2012, മാർച്ച് 14, ബുധനാഴ്‌ച

എല്ലാം മറന്ന്‌, മരച്ചുവട്ടിലെ ബന്ധനത്തില്‍ പിടഞ്ഞ്‌ ഒരു ഗൃഹനാഥന്‍

ഇടുക്കി: അല്‍സ്‌ഹൈമേഴ്‌സ്രോഗം ബാധിച്ച മധ്യവയസ്‌കന്‍ ഇവിടെ മൃഗതുല്യനായി കഴിയുന്നു. പകല്‍ പൊള്ളുന്ന വെയിലേറ്റ്‌, വീട്ടുമുറ്റത്തെ മരത്തില്‍ ബന്ധനസ്‌ഥനായി... കുത്തിയിരിക്കാന്‍ പോലും കഴിയില്ല. കുറ്റിയില്‍ വരിഞ്ഞു കെട്ടിയിടുന്ന കന്നുകാലികളുടെ ജീവിതം ഇതിലും ഭേദം.
തൊടുപുഴ നഗരമധ്യത്തിലാണു സ്വന്തം വീട്ടുകാരുടെ പീഡനത്തില്‍ ഗൃഹനാഥന്‍ നരകിക്കുന്നത്‌. അല്‍സ്‌ഹൈമേഴ്‌സ്രോഗിയായ മുണ്ടേക്കല്ല്‌ മുണ്ടേക്കുന്നേല്‍ കുട്ടപ്പന്‍(55) നാട്ടുകാര്‍ക്കു കരള്‍ പിളര്‍ക്കുന്ന ദൃശ്യമാണ്‌. രാത്രിയില്‍ വീടിനകത്തു തടവറവാസം. ഒന്നര വര്‍ഷത്തോളമായി പകല്‍ മരത്തില്‍ ബന്ധിച്ച നിലയില്‍ കഴിച്ചുകൂട്ടിയിട്ടും പൊതുപ്രവര്‍ത്തകരാരും രക്ഷയ്‌ക്ക് എത്തിയിട്ടില്ല.
കുട്ടപ്പന്‍ അര്‍ധനഗ്നനാണ്‌. ഉടുത്തിരിക്കുന്ന ഒരു തോര്‍ത്ത്‌ മാത്രമാണു വേഷം. ഇരുന്നും നിന്നുമാണ്‌ ഇയാള്‍ സമയം തള്ളിനീക്കുന്നത്‌. കൈകള്‍ മുകളിലേക്ക്‌ ഉയര്‍ത്തിക്കെട്ടിയിരിക്കുന്നു. ഇതിനാല്‍ മണ്ണില്‍ കുത്തിയിരിക്കാന്‍പോലും കഴിയില്ല. കാല്‍പാദം മണ്ണില്‍ ഉറപ്പിച്ചു മാത്രമാണ്‌ ഇരിക്കാന്‍ കഴിയുന്നത്‌. ഇരിപ്പിടമായിപ്പോലും ഒന്നും നല്‍കിയിട്ടില്ല. സമീപത്തു കല്‍കെട്ടും മറ്റും ഉണ്ടെങ്കിലും കൈ ബന്ധിച്ചിരിക്കുന്നതിനാല്‍ ഇവിടേക്ക്‌ എത്താനാകില്ല. കൈകള്‍ സ്വതന്ത്രമാക്കിയാല്‍ കാണുന്നതെല്ലാം വാരിത്തിന്നും. ഇതൊഴിവാക്കാനാണു കെട്ടിയിടുന്നത്‌. അക്രമസ്വഭാവമൊന്നും ഇയാള്‍ കാണിക്കാറില്ലെന്നാണു നേരിട്ട്‌ അറിയാവുന്നവര്‍ പറയുന്നത്‌. ഭാര്യക്കും വിവാഹിതയായ മകള്‍ക്കുമൊപ്പമാണ്‌ കഴിയുന്നത്‌. രാവിലെ മുതല്‍ ഉച്ചവരെ മര'ശിക്ഷ'. ഇതിനുശേഷം ജനലിന്‌ അരുകിലേക്ക്‌ മാറ്റും. പിന്നീട്‌ ജനലില്‍ കെട്ടിയിടുന്നതിനാല്‍ ഇരിക്കാന്‍ പോലും പറ്റില്ല. കുളിപ്പിക്കുമ്പോഴും മറ്റും ഇയാളെ ഉപദ്രവിക്കാറുണ്ടെന്നു അയല്‍വാസികള്‍ പറയുന്നു.

വര്‍ഷങ്ങളായി നഗരത്തിലെ ചുമട്ടുതൊഴിലാളിയായിരുന്ന കുട്ടപ്പന്‌ ഒന്നര വര്‍ഷം മുമ്പാണ്‌ മറവിയും മാനസിക ശാരീരികാസ്വസ്‌ഥതകളുമുള്ള അല്‍സ്‌ഹൈമേഴ്‌സ് ബാധിച്ചത്‌. അന്നു മുതല്‍ ഇയാള്‍ പീഡനം ഏറ്റുവാങ്ങുകയാണ്‌. വിദഗ്‌ദ്ധ ചികിത്സ ലഭ്യമാക്കാന്‍ ബന്ധുക്കള്‍ക്കായിട്ടില്ല. ഏറെനാള്‍ തൊഴിലാളി യൂണിയനില്‍ ഉണ്ടായിരുന്നിട്ടും നേതാക്കളും തിരിഞ്ഞു നോക്കിയില്ല. ഭാര്യ സര്‍ക്കാര്‍ ജീവനക്കാരിയാണ്‌. രാവിലെ ഓഫീസില്‍ പോകുന്നതിനു മുമ്പ്‌ കെട്ടിയിടും. വീട്ടിലുള്ള മകളാണ്‌ ഉച്ചയാകുമ്പോള്‍ അഴിച്ച്‌ ജനലിനടുത്തേക്ക്‌ മാറ്റിക്കെട്ടുന്നത്‌. ഈ പീഡനത്തിനിടെ ഭക്ഷണം കൃത്യമായി നല്‍കാറുണ്ട്‌.

റോഡിനോടു ചേര്‍ന്നാണു വീട്‌. അതിനാല്‍ കടന്നുപോകുന്നവര്‍ വേദനയോടെ എത്തിനോക്കാറുണ്ട്‌. ഇവരുടെ സഹതാപം കാരുണ്യമാകാറില്ല. മനുഷ്യസ്‌നേഹികള്‍ ഇടപെട്ടാല്‍ മാത്രമേ ഈ ദുരിതത്തില്‍ നിന്നു കുട്ടപ്പനു മോചനം ലഭിക്കൂ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ