ്പിക്കാന്‍ ബ്രിട്ടാസ്; ചാനല്‍ കിടമത്സരം കൊഴുക്കും

കൊച്ചി: പ്രശസ്ത അവതാരകന്‍ ശ്രീകണ്ഠന്‍ നായരിലൂടെ പിറന്ന് ഏഷ്യാനെറ്റിലൂടെ വളര്‍ന്ന് ചലചിത്രതാരം ജഗദീഷിലൂടെയും യുവ അവതാരകന്‍ അരുണിലൂടെയും അവിരാമം തുടരുന്ന മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ടോക് ഷോ ഇനി മുതല്‍ ജോണ്‍ബ്രിട്ടിസിന്റെ ചുമതലയിലേക്ക്. ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മില്‍ എന്ന പരിപാടി ഇനിമുതല്‍ അവതരിപ്പിക്കുന്നത് ബ്രിട്ടാസ് ആയിരിക്കും. നിലവിലെ അവതാരകന്‍ അരുണ്‍ ഒന്നോ രണ്ടോ എപ്പിസോഡുകളില്‍ക്കൂടി മാത്രമേ ഉണ്ടാവുകയുള്ളു. കൈരളി എംഡിയായി പ്രവര്‍ത്തിച്ച സമയത്ത് ക്വസ്റ്റ്യന്‍ ടൈം എന്നഅഭിമുഖ പരിപാടിയും ക്രോസ് ഫയര്‍ എന്ന ടോക് ഷോയും വിജയകരമായി അവതരിപ്പിച്ചിരുന്ന ബ്രിട്ടാസ് അടുത്തിടെയാണ് ഏഷ്യാനെറ്റില്‍ ബിസിനസ് ഹെഡ് ആയി ചേര്‍ന്നത്. മാധ്യമ ഭീമന്‍ എന്ന് ഇടതുപക്ഷം വിമര്‍ശിക്കുന്ന റൂപര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ ഗ്രൂപ്പാണ് ഇപ്പോള്‍ ഏഷ്യാനെറ്റ് ഉടമ.


വാര്‍ത്താധിഷ്ഠിത പരിപാടികളില്‍ തിളങ്ങിയ ജോണ്‍ ബ്രിട്ടാസിന് ക്യാമറയ്ക്കു മുന്നില്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് നമ്മള്‍ തമ്മില്‍ ഏല്‍പിക്കുന്നത്. അതേസമയം, നമ്മള്‍ തമ്മില്‍ എന്ന പേര് മാറ്റി പുതിയ പേരില്‍ താന്‍ അതരിപ്പിച്ചു തുടങ്ങാമെന്ന ജോണ്‍ ബ്രിട്ടാസിന്റെ നിര്‍ദേശം ഏഷ്യാനെറ്റ് മാനേജ്‌മെന്റ് അംഗീകരിച്ചില്ല. 800 എപ്പിസോഡുകള്‍ പിന്നിട്ട പരിപാടിയുടെ നിലവിലുള്ള പേര് പ്രേക്ഷക അംഗീകാരം നേടിയതാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പലരും അവതരിപ്പിച്ച നമ്മള്‍ തമ്മില്‍ താന്‍ ഏറ്റെടുക്കുമ്പോള്‍ പുതിയ പേരും രൂപവും ഭാവവും ഉണ്ടാകണമെന്ന ജോണ്‍ ബ്രിട്ടാസിന്റെ ആഗ്രഹം ഇതോടെ നടക്കില്ലെന്നുറപ്പായി. ഏഷ്യാനെറ്റ് വൈസ്പ്രസിഡന്റ് ആയിരിക്കെ രാജിവെച്ച് മനോരമ ന്യൂസ് ആരംഭിക്കുന്ന എന്റര്‍ടെയ്ന്‍മെന്റ് ചാനലിന്റെ കണ്‍സല്‍ട്ടന്റായ ആര്‍.ശ്രീകണ്ഠന്‍ നായരാണ് നമ്മള്‍ തമ്മില്‍ തുടങ്ങിയതും ദീര്‍ഘകാലം അവതരിപ്പിച്ചതും. അതിനുശേഷം സിനിമാ നടന്‍ ജഗദീഷായിരുന്നു അവതാരകന്‍. എന്നാല്‍ ഏതാനും എപ്പിസോഡുകള്‍ക്കു ശേഷം ജഗദീഷിനെ മാറ്റി അരുണിനെ കൊണ്ടുവന്നു. ദൂരദര്‍ശനിലായിരുന്ന അരുണ്‍ ഏഷ്യാനെറ്റില്‍ ലഭിച്ച അവസരം ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്തു. നമ്മള്‍ തമ്മില്‍ ഇത്രയും കാലത്തിനിടയിലുള്ള ഏറ്റവും ഉയര്‍ന്ന റേറ്റിംഗില്‍ എത്തിയത് അരുണ്‍ വന്ന ശേഷമാണ്. പ്രത്യേകിച്ചും ട്രെയ്‌നില്‍നിന്നു തള്ളിയിട്ട് മാനംഭംഗത്തിന് ഇരയായി മരിച്ച സൗമ്യയുടെ കദനകഥയും മറ്റും അവതരിപ്പിച്ച് അരുണ്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. അതിനിടയിലാണ് ജോണ്‍ ബ്രിട്ടാസിന്റെ കടന്നുവരവ്.


ബ്രിട്ടാസിന്റെ കൈരളി പരിപാടികളെല്ലാം നിശിതമായ ഇടപെടല്‍ സാധ്യതയുള്ളതും രാഷ്ട്രീയ സ്വഭാവമുള്ളതുമായിരുന്നെങ്കില്‍, നമ്മള്‍ തമ്മില്‍ അങ്ങനെയൊന്നല്ല എന്ന പ്രത്യേകതയുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ജോണ്‍ ബ്രിട്ടാസ് കൈരളിയില്‍ നിന്നു രാജിവച്ചത്. ശൈശവദശയില്‍ തപ്പിതടഞ്ഞു നീങ്ങിയ കൈരളി ചാനലിനെ സാമ്പത്തികമായി ലാഭത്തിലാക്കുകയും മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ശ്രദ്ധേയനാവുകയും ചെയ്താണ് ബ്രിട്ടാസ് കേരളത്തിലെ മാധ്യമലോകത്തിലെ അവഗണിക്കാനാവാത്ത സാന്നിധ്യമായത്. ബ്രിട്ടാസ് ചുമതലയേറ്റെടുത്തശേഷം കൈരളി ഒരു ചാനലില്‍ നിന്ന് മൂന്ന് ചാനലുകളായി വളര്‍ന്നു. തിരുവനന്തപുരത്ത് സ്വന്തമായി ബഹുനില ആസ്ഥാനമന്ദിരം പണിതു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 20 കോടി രൂപ ലാഭമുണ്ടാക്കുകയും ചെയ്തു. എന്നിട്ടും ബ്രിട്ടാസ് എന്തുകൊണ്ട് കൈരളി വിട്ടു എന്നാണ് ചോദ്യമെങ്കില്‍ സിപിഎമ്മിലെ ഗ്രൂപ്പ് വഴക്ക് എന്നാണ് ഒരു വിഭാഗം നല്‍കുന്ന ഉത്തരം. സിപിഎമ്മിലെ വി.എസ്പിണറായി കിടമത്സരത്തില്‍ എന്നും ഔദ്യോഗിക പക്ഷത്തിന്റെ നാവായിരുന്നു ബ്രിട്ടാസ്. മുഖ്യമന്ത്രി വെറുക്കപ്പെട്ടവനെന്ന് വിളിച്ച് അധിക്ഷേപിച്ച ഫാരിസ് അബൂബക്കറിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്തതോടെയാണ് ബ്രിട്ടാസ് വി.എസ് പക്ഷത്തിന്റെ കണ്ണിലെ കരടായത്.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വി.എസിന് സീറ്റ് നിഷേധിച്ചപ്പോള്‍ കേരളത്തിലെ തെരുവുകളില്‍ അരങ്ങേറിയ വി.എസ് അനുകൂല പ്രകടനങ്ങള്‍ മറ്റു ചാനലുകള്‍ ആവേശത്തോടെ തത്സമയം സംപ്രേക്ഷണം ചെയ്തപ്പോള്‍ കൈരളി മാത്രം അത് കണ്ടില്ലെന്ന് നടിച്ചു. ഒടുവില്‍ സമ്മര്‍ദം രൂക്ഷമായപ്പോള്‍ മാത്രമാണ് കൈരളി മറ്റു ചാനലുകളില്‍ നിന്ന് സംഘടിപ്പിച്ച ടേപ്പുകളിലൂടെ ചില പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ പേരിനെങ്കിലും കാണിച്ചത്. അന്നേ വി.എസ്.പക്ഷം ബ്രിട്ടാസിനെ നോട്ടമിട്ടിരുന്നു. ഫാരിസിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത് വെറുക്കപ്പെട്ടവനില്‍ നിന്ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുക എന്ന ദൗത്യം കൂടി ഭംഗിയായി നിറവേറ്റിയതോടെ ബ്രിട്ടാസ് വി.എസ്.പക്ഷത്തിന് തികച്ചും അനഭിമിതനായി. ബ്രിട്ടാസിന്റെ തലയ്ക്കായി അന്നേ വി.എസ് പക്ഷം മുറവിളി കൂട്ടിയെങ്കിലും സെക്രട്ടറിയേറ്റ് യോഗത്തില്‍ വിളിച്ചുവരുത്തി ശാസിച്ചശേഷം ഔദ്യോഗികപക്ഷം ബ്രിട്ടാസിന്റെ തടി രക്ഷിച്ചു. എന്നാല്‍ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനായി സെക്രട്ടറിയേറ്റും തുടര്ന്ന് സംസ്ഥാനസമിതിയും ചേര്‍ന്നപ്പോള്‍ വി.എസിന് സീറ്റുണ്ടാവുമോ എന്നായിരുന്നു കേരളം ആകാംക്ഷയോടെ കാത്തിരുന്നത്.


ബ്രിട്ടാസിന്റെ നേതൃത്വത്തിലുള്ള കൈരളി തന്നെ കേരള ജനതയുടെ ആകാംക്ഷ ബ്രേക്ക് ചെയ്തു. വി.എസിന് ഇത്തവണ സീറ്റില്ലെന്ന ബ്രേക്കിംഗ് ന്യൂസ് സംപ്രേഷണം ചെയ്ത് കൈരളി ശരിക്കും ഞെട്ടിച്ചു. പാര്‍ട്ടി ചാനല്‍ പുറത്തുവിട്ട വാര്‍ത്ത അവിശ്വസിക്കേണ്ട കാര്യമില്ലാത്തതിനാല്‍ മറ്റു ചാനലുകളും ഇത് ഏറ്റു പിടിച്ചതോടെ തെരുവിലെങ്ങും വി.എസ്. അനുകൂല പ്രകടനങ്ങളും പിണറായിയുടെ കോലം കത്തിക്കലും അരങ്ങേറി. ഇതോടെ ബ്രിട്ടാസിന്റെ പേരില്‍ പാര്‍ട്ടി വീണ്ടും പ്രതിരോധത്തിലായി. ഒടുവില്‍ അവെയ്‌ലബിള്‍ പി.ബിയില്‍ യെച്ചൂരിയുടെയും വൃന്ദാകാരാട്ടിന്റെയും നേതൃത്വത്തില്‍ വി.എസിനെ വീണ്ടും സ്ഥാനാര്ഥിയാക്കുമ്പോള്‍ പാര്‍ട്ടിയുടെ മുഖം നഷ്ടമായിരുന്നു. ഇതോടെ ബ്രിട്ടാസിനെ പ്രതിരോധിക്കുക എന്ന ദൗത്യത്തില്‍ നിന്ന് ഔദ്യോഗികപക്ഷം പതുക്കെ പിന്നോട്ട് പോയി. അവസരം മുതലെടുത്ത വി.എസ് പക്ഷം ബ്രിട്ടാസിന്റെ രക്തത്തിനായി മുറവിളി കൂട്ടുകയും ചെയ്തു. ബ്രിട്ടാസിനെ അപമാനിച്ച് ഇറക്കിവിടാന് ഔദ്യോഗിക പക്ഷത്തിന് താല്പര്യമില്ലായിരുന്നു. അതുകൊണ്ടാണ് ബോര്‍ഡ് യോഗത്തില്‍ പാര്‍ട്ടി സെക്രട്ടറി തന്നെ പങ്കെടുത്ത് ബ്രിട്ടാസിന്റെ സേവനങ്ങളെ പുകഴ്ത്തി ഭാവുകങ്ങള്‍ നേര്‍ന്നത്.


പാര്‍ട്ടി സെക്രട്ടറിയുടെ ആശംസയുടെ ചൂട് ആറും മുമ്പ് ബ്രിട്ടാസ് പോയതോ സാമ്രാജ്യത്വ കുത്തകയെന്ന് പാര്‍ട്ടി വിശേഷിപ്പിച്ച റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ചാനല്‍ മേധാവിയായി. ഇത് ഔദ്യോഗികപക്ഷത്തിന് മറ്റൊരു തിരിച്ചടിയാവുകയും ചെയ്തു. ഏഷ്യാനെറ്റ് ആകട്ടെ ശ്രീകണ്ഠന്‍ നായര്‍ പോയതോടെ ചാനലിനെ നയിക്കാന്‍ മിടുക്കും കരിസ്മയുമുള്ള ഒരാളെ തിരയുകയായിരുന്നു. ബ്രിട്ടാസ് കൈരളിയില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പായതോടെ മര്‍ഡോക്കിന്റെ കൈകള്‍ സ്വാഭാവികമായും അദ്ദേഹത്തിലേക്ക് നീണ്ടു. ബ്രിട്ടാസിന് വേണ്ടി കൈരളിയുടെ വാതില്‍ എപ്പോഴും തുറന്നിരിക്കുമെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറി ഇപ്പോഴും അതേ നിലപാടില്‍ തന്നെയാണോ എന്ന് ആരും അന്വേഷിച്ചിട്ടില്ല. ബ്രിട്ടാസിന്റെ കൂടുമാറ്റത്തെ തനിക്ക് ലഭിച്ച ആദ്യ അവസരത്തില് തന്നെ വി.എസ് മുതലെടുക്കുകയും ചെയ്തു. അയാളെ ആദ്യം മുതലേ പ്രോത്സാഹിപ്പിച്ചവരുടെ പ്രോത്സാഹനം ഇതിലേക്കാണു നയിച്ചിത്. അവരാണ് യഥാര്‍ത്ഥത്തില്‍ തിരക്കേണ്ടത്. ബ്രിട്ടാസിനെ ആദ്യം വിലയിരുത്തിയവര്‍ക്കു പുനഃപരിശോധന നടത്തണമെങ്കില്‍ ഇപ്പോള്‍ ആകാം അങ്ങിനെപോയി വിയെസിന്റെ ഒളിയമ്പ്. എതായാലും ബ്രിട്ടാസ് ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ തന്റെ കരിയറില്‍മാത്രം ശ്രദ്ധിച്ചുമുന്നേറുകയാണ്.

രണ്ടു വൃക്കകളും തകരാറിലായ നിര്‍ദ്ധനനായ യുവാവ്‌ സഹായം അഭ്യര്‍ത്ഥിക്കുന്നു

രണ്ടു വൃക്കകളും തകരാറിലായ നിര്‍ദ്ധനനായ യുവാവ്‌ സഹായം അഭ്യര്‍ത്ഥിക്കുന്നു. കരിമണ്ണൂര്‍ പൂക്കുളത്ത്‌ പി.ആര്‍ രവിയുടെ മകന്‍ റ്റിന്റോ(25)യാണ്‌ സുമനസ്സുകളുടെ സഹായം തേടുന്നത്‌. കടുത്ത പനി വന്നതിനെ തുടര്‍ന്ന്‌ തലകറങ്ങി വീണതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ വിശദപരിശോധനയിലാണ്‌ റ്റിന്റോയുടെ രണ്ടു വൃക്കകള്‍ക്കും ബ്ലോക്ക്‌ ഉണ്ടെന്ന്‌ കണ്ടെത്തിയത്‌. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റ്റിന്റോയുടെ രണ്ട്‌ കിഡ്‌നികളും ഉടനടി മാറ്റി വയ്‌ക്കണമെന്നാണ്‌ ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസും മരുന്നുകളും നല്‍കിയാണ്‌ റ്റിന്റോയുടെ ജീവന്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്‌. ഒരു ദിവസം പതിനായിരം രൂപയോളം ചികിത്സയ്‌ക്കായി ഈ നിര്‍ദ്ധന കുടുംബത്തിനു ചെലവാകുന്നുണ്ട്‌. കരിമണ്ണൂര്‍പാഴൂക്കരയില്‍ 16 സെന്റിലുള്ള പണി തീരാത്ത വീട്ടില്‍ താമസിക്കുന്ന ആശാരിപണിക്കാരനായ രവിക്ക്‌ മകന്റെ ചികിത്സാചെലവ്‌ താങ്ങാനാവുന്നില്ല. രണ്ടു കിഡ്‌നികളും മാറ്റി വയ്‌ക്കുന്നതിനും ഓപ്പറേഷന്‍ ചിലവിനും മറ്റുമായി ആറുലക്ഷത്തോളം ചിലവു വരും. കൂടാതെ വൃക്ക മാറ്റി വച്ചു കഴിഞ്ഞ്‌ ഒരു വര്‍ഷത്തേക്ക്‌ പതിനായിരം രൂപയോളം തുടര്‍ചികിത്സയ്‌ക്കായും പണം കണ്ടെത്തേണ്ടതുണ്ട്‌. ആശാരിപണി നടത്തി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ്‌ ഈ കുടംബം തള്ളി നീക്കിയിരുന്നത്‌. ഉടനടി വൃക്കകള്‍ മാറ്റിവച്ചില്ലെങ്കില്‍ റ്റിന്റുവിന്റെ ജീവന്‍ തന്നെ അപകടത്തിലാവുന്ന അവസ്ഥയിലാണ്‌. ഈ സാഹചര്യത്തിലാണ്‌ രവിയും കുടുംബവും ഉദാരമതികളുടെ സഹായം തേടുന്നത്‌.