2012, ഫെബ്രുവരി 1, ബുധനാഴ്‌ച

നഴ്‌സുമാരുടെ സമരം രോഗികളെ പരലോകത്തെത്തിക്കുന്നു


സംസ്ഥാനം ഇന്ന്‌ സമരങ്ങളുടെ നാടായി മാറിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരും സമരത്തിലാണ്‌. കാലങ്ങളായി നക്കാപ്പിച്ച കാശ്‌ നല്‍കി മാലാഖക്കുഞ്ഞുങ്ങളെ എല്ലുമുറിയെ പണിയെടുപ്പിച്ച്‌ സമ്പത്ത്‌ വാരിക്കൂട്ടിയ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക്‌ ഹാലിളകിയിരിക്കുകയാണ്‌. സമരത്തെ ഭീഷണി കൊണ്ടും കോടതിയെ സമീപിച്ചും അടിച്ചൊതുക്കാമെന്നാണ്‌ ഇവരുടെ കണക്കുകൂട്ടല്‍. ഇതിനിടെ മനഞ്ഞുകളുടെ രൂപത്തില്‍ രാഷ്‌ട്രീയക്കാരും കളത്തിലെത്തിയിട്ടുണ്ട്‌. പകല്‍ പാവം നഴ്‌സുമാരുടെ രക്ഷകരായും വൈകുന്നേരം സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ഉപദേഷ്‌ടാക്കളായും മാറിയിരിക്കുന്ന രാഷ്‌ട്രീയ നപുംസകങ്ങളാണ്‌ മലയാളനാടിന്റെ ഇന്നത്തെ ദുരവസ്ഥക്ക്‌ കാരണം. നട്ടെല്ലുള്ളവന്മാര്‍ ജനം മുഴുവന്‍ പിന്തുണയ്‌ക്കുന്ന നഴ്‌സുമാര്‍ക്ക്‌ പിന്നില്‍ അണിനിരക്കുവാന്‍ ധൈര്യം കാണിക്കണം. ആണത്തമില്ലാത്തവന്മാര്‍ നാടു നന്നാക്കാനെന്ന വ്യാജേന രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്‌ ഇറങ്ങാതിരിക്കുക. കാലങ്ങളായി പണിയെടുപ്പിച്ച്‌ കൂലി കൊടുക്കാതെ ചൂഷണം ചെയ്‌ത മാനേജ്‌മെന്റുകള്‍ ഇപ്പോള്‍ എന്തു ന്യായം പറഞ്ഞാലും പൊതുസമൂഹം അംഗീകരിക്കില്ല.
സമരം ചെയ്യുവാന്‍ ഡോക്‌ടര്‍മാര്‍ക്കുമാത്രമാണ്‌ അവകാശമുള്ളതെന്നാണ്‌ ചില വിരുതന്മാര്‍ പറയുന്നത്‌. നഴ്‌സുമാരും മനുഷ്യരല്ലേ? അവര്‍ക്കുമില്ലേ കുടുംബം? എന്തായാലും നഴ്‌സുമാരെ ഒതുക്കുവാന്‍ മാനേജ്‌മെന്റ്‌ പിടിവാശിയും ഗുണ്ടകളുമായി രംഗത്തെത്തിയതോടെ പാവം രോഗികള്‍ പലരും ഇതിനോടകം പരലോകത്തെത്തിക്കഴിഞ്ഞു. ഏറ്റവും ഒടുവില്‍ തൊടുപുഴ സ്വദേശിനി വീട്ടമ്മയാണ്‌ സമരത്തിന്റെ രക്തസാക്ഷിയായത്‌. വൃക്കരോഗിയായ കാവുകാട്ട്‌ മേരി ജോസഫ്‌ കഴിഞ്ഞ ദിവസം എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റില്‍ വച്ചാണ്‌ മരണമടഞ്ഞത്‌. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്ഥിരമായി ഡയാലിസിസ്‌ നടത്തിവരികയായിരുന്നു. ഏറ്റവും ഒടുവില്‍ ഡയാലിസിസിന്‌ എത്തിയ ദിവസം ഇവിടെ നഴ്‌സുമാരുടെ പണിമുടക്കായിരുന്നു. പരിചയസമ്പത്തില്ലാത്ത നഴ്‌സുമാരെക്കൊണ്ട്‌ ഡയാലിസിസ്‌ ചെയ്യിച്ച ആശുപത്രി അധികൃതര്‍ പാവം ഈ സ്‌ത്രീയുടെ ജീവന്‍ പന്താടുകയായിരുന്നു. ഡയാലിസിസിലെ അപാകതയെ തുടര്‍ന്ന്‌ ആരോഗ്യനില വഷളായ മേരിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേക്ക്‌ റഫര്‍ ചെയ്യുകയായിരുന്നു. എന്തായാലും മേരിയുടെ മക്കള്‍ പരാതിയുമായി എത്താത്തതിനാല്‍ ഇത്‌ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചില്ല. സംസ്ഥാനത്തെ രഹസ്യാന്വേഷണ പോലീസിന്‌ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നഴ്‌സുമാരുടെ സമരത്തിന്റെ ഗൗരവം സര്‍ക്കാരിനെ ബോധ്യപ്പെടുത്താവുന്നതാണ്‌. ഫ്‌ളക്‌സ്‌ ബോര്‍ഡില്‍ പൂര്‍ണകായകവും അര്‍ധകായകവുമായ ഫോട്ടോകള്‍ പതിപ്പിക്കുന്നതിന്റെ പേരില്‍ ഭരണക്കാരില്‍ കണ്ണൂരില്‍ തുടങ്ങിയ അടി തിരുവനന്തപുരത്തേക്ക്‌ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്‌. അല്‍പന്മാരായ ഇവരെ ഓര്‍ത്ത്‌ നമുക്ക്‌ ലജ്ജിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ