2012, മാർച്ച് 23, വെള്ളിയാഴ്‌ച
സ്വന്തമായി ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട് നിര്‍മ്മിച്ച യുവാവ് വളരുന്ന കായികതാരങ്ങള്‍ക്ക് അനുഗ്രഹമായി
തൊടുപുഴ : ഷട്ടില്‍ ബാഡ്‌മിന്റണോടുള്ള താല്‍പര്യം കൊണ്ട് സ്വന്തമായി ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട് നിര്‍മ്മിച്ച യുവാവ് വളരുന്ന കായികതാരങ്ങള്‍ക്ക് അനുഗ്രഹമായി. തൊടുപുഴ കുഴിമറ്റത്തില്‍ സേവ്യര്‍ തോമസാണ് ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്. ഏതു കാലാവസ്ഥയിലും പരിശീലനം നടത്തുവാനുള്ള സൗകര്യമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് സേവ്യര്‍തോമസ് പറഞ്ഞു. സെന്റ് ജോര്‍ജ്ജ് ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട് എന്നാണ് പേരിട്ടിരിക്കുന്നത്. 30 അടിയോളം ഉയരത്തിലാണ് മേല്‍ക്കൂര സജ്ജീകരിച്ചിരിക്കുന്നത്. ഷട്ടില്‍ മുകളില്‍ തട്ടി തടസം ഉണ്ടാകാതിരിക്കാനാണ് ഇത്രയും ഉയരം ഇട്ടിരിക്കുന്നത്. അഞ്ചരലക്ഷത്തോളം രൂപയാണ് ഇതിന് ചിലവാക്കിയത്. കുട്ടികള്‍ക്ക് ആവശ്യമായ പരിശീലനം ഒരുക്കി തൊടുപുഴ മേഖലയില്‍ നിന്നും ദേശീയ താരങ്ങളെ വാര്‍ത്തെടുക്കുക എന്ന സ്വപ്‌നവും ഇദ്ദേഹത്തിനുണ്ട്. സോഫ്‌റ്റ്‌വെയര്‍ ബിസിനസ് നടത്തിവരികയാണ് സേവ്യര്‍ തോമസ്. ഷട്ടില്‍ ബാഡ്‌മിന്റണ്‍ താരങ്ങള്‍ക്ക് വലിയ അനുഗ്രഹമാണ് ഇന്‍ഡോര്‍ കോര്‍ട്ടെന്ന് ഷട്ടില്‍ ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സൈജന്‍ സ്റ്റീഫന്‍ പറഞ്ഞു. ഇന്‍ഡോര്‍ കോര്‍ട്ടിന്റെ ഉദ്‌ഘാടനം ശനിയാഴ്‌ച രാത്രി 8.30 ന് മന്ത്രി പി.ജെ ജോസഫ് നിര്‍വഹിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ