2012, മാർച്ച് 28, ബുധനാഴ്‌ച

നെയ്യശ്ശേരിയുടെ മലയാളം സാര്‍ പി. പി. ദേവസ്യ അന്തരിച്ചു. തൊടുപുഴ: നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌ക്കൂളിലും, കോടിക്കുളം സെന്റ്‌ മേരീസ്‌ ഹൈസ്


തൊടുപുഴ: നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌ക്കൂളിലും, കോടിക്കുളം സെന്റ്‌ മേരീസ്‌ ഹൈസ്‌ക്കൂളിലുമായി ഇരുപത്തി അഞ്ച്‌ വര്‍ഷം മലയാളം അധ്യാപകനായി സേവനമനുഷ്‌ഠിച്ചിട്ടുള്ള പി. പി. ദേവസ്യ പടിഞ്ഞാറെക്കുറ്റ്‌ (72) മാര്‍ച്ച്‌ 28 ന്‌ പുലര്‍ച്ചെ 2-15 ന്‌ അന്തരിച്ചു. സംസ്‌കാരം മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ പള്ളി സിമിത്തേരിയില്‍ ഇന്ന്‌ രാവിലെ 10 മണിക്ക്‌. ഇദ്ദേഹം അനവധി മലയാള പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌്‌. അദ്ദേഹത്തിന്റെ വിവിധ പുസ്‌തകങ്ങള്‍ കേരളത്തിലെ പല സി. ബി. എസ്‌. ഇ., ഇംഗ്ലീഷ്‌ മീഡിയം സ്‌ക്കൂളുകളില്‍ മലയാളം പാഠപുസ്‌തകമായി പഠിപ്പിക്കുന്നുണ്ട്‌. ഇന്ത്യയിലും വിദേശത്തുമായി അനേകം ശിഷ്യഗണങ്ങള്‍ ആദരപൂര്‍വ്വം സ്‌മരിക്കുന്ന ദേവസ്യ സാറിന്‌ മലയാളഭാഷയുടെ അധ്യാപനത്തില്‍ സ്വന്തമായ ഒരു ശൈലിയുണ്ടായിരുന്നു. ദേവസ്യ സാറിന്റെ വേര്‍പാട്‌ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും ശിഷ്യഗണത്തിനും കുടുംബത്തിനും ഒരു തീരാനഷ്‌ടം തന്നെയാണ്‌. ഭാര്യ ചിന്നമ്മ കൊടുവേലി കാട്ടാംകോട്ടില്‍ കുടുംബാംഗമാണ്‌. മക്കള്‍ ജോഷി സെബാസ്റ്റ്യന്‍ (ന്യൂടെക്‌, തെക്കുംഭാഗം), ജെയ്‌സി, ജിന്‍സി. മരുമക്കള്‍ - ഷീബ, ബിജു പെട്ടേനാട്ട്‌ നെയ്യശ്ശേരി, റോയി കൊച്ചുപറബില്‍ വഴിത്തല

2012, മാർച്ച് 25, ഞായറാഴ്‌ച

ബ്രാഹ്മിന്‍സ്‌ കോര്‍പറേറ്റ്‌ ഓഫീസ്‌

ബ്രാഹ്മിന്‍സ്‌ കോര്‍പറേറ്റ്‌ ഓഫീസ്‌ തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി. മന്ത്രി പി.ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു.


2012, മാർച്ച് 23, വെള്ളിയാഴ്‌ച

ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്തില്‍ബജറ്റ്‌ അവതരിപ്പിച്ചു.

ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്തില്‍ 65 കോടി 14 ലക്ഷത്തി എണ്‍പത്തിയാറായിരത്തി മുന്നൂറ്റി എണ്‍പത്തി രണ്ട്‌ രൂപ വരവും അത്രയും രൂപ ചെലവും വരുന്ന ബജറ്റ്‌ അവതരിപ്പിച്ചു. വൈസ്‌ പ്രസിഡന്റ്‌ വത്സമ്മാ എബ്രാഹമാണ്‌ ബജറ്റ്‌ അവതരിപ്പിച്ചത്‌. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന്‌ ടൂറിസത്തിന്‌ പ്രാധാന്യം നല്‍കിയിട്ടുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. അടിസ്ഥാന വികസനത്തിനും പാര്‍പ്പിടത്തിനും മുന്‍ഗണന നല്‍കും. മലങ്കര, തൊമ്മന്‍കുത്ത്‌, മീനുളിയാന്‍, പൂമാല, തുടങ്ങിയ ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍ വികസിപ്പിക്കും.

ഭീമ തൊടുപുഴയില്‍

ഭീമ ജെവല്ലരി ഏപ്രില്‍ ഒന്നിന് തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു

സ്വന്തമായി ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട്‌ നിര്‍മ്മിച്ച യുവാവ്‌ വളരുന്ന കായികതാരങ്ങള്‍ക്ക്‌ അനുഗ്രഹമായി


തൊടുപുഴ : ഷട്ടില്‍ ബാഡ്‌മിന്റണോടുള്ള താല്‍പര്യം കൊണ്ട്‌ സ്വന്തമായി ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട്‌ നിര്‍മ്മിച്ച യുവാവ്‌ വളരുന്ന കായികതാരങ്ങള്‍ക്ക്‌ അനുഗ്രഹമായി. തൊടുപുഴ കുഴിമറ്റത്തില്‍ സേവ്യര്‍ തോമസാണ്‌ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്‌. ഏതു കാലാവസ്ഥയിലും പരിശീലനം നടത്തുവാനുള്ള സൗകര്യമാണ്‌ ഇതുകൊണ്ട്‌ ലക്ഷ്യമാക്കുന്നതെന്ന്‌ സേവ്യര്‍തോമസ്‌ പറഞ്ഞു. സെന്റ്‌ ജോര്‍ജ്ജ്‌ ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട്‌ എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. 30 അടിയോളം ഉയരത്തിലാണ്‌ മേല്‍ക്കൂര സജ്ജീകരിച്ചിരിക്കുന്നത്‌. ഷട്ടില്‍ മുകളില്‍ തട്ടി തടസം ഉണ്ടാകാതിരിക്കാനാണ്‌ ഇത്രയും ഉയരം ഇട്ടിരിക്കുന്നത്‌. അഞ്ചരലക്ഷത്തോളം രൂപയാണ്‌ ഇതിന്‌ ചിലവാക്കിയത്‌. കുട്ടികള്‍ക്ക്‌ ആവശ്യമായ പരിശീലനം ഒരുക്കി തൊടുപുഴ മേഖലയില്‍ നിന്നും ദേശീയ താരങ്ങളെ വാര്‍ത്തെടുക്കുക എന്ന സ്വപ്‌നവും ഇദ്ദേഹത്തിനുണ്ട്‌. സോഫ്‌റ്റ്‌വെയര്‍ ബിസിനസ്‌ നടത്തിവരികയാണ്‌ സേവ്യര്‍ തോമസ്‌. ഷട്ടില്‍ ബാഡ്‌മിന്റണ്‍ താരങ്ങള്‍ക്ക്‌ വലിയ അനുഗ്രഹമാണ്‌ ഇന്‍ഡോര്‍ കോര്‍ട്ടെന്ന്‌ ഷട്ടില്‍ ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സൈജന്‍ സ്റ്റീഫന്‍ പറഞ്ഞു. ഇന്‍ഡോര്‍ കോര്‍ട്ടിന്റെ ഉദ്‌ഘാടനം ശനിയാഴ്‌ച രാത്രി 8.30 ന്‌ മന്ത്രി പി.ജെ ജോസഫ്‌ നിര്‍വഹിക്കും.

2012, മാർച്ച് 21, ബുധനാഴ്‌ച

സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ വാര്‍ഷിക സ്‌പോര്‍ട്‌സ്‌ മൂലമറ്റം എച്ച്‌ ആര്‍ സി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു

സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ വാര്‍ഷിക സ്‌പോര്‍ട്‌സ്‌ മൂലമറ്റം എച്ച്‌ ആര്‍ സി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ഡെപ്യൂട്ടി ചീഫ്‌ എന്‍ജീനയര്‍ ഷാജി പീറ്റര്‍ കല്ലട അധ്യക്ഷത വഹിച്ചു. ജനറേഷന്‍ വിഭാഗം ചീഫ്‌ എന്‍ജിനീയര്‍ ഔസേഫ്‌ ജോസഫ്‌ ഷട്ടില്‍ ബാഡ്‌മിന്റണ്‍ മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ഡപ്യൂട്ടി ചീഫ്‌ എന്‍ജിനീയര്‍മാരായ സിജി ജോസ്‌, എക്‌സിക്യൂട്ടീവ്‌ എന്‍ജീനയര്‍ കെ ടി ജോസ്‌, എന്നിവര്‍ പ്രസംഗിച്ചു. മൂലമറ്റം എച്ച്‌ ആര്‍ സി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഷട്ടില്‍ ബാഡ്‌മിന്റണ്‍ മത്സരങ്ങള്‍ 22 ന്‌ സമാപിക്കും. 23 ന്‌ വാഴത്തോപ്പ്‌ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അത്‌ലറ്റിക്‌ മീറ്റും 28 ന്‌ കല്ലാര്‍കുട്ടി എച്ച്‌ ആര്‍ സി ഗ്രൗണ്ടില്‍ വടംവലി മത്സരവും നടക്കുമെന്ന്‌ പബ്ലിസിറ്റി കണ്‍വീനര്‍മാരായ എം മാടസ്വാമി, കെ എന്‍ വിനോദ്‌കുമാര്‍ തുടങ്ങിയവര്‍ അറിയിച്ചു.

2012, മാർച്ച് 20, ചൊവ്വാഴ്ച

ഹാരിസണ്‍ മലയാളം ലിമിറ്റഡ്‌ കാളിയാര്‍ എസ്റ്റേറ്റിന്റേയും ഹെല്‍പ്പേജ്‌ ഇന്ത്യയുടേയും സഹകരണത്തോടെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടേയും നേതൃത്വത്തി

ഹാരിസണ്‍ മലയാളം ലിമിറ്റഡ്‌ കാളിയാര്‍ എസ്റ്റേറ്റിന്റേയും ഹെല്‍പ്പേജ്‌ ഇന്ത്യയുടേയും സഹകരണത്തോടെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടേയും നേതൃത്വത്തില്‍ കാളിയാര്‍ എസ്റ്റേറ്റ്‌ ഹോസ്‌പിറ്റലില്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്‌ നടത്തി. കോടിക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബി അരീഷ്‌ കുമാര്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ മാനേജര്‍ സി ആര്‍ രഘു അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ മെമ്പര്‍ റോസമ്മ ജോയി വെല്‍ഫെയര്‍ ഓഫീസര്‍ സി ജോഅഗസ്റ്റ്യന്‍ മാനേജര്‍ സുരേഷ്‌ രാജു, നോബിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

സിനിമാക്കാരെ കണ്ടപ്പോള്‍ കുന്സിലര്മാര്‍ അന്തവിട്ടു

തൊടുപുഴയിലെ നഗര സഭ കൌണ്സിലര്മാര്‍ സുരേഷ്ഗോപിയും കാവ്യമാധവനെയും കണ്ടപ്പോള്‍

2012, മാർച്ച് 19, തിങ്കളാഴ്‌ച

ജോസ്‌കോ ജൂവലേഴ്‌സിന്റെ പുതിയ ഷോറും തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി






തൊടുപുഴ : മലയോരനഗരത്തിന്റെ സുവര്‍ണ സ്വപ്‌നങ്ങള്‍ക്ക്‌ പൊന്‍ചിറകുമായി ജോസ്‌കോ ജൂവലേഴ്‌സിന്റെ പുതിയ ഷോറും തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി. സിനിമാതാരങ്ങളായ കാവ്യാ മാധവനും സുരേഷ്‌ഗോപിയും ചേര്‍ന്ന്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. ജോസ്‌കോ ചെയര്‍മാന്‍ പി.എ ജോസ്‌, എം.ഡി ആന്റ്‌ സിഇഒ ടോണി ജോസ്‌, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌, കൗണ്‍സിലര്‍മാര്‍, വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ തുടങ്ങി വന്‍ജനാവലി ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു. അമൂല്യമായ സ്വര്‍ണം, വജ്രം, പ്ലാറ്റിനം ആഭരണങ്ങളില്‍ ഇതിഹാസങ്ങള്‍ രചിച്ച ഇന്ത്യയിലെ നമ്പര്‍വണ്‍ ജുവലറി ഗ്രൂപ്പാണ്‌ ജോസ്‌കോ. സുതാര്യതയും സത്യസന്ധതയും വില്‍പനയിലും വില്‍പനനാന്തര സേവനത്തിലും പിന്‍തുടരുന്ന ജോസ്‌കോ ഏക മാനേജ്‌മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂവലറിയാണ്‌. വിശിഷ്‌ട പാരമ്പര്യത്തിനൊപ്പം അന്താരാഷ്‌ട്ര ഗുണനിലവാരവും നിര്‍മ്മലമായ സേവനവും ഉപഭോക്താക്കള്‍ക്ക്‌ തലമുറകളായി നല്‍കുന്നു എന്നത്‌ ജോസ്‌കോയ്‌ക്ക്‌ മാത്രം അവകാശപ്പെടാവുന്ന സവിശേഷതയാണ്‌,. ആഭരണ കല്‍പനകള്‍ക്ക്‌ എപ്പോഴും കാലഘട്ടത്തിന്റെ ആധുനിക മുഖം പകര്‍ന്നു നല്‍കുന്ന ജോസ്‌കോ കേരളത്തിനകത്തും പുറത്തുമുള്ള അതിവിശാലമായ ഷോറൂമുകളിലൂടെ സ്വര്‍ണം, വജ്രം, പ്ലാറ്റിനം ആഭരണങ്ങളുടെ മനംകവരുന്ന ഡിസൈനുകളാണ്‌ അണിയിച്ചൊരുക്കിയിരിക്കുന്നത്‌.
ജോസ്‌കോ ജൂവലേഴ്‌സിന്റെ ഏറ്റവും പുതിയ നൂറ്‌ ശതമാനം 916 ബിസ്‌ ഹാള്‍മാര്‍ക്ക്‌ഡ്‌ സ്വര്‍ണാഭരണ ഷോറൂമാണ്‌ തൊടുപുഴയില്‍ ആരംഭിച്ചിരിക്കുന്നത്‌. സര്‍ട്ടിഫൈഡ്‌ ഡയമണ്ട്‌ ആഭരണങ്ങളുടെ വിശാലമായ ഷോറൂമാണ്‌ ഒരുക്കിയിരിക്കുന്നത്‌.

2012, മാർച്ച് 15, വ്യാഴാഴ്‌ച

വാഹനപരിശോധനയ്‌ക്കിടെ മതമേലദ്ധ്യക്ഷന്റെ കാര്‍ പരിശോധിച്ച എസ്‌.ഐ യെയും പോലീസുകാരെയും സ്ഥലം മാറ്റി


ഇടുക്കി : വാഹനപരിശോധനയ്‌ക്കിടെ മതമേലദ്ധ്യക്ഷന്റെ കാര്‍ പരിശോധിച്ച എസ്‌.ഐയുടെയും രണ്ട്‌പോലീസുകാരുടെയും കസേര തെറിപ്പിച്ച്‌ സര്‍ക്കാരിന്റെ സമുദായപ്രീണനം. പെരുവന്താനം പോലീസ്‌ സ്റ്റേഷനിലെ എസ്‌.ഐ പി.പി ഷാജി, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ജിമ്മിച്ചന്‍, രമേശ്‌ എന്നിവരെയാണ്‌ പൊറുക്കാനാകാത്ത തെറ്റിന്റെ പേരില്‍ രായ്‌ക്കുരാമാനം സ്ഥലം മാറ്റിയത്‌. എസ്‌.ഐ ഷാജിയെ ഡി.സി.ആര്‍.ബിയിലേക്കും സിവില്‍ പോലീസ്‌ ഓഫീസര്‍മാരെ കട്ടപ്പനയിലേക്കും കുമളിയിലേക്കുമാണ്‌ മാറ്റിയത്‌.
പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്‌ മതമേലദ്ധ്യക്ഷന്റെ ഒരു ഫോണ്‍കോളില്‍ തന്നെ ഉദ്യോഗസ്ഥരുടെ സ്ഥാനം തെറിച്ചതെന്നാണ്‌ സൂചന. നടുറോഡില്‍ വാഹനം പരിശോധിച്ച എസ്‌.ഐയ്‌ക്ക്‌ പണി കിട്ടിയത്‌ ശരവേഗത്തിലായിരുന്നു. മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ പിടികൂടി കേസെടുക്കണമെന്ന്‌ പലീസ്‌ മേധാവിയുടെ കര്‍ശന നിര്‍ദ്ദേശമുള്ളതാണ്‌. ഇതിന്റെ കണക്കുകള്‍ പിറ്റേന്ന്‌ എസ്‌.പിയ്‌ക്ക്‌ കൈമാറുകയും വേണം. ഇതു പാലിക്കാനാണ്‌ എസ്‌.ഐയും പരിവാരങ്ങളും റോഡിലിറങ്ങിയത്‌.
വന്ന വാനങ്ങളെല്ലാം ഒന്നൊഴിയാതെ പരിശോധിച്ചു. ഇതിനിടെ പ്രമുഖ മതമേലദ്ധ്യക്ഷന്റെ കാറും വന്നു. കൈനീട്ടി വണ്ടി നിര്‍ത്തിയശേഷം ഡ്രൈവറെ ബ്രീത്ത്‌ അനലൈസര്‍ കൊണ്ട്‌ പരിശോധിച്ചു. ഫലം നെഗറ്റീവായതിനാല്‍ വണ്ടി വിടുകയും ചെയ്‌തു. കാറിലിരുന്ന വ്യക്തിയെ തിരിച്ചറിഞ്ഞുവെങ്കിലും പരിശോധനയ്‌ക്ക്‌ വിട്ടുവീഴ്‌ച വേണ്ടതില്ല എന്നതായിരുന്നു എസ്‌.ഐ യുടെ അപ്പോഴത്തെ നിലപാട്‌. ഏതായാലും രായ്‌ക്കു രാമാനം നടപടി വന്നു-സ്ഥലം മാറ്റം.
കേരളത്തില്‍ ഒരുകാലത്ത്‌ മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്‌ത വിവാദവ്യവസായിയുമായിപോലും അടുത്ത ബന്ധമുള്ളയാളുടെ വണ്ടിയാണ്‌ പരിശോധിക്കുന്നതെന്ന്‌ എസ്‌.ഐ ഓര്‍ക്കാതെ പോയതാണ്‌ ട്രാന്‍സ്‌ഫറിലേക്ക്‌ വഴി തെളിച്ചത്‌. കൂടും കുടുക്കയുമെടുത്ത പോകുക എന്നല്ലാതെ ചെയ്‌ത അപരാധത്തിന്‌ മറ്റു പരിഹാരമില്ല. ഇരുട്ടി വെളുക്കും മുമ്പ്‌ എത്തിയ ഞെട്ടലില്‍ നിന്ന്‌ ജില്ലയിലെ പോലീസ്‌ ഉദ്യോഗസ്ഥര്‍ ഇനിയും മുക്തരായിട്ടില്ല. വാഹനപരിശോധന കര്‍ശനമായി തുടരാന്‍ പോലീസ്‌ മേധാവി താക്കീത്‌ ചെയ്യുന്നു. പരിശോധിച്ചാല്‍ അവസ്ഥയിതും.
വാഹന പരിശോധനയ്‌ക്കായി നീട്ടുന്ന കൈ വിറച്ചാല്‍ ഇനി പോലീസുകാരെ കുറ്റപറയാനാവില്ല. ഒരുവശത്ത്‌ വകുപ്പ്‌ മേധാവിയുടെ ശകാരവര്‍ഷം, മറുവശത്ത്‌ തൊപ്പി തെറിക്കുമെന്ന ആശങ്ക. ഫലത്തില്‍ വല്ലാത്ത സമ്മര്‍ദ്ദമാണ്‌ പോലീസ്‌ സേന അനുഭവിക്കുന്നത്‌. ഇതിനിടയില്‍ വീര്‍പ്പുമുട്ടുമ്പോഴും സസ്‌പെന്‍ഷന്റെ പേരില്‍ പോലീസ്‌ സേനയ്‌ക്കിടയില്‍ ആത്മരോഷം കത്തിപ്പുകയുകയാണ്‌. ആറ്റുകാലില്‍ പൊങ്കാലയിട്ട സ്‌ത്രീകള്‍ക്കെതിരേ കേസെടുത്തതിന്‌ കസേര തെറിച്ച ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യമെങ്കിലും എസ്‌.ഐ ഓര്‍ക്കണമായിരുന്നു എന്ന അഭിപ്രായക്കാരും പോലീസിലുണ്ട്‌.
പിറവം ഉപതെരഞ്ഞെടുപ്പിനെ മറന്ന്‌ നിയമപാലനം നടത്തിയാല്‍ ഇങ്ങനെയിരിക്കും. പോലീസെന്നോ പട്ടാളമെന്നോ അതിനു വ്യത്യാസമില്ല. ഓരോ വോട്ടും എണ്ണിപ്പെറുക്കി പിറവത്ത്‌ വിജയക്കൊടി പാറിക്കുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമേ സര്‍ക്കാരിനു മുന്നില്‍ ഇപ്പോഴുള്ളൂ. അതിനുവേണ്ടി ഏതറ്റം വരെ പോകാനും മടിയില്ല. അപ്പോള്‍ ചിലതെല്ലാം കണ്ടില്ലെന്നു നടിക്കുകയേ പോലീസിന്‌ വഴിയുള്ളൂ. അല്ലെങ്കില്‍തന്നെ ലംഘിക്കപ്പെടാനുള്ളതല്ലേ നിയമം.

2012, മാർച്ച് 14, ബുധനാഴ്‌ച

എല്ലാം മറന്ന്‌, മരച്ചുവട്ടിലെ ബന്ധനത്തില്‍ പിടഞ്ഞ്‌ ഒരു ഗൃഹനാഥന്‍

ഇടുക്കി: അല്‍സ്‌ഹൈമേഴ്‌സ്രോഗം ബാധിച്ച മധ്യവയസ്‌കന്‍ ഇവിടെ മൃഗതുല്യനായി കഴിയുന്നു. പകല്‍ പൊള്ളുന്ന വെയിലേറ്റ്‌, വീട്ടുമുറ്റത്തെ മരത്തില്‍ ബന്ധനസ്‌ഥനായി... കുത്തിയിരിക്കാന്‍ പോലും കഴിയില്ല. കുറ്റിയില്‍ വരിഞ്ഞു കെട്ടിയിടുന്ന കന്നുകാലികളുടെ ജീവിതം ഇതിലും ഭേദം.
തൊടുപുഴ നഗരമധ്യത്തിലാണു സ്വന്തം വീട്ടുകാരുടെ പീഡനത്തില്‍ ഗൃഹനാഥന്‍ നരകിക്കുന്നത്‌. അല്‍സ്‌ഹൈമേഴ്‌സ്രോഗിയായ മുണ്ടേക്കല്ല്‌ മുണ്ടേക്കുന്നേല്‍ കുട്ടപ്പന്‍(55) നാട്ടുകാര്‍ക്കു കരള്‍ പിളര്‍ക്കുന്ന ദൃശ്യമാണ്‌. രാത്രിയില്‍ വീടിനകത്തു തടവറവാസം. ഒന്നര വര്‍ഷത്തോളമായി പകല്‍ മരത്തില്‍ ബന്ധിച്ച നിലയില്‍ കഴിച്ചുകൂട്ടിയിട്ടും പൊതുപ്രവര്‍ത്തകരാരും രക്ഷയ്‌ക്ക് എത്തിയിട്ടില്ല.
കുട്ടപ്പന്‍ അര്‍ധനഗ്നനാണ്‌. ഉടുത്തിരിക്കുന്ന ഒരു തോര്‍ത്ത്‌ മാത്രമാണു വേഷം. ഇരുന്നും നിന്നുമാണ്‌ ഇയാള്‍ സമയം തള്ളിനീക്കുന്നത്‌. കൈകള്‍ മുകളിലേക്ക്‌ ഉയര്‍ത്തിക്കെട്ടിയിരിക്കുന്നു. ഇതിനാല്‍ മണ്ണില്‍ കുത്തിയിരിക്കാന്‍പോലും കഴിയില്ല. കാല്‍പാദം മണ്ണില്‍ ഉറപ്പിച്ചു മാത്രമാണ്‌ ഇരിക്കാന്‍ കഴിയുന്നത്‌. ഇരിപ്പിടമായിപ്പോലും ഒന്നും നല്‍കിയിട്ടില്ല. സമീപത്തു കല്‍കെട്ടും മറ്റും ഉണ്ടെങ്കിലും കൈ ബന്ധിച്ചിരിക്കുന്നതിനാല്‍ ഇവിടേക്ക്‌ എത്താനാകില്ല. കൈകള്‍ സ്വതന്ത്രമാക്കിയാല്‍ കാണുന്നതെല്ലാം വാരിത്തിന്നും. ഇതൊഴിവാക്കാനാണു കെട്ടിയിടുന്നത്‌. അക്രമസ്വഭാവമൊന്നും ഇയാള്‍ കാണിക്കാറില്ലെന്നാണു നേരിട്ട്‌ അറിയാവുന്നവര്‍ പറയുന്നത്‌. ഭാര്യക്കും വിവാഹിതയായ മകള്‍ക്കുമൊപ്പമാണ്‌ കഴിയുന്നത്‌. രാവിലെ മുതല്‍ ഉച്ചവരെ മര'ശിക്ഷ'. ഇതിനുശേഷം ജനലിന്‌ അരുകിലേക്ക്‌ മാറ്റും. പിന്നീട്‌ ജനലില്‍ കെട്ടിയിടുന്നതിനാല്‍ ഇരിക്കാന്‍ പോലും പറ്റില്ല. കുളിപ്പിക്കുമ്പോഴും മറ്റും ഇയാളെ ഉപദ്രവിക്കാറുണ്ടെന്നു അയല്‍വാസികള്‍ പറയുന്നു.

വര്‍ഷങ്ങളായി നഗരത്തിലെ ചുമട്ടുതൊഴിലാളിയായിരുന്ന കുട്ടപ്പന്‌ ഒന്നര വര്‍ഷം മുമ്പാണ്‌ മറവിയും മാനസിക ശാരീരികാസ്വസ്‌ഥതകളുമുള്ള അല്‍സ്‌ഹൈമേഴ്‌സ് ബാധിച്ചത്‌. അന്നു മുതല്‍ ഇയാള്‍ പീഡനം ഏറ്റുവാങ്ങുകയാണ്‌. വിദഗ്‌ദ്ധ ചികിത്സ ലഭ്യമാക്കാന്‍ ബന്ധുക്കള്‍ക്കായിട്ടില്ല. ഏറെനാള്‍ തൊഴിലാളി യൂണിയനില്‍ ഉണ്ടായിരുന്നിട്ടും നേതാക്കളും തിരിഞ്ഞു നോക്കിയില്ല. ഭാര്യ സര്‍ക്കാര്‍ ജീവനക്കാരിയാണ്‌. രാവിലെ ഓഫീസില്‍ പോകുന്നതിനു മുമ്പ്‌ കെട്ടിയിടും. വീട്ടിലുള്ള മകളാണ്‌ ഉച്ചയാകുമ്പോള്‍ അഴിച്ച്‌ ജനലിനടുത്തേക്ക്‌ മാറ്റിക്കെട്ടുന്നത്‌. ഈ പീഡനത്തിനിടെ ഭക്ഷണം കൃത്യമായി നല്‍കാറുണ്ട്‌.

റോഡിനോടു ചേര്‍ന്നാണു വീട്‌. അതിനാല്‍ കടന്നുപോകുന്നവര്‍ വേദനയോടെ എത്തിനോക്കാറുണ്ട്‌. ഇവരുടെ സഹതാപം കാരുണ്യമാകാറില്ല. മനുഷ്യസ്‌നേഹികള്‍ ഇടപെട്ടാല്‍ മാത്രമേ ഈ ദുരിതത്തില്‍ നിന്നു കുട്ടപ്പനു മോചനം ലഭിക്കൂ.


2012, മാർച്ച് 11, ഞായറാഴ്‌ച

അഭിസാരികയുടെ പുതിയ പര്യായം കറിവേപ്പില അമ്പമ്പോ... ഈ സി.പി.എമ്മുകാരുടെ തൊലിക്കട്ടി അപാരം തന്നെ !?

സിപിഎം കാര്‍ പൊതുവേ ബുദ്ധിജീവികളും ഇതര രാഷ്‌ട്രീയക്കാരില്‍ നിന്നും കേമന്‍മാരുമാണെന്നാണ്‌ അവര്‍ തന്നെ നടിച്ചു വരുന്നത്‌. പാര്‍ട്ടി അംഗം മുതല്‍ പാര്‍ട്ടി സെക്രട്ടറി വരെയുള്ളവരുടെ ഉള്ളിലിരുപ്പ്‌ അങ്ങനെയാണ്‌. മറ്റുള്ളവര്‍ മുഴുവനും മോശക്കാരും തങ്ങള്‍ സംസ്‌കാര സമ്പന്നരുമാണെന്നുമുള്ള ഇവരുടെ അഹങ്കാരമാണ്‌ ഓരോ ദിവസവും സംസ്‌കാരരഹിതമായ വാക്കുകളിലൂടെ ഇവരുടെ നേതാക്കള്‍ പുറത്തു വിടുന്നത്‌.
സൂര്യനെല്ലി പെണ്‍കുട്ടിയുടെ മാനം കാക്കാന്‍ മൈക്കും പത്രവും ചാനലുമായി ഇറങ്ങിത്തിരിച്ചവര്‍ ലോകത്തിന്റെ മുന്നില്‍ മലയാളികളെ പീഡനവീരന്മാരാക്കിയെന്നല്ലാതെ എന്തെങ്കിലും നേടാനായോ? ചാരിത്ര്യം പ്രസംഗിച്ചവര്‍ പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ കക്കൂസില്‍ കയറാന്‍ പോയി നേതാവിന്റെ മകളെ കയറിപ്പിടിച്ചതല്ലേ കണ്ണൂരിലെ പാര്‍ട്ടിയിലുണ്ടായ പുറത്താക്കലിന്‌ കാരണം.
സര്‍വ്വ മലയാളി വനിതകളുടെയും മാനം കാക്കാന്‍ അവതരിച്ചിരിക്കുന്നുവെന്നവകാശപ്പെടുന്ന വി.എസ്‌ അച്യുതാനന്ദനല്ലെ ഇപ്പോള്‍ സ്‌ത്രീകള്‍ക്ക്‌ ഓരോ ദിവസവും പുതിയ പേരുകള്‍ വിളിച്ചു വരുന്നത്‌. ഒരുത്തി, തള്ളച്ചി, ഒരുതരത്തില്‍ പ്രസിദ്ധ, അമ്മൂമ്മ, വല്യമ്മ... ഒടുവില്‍ അഭിസാരിക പ്രയോഗവും. അതിനും കുറ്റം മാധ്യമങ്ങള്‍ക്ക്‌. കറിവേപ്പില എന്നു പറഞ്ഞത്‌ അഭിസാരിക എന്ന്‌ മാധ്യമങ്ങള്‍ മാറ്റിക്കൊടുത്തുവെന്നാണ്‌ അച്യുതാനന്ദന്‍ പറയുന്നത്‌. രാവിലെ പറയുന്നത്‌ വൈകുന്നേരം തിരുത്തുക...
ഏതെങ്കിലും യു.ഡി.എഫ്‌ നേതാവിന്റെ വായില്‍ നിന്നും അബദ്ധത്തില്‍ ഇങ്ങനെ ഒരു വാക്ക്‌ വീണിരുന്നെങ്കില്‍ സ്ഥിതിയെന്തായിരിക്കും. എസ്‌.എഫ്‌.ഐ, ഡി.വൈ.എഫ്‌.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, എന്‍.ജി.ഒ യൂണിയന്‍ തുടങ്ങിയവരെല്ലാം തെരുവിലിറങ്ങുകയില്ലേ? ഇപ്പോള്‍ അവര്‍ എവിടെയാണ്‌ ?
ഭരണം പിടിച്ചെടുക്കാന്‍ എന്തു മാര്‍ഗ്ഗവും സ്വീകരിക്കുന്ന കമ്യൂണിസ്റ്റുകാരാ.. നിങ്ങളാണ്‌ ഈ നാടിനെ നശിപ്പിക്കുന്നത്‌. അഞ്ചുവര്‍ഷത്തേക്ക്‌ ജനങ്ങള്‍ നല്‍കിയ വിധി അംഗീകരിക്കാന്‍ ആദ്യം പഠിക്കുക. എന്നിട്ട്‌ പോരെ ചാരിത്ര്യപ്രസംഗം..?

മഹേഷ്‌ കുമാറിന് അവാര്‍ഡ്‌ സമ്മാനിച്ച്‌

മനോരമ ന്യൂസ്‌ റിപ്പോര്‍ട്ടര്‍ മഹേഷ്കുമാരിനു ഗോപിനാഥ് അവാര്‍ഡ്‌ കേന്ദ്ര മന്ത്രി വേണുഗോപാല്‍ സമ്മാനിച്ച്‌

2012, മാർച്ച് 10, ശനിയാഴ്‌ച

ഫെഡറല്‍ ബാങ്കിന്റെ വണ്ണപ്പുറം ശാഖ

ഫെഡറല്‍ ബാങ്കിന്റെ വണ്ണപ്പുറം ശാഖ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി വര്‍ഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു. റീജിയണല്‍ ഹെഡ്‌ എ.ഒ പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കരിമണ്ണൂര്‍ ബ്രാഞ്ച്‌ മാനേജര്‍ ജോളി ജോസ്‌, പ്രിന്‍സ്‌ മോന്‍ കെ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജോഷി എടാട്ട്‌ എടിഎമ്മും ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഹൈറുന്നിസ ജാഫര്‍ സേഫ്‌ ഡെപ്പോസിറ്റ്‌ ലോക്കര്‍ ഉദ്‌ഘാടനവും നിര്‍വഹിച്ചു.

ഫെഡറല്‍ ബാങ്ക്‌ പുതിയതായി നൂറ്‌ ശാഖകള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി തൊടുപുഴ മങ്ങാട്ടുകവല ബ്രാഞ്ചിന്റെ ഉദ്‌ഘാടനം

ഫെഡറല്‍ ബാങ്ക്‌ പുതിയതായി നൂറ്‌ ശാഖകള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി തൊടുപുഴ മങ്ങാട്ടുകവല ബ്രാഞ്ചിന്റെ ഉദ്‌ഘാടനം പി ടി തോമസ്‌ എം.പി നിര്‍വഹിച്ചു. ന്യൂമാന്‍ കോളേജ്‌ ബര്‍സാര്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്‌, എടിഎമ്മിന്റെ ഉദ്‌ഘാടനവും നഗരസഭാ വൈസ്‌ ചെയര്‍പേഴ്‌സണ്‍ അഡ്വ. താജ്‌മോള്‍ സേഫ്‌ ഡെപ്പോസിറ്റി ലോക്കറിന്റെ ഉദ്‌ഘാടനവും നിര്‍വഹിച്ചു. റീജിയണല്‍ ഹെഡ്‌ എ.ഒ പീറ്റര്‍ സ്വാഗതം പറഞ്ഞു

ചാഴികാട്ട്‌ ആശുപത്രിയുടെ മദര്‍ ആന്റ്‌ ചൈല്‍ഡ്‌ വിഭാഗം

കഴിഞ്ഞ അന്‍പത്‌ വര്‍ഷമായി ആതുരശുശ്രൂഷ രംഗത്ത്‌ തൊടുപുഴയില്‍ പ്രശസ്‌തമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ചാഴികാട്ട്‌ ആശുപത്രിയുടെ മദര്‍ ആന്റ്‌ ചൈല്‍ഡ്‌ വിഭാഗം റിവര്‍വ്യൂ റോഡിലുള്ള കെട്ടിടസമുച്ചയത്തിലേക്ക്‌ മാറ്റി പ്രവര്‍ത്തനം ആരംഭിക്കുമെന്ന്‌ ചെയര്‍മാന്‍ ആന്റ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ഡോ. ജോസഫ്‌ സ്റ്റീഫന്‍, ജോയിന്റ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ഡോ. സി.എസ്‌. സ്റ്റീഫന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബര്‍ത്ത്‌ സ്യൂട്ടോടു കൂടി ആധുനികവത്‌കരിച്ച ലേബര്‍ റൂം, നിയോനാറ്റല്‍ ഐസിയു, പുതിയ ഐ.പി ബ്ലോക്ക്‌ എന്നിവയുടെ ഉദ്‌ഘാടനം മാര്‍ച്ച്‌ 14 -ാം തീയതി വൈകന്നേരം നാലിന്‌ ജലവിഭവവകുപ്പ്‌ മന്ത്രി പി.ജെ. ജോസഫ്‌ നിര്‍വഹിക്കും. ചടങ്ങില്‍ കെ.കെ ജയചന്ദ്രന്‍ എം.എല്‍.എ, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഇ.എസ്‌ ബിജിമോള്‍ എം.എല്‍.എ, എസ്‌.രാജേന്ദ്രന്‍ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌, മറ്റ്‌ ജനപ്രതിനിധികള്‍, സാമൂഹ്യസാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ഡോ. മീന സോമന്‍, ഡോ. വിനോദിനി, മാനേജര്‍ തമ്പി എരുമേലിക്കര എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജില്ലാതല കര്‍ഷകസംഗമം








കേരളത്തിന്റെ കാര്‍ഷികസംസ്‌കൃതി ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ത്രിതല പഞ്ചാത്തുകള്‍, കര്‍ഷകസമൂഹം എന്നിവയുമായി സഹകരിച്ച്‌ കൃഷിവകുപ്പ്‌ നേതൃത്വത്തില്‍ഇരട്ടയാര്‍ സെന്റ്‌ തോമസ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാതല കര്‍ഷകസംഗമം നടത്തി. സാംസ്‌കാരിക ഘോഷയാത്രയോടെ ആരംഭിച്ച കാര്‍ഷികസംഗമത്തില്‍ വിവിധയിനം നാടന്‍കലാരൂപങ്ങള്‍, നാടന്‍രുചിഭേദങ്ങള്‍, കാര്‍ഷികപ്രദര്‍ശനം എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന കാര്‍ഷികത്തനിമകള്‍ ഉണ്ടായിരുന്നു. കോഴിമല രാജാവ്‌ രാമന്‍ രാജമന്നാന്‍ പതാക ഉയര്‍ത്തി. സമ്മേളനം മന്ത്രി പി.ജെ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ടി.വി ആന്റണി ദീപം തെളിയിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. അലക്‌സ്‌ കോഴിമല, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി പതിപ്പള്ളി, കെ.എന്‍ മുരളി, മേരി ആന്റണി, സിബി പറപ്പായി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

2012, മാർച്ച് 6, ചൊവ്വാഴ്ച

മജിസ്‌ട്രേറ്റിനെ പിടിച്ച ചെക്കിംഗ്‌ ഉദ്യോഗസ്ഥര്‍ വെട്ടിലായി


കൊട്ടാരക്കര: കെഎസ്‌ആര്‍ടിസി ബസില്‍ ടിക്കറ്റ്‌ പരിശോധനയ്‌ക്കിടെ ഡിടിഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ജുഡീഷല്‍ മജിസ്‌ട്രേറ്റിനെയും വെറുതെ വിട്ടില്ല. പരിശോധന നിയമാനുസൃതമല്ലെന്ന മജിസ്‌ട്രേറ്റിന്റെ വാദം അംഗീകരിക്കാതെ അദ്ദേഹത്തെ ഉദ്യോഗസ്ഥസംഘം പോലീസ്‌ സ്റ്റേഷനിലും എത്തിച്ചു. ഒടുവില്‍ മജിസ്‌ട്രേറ്റിന്റെ ദയാവായ്‌പില്‍ ഉദ്യോഗസ്ഥര്‍ തടിയൂരി. ഇന്നലെ രാവിലെ 8.30ന്‌ കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റേഷനിലായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്നു കൊട്ടാരക്കരയിലെത്തിയ ഫാസ്റ്റ്‌ പാസഞ്ചര്‍ ബസിലെ യാത്രക്കാരെ ഗ്രൗണ്‌ട്‌ ചെക്കിംഗ്‌ നടത്തുകയായിരുന്നു ഡിടിഒ ശരത്‌ കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധകസംഘം. യാത്രക്കാരനായി ബസില്‍ കൊട്ടാരക്കര ജുഡീഷല്‍ ഫസ്റ്റ്‌ ക്ലാസ്‌ കോടതി-രണ്‌ടിലെ മജിസ്‌ട്രേറ്റ്‌ ജോസ്‌ എന്‍. സിറിളും ഉണ്‌ടായിരുന്നു. ബസില്‍ നിന്നു പുറത്തിറങ്ങിയ ഇദ്ദേഹത്തോടും ടിക്കറ്റ്‌ ആവശ്യപ്പെട്ടു. ബസില്‍ നിന്നു പുറത്തിറങ്ങിയ ആളോട്‌ ടിക്കറ്റ്‌ ആവശ്യപ്പെടുന്നത്‌ നിയമപരമല്ലെന്നും ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ചിട്ടില്ലെന്നും ഐഡന്റിറ്റി കാര്‍ഡ്‌ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും മജിസ്‌ട്രേറ്റ്‌ ചൂണ്‌ടിക്കാട്ടി. ടിക്കറ്റ്‌ നല്‍കാന്‍ സന്നദ്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ്‌ സ്റ്റേഷനില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ കെഎസ്‌ആര്‍ടിസിയുടെ ജീപ്പില്‍ കയറ്റി മജിസ്‌ട്രേറ്റിനെ കൊട്ടാരക്കര പോലീസ്‌ സ്റ്റേഷനിലെത്തിച്ചു. ഇതിനിടെ, ഒരു ഉദ്യോഗസ്ഥന്‍ മജിസ്‌ട്രേറ്റിന്റെ ബാഗ്‌ പിടിച്ചുവലിക്കുകയും ശരീരത്തില്‍ കുത്തിപ്പിടിക്കുകയും ചെയ്‌തു. കൊട്ടാരക്കര പോലീസ്‌ സ്റ്റേഷനിലെത്തിച്ച മജിസ്‌ട്രേറ്റിനെ കണ്‌ടു ഡിവൈഎസ്‌പി അടക്കമുള്ള ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ സല്യൂട്ട്‌ ചെയ്‌ത്‌ ആദരവു പ്രകടിപ്പിച്ചു. അപ്പോഴാണ്‌ ഇദ്ദേഹം മജിസ്‌ട്രേറ്റാണെന്ന്‌ കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥര്‍ അറിയുന്നത്‌. താന്‍ സാധാരണക്കാരനായിരുന്നെങ്കില്‍ സ്ഥിതി എന്താകുമായിരുന്നുവെന്ന ചോദ്യത്തിന്‌ ഇരുവകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ക്കുമറുപടിയില്ലായിരുന്നു. ഒടുവില്‍ ജീവനക്കാര്‍ക്കെതിരേ കേസെടുക്കാതെ വിട്ടയയ്‌ക്കാന്‍ മജിസ്‌ട്രേറ്റ്‌ നിര്‍ദേശിച്ചു. തന്റെ ടിക്കറ്റ്‌ മജിസ്‌ട്രേറ്റ്‌ പോലീസ്‌ സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്‌തു.ബസിനകത്തുള്ള ചെക്കിംഗല്ലാതെ അറൈവല്‍ ചെക്കിംഗ്‌ നിയമപരമല്ലെന്ന്‌ നിയമവിദഗ്‌ധര്‍ ചൂണ്‌ടിക്കാട്ടുന്നു. കെഎസ്‌ആര്‍ടിസി വിജിലന്‍സ്‌ വിഭാഗവും ഓര്‍ഡിനറി ചെക്കിംഗ്‌ വിഭാഗവും ഇപ്പോള്‍ ബസില്‍നിന്ന്‌പുറത്തിറങ്ങുന്നവരെയാണു പരിശോധിക്കുന്നത്‌. ഇതു പലപ്പോഴും സംഘര്‍ഷങ്ങള്‍ക്കു കാരണമാകുന്നുണ്‌ട്‌. ഈ വിഭാഗം ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിക്കുകയോ കഴുത്തില്‍ ധരിക്കേണ്‌ട ഐഡന്റിറ്റി കാര്‍ഡ്‌ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാറില്ല. ഇന്നലത്തെ സംഭവത്തില്‍ ഡിടിഒ പരിശോധനയ്‌ക്കെത്തിയതും വിവാദമായിട്ടുണ്‌ട്‌. ടിക്കറ്റ്‌ പരിശോധനയ്‌ക്കു ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനല്ല ഡിടിഒ. പരിശോധകരെ പരിശോധിക്കാനുള്ള ചുമതലയാണ്‌ അദ്ദേഹത്തിനുള്ളത്‌.

അടിക്കുറിപ്പ്‌ : കെഎസ്‌ആര്‍ടിസി ബസുകളില്‍ ടിക്കറ്റ്‌ പരിശോധനയ്‌ക്കെത്തുന്ന മഹാഭൂരിപക്ഷം ഉദ്യോഗസ്ഥരും യുണിഫോം, ഐഡന്റിറ്റി കാര്‍ഡ്‌ തുടങ്ങിയവ ഇല്ലാതെയാണ്‌ കേരളത്തില്‍ അങ്ങോളമിങ്ങോളം ടിക്കറ്റ്‌ പരിശോധന നടത്തുന്നത്‌. ദിനംപ്രതി നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ കെഎസ്‌ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച്‌ ബന്ധപ്പെട്ട അധികൃതര്‍ക്ക്‌ പരാതി നല്‍കാന്‍ തയ്യാറാകാത്തതാണ്‌ ഇവരെ നിയമം ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. കക്ഷത്തില്‍ ഒരു ഡയറിയും ചുണ്ടില്‍ സിഗററ്റുമായി എത്തുന്നവരെ കെഎസ്‌ആര്‍ടിസിയുടെ ചെക്കിംഗ്‌ ഇന്‍സ്‌പെക്‌ടര്‍മാരായി യാത്രക്കാര്‍ കാണണമെന്നാണ്‌ ഇവരുടെ ഉള്ളിലിരുപ്പ്‌. ഇക്കാര്യത്തില്‍ ജനങ്ങളുടെ പ്രതികരണം കത്ത്‌, ഇമെയില്‍ വഴി സംസ്ഥാന ഗതാഗത മന്ത്രിക്കും കെഎസ്‌ആര്‍ടിസി എം.ഡിക്കും നല്‍കുവാന്‍ തയ്യാറാകണം. നാട്‌ നന്നാകില്ലെന്ന ചിന്തയില്‍ പ്രതികരിക്കാതിരിക്കുന്നത്‌ മണ്ടത്തരമാണ്‌.