ഇടുക്കി : വാഹനപരിശോധനയ്‌ക്കിടെ മതമേലദ്ധ്യക്ഷന്റെ കാര്‍ പരിശോധിച്ച എസ്.ഐയുടെയും രണ്ട്‌പോലീസുകാരുടെയും കസേര തെറിപ്പിച്ച് സര്‍ക്കാരിന്റെ സമുദായപ്രീണനം. പെരുവന്താനം പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.പി ഷാജി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിമ്മിച്ചന്‍, രമേശ് എന്നിവരെയാണ് പൊറുക്കാനാകാത്ത തെറ്റിന്റെ പേരില്‍ രായ്‌ക്കുരാമാനം സ്ഥലം മാറ്റിയത്. എസ്.ഐ ഷാജിയെ ഡി.സി.ആര്‍.ബിയിലേക്കും സിവില്‍ പോലീസ് ഓഫീസര്‍മാരെ കട്ടപ്പനയിലേക്കും കുമളിയിലേക്കുമാണ് മാറ്റിയത്.
പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മതമേലദ്ധ്യക്ഷന്റെ ഒരു ഫോണ്‍കോളില്‍ തന്നെ ഉദ്യോഗസ്ഥരുടെ സ്ഥാനം തെറിച്ചതെന്നാണ് സൂചന. നടുറോഡില്‍ വാഹനം പരിശോധിച്ച എസ്.ഐയ്‌ക്ക് പണി കിട്ടിയത് ശരവേഗത്തിലായിരുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടി കേസെടുക്കണമെന്ന് പലീസ് മേധാവിയുടെ കര്‍ശന നിര്‍ദ്ദേശമുള്ളതാണ്. ഇതിന്റെ കണക്കുകള്‍ പിറ്റേന്ന് എസ്.പിയ്‌ക്ക് കൈമാറുകയും വേണം. ഇതു പാലിക്കാനാണ് എസ്.ഐയും പരിവാരങ്ങളും റോഡിലിറങ്ങിയത്.
വന്ന വാനങ്ങളെല്ലാം ഒന്നൊഴിയാതെ പരിശോധിച്ചു. ഇതിനിടെ പ്രമുഖ മതമേലദ്ധ്യക്ഷന്റെ കാറും വന്നു. കൈനീട്ടി വണ്ടി നിര്‍ത്തിയശേഷം ഡ്രൈവറെ ബ്രീത്ത് അനലൈസര്‍ കൊണ്ട് പരിശോധിച്ചു. ഫലം നെഗറ്റീവായതിനാല്‍ വണ്ടി വിടുകയും ചെയ്‌തു. കാറിലിരുന്ന വ്യക്തിയെ തിരിച്ചറിഞ്ഞുവെങ്കിലും പരിശോധനയ്‌ക്ക് വിട്ടുവീഴ്‌ച വേണ്ടതില്ല എന്നതായിരുന്നു എസ്.ഐ യുടെ അപ്പോഴത്തെ നിലപാട്. ഏതായാലും രായ്‌ക്കു രാമാനം നടപടി വന്നു-സ്ഥലം മാറ്റം.
കേരളത്തില്‍ ഒരുകാലത്ത് മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്‌ത വിവാദവ്യവസായിയുമായിപോലും അടുത്ത ബന്ധമുള്ളയാളുടെ വണ്ടിയാണ് പരിശോധിക്കുന്നതെന്ന് എസ്.ഐ ഓര്‍ക്കാതെ പോയതാണ് ട്രാന്‍സ്‌ഫറിലേക്ക് വഴി തെളിച്ചത്. കൂടും കുടുക്കയുമെടുത്ത പോകുക എന്നല്ലാതെ ചെയ്‌ത അപരാധത്തിന് മറ്റു പരിഹാരമില്ല. ഇരുട്ടി വെളുക്കും മുമ്പ് എത്തിയ ഞെട്ടലില്‍ നിന്ന് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഇനിയും മുക്തരായിട്ടില്ല. വാഹനപരിശോധന കര്‍ശനമായി തുടരാന്‍ പോലീസ് മേധാവി താക്കീത് ചെയ്യുന്നു. പരിശോധിച്ചാല്‍ അവസ്ഥയിതും.
വാഹന പരിശോധനയ്‌ക്കായി നീട്ടുന്ന കൈ വിറച്ചാല്‍ ഇനി പോലീസുകാരെ കുറ്റപറയാനാവില്ല. ഒരുവശത്ത് വകുപ്പ് മേധാവിയുടെ ശകാരവര്‍ഷം, മറുവശത്ത് തൊപ്പി തെറിക്കുമെന്ന ആശങ്ക. ഫലത്തില്‍ വല്ലാത്ത സമ്മര്‍ദ്ദമാണ് പോലീസ് സേന അനുഭവിക്കുന്നത്. ഇതിനിടയില്‍ വീര്‍പ്പുമുട്ടുമ്പോഴും സസ്‌പെന്‍ഷന്റെ പേരില്‍ പോലീസ് സേനയ്‌ക്കിടയില്‍ ആത്മരോഷം കത്തിപ്പുകയുകയാണ്. ആറ്റുകാലില്‍ പൊങ്കാലയിട്ട സ്‌ത്രീകള്‍ക്കെതിരേ കേസെടുത്തതിന് കസേര തെറിച്ച ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യമെങ്കിലും എസ്.ഐ ഓര്‍ക്കണമായിരുന്നു എന്ന അഭിപ്രായക്കാരും പോലീസിലുണ്ട്.
പിറവം ഉപതെരഞ്ഞെടുപ്പിനെ മറന്ന് നിയമപാലനം നടത്തിയാല്‍ ഇങ്ങനെയിരിക്കും. പോലീസെന്നോ പട്ടാളമെന്നോ അതിനു വ്യത്യാസമില്ല. ഓരോ വോട്ടും എണ്ണിപ്പെറുക്കി പിറവത്ത് വിജയക്കൊടി പാറിക്കുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമേ സര്‍ക്കാരിനു മുന്നില്‍ ഇപ്പോഴുള്ളൂ. അതിനുവേണ്ടി ഏതറ്റം വരെ പോകാനും മടിയില്ല. അപ്പോള്‍ ചിലതെല്ലാം കണ്ടില്ലെന്നു നടിക്കുകയേ പോലീസിന് വഴിയുള്ളൂ. അല്ലെങ്കില്‍തന്നെ ലംഘിക്കപ്പെടാനുള്ളതല്ലേ നിയമം.
2012, മാർച്ച് 15, വ്യാഴാഴ്‌ച
വാഹനപരിശോധനയ്‌ക്കിടെ മതമേലദ്ധ്യക്ഷന്റെ കാര്‍ പരിശോധിച്ച എസ്.ഐ യെയും പോലീസുകാരെയും സ്ഥലം മാറ്റി
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ജനാധിപത്യമല്ല ഇത് മതാധിപത്യം!
മറുപടിഇല്ലാതാക്കൂ