2012 മേയ് 19, ശനിയാഴ്‌ച

യാത്രയയപ്പ്‌ നല്‍കി


തൊടുപുഴ : വിജ്ഞാനമാതാ പള്ളിയില്‍ നിന്നും കോടിക്കുളം സെന്റ്‌ ആന്‍സ്‌ പള്ളിയിലേക്ക്‌ സ്ഥലം മാറിപ്പോകുന്ന ഫാ. മാത്യു കാക്കനാടിന്‌ ഇടവക ജനങ്ങള്‍ യാത്രയയപ്പ്‌ നല്‍കി. ന്യൂമാന്‍കോളജ്‌ ബര്‍സാര്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്‌, പ്രൊഫ. ജോസഫ്‌ കോയിക്കക്കുടി, എന്‍ വി വര്‍ക്കി നിരപ്പേല്‍, മാത്യുസ്‌ ബെന്നി, സുബിന്‍ എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ. മാത്യു കാക്കനാട്ട്‌ മറുപടി പ്രസംഗം നടത്തി. ട്രസ്റ്റിമാരായ ബേബി ആലപ്പാട്ട്‌, ജോര്‍ജ്ജ്‌ തയ്യില്‍ എന്നിവര്‍ ഇടവകയുടെ ഉപഹാരം സമ്മാനിച്ചു.

2012 മേയ് 15, ചൊവ്വാഴ്ച

തകരാറിലായ ഫോണ്‍ രണ്ടാഴ്‌ചയായിട്ടും നന്നാക്കിയില്ല

തകരാറിലായ ഫോണ്‍ രണ്ടാഴ്‌ചയായിട്ടും നന്നാക്കിയില്ല
തൊടുപുഴ : വീക്ഷണം ഇടുക്കി ബ്യൂറോയിലെ ഫോണ്‍ തകരാറിലായി രണ്ടാഴ്‌ച ആയിട്ടും നന്നാക്കിയില്ല. നേരിട്ട്‌ പരാതി സ്വീകരിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കി ഓട്ടോമാറ്റിക്‌ പരാതി സ്വീകരിക്കല്‍ നടപടി തുടങ്ങിയതിനുശേഷം ബി.എസ്‌.എന്‍.എല്‍. ലാന്റ്‌ ഫോണുകള്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ്‌. തൊടുപുഴയിലുള്ള 222000 എന്ന നമ്പറില്‍ ഉപഭോക്താക്കള്‍ക്ക്‌ പരാതി പറയാമെങ്കിലും ഇവിടെ ഡ്യൂട്ടി നോക്കുന്ന വനിത ജീവനക്കാരി 198 എന്ന നമ്പറില്‍ പരാതി രേഖപ്പെടുത്താനുള്ള ഉപദേശമാണ്‌ നല്‍കുന്നത്‌. ബി.എസ്‌.എന്‍.എല്‍.-ലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കളുമായി കാണാമറയത്ത്‌ ഇരുന്ന്‌ ജോലി ചെയ്യുന്നതാണ്‌ ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ ദുരവസ്ഥയ്‌ക്ക്‌ കാരണം. വീക്ഷണം ഓഫീസിലെ ഫോണിന്റെ ലൈനിലെ തകരാറുമൂലം ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ലഭിക്കാത്തതാണ്‌ പ്രശ്‌നം. രണ്ടാഴ്‌ച മുമ്പ്‌ 198-ല്‍ നല്‍കിയ പരാതിക്ക്‌ തകരാര്‍ ശരിയായോ എന്ന ചോദ്യവുമായി ഇന്നലെ വൈകുന്നേരമാണ്‌ ലൈന്‍മാന്‍ ഇതേ ലാന്റ്‌ നമ്പറിലേക്ക്‌ വിളിക്കുന്നത്‌. ഇതിന്‌ മുമ്പ്‌ തകരാര്‍ പരിഹരിക്കാന്‍ വന്നപ്പോള്‍ ലൈനില്‍ നിന്നും ടെലിഫോണിലേക്ക്‌ ബന്ധിപ്പിക്കുന്ന കണക്‌ടറിലെ തകരാര്‍ ബോദ്ധ്യപ്പെട്ടിട്ടും പരിഹരിക്കാതെ പോകുകയായിരുന്നു. ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ കണക്‌ടര്‍ വാങ്ങേണ്ടത്‌ ഉപഭോക്താവിന്റെ ചുമതലയാണെന്ന മറുപടിയാണ്‌ ലൈന്‍മാന്‍ നല്‍കിയത്‌. പൊതുമേഖലയെ സംരക്ഷിക്കണമെന്ന്‌ പറഞ്ഞ്‌ ആഴ്‌ചയില്‍ ഒന്നുവീതം സമരവും ധര്‍ണ്ണയും നടത്തുന്ന ബി.എസ്‌.എന്‍.എല്‍. ജീവനക്കാര്‍ക്ക്‌ അവരുടെ ശമ്പളവര്‍ദ്ധനവില്‍ മാത്രമാണ്‌ താല്‍പ്പര്യം. ലാന്റ്‌ ഫോണുകള്‍ ഉപേക്ഷിക്കുവാന്‍ സാരോപദേശം നല്‍കുന്ന ചുമതലയാണ്‌ ഇപ്പോള്‍ ഭൂരിഭാഗം ലൈന്‍മാരും നിര്‍വ്വഹിക്കുന്നത്‌. സംഘടനാബലത്തില്‍ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന ഈക്കൂട്ടര്‍ ഒടുവില്‍ ബി.എസ്‌.എന്‍.എല്‍-ന്റെ അന്തകരായി മാറുമെന്നാണ്‌ സൂചന. ഈ പ്രശ്‌നം സംബന്ധിച്ച്‌ ബി.എസ്‌.എന്‍.എല്‍. കേരള ചീഫ്‌ മാനേജര്‍ക്ക്‌ ടെലിഫോണിലൂടെ പരാതി നല്‍കിയപ്പോള്‍ ലൈന്‍മാനോട്‌ സൗഹൃദമായി പെരുമാറി തകരാറ്‌ പരിഹരിക്കുന്നതാണ്‌ ബുദ്ധിയെന്നായിരുന്നു മറുപടി. പൊതുജനങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ ശീതീകരിച്ച മുറികളില്‍ ഇരിക്കുന്ന ഉന്നത ഉദ്യോഗസ്ഥരും താഴോട്ട്‌ പോന്നാല്‍ ലൈന്‍മാന്‍ വരെയുള്ളവര്‍ ചേര്‍ന്ന്‌ ബി.എസ്‌.എന്‍.എല്‍. തന്നെ ഇല്ലാതാക്കുന്ന കാലം അതിവിദൂരമല്ല.

ജോണ്‍ റെയ്‌നോള്‍ഡിന്റെ സംസ്‌കാരം നടത്തി

തൊടുപുഴ : കോട്ടയം സംക്രാന്തിയില്‍ പാറമടയില്‍ വീണ്‌ മരണമടഞ്ഞ എം.ബി.ബി.എസ്‌. വിദ്യാര്‍ത്ഥി കീരികോട്‌ പുല്‍പറമ്പില്‍ ജോണ്‍ റെയ്‌നോള്‍ഡിന്റെ സംസ്‌കാരം കല്ലാനിക്കല്‍ പള്ളിയില്‍ നടന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പാല മരിയന്‍ സെന്റര്‍ ചീഫ്‌ ഫിസിഷ്യന്‍ ഡോ. പി. ജെ. റെയ്‌നോള്‍ഡിന്റെയും ചങ്ങനാശ്ശേരി അസംപ്‌ഷന്‍ കോളേജ്‌ പ്രൊഫസര്‍ എലിസബത്തിന്റെയും മകനാണ്‌.

2012 മേയ് 14, തിങ്കളാഴ്‌ച

മാതൃകാ വിവാഹത്തിനൊപ്പം വധുവിന്റെ കവിതാസമാഹാരവും പുറത്തിറക്കി

തൊടുപുഴ : ജാതിമത ചിന്തകളും ആചാരാനുഷ്‌ഠാനങ്ങളും ദൂര്‍ത്തും സ്‌ത്രീധനവും ഒന്നുമില്ലാതെ ഒരു വിവാഹം നടത്തുക അസാദ്ധ്യമാണന്ന്‌ കരുതുന്നവര്‍ക്ക്‌ തെറ്റി. ഇത്തരത്തിലും മാതൃകപരമായി വിവാഹിതരാകാമെന്നു കഴിഞ്‌ ഞായറാഴ്‌ച രണ്ടു പേര്‍ തെളിയിച്ചിരിക്കുന്നു. ഒരു വിവാഹം വ്യത്യസ്ഥമാകുന്നത്‌ ലാളിത്യം കൊണ്ടും സാമൂഹിക പ്രതിബദ്ധതകൊണ്ടുമാണങ്കില്‍ അത്തരത്തില്‍ വ്യത്യസ്ഥമായ ഒരു വിവാഹത്തിന്‌ വേദിയാവുകയായിരുന്നു തൊടുപുഴ ടൗണ്‍ഹാള്‍.
വിവാഹ പ്രായം കഴിഞ്ഞ നിരവധി പെണ്‍കുട്ടികള്‍ സ്‌ത്രീധനം നല്‍കാനില്ലാത്തത്തിന്ററെ പേരില്‍ അവിവാഹിതരായി കഴിയുന്ന നാട്ടില്‍ വിവാഹ സല്‍ക്കാരത്തിന്റെ പേരില്‍ ആനയും അമ്പാരിയും എഴുന്നള്ളിച്ച്‌ വെടിക്കെട്ടും നടത്തി ആയിരങ്ങള്‍ക്ക്‌ കഴിക്കാനുള്ള ഭക്ഷണ സാധനങ്ങള്‍ കുഴിച്ചു മൂടി കളയുന്ന നാട്ടില്‍, വിവാഹത്തിന്റെ പവിത്രത ഒട്ടും ചോര്‍ന്നു പോകാതെ വളരെ ലളിതവും എന്നാല്‍ പ്രൗഡ ഗംഭീരവുമായി നടന്ന ഒരു മാതൃകാ വിവാഹത്തിനാണ്‌ കഴിഞ്ഞ ഞായറാഴ്‌ച തൊടുപുഴ ടൗണ്‍ സാക്ഷിയായത്‌
തൊടുപുഴയിലെ പ്രാദേശിക വാര്‍ത്താ ചാനലായ വി.ബി,സി. യിലെ ജീവനക്കാരിയും വളര്‍ന്നു വരുന്ന കവയത്രിയുമായ ജയ്‌നിയും പൊതു പ്രവര്‍ത്തകനും അദ്ധ്യാപകനും നോവലിസ്റ്റുമായ സിജു രാജാക്കാടുമാണ്‌ ജില്ലയിലേയും അയല്‍ ജില്ലകളിലേയും കലാ സാഹിത്യ പ്രവര്‍ത്തകരുടേയും സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെ വിവാഹിതരായത്‌. ഏതെങ്കിലും മതവിഭാഗത്തിന്റെ ആചാരങ്ങളൊന്നുമില്ലാതെ സ്‌പെഷ്യല്‍ മാര്യേജ്‌ ആക്‌ട്‌ പ്രകാരമായിരുന്നു വിവാഹം. വധൂവരന്‍മാര്‍ സ്റ്റേജില്‍ കേക്ക്‌ മുറിച്ച്‌ മധുരം പങ്കുവെച്ചു.
വിവാഹ വേദിയില്‍ വച്ചു തന്നെ ജയ്‌നിയുടെ ആദ്യ കവിതാ സമാഹാരമായ വീണ്ടുമൊരു മണ്ണാങ്കട്ടയും കരിയിലയും എന്ന പുസ്‌തകത്തിന്റെ പ്രകാശനവും നിര്‍വ്വഹിക്കപ്പെട്ടു. വിവിധ ആനുകാലികങ്ങളിലും മറ്റും പ്രസിദ്ധീകരിക്കപ്പെട്ട ഇരുപത്തെട്ട്‌ ജീവിതഗന്ധിയായ കവിതകളാണ്‌ ആ പുസ്‌തകത്തില്‍ അടങ്ങിയിരിക്കുന്നത്‌. മഹാത്മഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സിലെ ഡോ. ജോസ്‌ കെ. മാനുവല്‍ പ്രൊഫ. ജോയി മൈക്കിളിന്‌ നല്‍കിയാണ്‌ കവിതാ സമാഹാരത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്‌. സാഹിത്യകാരനായ ജോസ്‌ കോനാട്ട്‌ പുസ്‌തക അവലോകനം നടത്തി. വിവാഹ ചടങ്ങിന്‌ ആശംസകള്‍ അര്‍പ്പിക്കുന്നതിനായി നിരവധി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ എത്തിയിരുന്നു. എസ്‌.യു.സി.ഐ. നേതാക്കളായ ഡോ. വി. വേണുഗോപാല്‍, ജെയ്‌സണ്‍ ജോസഫ്‌, മിനി കെ. ഫിലിപ്പ്‌, സിബി സി. മാത്യു, എന്‍. വിനോദ്‌ കുമാര്‍, വീക്ഷണം ഇടുക്കി ബ്യൂറോ ചീഫ്‌ സാബു നെയ്യശ്ശേരി, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരായ സിസിലിയാമ്മ പെരുമ്പനാനി, അച്ചാമ്മ തോമസ്‌, മുട്ടം ശ്രീനി, രാജേന്ദ്രന്‍ പോത്തനാശ്ശേരി, കൈതക്കോട്‌ ജബ്ബാര്‍, കെ. എം. ജലാലുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു.

2012 മേയ് 13, ഞായറാഴ്‌ച

വഴിത്തല ശാന്തിഗിരി ആശ്രമ ദേവാലയത്തിന്റെ കൂദാശ

വഴിത്തല ശാന്തിഗിരി ആശ്രമ ദേവാലയത്തിന്റെ കൂദാശ

Vazhithala Santhigiri  Church യോടനുബന്ധിച്ച്‌ ചേര്‍ന്ന പൊതുസമ്മേളനം മന്ത്രി കെ. എം. മാണി ഉദ്‌ഘാടനം ചെയ്യുന്നു. ഫാ. ജോസ്‌ പന്തപ്ലാംതൊട്ടിയില്‍, ബിഷപ്പ്‌ മാര്‍ ജോര്‍ജ്ജ്‌ പുന്നക്കോട്ടില്‍, ഫാ. സിജന്‍ ഊന്നുകല്ലേല്‍, പി. സി. ജോസഫ്‌, ഫാ. പോള്‍ പാറേക്കാട്ടേല്‍, ജോബി മാത്യു പൊന്നാട്ട്‌ തുടങ്ങിയവര്‍ സമീപം.

2012 മേയ് 10, വ്യാഴാഴ്‌ച

വിവാഹത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചു

വിവാഹത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചു. പാറപ്പുഴ പുത്തന്‍കുളം ലൂക്കോസ്‌ -മേരി ദമ്പതികളാണ്‌ അന്‍പതാം വിവാഹവാര്‍ഷികം ആഘോഷിച്ചത്‌. ഇതോടനുബന്ധിച്ച്‌ പാറപ്പുഴ സെന്റ്‌ ജോസഫ്‌ പള്ളിയില്‍ ദിവ്യബലിയും അനുമോദനയോഗവും സ്‌നേഹവിരുന്നും നടത്തി.

vengalloor kuries inaguration

vengallor kuries inaguration