2012, മാർച്ച് 6, ചൊവ്വാഴ്ച

മജിസ്‌ട്രേറ്റിനെ പിടിച്ച ചെക്കിംഗ്‌ ഉദ്യോഗസ്ഥര്‍ വെട്ടിലായി


കൊട്ടാരക്കര: കെഎസ്‌ആര്‍ടിസി ബസില്‍ ടിക്കറ്റ്‌ പരിശോധനയ്‌ക്കിടെ ഡിടിഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ജുഡീഷല്‍ മജിസ്‌ട്രേറ്റിനെയും വെറുതെ വിട്ടില്ല. പരിശോധന നിയമാനുസൃതമല്ലെന്ന മജിസ്‌ട്രേറ്റിന്റെ വാദം അംഗീകരിക്കാതെ അദ്ദേഹത്തെ ഉദ്യോഗസ്ഥസംഘം പോലീസ്‌ സ്റ്റേഷനിലും എത്തിച്ചു. ഒടുവില്‍ മജിസ്‌ട്രേറ്റിന്റെ ദയാവായ്‌പില്‍ ഉദ്യോഗസ്ഥര്‍ തടിയൂരി. ഇന്നലെ രാവിലെ 8.30ന്‌ കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റേഷനിലായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്നു കൊട്ടാരക്കരയിലെത്തിയ ഫാസ്റ്റ്‌ പാസഞ്ചര്‍ ബസിലെ യാത്രക്കാരെ ഗ്രൗണ്‌ട്‌ ചെക്കിംഗ്‌ നടത്തുകയായിരുന്നു ഡിടിഒ ശരത്‌ കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധകസംഘം. യാത്രക്കാരനായി ബസില്‍ കൊട്ടാരക്കര ജുഡീഷല്‍ ഫസ്റ്റ്‌ ക്ലാസ്‌ കോടതി-രണ്‌ടിലെ മജിസ്‌ട്രേറ്റ്‌ ജോസ്‌ എന്‍. സിറിളും ഉണ്‌ടായിരുന്നു. ബസില്‍ നിന്നു പുറത്തിറങ്ങിയ ഇദ്ദേഹത്തോടും ടിക്കറ്റ്‌ ആവശ്യപ്പെട്ടു. ബസില്‍ നിന്നു പുറത്തിറങ്ങിയ ആളോട്‌ ടിക്കറ്റ്‌ ആവശ്യപ്പെടുന്നത്‌ നിയമപരമല്ലെന്നും ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ചിട്ടില്ലെന്നും ഐഡന്റിറ്റി കാര്‍ഡ്‌ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും മജിസ്‌ട്രേറ്റ്‌ ചൂണ്‌ടിക്കാട്ടി. ടിക്കറ്റ്‌ നല്‍കാന്‍ സന്നദ്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ്‌ സ്റ്റേഷനില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ കെഎസ്‌ആര്‍ടിസിയുടെ ജീപ്പില്‍ കയറ്റി മജിസ്‌ട്രേറ്റിനെ കൊട്ടാരക്കര പോലീസ്‌ സ്റ്റേഷനിലെത്തിച്ചു. ഇതിനിടെ, ഒരു ഉദ്യോഗസ്ഥന്‍ മജിസ്‌ട്രേറ്റിന്റെ ബാഗ്‌ പിടിച്ചുവലിക്കുകയും ശരീരത്തില്‍ കുത്തിപ്പിടിക്കുകയും ചെയ്‌തു. കൊട്ടാരക്കര പോലീസ്‌ സ്റ്റേഷനിലെത്തിച്ച മജിസ്‌ട്രേറ്റിനെ കണ്‌ടു ഡിവൈഎസ്‌പി അടക്കമുള്ള ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ സല്യൂട്ട്‌ ചെയ്‌ത്‌ ആദരവു പ്രകടിപ്പിച്ചു. അപ്പോഴാണ്‌ ഇദ്ദേഹം മജിസ്‌ട്രേറ്റാണെന്ന്‌ കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥര്‍ അറിയുന്നത്‌. താന്‍ സാധാരണക്കാരനായിരുന്നെങ്കില്‍ സ്ഥിതി എന്താകുമായിരുന്നുവെന്ന ചോദ്യത്തിന്‌ ഇരുവകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ക്കുമറുപടിയില്ലായിരുന്നു. ഒടുവില്‍ ജീവനക്കാര്‍ക്കെതിരേ കേസെടുക്കാതെ വിട്ടയയ്‌ക്കാന്‍ മജിസ്‌ട്രേറ്റ്‌ നിര്‍ദേശിച്ചു. തന്റെ ടിക്കറ്റ്‌ മജിസ്‌ട്രേറ്റ്‌ പോലീസ്‌ സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്‌തു.ബസിനകത്തുള്ള ചെക്കിംഗല്ലാതെ അറൈവല്‍ ചെക്കിംഗ്‌ നിയമപരമല്ലെന്ന്‌ നിയമവിദഗ്‌ധര്‍ ചൂണ്‌ടിക്കാട്ടുന്നു. കെഎസ്‌ആര്‍ടിസി വിജിലന്‍സ്‌ വിഭാഗവും ഓര്‍ഡിനറി ചെക്കിംഗ്‌ വിഭാഗവും ഇപ്പോള്‍ ബസില്‍നിന്ന്‌പുറത്തിറങ്ങുന്നവരെയാണു പരിശോധിക്കുന്നത്‌. ഇതു പലപ്പോഴും സംഘര്‍ഷങ്ങള്‍ക്കു കാരണമാകുന്നുണ്‌ട്‌. ഈ വിഭാഗം ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിക്കുകയോ കഴുത്തില്‍ ധരിക്കേണ്‌ട ഐഡന്റിറ്റി കാര്‍ഡ്‌ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാറില്ല. ഇന്നലത്തെ സംഭവത്തില്‍ ഡിടിഒ പരിശോധനയ്‌ക്കെത്തിയതും വിവാദമായിട്ടുണ്‌ട്‌. ടിക്കറ്റ്‌ പരിശോധനയ്‌ക്കു ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനല്ല ഡിടിഒ. പരിശോധകരെ പരിശോധിക്കാനുള്ള ചുമതലയാണ്‌ അദ്ദേഹത്തിനുള്ളത്‌.

അടിക്കുറിപ്പ്‌ : കെഎസ്‌ആര്‍ടിസി ബസുകളില്‍ ടിക്കറ്റ്‌ പരിശോധനയ്‌ക്കെത്തുന്ന മഹാഭൂരിപക്ഷം ഉദ്യോഗസ്ഥരും യുണിഫോം, ഐഡന്റിറ്റി കാര്‍ഡ്‌ തുടങ്ങിയവ ഇല്ലാതെയാണ്‌ കേരളത്തില്‍ അങ്ങോളമിങ്ങോളം ടിക്കറ്റ്‌ പരിശോധന നടത്തുന്നത്‌. ദിനംപ്രതി നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ കെഎസ്‌ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച്‌ ബന്ധപ്പെട്ട അധികൃതര്‍ക്ക്‌ പരാതി നല്‍കാന്‍ തയ്യാറാകാത്തതാണ്‌ ഇവരെ നിയമം ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. കക്ഷത്തില്‍ ഒരു ഡയറിയും ചുണ്ടില്‍ സിഗററ്റുമായി എത്തുന്നവരെ കെഎസ്‌ആര്‍ടിസിയുടെ ചെക്കിംഗ്‌ ഇന്‍സ്‌പെക്‌ടര്‍മാരായി യാത്രക്കാര്‍ കാണണമെന്നാണ്‌ ഇവരുടെ ഉള്ളിലിരുപ്പ്‌. ഇക്കാര്യത്തില്‍ ജനങ്ങളുടെ പ്രതികരണം കത്ത്‌, ഇമെയില്‍ വഴി സംസ്ഥാന ഗതാഗത മന്ത്രിക്കും കെഎസ്‌ആര്‍ടിസി എം.ഡിക്കും നല്‍കുവാന്‍ തയ്യാറാകണം. നാട്‌ നന്നാകില്ലെന്ന ചിന്തയില്‍ പ്രതികരിക്കാതിരിക്കുന്നത്‌ മണ്ടത്തരമാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ