2012, ഏപ്രിൽ 21, ശനിയാഴ്‌ച

പരാതി നല്‍കിയത്‌ സഹകരണ ബാങ്കില്‍ അംഗത്വം നല്‍കാത്തതിനെതിരെ; മറുപടി ലഭിച്ചതാകട്ടെ എടുക്കാത്ത വായ്‌പ എഴുതി തള്ളിയെന്നും

തൊടുപുഴ : സഹകരണ ബാങ്കില്‍ അംഗത്വം നല്‍കാത്തതിനെതിരെ പരാതി നല്‍കിയ കര്‍ഷകന്‌ വായ്‌പ എഴുതി തള്ളിയതായി മറുപടി. പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി സഹകരണ സംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസില്‍ നിന്നാണ്‌ ഇങ്ങനെ മറുപടി ലഭിച്ചത്‌. വണ്ണപ്പുറം മുള്ളരിങ്ങാട്‌ മുരിങ്ങമറ്റത്തില്‍ ജോര്‍ജ്ജിനാണ്‌ അരിയെത്ര എന്ന്‌ ചോദിച്ചപ്പോള്‍ പയറഞ്ഞാഴി എന്ന രീതിയില്‍ മറുപടി ലഭിച്ചത്‌.
സംഭവം ഇങ്ങനെയാണ്‌. വണ്ണപ്പുറം സഹകരണ ബാങ്കില്‍ അംഗത്വം ആവശ്യപ്പെട്ടെത്തിയ ജോര്‍ജ്ജിനെ ഇപ്പോള്‍ അംഗത്വം നല്‍കില്ലെന്ന്‌ പറഞ്ഞ ബാങ്ക്‌ അധികൃതര്‍ 2011 ഫെബ്രുവരിയില്‍ തിരിച്ചയച്ചു. ഇതേ തുടര്‍ന്ന്‌ തൊടുപുഴയിലുള്ള സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍)ക്ക്‌ പരാതി നല്‍കി എന്നാല്‍ രേഖാമൂലം അപേക്ഷ നല്‍കാത്തതുമൂലമാണ്‌ അംഗത്വം നല്‍കാത്തതെന്നായിരുന്നു ബാങ്ക്‌ അധികൃതരുടെ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ക്ക്‌ മറുപടി നല്‍കിയത്‌. തുടര്‍ന്ന്‌ ബാങ്കില്‍ അംഗത്വത്തിനായി അപേക്ഷ നല്‍കി. രണ്ട്‌ മാസം കഴിഞ്ഞിട്ടും അംഗത്വം നല്‍കാതിരുന്നതിനെ തുടര്‍ന്ന്‌ തിരുവനന്തപുരത്തുള്ള സഹകരണസംഘം രജിസ്‌ട്രാര്‍ക്ക്‌ പരാതി നല്‍കി. അവിടെ നിന്നും അന്വേഷണത്തിന്‌ ഇടുക്കി ജോയിന്റ്‌ രജിസ്‌ട്രാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ജോയിന്റ്‌ രജിസ്‌ട്രാര്‍ നല്‍കിയ മറുപടി വിചിത്രമായിരുന്നു. പരാതി അനുഭാവപൂര്‍വ്വം പരിഗണിച്ച്‌ ടിയാളുകളുടെ അപേക്ഷയിന്‍മേല്‍ അനുവദനീയമായ പരമാവധി ഇളവുകളോടെ വായ്‌പ കണക്ക്‌ തീര്‍ക്കുന്നതിനും പരാതിക്കാരുടെ സങ്കട നിവൃത്തി വരുത്തുന്നതിനും നിര്‍ദ്ദേശിക്കുന്നു. ജോയിന്റ്‌ രജിസ്‌ട്രാര്‍ ഒപ്പുവെച്ച്‌ നല്‍കിയ മറുപടിയാണിത്‌. പരാതി എന്താണെന്ന്‌ പോലും പരിശോധിക്കാതെയാണ്‌ മറുപടി നല്‍കിയതെന്ന്‌ ഇതില്‍ നിന്നും വ്യക്തമാണ്‌. വീണ്ടും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്‌ ജോര്‍ജ്ജ്‌. എടുക്കാത്ത വായ്‌പ എഴുതി തള്ളിയ ഉദ്യോഗസ്ഥര്‍ ഇനി സ്ഥലം ജപ്‌തി ചെയ്യാന്‍ ഉത്തരവ്‌ നല്‍കുമോയെന്ന ഭയത്തിലാണ്‌ ഈ കര്‍ഷകന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ