തൊടുപുഴ: മനസ്സിന്റെ താളം തെറ്റിയവരുടെ
രക്ഷകയായി കാല്‍നൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച സിസ്റ്റര്‍ ഡോ.
ഏയ്‌ഞ്ചല്‍മേരി (78) ഓര്‍മ്മയായി. മാനസിക ആരോഗ്യചികിത്സാരംഗത്ത്
ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്‌ച വച്ച അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു
സിസ്റ്റര്‍ ഏയ്‌ഞ്ചല്‍ മേരി. കൂത്താട്ടുകുളത്തിനടുത്ത് പൂവക്കുളം
പനച്ചിക്കല്‍ ജോണ്‍ - മറിയാമ്മ ദമ്പതികളുടെ ആറ് മക്കളില്‍ നാലാമതായി 1934
ജനുവരി 28 ന് ജനിച്ച എല്‍സിയാണ് പിന്നീട് സിസ്റ്റര്‍. ഡോ. ഏയ്‌ഞ്ചല്‍
മേരിയായത്. പ്രാഥമിക വിദ്യാഭ്യാസം അമനകര എല്‍ പി സ്‌കൂളിലും മിഡില്‍
സ്‌കൂള്‍ വിദ്യാഭ്യാസം രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളിലും
സെന്റ് റീത്താസിലും ആയി പൂര്‍ത്തിയാക്കിയ ശേഷം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം
ആരക്കുഴ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലായിരുന്നു. 1951 ല്‍ എസ്‌എസ്‌എല്‍സി
പാസായ ശേഷം 1952 ല്‍ തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ അംഗമായി ചേര്‍ന്നു.
1954 ല്‍ സന്യാസ സഭാ വസ്‌ത്രസ്വീകരണവും ആദ്യവ്രതാനുഷ്‌ഠാനവും നടത്തി. 1954
ല്‍ ചങ്ങനാശ്ശേരി അസംപ്‌ഷന്‍ കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റ്
ഫസ്റ്റ് ക്ലാസില്‍ പാസായി. 1958 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും
ബി.എസ്.സി സുവോളജിയില്‍ ഒന്നാം റാങ്ക് നേടി ഗോള്‍ഡ് മെഡലിന്
അര്‍ഹയായി. 1959 ല്‍ വൈദ്യശാസ്‌ത്ര പഠനത്തിനായി ജര്‍മ്മനിയിലെ ബോണ്‍
യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. 1965 ല്‍ പഠനം പൂര്‍ത്തിയാക്കി. തിരികെ
നാട്ടിലേക്ക് മടങ്ങിയത് ഒരു ഹോസ്‌പിറ്റല്‍ ആരംഭിക്കാനുള്ള
സാധനസാമഗ്രികളുമായിട്ടായിരുന്നു. 1970 ല്‍ പൈങ്കുളത്ത് ഇപ്പോള്‍ അനാഥശാല
പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് 20 കിടക്കകളോടു കൂടി ഒരു ചെറിയ ആശുപത്രി
തുടങ്ങി.അതൊടൊപ്പം 1972 ല്‍ മുതലക്കോടം ഹോസ്‌പിറ്റലിന്റെ ആദ്യഭാഗം
പൂര്‍ത്തിയാക്കി. തുടര്‍ന്ന് പൈങ്കുളത്തും മുതലക്കോടത്തുമായി
സേവനമനുഷ്‌ഠിച്ചു. പൈങ്കുളത്ത് മാനസികരോഗികളുടെ എണ്ണം വര്‍ദ്ധിച്ചു
വരുന്നതിനെ തുടര്‍ന്ന് ഡോ.എയ്‌ഞ്ചല്‍ സൈക്യാട്രിയില്‍ കൂടുതല്‍
പഠിക്കുന്നതിനായി 1973 ല്‍ വീണ്ടും ജര്‍മ്മനിക്കു പോകുകയും
സൈക്യാട്രിയില്‍ ഉന്നത ബിരുദം നേടുകയും ചെയ്‌തു. 1975 ല്‍ ജര്‍മ്മനിയില്‍
നിന്നും തിരിച്ചു വന്ന് ഇപ്പോഴുള്ള ആശുപത്രിക്ക് തറക്കല്ലിട്ടു.
പഠനനാന്തരം 1979 മാര്‍ച്ച് 11 ന് ജര്‍മ്മനിയില്‍ നിന്ന് നഴ്‌സിംഗ്
പഠനം പൂര്‍ത്തിയാക്കി വന്ന ഏതാനും സഹോദരിമാരോടൊപ്പം ഇന്നത്തെ പൈങ്കുളം
എസ്.എച്ച് ഹോസ്‌പിറ്റലിന് ആരംഭം കുറിച്ചു. 1986 ല്‍ ഡോ. എയ്‌ഞ്ചലിന്
അമേരിക്കയില്‍ ബാര്‍റ്റിമോറില്‍ ഇ.ഇ.ജി ആല്‍ക്കഹോള്‍ അനോണിമസ് എന്ന
ഗ്രൂപ്പിനെക്കുറിച്ചുള്ള വിദഗ്‌ധമായ പഠനം വഴി രോഗി ശുശ്രൂഷാ രംഗം കൂടുതല്‍
മെച്ചമാക്കുവാന്‍ സാധിച്ചു. മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ആഴമായ
ആത്മധൈര്യം കൊണ്ട് ജീവിതപാതയില്‍ ഏറെ വന്‍ കാര്യങ്ങള്‍
പ്രാവര്‍ത്തികമാക്കുവാന്‍ സിസ്റ്റര്‍ ഏയ്‌ഞ്ചലിന് കഴിഞ്ഞു. അസാധാരണമായ
മനധൈര്യവും കാര്യങ്ങള്‍ നടപ്പാക്കാനുള്ള ഉറച്ച തീരുമാനവും
ഏറെക്കാര്യങ്ങള്‍ ചെയ്യുവാന്‍ കാരണമായി. അസ്വസ്ഥത നിറഞ്ഞ മനസ്സുകള്‍ക്ക്
ഡോ.എയ്‌ഞ്ചലിന്റെ മുഖദര്‍ശനം ഒരു ശാന്തി തീരമായിരുന്നു. രോഗി
പരിചരണത്തിനൊപ്പം ദുഃഖമനുഭവിക്കുന്നവര്‍ക്കും കുറവ്
അനുഭവിക്കുന്നവര്‍ക്കുമൊപ്പമുള്ള പങ്കുവയ്‌ക്കല്‍ സിസ്റ്റര്‍ എയ്‌ഞ്ചലിന്റെ
ജീവിതശൈലിയായിരുന്നു. നിസ്വാര്‍ത്ഥവും പ്രശംസനീയവുമായ സേവനത്തിന്
അംഗീകാരമായി മികച്ച സാമൂഹിക പ്രവര്‍ത്തനത്തിന് ഇന്‍ഡ്യന്‍ കൗണ്‍സില്‍
ഓഫ് വെല്‍ഫെയര്‍ അവാര്‍ഡ് (2000), എ.കെ.സി.സി അവാര്‍ഡ് (2000) മികച്ച
ഐ.എം.എ പ്രസിഡന്റ് അവാര്‍ഡ് എന്നിവ ഡോക്‌ടര്‍ എയ്‌ഞ്ചലിന് ലഭിച്ച
അംഗീകാരങ്ങളില്‍ ചിലതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ