2012, ഫെബ്രുവരി 12, ഞായറാഴ്‌ച

നഴ്‌സുമാര്‍ക്ക് വധഭീഷണി, ഫിലിപ്പ് അഗസ്റ്റിന്റെ പത്മശ്രീ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരം, പ്രസിഡന്റിന് ലക്ഷം ടെലഗ്രാം അയയ്ക്കും

കൊച്ചി: ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ നഴ്‌സുമാരുടെ സമരം അനിശ്ചിതമായി നീളുന്നതിനിടെ സമരത്തെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള വിവാദങ്ങള്‍ മറ്റുതലങ്ങളിലേയ്ക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്കെന്നു പറഞ്ഞ് വിളിച്ച്, സമരം നടത്തുന്ന ലേക്‌ഷോര്‍ യൂണിറ്റിലെ യു.എന്‍.എ നേതാക്കളെ ഭീക്ഷണിപ്പെടുത്തിയതായി ആരോപണം ഉയര്‍ന്നു കഴിഞ്ഞു. വനിതാ നഴ്‌സുമാര്‍ അടങ്ങിയ സംഘത്തോട് സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ജീവനു തന്നെ ഭീഷണിയാകും എന്ന നിലയില്‍ ആശുപത്രി അധികൃതര്‍ ഭയപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ചുവെന്ന് നഴ്‌സുമാര്‍ പറയുന്നു.

സമരത്തിനു ഉയര്‍ന്നു വരുന്ന പ്രാദേശിക ജനപിന്തുണയില്‍ ആശുപത്രി മാനേജ്‌മെന്റും മറ്റും വിറളിപിടിച്ചു നില്‍ക്കുകയാണ്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രദേശത്തെ എല്ലാ രാഷ്ട്രീയ സാമൂഹിക സംഘടനകളും സമരത്തിനു പിന്തുണ നല്‍കി നില്‍ക്കുകയാണ്. ലേക്‌ഷോറില്‍ നീതി നടപ്പിലാക്കി ലഭിക്കണം എന്നാവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തി വരുന്ന റിലേ നിരാഹാര സമരം കൂടുതല്‍ ശക്തമാക്കുമെന്നും 14 മുതല്‍ സംസ്ഥാന സെക്രട്ടറി സുധീപ് കൃഷ്ണന്‍ മരണം വരെ നിരാഹാരം അനുഷ്ഠിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. അന്ന് വൈകുന്നേരം ലേക്‌ഷോര്‍ ആശുപത്രി എം.ഡി ഫിലിപ് അഗസ്റ്റിന്റെ വീട് ഉപരോധിക്കും. തുടര്‍ന്ന് ഫിലിപ്പ് അഗസ്റ്റിന്റെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലേയ്ക്കും മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.


ഇതിനിടെ ഫിലിപ്പ് അഗസ്റ്റിന്റെ പത്മശ്രീ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ പ്രസിഡന്റിന് ഒരേ ദിവസം ഒരു ലക്ഷം ടെലഗ്രാം അയയ്ക്കുന്നതിനും സംഘടനയ്ക്ക് പദ്ധതിയുണ്ടെത്രെ. രാജ്യത്തെ പന്ത്രണ്ട് ലക്ഷം മലയാളി നഴ്‌സുമാരില്‍ നിന്നുമുള്ള പിന്തുണയുണ്ടെങ്കില്‍ ഇതിലധികം ടെലഗ്രാം അയയ്ക്കാന്‍ പറ്റും എന്ന പ്രതീക്ഷയിലാണ് ഇവര്‍. പത്മശ്രീ പോലുള്ള രാജ്യം നല്‍കുന്ന ഉന്നത ബഹുമതികള്‍ ഏറ്റുവാങ്ങിയ പലരും നടത്തുന്ന അന്യ സംസ്ഥാനങ്ങളിലെ ആശുപത്രികളിലും നഴ്‌സുമാര്‍ ചൂഷണത്തിനു ഇരയാവുന്നുണ്ടത്രെ. ഇതുപോലൊരു നീക്കം നടന്നാല്‍ സമരത്തിനു രാജ്യവ്യാപകമായ ശ്രദ്ധ നേടുന്നതിനു സാധിക്കുമെന്ന തിരിച്ചറിവാണ് ഇതു ചെയ്യാന്‍ പ്രേരകമാകുന്നതെന്ന് അറിയുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഫിലിപ്പ് അഗസ്റ്റിന്റെ വീട് ഉപരോധിക്കുന്ന ദിവസം ഉണ്ടാകുമെന്നാണ് അറിയുന്നത്. കൂടാതെ അമൃത ആശുപത്രിയില്‍ നടന്ന മര്‍ദനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 23ന് ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ലേക്‌ഷോര്‍ ആശുപത്രി ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. മിനിമം വേജസിന് പുറമെ ഒന്നരക്കോടിയോളം രൂപ അധികച്ചെലവ് വരുന്ന പുതിയ ശമ്പള പാക്കേജും ആനുകൂല്യങ്ങളും നടപ്പാക്കാമെന്ന് പ്രഖ്യാപിച്ചെങ്കിലും സമരക്കാര്‍ അംഗീകരിക്കാന്‍ തയാറായില്ലെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. ഫിലിപ് അഗസ്റ്റിന്‍ വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു. നിലവിലെ ശമ്പളത്തിന് പുറമെ ആയിരം മുതല്‍ നാലായിരം രൂപ വരെ പ്രവൃത്തി പരിചയത്തിനനുസൃതമായി നല്‍കാമെന്നും മറ്റ് ആവശ്യങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കാമെന്നും ചെയര്‍മാന്‍ ഉറപ്പ് നല്‍കിയെങ്കിലും സമരക്കാര്‍ വഴങ്ങിയില്ലെന്നാണ് എം.ഡി പറയുന്നത്.

എന്നാല്‍, തങ്ങളുടെ പ്രവൃത്തിപരിചയമനുസരിച്ചല്ലാതെ കൃത്രിമമായുണ്ടാക്കിയ രേഖകള്‍ ഉപയോഗിച്ച് ശമ്പളം വര്‍ധിപ്പിക്കാമെന്നാണ് മാനേജ്മെന്‍റ് വാഗ്ദാനം നല്‍കിയതെന്ന് യു.എന്‍.എ സംസ്ഥാന സെക്രട്ടറി സുധീപ് കൃഷ്ണന്‍ ആരോപിച്ചു. 500 രൂപ മാത്രം വര്‍ധിപ്പിച്ച് നല്‍കാമെന്നാണ് വാഗ്ദാനം നല്‍കിയത്. ഇതുസംബന്ധിച്ച് പഠനം നടത്താന്‍ ആറുമാസം കൂടി നല്‍കണമെന്നും മാനേജ്മെന്‍റ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. തങ്ങളെയും ഹോസ്പിറ്റല്‍ അധികൃതരെയും പ്രത്യേകം ചര്‍ച്ചക്കിരുത്തുകയായിരുന്നു. ഒരുമിച്ചൊരു ആശയവിനിമയം ചര്‍ച്ചയില്‍ ഉണ്ടായില്ലെന്നും സുദീപ് പറഞ്ഞു.

സമരക്കാരുടെ വാദം അംഗീകരിക്കാനാകില്ലെന്നും വസ്തുത മനസ്സിലാക്കി നഴ്സുമാര്‍ ജോലിയില്‍ പ്രവേശിക്കണമെന്നും ലേക്‌ഷോര്‍ എം.ഡി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമര സംഘടനാ പ്രതിനിധികളുമായി സൗഹൃദപരമായ ചര്‍ച്ചയാണ് നടത്തിയതെന്നും പരമാവധി വിട്ടുവീഴ്ചക്ക് തയാറായെന്നും ചെയര്‍മാന്‍ എം.എ. യൂസഫലി വ്യക്തമാക്കി. നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുന്നതോടെ ആശുപത്രി അധികൃതര്‍ക്ക് വഴങ്ങേണ്ടി വരുമെന്നാണ് നഴ്‌സുമാരുടെ പ്രതീക്ഷ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ