2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

മലയാളി എന്ന്‌ നന്നാകും, പതിനൊന്നുകാരിയെ കണ്ടക്‌ടര്‍ വഴിയിലിറക്കി വിട്ടിട്ടും ആര്‍ക്കും പ്രതികരണമില്ല

ആറാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ കെഎസ്‌ആര്‍ടിസി കണ്ടക്‌ടര്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പത്ത്‌ കിലോമീറ്റര്‍ അകലെ ഇറക്കിവിട്ടിട്ടും ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക്‌ യാതൊരു പ്രതികരണവും ഉണ്ടാകാത്തതെന്ത്‌? ഈ കണ്ടക്‌ടറെ ജോലിയില്‍ തുടരാന്‍ അനുവദിക്കുന്നത്‌ മലയാളിസംസ്‌കാരത്തിന്‌ ചേര്‍ന്നതാണോ? ഇയാള്‍ക്കെതിരേ നിയമനടപടികള്‍ ആരും സ്വീകരിച്ചില്ലെങ്കില്‍ കുട്ടിയുടെ ഉത്തരവാദിത്വത്തപ്പെട്ടവരോ മനസാക്ഷി മരവിക്കാത്തവരോ കായികമായി നേരിട്ടാല്‍ അതിനെ കുറ്റം പറയാനാവുമോ? ഈ കണ്ടക്‌ടറെ ഇനി എവിടെയെങ്കിലും കണ്ടുമുട്ടിയാല്‍ അടി കൊടുത്ത്‌ ബസില്‍ നിന്ന്‌ ഇറക്കിവിടാന്‍ പ്രതികരണശേഷി നശിക്കാത്തവര്‍ തയ്യാറാകും. കേസും പൊല്ലാപ്പും ഉണ്ടാകുമായിരിക്കാം, എന്നാലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇപ്പോഴത്തെ കേരളീയ സാഹചര്യത്തില്‍ ഇതേ മാര്‍ഗ്ഗമുള്ളൂ. നിങ്ങളുടെ അഭിപ്രായങ്ങളെഴുതുക.
ഇനി വാര്‍ത്തയിലേക്ക്‌...
സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ആക്രമങ്ങള്‍ വര്‍ധിച്ചിട്ടും മനുഷ്യ മനഃസാക്ഷി മരവിച്ചുതന്നെ. തിങ്കളാഴ്‌ച 11-കാരിയെ തനിക്ക്‌ ഇറങ്ങേണ്ട ബസ്‌ സ്‌റ്റോപ്പില്‍ ഇറക്കാതെ 10 കിലോമീറ്റര്‍ മാറി പരിചയമില്ലാത്ത സ്‌ഥലത്ത്‌ ഇറക്കിയ കണ്ടക്‌ടറുടെ നടപടി ഇതിന്റെ ഉദാഹരണമാണ്‌. ബസില്‍ യാത്രക്കാര്‍ കുറവായിരുന്നെങ്കിലും 11 വയസുകാരിയുടെ വിഷമം അവരും കണ്ടതായി നടിച്ചില്ല.?
ഒരു സ്‌റ്റോപ്പില്‍ നിര്‍ത്തി ഒരു കുട്ടിയെ ഇറക്കി വിട്ടാല്‍ തങ്ങള്‍ക്കു വീടണയാനുള്ള സമയം അത്രകണ്ടു വൈകുമെന്ന വിചാരമായിരുന്നിരിക്കാം യാത്രക്കാരുടെ മൗനത്തിനു പിന്നിലുണ്ടായിരുന്നത്‌. എന്നാല്‍ അത്‌ തങ്ങളുടെ മകളായിരുന്നെങ്കില്‍ എന്ന്‌ യാത്രക്കാര്‍ ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കില്‍ സ്‌നേഹയ്‌ക്ക്‌ ഈ പീഡനം ഏല്‍ക്കേണ്ടി വരുമായിരുന്നില്ല. അപരിചിതമായ സ്‌ഥലത്ത്‌ ഇറങ്ങേണ്ടി വന്ന കുട്ടിക്ക്‌ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ആര്‌ ഉത്തരം പറയുമായിരുന്നുവെന്നാണു നാട്ടുകാര്‍ ചോദിക്കുന്നത്‌.
കുമളി അട്ടപ്പള്ളം സെന്റ്‌ തോമസ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ ആറാം ക്ലാസ്‌ വിദ്യാര്‍ഥിനിയും സ്‌പ്രിംഗ്‌വാലി വലിയപുരയ്‌ക്കല്‍ സുരേഷിന്റെ മകളുമായ സ്‌നേഹയ്‌ക്കാണ്‌ മനഃസാക്ഷിയില്ലാത്ത കണ്ടക്‌ടറുടെ സമീപനം മൂലം മാനസിക പീഡനമുണ്ടായത്‌. സ്‌കൂളില്‍ ദിവസവും ബസില്‍ വന്നു പോകുന്നതിനാല്‍ വീട്ടില്‍ നിന്ന്‌ കുമളിവരെ യാത്ര ചെയ്യാന്‍ സ്‌നേഹയ്‌ക്കു ധൈര്യമുണ്ടായിരുന്നു. ഓട്ടോ ഡ്രൈവറായ അച്‌ഛന്‍ കുമളിയില്‍ ഉണ്ടാകുമെന്നതും കുട്ടിക്കു ധൈര്യം പകരുന്ന ഘടകമായിരുന്നു.
കുമളി ബസ്‌ സ്‌റ്റാന്‍ഡിന്‌ സമീപത്തുള്ള കടയില്‍ നിന്നാണ്‌ സ്‌നേഹ സ്‌ഥിരമായി വിദ്യാഭ്യാസ മാസിക വാങ്ങിയിരുന്നത്‌. ഇതിന്റെ പണം ഒന്നിച്ചു നല്‍കുന്നതിനാല്‍ വണ്ടിക്കൂലി മാത്രം കരുതിയായിരുന്നു യാത്ര. വണ്ടിക്കൂലി ആറു രൂപ മതിയായിരുന്നെങ്കിലുംഅച്‌ഛന്‍ 15 രൂപ നല്‍കിയാണ്‌ മകളെ കുമളിക്ക്‌ അയച്ചത്‌.
മാസിക വാങ്ങി സ്‌റ്റാന്‍ഡിലേക്ക്‌ കയറുമ്പോള്‍ സ്‌റ്റാന്‍ഡില്‍ നിന്ന്‌ കോട്ടയത്തേക്കുള്ള ബസ്‌ ഇറങ്ങി വരുന്നതാണു കുട്ടി കണ്ടത്‌. വീട്ടില്‍ വേഗത്തില്‍ എത്താനുള്ള വ്യഗ്രതയില്‍ ബസിന്‌ കൈ കാണിച്ച്‌ കയറി. ബസ്‌ രണ്ടു കിലോമീറ്റര്‍ പിന്നിട്ട്‌ ചെളിമട എന്ന സ്‌ഥലത്ത്‌ എത്തിയപ്പോഴാണ്‌ കണ്ടക്‌ടര്‍ ടിക്കറ്റിനായി സമീപിച്ചത്‌. അവിടെ നിന്നു രണ്ടു കിലോമീറ്റര്‍ മാത്രം ദുരമുള്ള സ്‌ഥലത്തിന്റെ പേരു പറഞ്ഞ്‌ കുട്ടി ടിക്കറ്റുമെടുത്തു. 15 രൂപ കണ്ടക്‌ടര്‍ വാങ്ങിയപ്പോള്‍ ഫാസ്‌റ്റ്‌ പാസഞ്ചര്‍ ആയതിനാലായിരിക്കും കൂടുതല്‍ തുക വാങ്ങിയതെന്നാണു വിചാരിച്ചത്‌.
എന്നാല്‍ തനിക്ക്‌ ഇറങ്ങേണ്ട സ്‌ഥലം എത്തിയപ്പോള്‍ ബസ്‌ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇനി വണ്ടിപ്പെരിയാറിലെ നിര്‍ത്തൂ എന്ന നിലപാടിലായിരുന്നു കണ്ടക്‌ടര്‍. തന്റെ കൈയില്‍ പണമില്ലെന്നും സഹായിക്കണമെന്നും പറഞ്ഞിട്ടും കണ്ടക്‌ടര്‍ക്ക്‌ കൂസലുണ്ടായില്ല. ബഹളം വച്ചിട്ടും പ്രയോജനമില്ലാതെ വന്നതോടെ കുട്ടി നിശബ്‌ദതയിലായി. വണ്ടിപ്പെരിയാറ്റില്‍ ഇറക്കി വിടുമ്പോള്‍ എങ്ങനെ തിരിച്ചെത്തുമെന്നായിരുന്ന പിന്നീടുള്ള ചിന്ത.
ബസില്‍ നിന്ന്‌ പരിചയമില്ലാത്ത സ്‌ഥലത്ത്‌ നിഷ്‌കരുണം ഇറക്കി വിടപ്പെട്ടപ്പോള്‍ സമീപത്തുകണ്ട സ്‌ത്രീയോട്‌ 66-ാം മൈല്‍ വരെ പോകാനുള്ള പണം സ്‌നേഹ ചോദിച്ചു. ആ സ്‌ത്രീയുടെ നല്ല മനസാണ്‌ കുട്ടിക്കു തുണയായത്‌. 10 രൂപ നല്‍കി തന്നെ സഹായിച്ച ഈ സ്‌ത്രീ ആരെന്ന്‌ സ്‌നേഹയ്‌ക്ക്‌ അറിയില്ല. പക്ഷേ, കുമളിക്കുള്ള ബസില്‍ തന്നെ കയറ്റി 66-ാം മൈലില്‍ ഇറക്കണമെന്നു കണ്ടക്‌ടറോട്‌ നിര്‍ദേശിച്ച ആ നല്ല മനസ്സിന്റെ ഉടമയെ സ്‌നേഹയുടെ വീട്ടുകാരും നന്ദിയോടെയാണ്‌ അനുസ്‌മരിക്കുന്നത്‌. കുട്ടിയുടെ മാനസിക വിഷമം തങ്ങള്‍ക്കു താങ്ങാന്‍ കഴിയാതെ വന്നതോടെയാണു പരാതിയുമായി അധികൃതരെ സമീപിച്ചതെന്നു സ്‌നേഹയുടെ പിതാവ്‌ സുരേഷ്‌ പറഞ്ഞു.


കെഎസ്‌ആര്‍ടിസി കണ്ടക്‌ടറുടെ ക്രൂരത; പതിനൊന്നുകാരിയെ വീടിന്‌ 10 കിലോമീറ്ററകലെ ഇറക്കിവിട്ടു


കുമളി* ടിക്കറ്റെടുത്ത സ്‌റ്റോപ്പില്‍ ഇറക്കാതെ പതിനൊന്നുകാരിയെ 10 കിലോമീറ്റര്‍ അകലെ ഇറക്കിവിട്ട്‌ കെഎസ്‌ആര്‍ടിസി കണ്ടക്‌ടറുടെ ക്രൂരത. തിരികെ വീട്ടിലെത്താന്‍ പണമില്ലാതെ വിഷമിച്ച പെണ്‍കുട്ടി വഴിയില്‍ കണ്ട സ്‌ത്രീയോട്‌ വിവരം പറഞ്ഞ്‌ അവരെടുത്തുകൊടുത്ത ടിക്കറ്റില്‍ വൈകി വീട്ടിലെത്തി.
കുട്ടിയെ കാണാതെ വിഷമിച്ച വീട്ടുകാര്‍ കുമളിയില്‍ വിവിധ സ്‌ഥലങ്ങളില്‍ തിരഞ്ഞു നടക്കുകയായിരുന്നു. കുമളി സ്‌പ്രിംഗ്‌വാലി വലിയപുരയ്‌ക്കല്‍ സുരേഷിന്റെ മകള്‍ സ്‌നേഹയ്‌്‌ക്കാണ്‌ കെഎസ്‌ആര്‍ടിസി കണ്ടക്‌ടറുടെ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നത്‌. സംഭവത്തെക്കുറിച്ച്‌ സ്‌നേഹ കുമളി പൊലീസ്‌ സ്‌റ്റേഷനിലും എടിഒയ്‌ക്കും പരാതി നല്‍കി.
തിങ്കളാഴ്‌ച വൈകിട്ടാണ്‌ സംഭവം. അട്ടപ്പള്ളം സെന്റ്‌ തോമസ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന സ്‌നേഹ കുമളി ടൗണിലെ കടയില്‍ നിന്ന്‌ പുസ്‌തകം വാങ്ങി മടങ്ങുന്നതിനിടെ കോട്ടയത്തിനുള്ള കെഎസ്‌ആര്‍ടിസി ബസ്സില്‍ കയറി. കണ്ടക്‌ടര്‍ ടിക്കറ്റ്‌ ചോദിച്ചെത്തിയപ്പോള്‍ 66-ാം മൈല്‍ വില്ലേജ്‌പടിയെന്ന്‌ വ്യക്‌തമായി പറഞ്ഞ്‌ ടിക്കറ്റെടുത്തു. കണ്ടക്‌ടര്‍ 15 രൂപയും വാങ്ങി.
ഇറങ്ങേണ്ട സ്‌ഥലമായപ്പോള്‍ സ്‌നേഹ ബസ്‌ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇത്‌ ടൗണ്‍ ടു ടൗണ്‍ ആണെന്നും കുമളി കഴിഞ്ഞാല്‍ വണ്ടിപ്പെരിയാറിലെ നിര്‍ത്തൂ എന്നുമാണ്‌ കണ്ടക്‌ടര്‍ മറുപടി നല്‍കിയത്‌. കുട്ടി കരഞ്ഞപേക്ഷിച്ചിട്ടും ബസ്‌ നിര്‍ത്തിയില്ല. ഈ സമയം ബസ്സില്‍ അധികം യാത്രക്കാര്‍ ഉണ്ടായിരുന്നില്ലെന്നും സ്‌നേഹ പറഞ്ഞു.?
വണ്ടിപ്പെരിയാറ്റില്‍ എത്തിയപ്പോള്‍ കുട്ടിയെ ഇറക്കിവിട്ട്‌ ബസ്‌ പോയി. വണ്ടിപ്പെരിയാര്‍ മേഖല പരിചയമില്ലാത്ത സ്‌നേഹ പരിഭ്രാന്തയായി. തിരികെ പോകാന്‍ പണമില്ലാത്തതിനാല്‍ സമീപത്തുകണ്ട സ്‌ത്രീയോട്‌ കരഞ്ഞുകൊണ്ട്‌ കാര്യങ്ങള്‍ പറയുകയായിരുന്നു.
ഇവരുടെ സഹായത്താല്‍ അടുത്ത ബസ്സില്‍ വീട്ടിലേയ്‌ക്ക്‌ മടങ്ങിയ കുട്ടി വീട്ടിലെത്തിയപ്പോള്‍ രാത്രി ഏഴരയായി. കണ്ടക്‌ടര്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും വിജിലന്‍സിന്‌ കൈമാറിയതായും എടിഒ കെ.ഇ ഇസ്‌മയില്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ