2012, ഫെബ്രുവരി 5, ഞായറാഴ്‌ച

സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയില്‍ ഒന്നാംസമ്മാനമായി നല്‍കിയ വില്ല പുറമ്പോക്കുഭൂമിയിലെന്നു പരാതി.


കൊല്ലം: സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയില്‍ ഒന്നാംസമ്മാനമായി നല്‍കിയ വില്ല പുറമ്പോക്കുഭൂമിയിലെന്നു പരാതി. ചാനലും ഫ്‌ളാറ്റ് നിര്‍മാതാക്കളും ചേര്‍ന്നു നടത്തിയ തട്ടിപ്പിനു പരിഹാരം ആവശ്യപ്പെട്ട് അമ്മയും അന്ധരായ മൂന്നു പെണ്‍മക്കളും വനിതാ കമ്മീഷനു മുന്നില്‍ പരാതിയുമായെത്തി.

കരുനാഗപ്പള്ളി, കടത്തൂര്‍ അഷ്ടമഭവനില്‍ തങ്കമ്മ, മക്കളായ മണിയമ്മ, ലതിയമ്മ, ഗീതാമണിയമ്മ എന്നിവരാണ് ചൊവ്വാഴ്ച കൊല്ലം ടൗണ്‍ യു.പി.സ്‌കൂളില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിങ്ങില്‍ പരിഹാരം തേടി എത്തിയത്.

സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയില്‍ 'എല്ലാരും ചേര്‍ന്നു പാടി' നേടിയ 35 ലക്ഷം രൂപയ്ക്കുള്ള വില്ലയുടെ താക്കോലും അഞ്ചു സെന്റ് ഭൂമിയുടെ പ്രമാണവും 2010 ഒക്ടോബറിലാണ് തങ്കമ്മയുടെ കുടുംബത്തിനു ലഭിച്ചത്. 2008 നവംബറില്‍ മത്സരം കഴിഞ്ഞെങ്കിലും ഒരുപാട് പോരാട്ടത്തിനൊടുവിലാണ് വില്ലയുടെ താക്കോല്‍ ഈ സംഗീതകുടുംബത്തെ തേടിയെത്തിയത്.

ഗുരുവായൂരിലെ വില്ലയില്‍ പാലുകാച്ചലിന് എത്തിയപ്പോള്‍ വെള്ളവും വെളിച്ചവും സകല ഗൃഹോപകരണങ്ങളും ഉണ്ടായിരുന്നെന്ന് തങ്കമ്മ പറഞ്ഞു. വില്ലയുടെ നിര്‍മാതാക്കളും ചാനല്‍ പ്രതിനിധികളും ചേര്‍ന്ന് വളരെ ആഘോഷമായി ഗൃഹപ്രവേശം നടത്തി. രണ്ടു ദിവസത്തെ താമസത്തിനുശേഷം തങ്കമ്മയുടെ കുടുംബം 2011 ഏപ്രിലില്‍ ചെല്ലുമ്പോള്‍ വില്ല ശൂന്യമായിരുന്നു. വൈദ്യുതിയും വെള്ളവുംപോലും ഇല്ലായിരുന്നെന്ന് തങ്കമ്മ പറഞ്ഞു. വില്ലയുടെ നിര്‍മാതാക്കളെ സമീപിച്ചപ്പോള്‍ 'ഇനിയുള്ള സൗകര്യങ്ങള്‍ സ്വന്തമായി കണ്ടെത്തണ'മെന്നായിരുന്നു മറുപടി.

തുടര്‍ന്ന്, വില്ല സ്ഥിതി ചെയ്യുന്ന തൃശ്ശൂര്‍ ജില്ലയിലെ രണ്ടാണിശ്ശേരി ഗ്രാമപ്പഞ്ചായത്തില്‍ വീട്ടുനമ്പര്‍ ആവശ്യപ്പെട്ട് തങ്കമ്മ അപേക്ഷ നല്‍കി. എന്നാല്‍ വില്ല നിര്‍മിച്ചിരിക്കുന്നത് പുറമ്പോക്കിലാണെന്നും അനധികൃത നിര്‍മാണമായതിനാല്‍ വീട്ടുനമ്പര്‍ നല്‍കാന്‍ കഴിയില്ലെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞത്. വീട്ടുനമ്പര്‍ ലഭിക്കാത്തതിനാല്‍ വൈദ്യുതിക്കോ വെള്ളത്തിനോ അപേക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് തങ്കമ്മ ചൂണ്ടിക്കാട്ടി.

എം.എ.മ്യൂസിക് പാസായ മണിയമ്മയും ബി.എ.മ്യൂസിക്കില്‍ ഒന്നാം റാങ്ക് നേടിയ ലതിയമ്മയും ബി.എ മ്യൂസിക്കുകാരിയായ ഗീതാമണിയമ്മയും അന്ധനായ സഹോദരന്‍ അഷ്ടമന്‍ പിള്ളയും ചേര്‍ന്നാണ് സംഗീതപരിപാടിയില്‍ പങ്കെടുത്ത് ഒന്നാംസമ്മാനം നേടിയത്. അന്ധസഹോദരങ്ങളുടെ ഈ പ്രശ്‌നം അടിയന്തരമായി പരിഹരിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി.ശ്രീദേവി പറഞ്ഞു. പരാതിയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ അധ്യക്ഷ നിര്‍ദ്ദേശം നല്‍കി.

കുടുംബവഴക്കിനേക്കാള്‍ വസ്തുതര്‍ക്കവും അയല്‍ത്തര്‍ക്കവുമൊക്കെയാണ് വനിതാ കമ്മീഷനു മുന്നില്‍ എത്തിയത്. അഭിഭാഷകരായ ശ്രീദേവി, രാജേശ്വരി, രാധാകൃഷ്ണന്‍, സുഷ സുബിന്‍, വിനീത, പ്രീത, വിഷ്ണുപ്രിയ, സിന്ധു, ചന്ദ്രമോഹന്‍, മായ എന്നിവരും സിറ്റിങ്ങില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ