2012, മേയ് 31, വ്യാഴാഴ്‌ച

ബിഎസ്‌എന്‍എല്‍ ലാന്‍ഡ്‌ ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക്‌ ദുരിതമായി

ബിഎസ്‌എന്‍എല്‍ ലാന്‍ഡ്‌ ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക്‌ ദുരിതമായി. തകരാറുകള്‍ യഥാസമയം പരിഹരിക്കുന്നില്ല എന്ന പരാതി നിലനില്‍ക്കേ ബില്‍തുക അടയ്‌ക്കുന്നതിനും ഉപഭോക്താക്കള്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണ്‌. മെയ്‌ മാസത്തില്‍ ലഭിച്ച ബില്ലുകള്‍ അടയ്‌ക്കുവാനെത്തിയവരോട്‌ ഏപ്രില്‍ മാസത്തില്‍ ബില്ലടച്ചതിന്റെ രസീത്‌ ഹാജരാക്കണമെന്ന നിര്‍ദ്ദേശമാണ്‌ പൊല്ലാപ്പായി മാറിയിരിക്കുന്നത്‌. ബിഎസ്‌എന്‍എല്‍ ഓഫീസുകളില്‍ ഏപ്രില്‍ മാസത്തില്‍ ബില്ലടച്ചവര്‍ക്കു പ്രശ്‌നമില്ല. ബാങ്കുകളിലും പോസ്റ്റ്‌ഓഫീസുകളിലും ബില്ലടച്ചവരാണ്‌ വെട്ടിലായിരിക്കുന്നത്‌. ആധുനികവത്‌കരണം നടന്നെങ്കിലും ഉപഭോക്താവ്‌ അടച്ച പണം കണ്ടെത്തുവാന്‍ കമ്പ്യൂട്ടറിനു പകരം പഴയ രസീതു തന്നെ വേണ്ടി വന്നിരിക്കുകയാണ്‌. ഇതുമൂലം പലര്‍ക്കും പിഴ കൂടാതെ ടെലിഫോണ്‍ ബില്ല്‌ അടയ്‌ക്കാനാവാതെ വന്നിരിക്കുകയാണ്‌. പൊതുമേഖലയെ നിലനിര്‍ത്താന്‍ സമരവുമായി നിരന്തരം ഇറങ്ങുന്ന ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ കഷ്‌ടപ്പാട്‌ കണ്ടില്ലെന്നു നടിക്കുകയാണ്‌. ബിഎസ്‌എന്‍എലിന്റെ ബില്ലിംഗ്‌ സിസ്റ്റം മാറിയതാണ്‌ പ്രശ്‌നമെന്നാണ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം. പുതിയ സോഫ്‌റ്റ്‌വെയര്‍ വന്നപ്പോള്‍ പഴയ കണക്കുകള്‍ കൃത്യമായി ലഭിക്കാത്തതാണ്‌ ബില്ലടയ്‌ക്കുന്നതിന്‌ തടസ്സമായിരിക്കുന്നത്‌. പഴയ ബില്ല്‌ അടച്ചതിന്റെ രസീത്‌ നഷ്‌ടപ്പെട്ടവര്‍ ഒരുമാസത്തെ അടച്ച ബില്‍തുക തന്നെ വീണ്ടും അടയ്‌ക്കണമെന്നാണ്‌ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്‌. എന്നുവച്ചാല്‍ കാശുകൊടുത്ത്‌ കടിക്കുന്ന പട്ടിയെ വാങ്ങി എന്നു പറഞ്ഞതുപോലെയായി ബിഎസ്‌എന്‍എല്‍ ലാന്‍ഡ്‌ഫോണ്‍ എടുത്തവര്‍.

യൂണിറ്റി ബുക്‌സ്‌ തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി

യൂണിറ്റി ബുക്‌സ്‌ തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി. ഡീപോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ്‌ ചേറ്റൂര്‍ വെഞ്ചരിപ്പുകര്‍മ്മം നിര്‍വഹിച്ചു. മന്ത്രി പി.ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. വിവിധ സ്‌കൂള്‍, കോളേജ്‌ പ്രതിനിധികള്‍ പുസ്‌തകപ്രസാധകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചാവറ മാട്രിമോണിഡോട്ട്‌കോമിന്റെ പതിനൊന്നാമത്‌ ശാഖ തൊടുപുഴ മങ്ങാട്ടുകവല എംപീസ്‌ ടവറില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ചാവറ മാട്രിമോണിഡോട്ട്‌കോമിന്റെ പതിനൊന്നാമത്‌ ശാഖ തൊടുപുഴ മങ്ങാട്ടുകവല എംപീസ്‌ ടവറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മന്ത്രി പി.ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ റ്റി.ജെ ജോസഫ്‌ ഫാ. റോബി കണ്ണന്‍ചിറ തുടങ്ങിയവര്‍ പങ്കെടുത്തു.

2012, മേയ് 29, ചൊവ്വാഴ്ച

ആരക്കുഴയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ പടി.കോടിക്കുളം വാഴക്കാല മാറാടികുന്നേല്‍ എംജെ ജോണിന്റെ ഭാര്യ ഡെയ്‌സി, മകന്‍ റോബിന്‍ എന്നിവരുടെ സംസ്‌കാരം വാഴക്കാല സെന്റ്‌ മേരീസ്‌ പള്ളിയില്‍

മൂവാറ്റുപുഴ ആരക്കുഴയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ പടി.കോടിക്കുളം വാഴക്കാല മാറാടികുന്നേല്‍ എംജെ ജോണിന്റെ ഭാര്യ ഡെയ്‌സി, മകന്‍ റോബിന്‍ എന്നിവരുടെ സംസ്‌കാരം വാഴക്കാല സെന്റ്‌ മേരീസ്‌ പള്ളിയില്‍ നടന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ വീട്ടിലും പള്ളിയിലും ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. എല്‍.ഐ.സി തൊടുപുഴ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരും ഏജന്റുമാരും ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു

2012, മേയ് 28, തിങ്കളാഴ്‌ച

യൂണിയന്‍ ബാങ്ക്‌ മാനേജരെ പീഡന കേസില്‍പെടുത്തിയ സംഭവം എസ്‌.പി. എ.വി. ജോര്‍ജ്ജ്‌ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ ഉത്തരവ്‌

1. യൂണിയന്‍ ബാങ്ക്‌ മാനേജര്‍ ബാങ്ക്‌ ഇടപാടുകള്‍ക്കായി എത്തുന്ന സ്‌ത്രീകളോട്‌ അപമര്യാദയായി പെറുമാറുന്നുണ്ടെന്ന വിവരം ലഭിച്ച എ.എസ്‌.പി. മേല്‍ കാര്യം പരിശോധിക്കുന്നതിനായി 25-7-2011 ല്‍ ഡബ്ല്യൂ.സി.പി.ഒ. 2784 പ്രമീളയേയും, 26-7-2011 ല്‍ ഡബ്ല്യു.സി.പി.ഒ. 3076 യമുനയേയും വായ്‌പ അപേക്ഷകര്‍ എന്ന വ്യാജേന ബാങ്കിലേക്ക്‌ അയക്കുന്നു. പ്രമീള മൊഴിയില്‍ പറയുന്നതിന്‌ വിരുദ്ധമായി മാനേജരുടെ പക്കല്‍ നിന്നും അപേക്ഷഫാറം വാങ്ങി കസേരയില്‍ ഇരിക്കുന്നതിന്‌ പകരം, മാനേജര്‍ വിളിക്കാതെ തന്നെ മാനേജരുടെ അടുത്തേക്ക്‌ നേരെ ചെന്ന്‌ ചേര്‍ന്ന്‌ നില്‍ക്കുന്നതായി സി.സി. ടി.വി. ദൃശ്യങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നു.
2. അന്യായകാരി മൊഴിയില്‍ പറയുന്നതിന്‌ വിരുദ്ധമായി 25-7-2011, 26-7-2011 തീയതികളില്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നതായി മൊബൈല്‍ ലൊക്കേഷനില്‍ നിന്നും വ്യക്തമാകുന്നു.
3. ബാങ്ക്‌ മാനേജരായ പേഴ്‌സി ജോസഫിനെ 26-7-2011 ഉച്ചയ്‌ക്ക്‌ 1.30ന്‌ വിളിച്ച്‌ വരുത്തിയതായും മൊബൈല്‍ ഫോണ്‍ പിടിച്ച്‌ വാങ്ങി മൃഗീയമായി മര്‍ദ്ദിച്ചതായും രഹസ്യ അന്വേഷണത്തില്‍ വ്യക്തമാകുന്നുണ്ട്‌. മര്‍ദ്ദനമേറ്റതായി ആശുപത്രി രേഖകളില്‍ നിന്നും മൊബൈല്‍ വീഡിയോ ക്ലിപ്പിംഗില്‍ നിന്നും വ്യക്തമാകുന്നുണ്ട്‌.
4. യമുനയുടെ മൊഴിയില്‍ മാനേജര്‍ അപമര്യാദയായി പെരുമാറിയതായി പറയുന്നില്ല.
5. പ്രമീള എ.എസ്‌.പി.യുടെ പ്രീതി പിടിച്ച്‌ പറ്റുന്നതിനായി തന്നെ പറഞ്ഞയച്ച പ്രശ്‌നം സത്യമാണെന്ന വ്യാജേന അതിശയോക്തി കലര്‍ന്ന കളവായ മൊഴി നല്‍കി.
6. പോലീസ്‌ സേനയില്‍ ഒമ്പത്‌ വര്‍ഷം സര്‍വ്വീസ്‌ ഉള്ള അന്യായകാരി മൊഴിയില്‍ പറഞ്ഞപ്രകാരം അപമര്യാദയായ പെരുമാറ്റം ഉണ്ടായാല്‍ ടി വിവരം ഉടനടി മറ്റുള്ളവരെ അറിയിക്കുകയും അപ്പോള്‍ തന്നെ സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കി കേസ്‌ എടുപ്പിക്കുമായിരുന്നുവെന്നും വ്യക്തമാണ്‌. എന്നാല്‍ പോലീസ്‌ നിര്‍ദ്ദേശപ്രകാരം സ്റ്റേഷനില്‍ സ്വയമേ ഹാജരായ ബാങ്ക്‌ മാനേജരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന്‌ ടിയാള്‍ നിയമനടപടിയിലേക്ക്‌ നീങ്ങുമോ എന്നുള്ള ഭീതിയിലാണ്‌ സ്റ്റേഷനില്‍ കാലത്ത്‌ മുതല്‍ ഉണ്ടായിരുന്ന അന്യായക്കാരിയുടെ മൊഴി എടുത്ത്‌ അന്നേദിവസം കേസ്‌ രജിസ്റ്റര്‍ ചെയ്യുവാന്‍ ഇടവന്നത്‌. ടിയാളുടെ പരസ്‌പര വിരുദ്ധമായ മൊഴികളില്‍ നിന്നുതന്നെ ഇത്‌ വ്യക്തമാകുന്നു.
7. പോലീസ്‌ സ്റ്റേഷനില്‍ മൂന്നാംമുറ പാടില്ലായെന്ന കര്‍ശന നിര്‍ദ്ദേശം നിലവില്‍ ഉണ്ടായിട്ടും ഒരു ദേശസാല്‍കൃത ബാങ്കിലെ സീനിയര്‍ മാനേജരെ വിളിച്ച്‌ വരുത്തി ഇതേരീതിയില്‍ വാസ്‌തവ വിരുദ്ധമായ കേസില്‍ പെടുത്തുകയും മൃഗീയമായ രീതിയില്‍ മര്‍ദ്ദിക്കുകയും വഴി പോലീസിന്റെ മേല്‍ പ്രവര്‍ത്തി തികച്ചും അന്യായമാണെന്ന്‌ വ്യക്തമാകുന്നു.
8. സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കാമായിരുന്ന കുറ്റമായിട്ടുകൂടി ആയത്‌ നല്‍കാതെ പത്രമാധ്യമങ്ങളെ വിളിച്ച്‌ വരുത്തി ഫോട്ടോയും മറ്റും എടുപ്പിച്ചതും മജിസ്‌ട്രേറ്റിന്‌ മുന്നില്‍ ഹാജരാക്കിയതും നീതി നിഷേധമാണ്‌.
9. ബാങ്ക്‌ മാനേജര്‍ പേഴ്‌സി ജോസഫിന്‌ സ്വഭാവദൂഷ്യം ഉള്ളതായി പറയുന്നു എന്നത്‌ മൊഴിയായി നല്‍കാന്‍ ആരും തയ്യാറാകുന്നില്ല. മേല്‍പറഞ്ഞ റിപ്പോര്‍ട്ടുകളും മറ്റുരേഖകളും സര്‍ക്കാര്‍ വിശദമായി പരിശോധിച്ചു. ആയതില്‍ നിന്നും താഴെപറയുന്ന കാര്യങ്ങള്‍ വ്യക്തമാകുന്നു.
എ) ബാങ്ക്‌ മാനേജര്‍ മുഖ്യമന്ത്രിക്ക്‌ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി ഇടുക്കി ജില്ല പോലീസ്‌ മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ഏകപക്ഷീയവും വസ്‌തുതകള്‍ക്കും സത്യത്തിനും നിരക്കാത്തതാണ്‌. അന്വേഷണ ഉദ്യോഗസ്ഥന്‍ ലഭ്യമായ തെളിവുകള്‍ പരിശോധിക്കുകയോ ബന്ധപ്പെട്ട ആശുപത്രി രേഖകള്‍, സ്വതന്ത്ര സാക്ഷികള്‍ എന്നിവ പരിഗണിക്കുകയോ ചെയ്‌തിട്ടില്ല. ഒരു ദേശസാല്‍കൃത ബാങ്ക്‌ ആകുമ്പോള്‍ അവിടെ ദൈനംദിന പ്രവര്‍ത്തികള്‍ റിക്കോര്‍ഡ്‌ ചെയ്‌തു വെയ്‌ക്കപ്പെടും എന്ന സാമാന്യ തത്വം ജില്ലാപോലീസ്‌ മേധാവി ഉള്‍കൊണ്ടതുമില്ല. ആ ദിവസത്തെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച്‌ ഒരു നിഗമനത്തില്‍ എത്തുവാന്‍ ശ്രമിക്കാതെ കീഴുദ്യോഗസ്ഥര്‍ നല്‍കിയ കളവായ മൊഴികള്‍ രേഖപ്പെടുത്തി തികച്ചും നിരുത്തരവാദപരമായാണ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. ഇക്കാര്യം തന്നെ ചൂണ്ടിക്കാണിച്ച്‌ മനുഷ്യാവകാശ കമ്മീഷന്‍ 26-12-2011 ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ്‌ മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ നിരാകരിച്ച്‌ ഉത്തരവായിട്ടുണ്ട്‌.
ബി) ഈ സംഭവങ്ങള്‍ക്ക്‌ ആസ്‌പദമായ വിഷയം ഇത്രയും കലുഷിതമായതും ഒരു ദേശസാല്‍കൃത ബാങ്കിലെ സീനിയര്‍ മാനേജര്‍ക്ക്‌ പോലീസില്‍ നിന്നും അതിക്രൂരമായി മര്‍ദ്ദനമേല്‍ക്കുന്നതിനും വസ്‌തുതകള്‍ക്ക്‌ നിരക്കാത്ത രീതിയില്‍ ടിയാന്‌ എതിരെ വാസ്‌തവ വിരുദ്ധമായി കേസ്‌ ചാര്‍ജ്ജ്‌ ചെയ്യുവാന്‍ ഇട വന്നതും തൊടുപുഴ എ.എസ്‌.പി.യുടെ പക്വതയില്ലാത്ത പെരുമാറ്റം കൊണ്ടാണെന്ന്‌ വ്യക്തമാകുന്നു. സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിയും ദിനംപ്രതി പൊതുജനങ്ങളുമായും ഉദ്യോഗസ്ഥരുമായും ഇടപെടുന്നതുമായ ഒരു സീനിയര്‍ മാനേജരുടെ പേരില്‍ ഇത്തരം ഒരു ആരോപണം വന്നപ്പോള്‍ അതിന്റെ നിജസ്ഥിതിയെ പറ്റി വ്യക്തമായി അന്വേഷിക്കാതെ കേവലം ഒരു ഡബ്ല്യ.സി.പി.ഒ.യുടെ വ്യാജ മൊഴിയില്‍ വിശ്വസിച്ച്‌ ബാങ്ക്‌ മാനേജരെ അതിക്രൂരമായി മര്‍ദ്ദിക്കുവാന്‍ ഇടയാക്കിയത്‌ എ.എസ്‌.പി.യുടെ പിടിപ്പ്‌ കേടുകൊണ്ടാണ്‌. ഇവിടെയും ബാങ്കിലെ ദൈനംദിന പ്രവര്‍ത്തികള്‍ റിക്കോര്‍ഡ്‌ ചെയ്യുന്ന ആധുനിക ഇലക്‌ട്രോണിക്‌ മാധ്യമങ്ങളുടെ വിവരം തേടാനുള്ള ബുദ്ധിപോലും എ.എസ്‌.പി. കാണിച്ചിട്ടില്ല.
സി) എ.എസ്‌.പി. മുമ്പാകെ വ്യജവും അസത്യവും ഒരു ഉന്നത ബാങ്ക്‌ ഉദ്യോഗസ്ഥനെ അപകീര്‍ത്തി പെടുത്തുന്ന രീതിയിലുള്ളതുമായ കെട്ടുകഥ ചമയ്‌ക്കുക വഴി പോലീസ്‌ സേനയെ മൊത്തത്തില്‍ അപകീര്‍ത്തി പെടുത്തുവാന്‍ വഴിയുണ്ടാക്കിയ ഡബ്ല്യു.സി.പി.ഒ. പ്രമീള എല്ലാ അര്‍ത്ഥത്തിലും അച്ചടക്ക സേനയിലെ ഒരു ഉദ്യോഗസ്ഥയായി തുടരാന്‍ അര്‍ഹതയില്ലാത്തതാണ്‌. പോലീസ്‌ സേനയില്‍ ഒമ്പത്‌ വര്‍ഷം സേവന ചരിത്രമുള്ള പ്രമീള കള്ളമാണെന്ന അറിവോടുകൂടി വ്യാജമൊഴികള്‍ പരസ്‌പര വിരുദ്ധമായി അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ നല്‍കിയതും, പരാമര്‍ശ ദിവസങ്ങളില്‍ സ്റ്റേഷനില്‍ ഉണ്ടായിട്ടും ഇല്ലായിരുന്നുവെന്ന വ്യാജ പ്രസ്‌താവന നല്‍കിയതും ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക നടപടിയും അര്‍ഹിക്കുന്നതാണ്‌.
ഡ) അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ വ്യാജമൊഴി നല്‍കുകയും തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ബാങ്ക്‌ മാനേജരായ പരാതിക്കാരന്‌ എതിരെ വാസ്‌തവ വിരുദ്ധമായ കേസ്‌ രജിസ്റ്റര്‍ ചെയ്യുക, മര്‍ദ്ദിക്കുക, മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പെരുമാറുക, സ്റ്റേഷനില്‍ നിന്നും ജാമ്യം നല്‍കാവുന്ന കേസ്‌ ആയിട്ടുകൂടി ആയത്‌ നല്‍കാതിരിക്കുക എന്നിവ ചെയ്‌ത എസ്‌.ഐ. മുരളീധരന്‍ നായര്‍ ഗുരുതരമായ കൃത്യവിലോപവും അച്ചടക്കരാഹിത്യവും പ്രവര്‍ത്തിക്കുക വഴി പോലീസ്‌ സേനയ്‌ക്ക്‌ കളങ്കം വരുത്തുന്ന പ്രവര്‍ത്തി ചെയ്‌തതിനാല്‍ അച്ചടക്ക നടപടിക്ക്‌ അര്‍ഹനാണ്‌.
ഇ) ലഭ്യമായ തെളിവുകളില്‍ നിന്നും പേഴ്‌സി ജോസഫ്‌ യൂണിയന്‍ ബാങ്ക്‌ മാനേജര്‍ക്ക്‌ അതിക്രൂരവും മൃഗീയവുമായ രീതിയില്‍ മര്‍ദ്ദനമേറ്റതായി വ്യക്തമാകുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ എ.എസ്‌.പി. ഉള്‍പ്പടെയുള്ള പോലീസ്‌ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചിട്ടില്ലായെന്ന മൊഴി നല്‍കിയാലും ആശുപത്രി രേഖകളും ടിയാള്‍ക്ക്‌ പോലീസ്‌ മെഡിക്കല്‍ പരിശോധനയ്‌ക്കായി ആശുപത്രയില്‍ വിട്ടപ്പോള്‍ അവിടെ നിന്ന്‌ നല്‍കിയ ചികിത്സാരീതിയും ശരീരത്ത്‌ മര്‍ദ്ദനമേറ്റ പാടുകളും പോലീസ്‌ മൂന്നാമുറ പ്രയോഗിച്ചു എന്നതിന്‌ തെളിവാണ്‌. ആയതിനാല്‍ എ.എസ്‌.പി.യും ടി ഉദ്യോഗസ്ഥയുടെ കൂടെ അന്നേദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നാല്‌ പോലീസുകാരും ഇതില്‍ കുറ്റാരോപിതരാണ്‌. ഗുരുതരമായ അച്ചടക്ക ലംഘനവും ക്രിമിനല്‍ കുറ്റവുമാണ്‌ അവര്‍ ചെയ്‌തിരിക്കുന്നത്‌.
മേല്‍പ്പറഞ്ഞ വസ്‌തുതകളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ താഴെ പറയുംവിധം ഉത്തരവാകുന്നു.
എ) എസ്‌.ഐ. കെ.വി. മുരളീധരന്‍ നായര്‍, ഡബ്ല്യു.സി.പി.ഒ. പ്രമീള, തൊടുപുഴ എ.എസ്‌.പി. ഓഫീസില്‍ 26-7-2011 ന്‌ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റു നാല്‌ പോലീസുകാര്‍ എന്നിവരെ അച്ചടക്ക നടപടിക്ക്‌ വിധേയമായി ഉടന്‍ തന്നെ സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടതാണ്‌. സംസ്ഥാന പോലീസ്‌ മേധാവി ഇവര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ച്‌ സമയബന്ധിതമായി നടപടി റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ സമര്‍പ്പിക്കേണ്ടതാണ്‌.
ബി) സംസ്ഥാന പോലീസ്‌ മേധാവി, പേഴ്‌സിക്കെതിരെ പോലീസ്‌ രജിസ്റ്റര്‍ ചെയ്‌ത ക്രൈം കേസ്‌ നമ്പര്‍ 1074/2011 ഡി.വൈ.എസ്‌.പി.യില്‍ കുറയാത്ത റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ കൊണ്ട്‌ അന്വേഷണം നടത്തി രണ്ട്‌ മാസത്തിനകം റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ സമര്‍പ്പിക്കേണ്ടതാണ്‌.
സി) ഒരു ബാങ്ക്‌ മാനേജര്‍ക്കെതിരെ വാസ്‌തവ വിരുദ്ധമായ കാര്യത്തില്‍ കേസ്‌ ചാര്‍ജ്ജ്‌ ചെയ്യാന്‍ ഇടവരുത്തുകയും ടിയാനെ മൃഗീയമായി മര്‍ദ്ദിക്കുന്നതിന്‌ നേതൃത്വം കൊടുക്കുകയും വഴി തൊടുപുഴ എ.എസ്‌.പി. നിഷാന്തിനി പോലീസ്‌ സേനയ്‌ക്ക്‌ കളങ്കം വരുത്തുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ടിയാള്‍ക്ക്‌ എതിരെ അച്ചടക്ക നടപടി പൊതുഭരണ വകുപ്പ്‌ സ്വീകരിക്കുന്നതാണ്‌.
ഡി) പോലീസ്‌ സേനയ്‌ക്ക്‌ ആകെ കളങ്കം വരുത്തുകയും മാധ്യമ ശ്രദ്ധ പിടിച്ച്‌ പറ്റുകയും ചെയ്‌ത ഒരു കേസില്‍ മുഖ്യമന്ത്രി അന്വേഷണത്തിനായി നല്‍കിയ പരാതിയില്‍ വ്യക്തമായ അന്വേഷണം നടത്താതെയും സാക്ഷ്യമൊഴികള്‍ എടുക്കാതെയും തെളിവുകള്‍ ശേഖരിക്കാതിരിക്കുകയും വഴി കുറ്റവാളികളായ പോലീസ്‌ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നവിധത്തില്‍ തെറ്റായ അന്വേഷണ റിപ്പോര്‍ട്ട്‌ സര്‍ക്കാരിനും മനുഷ്യാവകാശ കമ്മീഷനും നല്‍കുകയും, മനുഷ്യാവകാശ കമ്മീഷന്‍ ടി റിപ്പോര്‍ട്ട്‌ നിരാകരിച്ചുകൊണ്ട്‌ ഉത്തരവാകാന്‍ ഇടയാകുകയും ചെയ്‌ത സാഹചര്യം സൃഷ്‌ടിക്കാന്‍ ഇടയാക്കിയ ഇടുക്കി ജില്ലാപോലീസ്‌ മേധാവി ജോര്‍ജ്ജ്‌ വര്‍ഗീസിനെതിരെ അച്ചടക്ക നടപടി പൊതുഭരണ വകുപ്പ്‌ സ്വീകരിക്കുന്നതാണ്‌.
ഇ) മേലില്‍ ഇത്തരം അധികാര ദുര്‍വിനിയോഗം ഒഴിവാക്കുവാന്‍ സംസ്ഥാന പോലീസ്‌ മേധാവി കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതാണ്‌.

ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം,


സാജന്‍ പീറ്റര്‍
പ്രിന്‍സിപ്പല്‍ സെക്രട്ടറി

2012, മേയ് 26, ശനിയാഴ്‌ച

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി മണക്കാട്‌ രാഷ്‌ട്രീയവിശദീകരണയോഗത്തില്‍ പ്രസംഗിച്ചതിന്റെ ഫുള്‍ടെസ്റ്റ്‌.....

ചന്ദ്രശേഖരന്‍വധം ഞങ്ങളുടെ നയമല്ല. ഞങ്ങള്‍ ചെയ്‌തിട്ടില്ല. ഇതൊക്കെ ആവര്‍ത്തിച്ചു പറഞ്ഞാലും നിന്നെയൊക്കെ വിടില്ലെന്ന മട്ടിലാണു കോണ്‍ഗ്രസുകാര്‍. പോലീസുകാരും കൂടെകൂടി ഞങ്ങളെ അങ്ങ്‌ ഒലത്തി കളയുമെന്നാണോ? ഞങ്ങള്‍ ചെയ്‌തതല്ലെന്നു പറഞ്ഞാല്‍ ചെയ്‌തതല്ല. ചെയ്‌താണെങ്കില്‍ ആണുങ്ങളെ ചെയ്‌താണെന്ന്‌ പറയുമല്ലോ. അതിന്റെ ന്യായവും പറയും. അതു പറയാനുള്ള ആര്‍ജവം സിപിഐ എമ്മിനുണ്ട്‌. ഇതു പാര്‍ട്ടി വെറേയാണ്‌. ചന്ദ്രശേഖരന്‍ മരിച്ചതു നിര്‍ഭാഗ്യകരമാണ്‌. ഖേദകരമാണ്‌. ദുഃഖകരമാണ്‌. പൈശാചികമാണ.്‌ അതിന്റെ കുറ്റവാളികളെ കണ്ടെത്തണം. നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ശിക്ഷിക്കണം. അത്‌ രാഷ്‌ട്രീയമായിമുതലെടുത്ത്‌ സിപിഐഎമ്മിനെ കോണകം ഉടുപ്പിക്കാന്‍ നോക്കേണ്ട. അതാണ്‌ ഞങ്ങളുടെ നിലപാട്‌. അതല്ല ഞങ്ങളെ ഒലത്തിയിട്ടുള്ളൂവെന്ന മട്ടിലാണ്‌ ഉമ്മന്‍ചാണ്ടി. ചില പോലീസ്‌ ഉദ്യോഗസ്ഥരും കൂടി ഞങ്ങള്‍ക്കിട്ട്‌ ഒലത്താനാണ്‌ പരിപാടിയെങ്കില്‍ ഞങ്ങള്‍ അതിനെ രാഷ്‌ട്രീയപരമായും നിയമപരമായുംനേരിടും.അതല്ലാതെ വെറേ എന്താണ്‌ വഴി. ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന്‌ ആരെല്ലാം പോയി. നാലുവര്‍ഷം മുമ്പു പോയതാണ്‌. ജനതദാളിനു പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം കൊടുത്തു. രണ്ടരവര്‍ഷം സിപിഐ എമ്മിന്‌. രണ്ടരവര്‍ഷം ജനതാദളിനെന്ന്‌ എല്‍ഡിഎഫ്‌ ചര്‍ച്ച ചെയ്‌തു തീരുമാനിച്ചു. ഇപ്പോള്‍ റെവ്യൂലേഷന്‍ നടത്താന്‍ റെവ്യൂലനറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ഉണ്ടാക്കി ഇറങ്ങിയ ആളാണല്ലോ അന്ന്‌ രണ്ടരവര്‍ഷം പ്രസിഡന്റായി ഇരുന്നത്‌. രണ്ടരവര്‍ഷം കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫിന്റെ തീരുമാനം അട്ടിമറിക്കാന്‍ നോക്കിയവരെ ഞങ്ങള്‍ പുറത്താക്കി. അങ്ങനെ പോയതാണ്‌ ഈ ചന്ദ്രശേഖരനും കൂട്ടരും. ഒഞ്ചിയത്ത്‌ സ്ഥാനമാനങ്ങല്‍ക്കുവേണ്ടിയുള്ള റെവ്യൂലഷനായിരുന്നു. അങ്ങനെ പോയതാണ്‌. എന്നിട്ടും തിരിച്ചു കൊണ്ടുവരാന്‍ ഞങ്ങള്‍ നോക്കി. കണ്ണൂര്‍ ജില്ല സെക്രട്ടറിക്ക്‌ ഇവരെ പരിചയമുണ്ട്‌ അനുകൂലസ്ഥിതി വന്നതാണ്‌. ആരോ അതിനു പിന്നില്‍ അണിനിരന്നിട്ടു അവരെ വിലക്കി. അങ്ങനെയാണു തിരിച്ചുവരാതെയിരുന്നത്‌. അതു കൊണ്ടു പാര്‍ട്ടിയില്‍ നിന്നും പോകുന്നവരെയെല്ലാം കൊല്ലലാണോ ഞങ്ങളുടെ പണി. ഒളിച്ചിരുന്നു കൊല്ലേണ്ട ആവശ്യമുണ്ട്‌. രാഷ്‌ട്രീയസംഘടനം ഉണ്ടാക്കിയാല്‍ പോരേ. എന്നിട്ടു ന്യായം പറഞ്ഞാല്‍ പോരേ. ഒരോന്നിനും ഒരോ ന്യായം പറയണം. അത്രയുള്ളൂ. അന്യായം പറയാന്‍ നന്നായി അറിയാം ഞങ്ങള്‍ക്ക്‌. അതു കൊണ്ടു ഞങ്ങളെ ഇതൊന്നും പഠിപ്പിക്കാന്‍ വരണ്ട. കല്യാണവീട്ടില്‍ നിന്നും ആരോ വിളിച്ചിട്ടു പോയെന്നാണ്‌ പറയുന്നത്‌. ജീവനില്‍ പേടിയുണ്ടെന്നു പറയുന്നു. ജീവനില്‍ പേടിയുണ്ടെന്നു പറഞ്ഞയാള്‍ അതുവഴി പോകുമോ. കൈയിലിരിപ്പ്‌ മോശമാണ്‌. അവിടെ ചെന്നത്‌ എങ്ങനെയാണെന്ന്‌ അറിയില്ല. ഇന്നോവ കാര്‍ ഇടിച്ചിട്ടു. വെട്ടി ഭീകരമായി കൊന്നു. നമുക്ക്‌ ഖേദമുണ്ട്‌. ആരാ ഖേദദം കേള്‍ക്കാനുള്ളത്‌. അറിഞ്ഞപ്പോഴേ ഉമ്മന്‍ചാണ്ടി പറഞ്ഞു കൊന്നതു ഭീമന്‍തന്നെ, സിപിഐ എം തന്നെ. ചെന്നിത്തലയും ഇതു പറഞ്ഞു. എല്ലാവരും പറഞ്ഞു. ഞങ്ങളെ പ്രതികൂട്ടില്‍ കയറ്റിയിട്ടു ഒലത്തുകയാണ്‌. ഞങ്ങളുടെ ഏരിയ സെക്രട്ടറിയെ പിടിച്ചു. എനിക്കു ദീര്‍ഘവര്‍ഷമായി അറിയാം. അശോകന്‍ ഒന്നുംഒരു കൊലപാതകവും ചെയ്യില്ല. സിപിഐഎം ചെയ്‌താല്‍ ചെയ്‌താണെന്ന്‌ പറയും. പോലീസ്‌ ഓഫീസര്‍മാരോടു ചോദിക്കും.എന്റെ സാറേ നമുക്ക്‌ അത്‌ ചെയ്‌തേക്കാം. പ്രതികളെ തന്നേക്കാം. ഇവിടുത്തെ പല പോലീസുകാര്‍ക്കും അറിയമല്ലോ ഞങ്ങള്‍ എങ്ങനെയാണു ചെയ്യുന്നതെന്ന്‌. നിയമപരമായി കോടതിയില്‍ വരുമ്പോള്‍ കൈരാര്യം ചെയ്‌താല്‍പോരേ. അതിനു തക്ക പ്രശ്‌നമുണ്ടോ ഇവിടെ. ചന്ദ്രശേഖരനെ കൊല്ലാന്‍ എന്താണ്‌ പ്രശ്‌നം. എന്തു നീതികരണം. ഒരു നീതികരണവുമില്ല. ചന്ദ്രശേഖരനെ കൊന്നതിന്റെ ഗുണം അവര്‍ക്കാണ്‌. സിപിഐഎമ്മിനാണോ? നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനെ ധീരമായി നേരിട്ടു കൊണ്ടിരിക്കുന്ന സിപിഐ എമ്മിനാണോ?. അല്ല. ഉമ്മന്‍ചാണ്ടിക്കാണ്‌. ചെന്നിത്തലക്കാണ്‌. കോണ്‍ഗ്രസിനാണ്‌. അയാള്‍ മരിച്ചതിന്റെ ഗുണഭോക്താക്കള്‍ ആരെന്ന്‌ കൊച്ചു കുഞ്ഞിനോടുചോദിച്ചാലും പറയും. സാക്ഷാല്‍ ഉമ്മന്‍ചാണ്ടി, യുഡിഎഫ്‌. അവരാണ്‌ ഗുണഭോക്താവ്‌. ഗുണഭോക്താക്കളെ കൊല്ലാന്‍ വഴിയുള്ളൂ. ദോഷകമാകട്ടെ സിപിഐഎമ്മിന്‌. ഞങ്ങളെ പ്രതികളാക്കി വിചാരണ ചെയ്യുകയാണ്‌. തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഈ പണി ചെയ്യുമോ. ഉപതെരഞ്ഞെടുപ്പ്‌ നടക്കുമ്പോള്‍ സാമാന്യബുദ്ധിയുള്ള ആരെങ്കിലും ഈ പണി ചെയ്യുമോ? ആരും ചെയ്യില്ല.
നൂറുക്കണക്കിനു വീടുകള്‍ക്കും ആയിരക്കണക്കിനു ആളുകള്‍ക്കും ഒഞ്ചിയത്ത്‌ നാശനഷ്‌ടം ഉണ്ടായി. അനവധി കോടിരൂപ നഷ്‌ടം. പോലീസ്‌ അവിടെ നിശബ്‌ദം. റെവ്യൂഷനറിക്കാരും കോണ്‍ഗ്രസും യുഡിഎഫും ഞങ്ങളുടെ ആളുകളുടെ വീടുകളും സ്വത്തുകളും തകര്‍ത്തു.ഇതിനെല്ലാം ഉത്തരംപറയേണ്ടിവരും. ഇതിനെല്ലാം വിടുപണി ചെയ്‌തത്‌ ആഭ്യന്തരമന്ത്രിയുടെ ചെരുപ്പു നക്കുന്ന പോലീസുകാരാണ്‌. നിന്നെയൊന്നും വെറുതെ വിടില്ല. നീയെല്ലാം ഉത്തരം പറയേണ്ടി വരും. ഞങ്ങളെ ഒരു കുന്തവും ചെയ്യില്ല. ചെയ്‌താല്‍ ചെയ്‌തെന്ന്‌ പറയും. കേസ്‌ എങ്ങനെയുണ്ടാകുന്നതെന്ന്‌ എനിക്കറിയാം. ഞാനൊരു പത്തിയിരൂന്നൂറ്‌ കേസില്‍ പ്രതിയായിട്ടുണ്ട്‌. തോട്ടം സമരത്തിനാണ്‌. എന്നെ പ്രതിയാക്കിയതു ഞാന്‍ വഴിയെ പോകാത്ത കേസിലും. എന്റെ പേര്‌ ഒന്നാം നമ്പരാണ്‌. ഒന്നാം പ്രതിയാണ്‌. പോലീസ്‌ കേസെടുക്കുന്നതു തോട്ടമുടമകളുടെ പണം കൈപ്പറ്റിയാണ്‌. എന്നെ ഒന്നും ഒരു കേസിലും ശിക്ഷിച്ചിട്ടില്ല. അതെല്ലാം നിയമപരമായി എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ ഞങ്ങള്‍ക്ക്‌ നന്നായി അറിയാം.
ലക്ഷക്കണക്കിനു പേരെ കൊന്നു കുഴിച്ചുമൂടിയവരാണ്‌ ചന്ദ്രശേഖരന്റെ പേര്‌ പറഞ്ഞ്‌ മനസ്‌തപിക്കാന്‍ വന്നിരിക്കുന്നത്‌. ഞങ്ങളിത്‌ ഇത്‌ വെറും പൂട പോലെയാണു കാണുന്നത്‌. അല്ല കണ്ടോ. ഞങ്ങളുടെ എല്ലാം പാര്‍ട്ടി പിരിച്ചുവിടുമെന്നാണ്‌ ഉമ്മന്‍ചാണ്ടിയും മറ്റാവന്‍മാരും ആവര്‍ത്തിക്കുന്നത്‌. കളി തുടങ്ങാന്‍ പോകുന്നതേയുള്ളൂ.ഞങ്ങള്‍ വെറും നിരപരാധി. ഇവരെ കൊല്ലുന്നവരെ കൊല്ലാന്‍ കഴിഞ്ഞിട്ടില്ല. ഞങ്ങളുടെ ബഷീറിനെ വെട്ടികൊന്നവനെയല്ലേ കോണ്‍ഗ്രസുകാര്‍ രക്ഷിച്ചത്‌. നെടുങ്കണ്ടത്ത്‌ അനീഷ്‌ രാജിനെ കോണ്‍ഗ്രസ്‌ കപാലികരാണ്‌ , പി.ടി.തോമസിന്റെ അനുയായികളാണ്‌ കുത്തി കൊന്നത്‌. കേസ്‌ പോലും കൈകാര്യം ചെയ്‌തില്ല. എന്നിട്ടാണു ചന്ദ്രശേഖരന്റെ കാര്യം. ചന്ദ്രശേഖരനൊക്കെ ജീവിച്ചു തീരാറായി ആളാണ്‌. ഇതോ 22 കാരന്‍. സഹാനുഭൂതി ഇവിടെയാണു വേണ്ടത്‌. അതു കൊണ്ടു ന്യായമൊന്നും പറയണ്ട. ഞങ്ങള്‍ക്കറിയാം. പീരുമേട്ടില്‍ അയ്യപ്പദാസിനെ കൊന്നു. 38 വയസുള്ള ചെറുപ്പക്കാരന്‍. കല്യാണം പോലും കഴിക്കാത്തവന്‍. ഏരിയകമ്മിറ്റി അംഗമായിരുന്നു. വെട്ടി വെട്ടി കൊന്നു. ഉമ്മന്‍ചാണ്ടിയുടെ ആളുകള്‍. ഉമ്മന്‍ചാണ്ടിയുടെ നേരിട്ട്‌ ബന്ധുക്കാരനായിരുന്നു ബാലു. അതിനു തിരിച്ചടിച്ചു. 1982ല്‍ ഞങ്ങള്‍ എന്തെല്ലാം കാണിച്ചു. ശാന്തന്‍പാറ, രാജാക്കാട്‌ മേഖലയില്‍ കോണ്‍ഗ്രസും പോലീസും പോലീസ്‌ ഗുണ്ടകളും തോക്കുമായി എസ്റ്റേറ്റുകളില്‍ പോയി യൂണിയന്‍ രാജി വെപ്പിച്ചു ഐഎന്‍ടിയുസി ഉണ്ടാക്കിച്ചു. നൂറുക്കണക്കിനു കേസ്‌ ഞങ്ങള്‍ക്കുമേല്‍. മത്തായി എന്നു പറയുന്ന ഒരു വായ്‌നോക്കി എസ്‌ഐ അവിടെ. ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ മറ്റൊരു വായ്‌നോക്കി. അഭ്യന്തരമന്ത്രി ഒരു വായ്‌നോക്കി വയലാര്‍രവി. ഇവര്‍ ചെയ്‌തതാണ്‌. ഞാനൊരു പ്രസ്‌താവന ഇറക്കി. 13 പേര്‍. വണ്‍, ടൂ, ത്രി, ഫോര്‍. ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാണു കൊന്നത്‌ ഒന്നിനെ. ഒന്നിനെ കുത്തി കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവച്ച്‌. രണ്ടാം പേരുകാരനെ കുത്തിക്കൊന്ന്‌. മൂന്നാം പേരുകാരനെ തല്ലിക്കൊന്ന്‌. അതോടുകൂടി ഖദര്‍ വലിച്ചിട്ട്‌ കോണ്‍ഗ്രസുകാര്‍ അവിടെ നിന്നു ഊളിയിട്ടു. പിന്നെ കുറച്ചുനാളത്തേക്കു ഞാനി ഖദറും ഇട്ടോട്ടു നടന്നോട്ടെ എന്നു ചോദിക്കുമായിരുന്നു. കാരണം എന്താ അടിപേടിച്ച്‌. അതു കൊണ്ട്‌ ഞങ്ങളെ ഒരുമാതിരി വെടിക്കൊട്ടുകാരന്റെ പട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കാനൊന്നും ആരും നോക്കേണ്ട. ഞങ്ങളിതെല്ലാം കുറെ കണ്ടതാണ്‌. കാരണം കൈകാര്യം ചെയ്‌ത ശീലമുണ്ട്‌. എന്തെല്ലാമാണ്‌ ഇവിടെ പറയുന്നത്‌. ചന്ദ്രശേഖരന്റെ മരണമെന്നുവച്ചാല്‍ ഇതിനുമുമ്പുവരെ ഇവിടെആരെയും കൊന്നിട്ടില്ല.
അഴിക്കോടന്‍ രാഘവന്‍ ജ്വലിക്കുന്ന രക്തസാക്ഷി. കോണ്‍ഗ്രസുകാരും നക്‌സലേറ്റുകാരും കൂടി കൊന്നില്ലേ. അന്നൊന്നുമില്ലാത്ത ആവേശമാണ്‌ ചന്ദ്രശേഖരന്റെ കാര്യത്തില്‍. ഗാന്ധിജി പോലും തോറ്റുപോകുന്ന വിപ്ലവം. വീരേന്ദ്രകുമാര്‍ എന്നു പറയുന്ന ഒരുത്തനുണ്ട്‌. കൂലിക്ക്‌ ആളെ വച്ചു എഴുതിക്കുകയാണ്‌. എന്നിട്ടു പുരസ്‌കാരം വാങ്ങിക്കുകയാണ്‌. വെറൊരുത്തിയുണ്ട്‌. ബംഗാളില്‍ നിന്നുവന്ന മഹതി. ജ്ഞാനപീഠം ജേതാവ്‌. ഇപ്പോഴും ബംഗാളില്‍ ആളുകളെ കൊല്ലുമ്പോള്‍ പ്രതികരിക്കാത്തവള്‍ കോഴിക്കോട്ടേക്കുവന്നാണ്‌ പ്രതികരിക്കുന്നത്‌. ഞങ്ങള്‍ അംഗീകരിക്കില്ല. തൊട്ടു,കണ്ടു, എന്നൊക്കെ പറഞ്ഞ്‌ വല്ലവരെയും പിടിക്കാതെ ചന്ദ്രശേഖരനെ കൊന്നവരെയാണ്‌ പിടിക്കേണ്ടത്‌. അതൊന്നും ചെയ്യാതെ ഞങ്ങളെ ഒതുക്കി കളയാനാണ്‌ പരിപാടിയെങ്കില്‍ അങ്ങനെ ഒതുങ്ങുന്നതല്ല. ഞങ്ങള്‍ പലതും ചെയ്യും. അന്നേരം നിയമമൊന്നും പറഞ്ഞ്‌ ഞങ്ങളെ നേരെ വരരുത്‌. മാര്‍ക്‌സിസ്റ്റുകാര്‍ അക്രമം നടത്തുന്നുണ്ടെന്ന്‌ പറയാന്‍ ഇടയാക്കരുത്‌. ഇവിടെ സമാധാനപരമായി പോകേമെന്നുള്ളൂ ഞങ്ങള്‍. അതു കൊണ്ടു ഇതൊന്നും ഞങ്ങള്‍ക്ക്‌ ബാധകമല്ല.
അവിടെ പ്രതിപക്ഷനേതാവ്‌ വി.എസ്‌ പോയി. പോകേണ്ട കാര്യമില്ലായിരുന്നുവെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ഉത്തമനായ കമ്യൂണിസ്റ്റാണെന്നു പറഞ്ഞ്‌ പ്രസ്‌താവനയിറക്കിരിക്കുന്നു. പാര്‍ട്ടി പൊളിക്കാന്‍ നടക്കുന്നവനാണോ ഉത്തമ കമ്യൂണിസ്റ്റ്‌. ഇതിനോടൊന്നും യോജിപ്പില്ല. അക്രമം നടത്തുകയും പാര്‍ട്ടി വിട്ടു പോകുന്നവരെയും കൊല്ലുന്നതു ഞങ്ങളുടെ പരിപാടിയല്ല. അതേ സമയം ഞങ്ങളെ കൈകാര്യം ചെയ്‌താല്‍ തിരിച്ചടിക്കും. ശേഷിയുള്ളിടത്ത്‌ അതനുസരിച്ചു ചെയ്യും. ശേഷി കുറഞ്ഞിടത്ത്‌ പ്രതിഷേധിക്കും. പിന്നെ തീരെ വയ്യെന്ന്‌ വരികയാണെങ്കില്‍ വെളിയില്‍ നിന്നു ആളെ കൊണ്ടുവന്നു തല്ലേണ്ടി വരും. ഞങ്ങളെ തേജോവധം ചെയ്യാന്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തി കൊലക്കേസ്‌ ഞങ്ങളുടെ തലയില്‍ കെട്ടിവച്ചാല്‍ സര്‍വശക്തിയെടുത്ത്‌ അതിനെ എതിര്‍ക്കും. ആര്‍ക്കും സംശയം വേണ്ട. ഇയ്‌ക്കിടെ മുന്നണിയില്‍ നിന്നും ഞങ്ങള്‍ക്കിട്ട്‌ പണിയുന്നവര്‍. സിപിഐ ഉള്‍പ്പെടുന്ന നേതൃത്വത്തില്‍ 375 പേരെ കൊന്നു. പന്ന്യന്‍ രവീന്ദ്രനും സഖാക്കളും ഇതൊക്കെ മറന്നോ? ആയിരക്കണക്കിനു കമ്യൂണിസ്റ്റുകാരെ കൊന്ന കപാലികരായ കോണ്‍ഗ്രസുകാരാണ്‌ ചന്ദ്രശേഖരന്റെ പേരില്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നത്‌.
പത്രക്കാര്‍ എഴുതുകയാണ്‌. വി.എസ്‌, പ്രകാശ്‌ കാരാട്ടിനു കത്തെഴുതി. ആദ്യം കത്തില്‍ ഉള്ളടക്കമില്ല. ഉള്ളടക്കം അവര്‍ എഴുതി. വി,എസ്‌ അത്‌ തിരുത്തി കൊടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. അതു കഴിഞ്ഞയുടന്‍ രമേശ്‌ ചെന്നിത്തല പറയുകയാണ്‌, വി.എസ്‌ പാര്‍ട്ടി വിട്ടു വരുമെന്ന്‌. കമബൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച്‌ എല്ലാ ആനുകൂല്യവും പറ്റിയ നേതാവിനോടു വാ. വാ. വാ എന്നു പറയുമ്പോള്‍ ഇതിനോടു പ്രതികരിക്കേണ്ടത്‌ ഞാനാണോ?. അതിനു മര്യാദകാണിക്കേണ്ടത്‌ സഖാവ്‌ വി.എസാണ്‌. പ്രതികരിക്കാത്തത്‌ നിര്‍ഭാഗ്യകരമാണ്‌. പ്രതികരിക്കുമെന്ന്‌ ഞങ്ങള്‍ പ്രതിക്ഷിച്ചു. ഇനിയാണെങ്കിലും പ്രതികരിക്കുമെന്നാണ്‌ പ്രതീക്ഷ. കണ്ണൂര്‍ ലോബിയെന്ന്‌ പറഞ്ഞ്‌ പത്രക്കാര്‍ ഞങ്ങളെ പേടിപ്പിക്കേണ്ട. ഏതു പ്രതിസന്ധിയുണ്ടായാലും ശരിയായ നിലപാട്‌ സ്വീകരിക്കുന്ന ആളാണ്‌ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍. പാഴായ വാക്കുകള്‍ പറയാറില്ല. ഉപയോഗിക്കാറില്ല. കൃത്യമായി പ്രതികരിക്കും. പറഞ്ഞാല്‍ പിന്‍വലിക്കില്ല. അതാണ്‌ പാര്‍ട്ടി സെക്രട്ടറി.

തൊടുപുഴ വാര്‍ത്തകളിലൂടെ ഒരെത്തിനോട്ടം: കൊല്ലേണ്ടവരെ കൊന്ന് ശീലമുണ്ട്: എം.എം മണി

തൊടുപുഴ വാര്‍ത്തകളിലൂടെ ഒരെത്തിനോട്ടം: കൊല്ലേണ്ടവരെ കൊന്ന് ശീലമുണ്ട്: എം.എം മണി: തൊടുപുഴ: രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും സി.പി.എമ്മിന് ശീലമുണ്ടെന്ന് പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി...

കൊല്ലേണ്ടവരെ കൊന്ന് ശീലമുണ്ട്: എം.എം മണി

തൊടുപുഴ: രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും സി.പി.എമ്മിന് ശീലമുണ്ടെന്ന് പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി. കൊല്ലേണ്ടവരെ കൊല്ലുക തന്നെ ചെയ്യും. ഇനിയും കൊല്ലും. പീരുമേട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന അയ്യപ്പദാസിനെ കൊലപ്പെടുത്തിയ ബാലന്റെ കൊല ഉദാഹരണം. ഞങ്ങളുടെ അയ്യപ്പദാസ്. ഏരിയ കമ്മിറ്റി അംഗം പാവം കല്യാണം പോലും കഴിച്ചിട്ടില്ല. ഈ ഉമ്മന്‍ ചാണ്ടിയുടേയും പി.ടി തോമസിന്റെയും ആളുകള്‍ ചേര്‍ന്ന് വെട്ടിവെട്ടിക്കൊന്നു. അതിന് മറുപടി കൊടുത്തില്ലേ

ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണ് വകവരുത്തിയത്. വെടിവെച്ചും തല്ലിയും കുത്തിയും കൊന്നു. ആദ്യത്തവനെ വെടിവെച്ചുകൊന്നു. ഒരാളെ തല്ലിക്കൊന്നു. മറ്റൊരുത്തനെ കുത്തിക്കൊന്നു. അതോടെ കോണ്‍ഗ്രസുകാര്‍ അവിടെനിന്ന് ഖദറും വിട്ട് ഊളയിട്ടു. സഖാക്കളെ കൊന്ന എല്ലാവരോടും പ്രതികാരം ചെയ്യാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട എന്ന് പറയുന്നതുപോലെ ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കേണ്ട. തൊടുപുഴയില്‍ പൊതുചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു മണിയുടെ വിവാദ പരാമര്‍ശങ്ങള്‍. കൊന്നാല്‍ കൊന്നെന്ന് പറയാന്‍ പാര്‍ട്ടിക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് ചൂണ്ടിക്കാട്ടി കേരളത്തില്‍ ഇത് ആദ്യത്തെ കൊലയൊന്നുമല്ലല്ലോ എന്ന് മണി പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ ഉത്തമനായ കമ്യൂണിസ്റ്റാണെന്ന് വി.എസ് പറഞ്ഞത് ശരിയായില്ല. ചന്ദ്രശേഖരന്റെ സംസ്‌കാര ചടങ്ങില്‍ വി.എസ് പങ്കെടുത്തത് ശരിയല്ല. പാര്‍ട്ടിയെ പൊളിക്കാന്‍ നടക്കുന്നവര്‍ എങ്ങനെ ഉത്തമനായ കമ്യൂണിസ്റ്റാകും-അദ്ദേഹം ചോദിച്ചു.

ടി.പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. വി.എസ് തിരുത്താത്ത തെറ്റാണ്. കേന്ദ്രനേതൃത്വത്തിന് വി.എസ് അയച്ചുവെന്ന് പറയുന്ന വ്യാജ കത്തിനെ തിരുത്താന്‍ അദ്ദേഹം തയാറായില്ല. വി.എസ് സി.പി.എം വിട്ട് വരണമെന്ന് രമേശ് ചെന്നിത്തലയും കെ.എം മാണിയും സ്വാഗതം ചെയ്യുന്നു. വി.എസ് ഇതിനോട് പ്രതികരിക്കാത്തതും തെറ്റ്. ഗാന്ധിയെക്കാള്‍ വലിയ മഹാനായി ടി.പിയെ സി.പി.ഐ അടക്കമുള്ളവര്‍ കാണുന്നു.

രാഷ്ട്രീയ പ്രതിയോഗികളെ ആശയപരമായിട്ടാണ് സി.പി.എം നേരിടാറുള്ളതെന്ന് പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ ആവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറി തന്നെ പ്രതിയോഗികളെ വകവരുത്തി ശീലമുണ്ടെന്ന് പരസ്യമായി പറയുന്നത്‌

2012, മേയ് 24, വ്യാഴാഴ്‌ച

പോലീസ്‌ സേന സാമൂഹിക വിരുദ്ധര്‍ക്ക്‌ ഒത്താശ ചെയ്‌തു; ജനം നടുറോഡില്‍ കുടുങ്ങി

പോലീസ്‌ സേന സാമൂഹിക വിരുദ്ധര്‍ക്ക്‌ ഒത്താശ ചെയ്‌തു;
ജനം നടുറോഡില്‍ കുടുങ്ങി
തൊടുപുഴ : ഹര്‍ത്താലിന്റെ മറവില്‍ ഇടുക്കി ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടി. ജനങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കേണ്ട പോലീസ്‌ ആകട്ടെ മദ്യലഹരിയില്‍ റോഡില്‍ കുഴപ്പങ്ങള്‍ സൃഷ്‌ടിച്ചവര്‍ ഹര്‍ത്താല്‍ അനുകൂലികളാണെന്ന രീതിയില്‍ അവര്‍ക്ക്‌ സംരക്ഷണം നല്‍കുകയായിരുന്നത്രേ. ഇതേസമയം ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ പ്രകടനം നടത്തിയതല്ലാതെ വാഹനം തടയാന്‍ ശ്രമിച്ചില്ല. പക്ഷേ കുറുവടിയും അക്രമ ലക്ഷണവുമായി ആര്‌ റോഡില്‍ ഇറങ്ങിയാലും പോലീസ്‌ അവര്‍ക്ക്‌ സല്യൂട്ട്‌ ചെയ്യുകയായിരുന്നു. ഹര്‍ത്താലാണെങ്കില്‍ ഏത്‌ കള്ള്‌ കുടിയനും പോലീസ്‌ സംരക്ഷണയില്‍ വാഹനങ്ങള്‍ തടയാം. വ്യാഴാഴ്‌ച നടന്ന ഹര്‍ത്താലിലാണ്‌ പോലീസിന്റെ നിഷ്‌ക്രിയത്വ മനോഭാവം ഒരിക്കല്‍ കൂടി പ്രകടമായത്‌. തൊടുപുഴ ടൗണിലും ചുങ്കത്തും കോലാനിയിലും മദ്യപിച്ച്‌ ഇരുചക്ര വാഹനങ്ങളില്‍ എത്തിയ ഏതാനും ചെറുപ്പക്കാര്‍ ഹര്‍ത്താലിന്റെ പേര്‌ പറഞ്ഞ്‌ വാഹനങ്ങള്‍ തടഞ്ഞിട്ടു. വാഹനത്തിലുള്ളവരുടെ യാത്രാ ഉദ്ദേശ്യം, സ്‌ത്രീകള്‍ ഉണ്ടെങ്കില്‍ വാഹനത്തിലുള്ള പുരുഷന്‍മാരുമായുള്ള ബന്ധം തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുശേഷം പത്ത്‌ മിനിറ്റ്‌ വാഹനം ഒതുക്കിയിട്ടശേഷം പോയാല്‍ മതിയെന്ന്‌ ഈ സംഘം നിര്‍ദ്ദേശിക്കുന്നു. ഇതിന്‌ സമീപം നിലയുറപ്പിച്ചിട്ടുള്ള പോലീസ്‌ സേന ചുണ്ടില്‍ പുഞ്ചിരിയുമായി നില്‍ക്കുന്നു. ഹര്‍ത്താലിന്റെ മറവില്‍ റോഡില്‍ ശല്യം ഉണ്ടാക്കുന്ന സാമൂഹിക വിരുദ്ധര്‍ക്ക്‌ സംരക്ഷണം നല്‍കുന്ന രീതിയില്‍ പോലീസ്‌ കാവല്‍ നില്‍ക്കുകയായിരുന്നു. നിസഹായരായ വാഹന യാത്രക്കാരുടെ ബുദ്ധിമുട്ട്‌ കണ്ടില്ലെന്ന്‌ നടിക്കുന്ന നിലപാടിലായിരുന്നു പോലീസ്‌ ഉദ്യോഗസ്ഥര്‍. ഇതുസംബന്ധിച്ച്‌ ചിലര്‍ ജില്ലാപോലീസ്‌ ചീഫിനെ വിവരം ധരിപ്പിച്ചെങ്കിലും ഇവിടെ ഇങ്ങനെയേ നടക്കൂ എന്ന മറുപടിയാണത്രേ ലഭിച്ചത്‌. ഹെല്‍മറ്റ്‌ വേട്ട, സീറ്റ്‌ ബെല്‍റ്റ്‌ വേട്ട, സാമൂഹിക വിരുദ്ധര്‍ക്ക്‌ സല്യൂട്ട്‌ ഇങ്ങനെ മാറിയിരിക്കുന്നു നമ്മുടെ പോലീസെന്ന്‌ പറയേണ്ട സ്ഥിതിയാണ്‌. പോലീസുകാര്‍ സംഘടനാ സ്വാതന്ത്ര്യം നേടിയതോടെ എസ്‌.ഐ. മുതല്‍ താഴോട്ടുള്ളവര്‍ മാത്രമാണ്‌ ഫീല്‍ഡിലുള്ളത്‌. സി.ഐ. മുതല്‍ മുകളിലോട്ടുള്ളവര്‍ വലിയ ഇരകള്‍ വരുന്നതും കാത്ത്‌ ഓഫീസുകളില്‍ തന്നെ ചടഞ്ഞ്‌ കൂടുകയാണ്‌. തൊടുപുഴയില്‍ വനിത എ.എസ്‌.പി. സ്ഥലം മാറിയ ശേഷം ഡി.വൈ.എസ്‌.പി. ചുമതലയേറ്റെങ്കിലും അങ്ങനെയൊരാള്‍ ഉള്ളതായി യാതൊരു അറിവുമില്ലാത്ത സ്ഥിതിയാണ്‌. കഞ്ചാവ്‌ കച്ചവടക്കാരും പിടിച്ച്‌ പറിക്കാരും നഗരത്തില്‍ വിലസുന്ന സ്ഥിതിയാണ്‌. ജനനേതാക്കളാകട്ടെ ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലായെന്ന മനോഭാവത്തിലും - കാരണം ഇവര്‍ക്കും കിട്ടുമല്ലോ സല്യൂട്ട്‌.
ഇനി ബംഗാളികളെ കേരള പോലീസില്‍ ചേര്‍ക്കേണ്ടി വരുമോയെന്ന സംശയവും ജനങ്ങള്‍ക്ക്‌ ഉണ്ടായിട്ടുണ്ട്‌. നിര്‍ജ്ജീവമായി ജോലി ചെയ്യുന്ന നമ്മുടെ പോലീസ്‌ സേനയെ സജീവമാക്കാന്‍ ബംഗാളികളും വേണ്ടി വന്നേക്കാം - കാരണം മറ്റെല്ലാ മേഖലകളും ഇവര്‍ കീഴടക്കി കഴിഞ്ഞല്ലോ.

2012, മേയ് 23, ബുധനാഴ്‌ച

എം. ജെ ചാക്കോ (71)

തൊടുപുഴ : കരിങ്കുന്നം കുമ്മാച്ചിറ മുളയാനിക്കുന്നേല്‍ എം. ജെ ചാക്കോ (71) നിര്യാതനായി. സംസ്‌കാരം ശനിയാഴ്‌ച രാവിലെ 10ന്‌ കരിങ്കുന്നം സെന്റ്‌ അഗസ്റ്റ്യന്‍സ്‌ പള്ളിയില്‍. ഭാര്യ പരേതയായ മേഴ്‌സി അറുന്നൂറ്റിമംഗലം തച്ചേട്ട്‌ കുടുംബാംഗമാണ്‌. മക്കള്‍ : നമിത (യുഎസ്‌എ), നയന (മലേഷ്യ). മരുമക്കള്‍ : മിലന്‍ വട്ടത്തില്‍ (കോട്ടയം), ബിനോയി കീരിമുകളേല്‍ (നീണ്ടൂര്‍).

വിജയകുമാര്‍ (49)

തൊടുപുഴ : വഴിത്തല കുഴിവേലിക്കണ്ടത്തില്‍ (ചെറുപന്തളങ്ങായില്‍) പരേതനായ രാമകൃഷ്‌ണന്‍ നായരുടെ മകന്‍ വിജയകുമാര്‍ (49) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30ന്‌ വീട്ടുവളപ്പില്‍. ഭാര്യ ഷൈലജാദേവി പാലക്കുഴ പൊന്നാട്ട്‌ കുടുംബാംഗം. മക്കള്‍ : യദു കൃഷ്‌ണന്‍, ശ്രീലക്ഷ്‌മി (ഇരുവരും പാലക്കുഴ ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). മാതാവ്‌ സരസ്വതിയമ്മ. സഹോദരങ്ങള്‍ : മന്മഥന്‍ നായര്‍ (എ.എസ്‌.ഐ. എറണാകുളം), എ. ആര്‍. സത്യന്‍ (കെ.പി. ചാക്കോ & സണ്‍സ്‌ കാക്കനാട്ട്‌ ജൂവലറി, തൊടുപുഴ), ശ്രീകല ഉണ്ണികൃഷ്‌ണന്‍ (അമ്പാടിയില്‍, തൊടുപുഴ).

2012, മേയ് 19, ശനിയാഴ്‌ച

വൈദ്യുതിയുടെ ഈറ്റില്ലമായ ഇടുക്കി ജില്ലയില്‍ ഇനിയും വൈദ്യുതീകരിക്കപ്പെടാത്ത ഗ്രാമങ്ങള്

വൈദ്യുതിയുടെ ഈറ്റില്ലമായ ഇടുക്കി ജില്ലയില്‍ ഇനിയും വൈദ്യുതീകരിക്കപ്പെടാത്ത ഗ്രാമങ്ങള്‍. കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മുളപ്പുറം കൂട്ടക്കല്ല്‌ നിവാസികള്‍ക്കാണ്‌ ഈ ദുരിതം

യാത്രയയപ്പ്‌ നല്‍കി


തൊടുപുഴ : വിജ്ഞാനമാതാ പള്ളിയില്‍ നിന്നും കോടിക്കുളം സെന്റ്‌ ആന്‍സ്‌ പള്ളിയിലേക്ക്‌ സ്ഥലം മാറിപ്പോകുന്ന ഫാ. മാത്യു കാക്കനാടിന്‌ ഇടവക ജനങ്ങള്‍ യാത്രയയപ്പ്‌ നല്‍കി. ന്യൂമാന്‍കോളജ്‌ ബര്‍സാര്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്‌, പ്രൊഫ. ജോസഫ്‌ കോയിക്കക്കുടി, എന്‍ വി വര്‍ക്കി നിരപ്പേല്‍, മാത്യുസ്‌ ബെന്നി, സുബിന്‍ എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ. മാത്യു കാക്കനാട്ട്‌ മറുപടി പ്രസംഗം നടത്തി. ട്രസ്റ്റിമാരായ ബേബി ആലപ്പാട്ട്‌, ജോര്‍ജ്ജ്‌ തയ്യില്‍ എന്നിവര്‍ ഇടവകയുടെ ഉപഹാരം സമ്മാനിച്ചു.

2012, മേയ് 15, ചൊവ്വാഴ്ച

തകരാറിലായ ഫോണ്‍ രണ്ടാഴ്‌ചയായിട്ടും നന്നാക്കിയില്ല

തകരാറിലായ ഫോണ്‍ രണ്ടാഴ്‌ചയായിട്ടും നന്നാക്കിയില്ല
തൊടുപുഴ : വീക്ഷണം ഇടുക്കി ബ്യൂറോയിലെ ഫോണ്‍ തകരാറിലായി രണ്ടാഴ്‌ച ആയിട്ടും നന്നാക്കിയില്ല. നേരിട്ട്‌ പരാതി സ്വീകരിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കി ഓട്ടോമാറ്റിക്‌ പരാതി സ്വീകരിക്കല്‍ നടപടി തുടങ്ങിയതിനുശേഷം ബി.എസ്‌.എന്‍.എല്‍. ലാന്റ്‌ ഫോണുകള്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ്‌. തൊടുപുഴയിലുള്ള 222000 എന്ന നമ്പറില്‍ ഉപഭോക്താക്കള്‍ക്ക്‌ പരാതി പറയാമെങ്കിലും ഇവിടെ ഡ്യൂട്ടി നോക്കുന്ന വനിത ജീവനക്കാരി 198 എന്ന നമ്പറില്‍ പരാതി രേഖപ്പെടുത്താനുള്ള ഉപദേശമാണ്‌ നല്‍കുന്നത്‌. ബി.എസ്‌.എന്‍.എല്‍.-ലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കളുമായി കാണാമറയത്ത്‌ ഇരുന്ന്‌ ജോലി ചെയ്യുന്നതാണ്‌ ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ ദുരവസ്ഥയ്‌ക്ക്‌ കാരണം. വീക്ഷണം ഓഫീസിലെ ഫോണിന്റെ ലൈനിലെ തകരാറുമൂലം ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ലഭിക്കാത്തതാണ്‌ പ്രശ്‌നം. രണ്ടാഴ്‌ച മുമ്പ്‌ 198-ല്‍ നല്‍കിയ പരാതിക്ക്‌ തകരാര്‍ ശരിയായോ എന്ന ചോദ്യവുമായി ഇന്നലെ വൈകുന്നേരമാണ്‌ ലൈന്‍മാന്‍ ഇതേ ലാന്റ്‌ നമ്പറിലേക്ക്‌ വിളിക്കുന്നത്‌. ഇതിന്‌ മുമ്പ്‌ തകരാര്‍ പരിഹരിക്കാന്‍ വന്നപ്പോള്‍ ലൈനില്‍ നിന്നും ടെലിഫോണിലേക്ക്‌ ബന്ധിപ്പിക്കുന്ന കണക്‌ടറിലെ തകരാര്‍ ബോദ്ധ്യപ്പെട്ടിട്ടും പരിഹരിക്കാതെ പോകുകയായിരുന്നു. ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ കണക്‌ടര്‍ വാങ്ങേണ്ടത്‌ ഉപഭോക്താവിന്റെ ചുമതലയാണെന്ന മറുപടിയാണ്‌ ലൈന്‍മാന്‍ നല്‍കിയത്‌. പൊതുമേഖലയെ സംരക്ഷിക്കണമെന്ന്‌ പറഞ്ഞ്‌ ആഴ്‌ചയില്‍ ഒന്നുവീതം സമരവും ധര്‍ണ്ണയും നടത്തുന്ന ബി.എസ്‌.എന്‍.എല്‍. ജീവനക്കാര്‍ക്ക്‌ അവരുടെ ശമ്പളവര്‍ദ്ധനവില്‍ മാത്രമാണ്‌ താല്‍പ്പര്യം. ലാന്റ്‌ ഫോണുകള്‍ ഉപേക്ഷിക്കുവാന്‍ സാരോപദേശം നല്‍കുന്ന ചുമതലയാണ്‌ ഇപ്പോള്‍ ഭൂരിഭാഗം ലൈന്‍മാരും നിര്‍വ്വഹിക്കുന്നത്‌. സംഘടനാബലത്തില്‍ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന ഈക്കൂട്ടര്‍ ഒടുവില്‍ ബി.എസ്‌.എന്‍.എല്‍-ന്റെ അന്തകരായി മാറുമെന്നാണ്‌ സൂചന. ഈ പ്രശ്‌നം സംബന്ധിച്ച്‌ ബി.എസ്‌.എന്‍.എല്‍. കേരള ചീഫ്‌ മാനേജര്‍ക്ക്‌ ടെലിഫോണിലൂടെ പരാതി നല്‍കിയപ്പോള്‍ ലൈന്‍മാനോട്‌ സൗഹൃദമായി പെരുമാറി തകരാറ്‌ പരിഹരിക്കുന്നതാണ്‌ ബുദ്ധിയെന്നായിരുന്നു മറുപടി. പൊതുജനങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ ശീതീകരിച്ച മുറികളില്‍ ഇരിക്കുന്ന ഉന്നത ഉദ്യോഗസ്ഥരും താഴോട്ട്‌ പോന്നാല്‍ ലൈന്‍മാന്‍ വരെയുള്ളവര്‍ ചേര്‍ന്ന്‌ ബി.എസ്‌.എന്‍.എല്‍. തന്നെ ഇല്ലാതാക്കുന്ന കാലം അതിവിദൂരമല്ല.

ജോണ്‍ റെയ്‌നോള്‍ഡിന്റെ സംസ്‌കാരം നടത്തി

തൊടുപുഴ : കോട്ടയം സംക്രാന്തിയില്‍ പാറമടയില്‍ വീണ്‌ മരണമടഞ്ഞ എം.ബി.ബി.എസ്‌. വിദ്യാര്‍ത്ഥി കീരികോട്‌ പുല്‍പറമ്പില്‍ ജോണ്‍ റെയ്‌നോള്‍ഡിന്റെ സംസ്‌കാരം കല്ലാനിക്കല്‍ പള്ളിയില്‍ നടന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പാല മരിയന്‍ സെന്റര്‍ ചീഫ്‌ ഫിസിഷ്യന്‍ ഡോ. പി. ജെ. റെയ്‌നോള്‍ഡിന്റെയും ചങ്ങനാശ്ശേരി അസംപ്‌ഷന്‍ കോളേജ്‌ പ്രൊഫസര്‍ എലിസബത്തിന്റെയും മകനാണ്‌.

2012, മേയ് 14, തിങ്കളാഴ്‌ച

മാതൃകാ വിവാഹത്തിനൊപ്പം വധുവിന്റെ കവിതാസമാഹാരവും പുറത്തിറക്കി

തൊടുപുഴ : ജാതിമത ചിന്തകളും ആചാരാനുഷ്‌ഠാനങ്ങളും ദൂര്‍ത്തും സ്‌ത്രീധനവും ഒന്നുമില്ലാതെ ഒരു വിവാഹം നടത്തുക അസാദ്ധ്യമാണന്ന്‌ കരുതുന്നവര്‍ക്ക്‌ തെറ്റി. ഇത്തരത്തിലും മാതൃകപരമായി വിവാഹിതരാകാമെന്നു കഴിഞ്‌ ഞായറാഴ്‌ച രണ്ടു പേര്‍ തെളിയിച്ചിരിക്കുന്നു. ഒരു വിവാഹം വ്യത്യസ്ഥമാകുന്നത്‌ ലാളിത്യം കൊണ്ടും സാമൂഹിക പ്രതിബദ്ധതകൊണ്ടുമാണങ്കില്‍ അത്തരത്തില്‍ വ്യത്യസ്ഥമായ ഒരു വിവാഹത്തിന്‌ വേദിയാവുകയായിരുന്നു തൊടുപുഴ ടൗണ്‍ഹാള്‍.
വിവാഹ പ്രായം കഴിഞ്ഞ നിരവധി പെണ്‍കുട്ടികള്‍ സ്‌ത്രീധനം നല്‍കാനില്ലാത്തത്തിന്ററെ പേരില്‍ അവിവാഹിതരായി കഴിയുന്ന നാട്ടില്‍ വിവാഹ സല്‍ക്കാരത്തിന്റെ പേരില്‍ ആനയും അമ്പാരിയും എഴുന്നള്ളിച്ച്‌ വെടിക്കെട്ടും നടത്തി ആയിരങ്ങള്‍ക്ക്‌ കഴിക്കാനുള്ള ഭക്ഷണ സാധനങ്ങള്‍ കുഴിച്ചു മൂടി കളയുന്ന നാട്ടില്‍, വിവാഹത്തിന്റെ പവിത്രത ഒട്ടും ചോര്‍ന്നു പോകാതെ വളരെ ലളിതവും എന്നാല്‍ പ്രൗഡ ഗംഭീരവുമായി നടന്ന ഒരു മാതൃകാ വിവാഹത്തിനാണ്‌ കഴിഞ്ഞ ഞായറാഴ്‌ച തൊടുപുഴ ടൗണ്‍ സാക്ഷിയായത്‌
തൊടുപുഴയിലെ പ്രാദേശിക വാര്‍ത്താ ചാനലായ വി.ബി,സി. യിലെ ജീവനക്കാരിയും വളര്‍ന്നു വരുന്ന കവയത്രിയുമായ ജയ്‌നിയും പൊതു പ്രവര്‍ത്തകനും അദ്ധ്യാപകനും നോവലിസ്റ്റുമായ സിജു രാജാക്കാടുമാണ്‌ ജില്ലയിലേയും അയല്‍ ജില്ലകളിലേയും കലാ സാഹിത്യ പ്രവര്‍ത്തകരുടേയും സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെ വിവാഹിതരായത്‌. ഏതെങ്കിലും മതവിഭാഗത്തിന്റെ ആചാരങ്ങളൊന്നുമില്ലാതെ സ്‌പെഷ്യല്‍ മാര്യേജ്‌ ആക്‌ട്‌ പ്രകാരമായിരുന്നു വിവാഹം. വധൂവരന്‍മാര്‍ സ്റ്റേജില്‍ കേക്ക്‌ മുറിച്ച്‌ മധുരം പങ്കുവെച്ചു.
വിവാഹ വേദിയില്‍ വച്ചു തന്നെ ജയ്‌നിയുടെ ആദ്യ കവിതാ സമാഹാരമായ വീണ്ടുമൊരു മണ്ണാങ്കട്ടയും കരിയിലയും എന്ന പുസ്‌തകത്തിന്റെ പ്രകാശനവും നിര്‍വ്വഹിക്കപ്പെട്ടു. വിവിധ ആനുകാലികങ്ങളിലും മറ്റും പ്രസിദ്ധീകരിക്കപ്പെട്ട ഇരുപത്തെട്ട്‌ ജീവിതഗന്ധിയായ കവിതകളാണ്‌ ആ പുസ്‌തകത്തില്‍ അടങ്ങിയിരിക്കുന്നത്‌. മഹാത്മഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സിലെ ഡോ. ജോസ്‌ കെ. മാനുവല്‍ പ്രൊഫ. ജോയി മൈക്കിളിന്‌ നല്‍കിയാണ്‌ കവിതാ സമാഹാരത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്‌. സാഹിത്യകാരനായ ജോസ്‌ കോനാട്ട്‌ പുസ്‌തക അവലോകനം നടത്തി. വിവാഹ ചടങ്ങിന്‌ ആശംസകള്‍ അര്‍പ്പിക്കുന്നതിനായി നിരവധി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ എത്തിയിരുന്നു. എസ്‌.യു.സി.ഐ. നേതാക്കളായ ഡോ. വി. വേണുഗോപാല്‍, ജെയ്‌സണ്‍ ജോസഫ്‌, മിനി കെ. ഫിലിപ്പ്‌, സിബി സി. മാത്യു, എന്‍. വിനോദ്‌ കുമാര്‍, വീക്ഷണം ഇടുക്കി ബ്യൂറോ ചീഫ്‌ സാബു നെയ്യശ്ശേരി, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരായ സിസിലിയാമ്മ പെരുമ്പനാനി, അച്ചാമ്മ തോമസ്‌, മുട്ടം ശ്രീനി, രാജേന്ദ്രന്‍ പോത്തനാശ്ശേരി, കൈതക്കോട്‌ ജബ്ബാര്‍, കെ. എം. ജലാലുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു.

2012, മേയ് 13, ഞായറാഴ്‌ച

വഴിത്തല ശാന്തിഗിരി ആശ്രമ ദേവാലയത്തിന്റെ കൂദാശ

വഴിത്തല ശാന്തിഗിരി ആശ്രമ ദേവാലയത്തിന്റെ കൂദാശ

Vazhithala Santhigiri  Church യോടനുബന്ധിച്ച്‌ ചേര്‍ന്ന പൊതുസമ്മേളനം മന്ത്രി കെ. എം. മാണി ഉദ്‌ഘാടനം ചെയ്യുന്നു. ഫാ. ജോസ്‌ പന്തപ്ലാംതൊട്ടിയില്‍, ബിഷപ്പ്‌ മാര്‍ ജോര്‍ജ്ജ്‌ പുന്നക്കോട്ടില്‍, ഫാ. സിജന്‍ ഊന്നുകല്ലേല്‍, പി. സി. ജോസഫ്‌, ഫാ. പോള്‍ പാറേക്കാട്ടേല്‍, ജോബി മാത്യു പൊന്നാട്ട്‌ തുടങ്ങിയവര്‍ സമീപം.

2012, മേയ് 10, വ്യാഴാഴ്‌ച

വിവാഹത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചു

വിവാഹത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചു. പാറപ്പുഴ പുത്തന്‍കുളം ലൂക്കോസ്‌ -മേരി ദമ്പതികളാണ്‌ അന്‍പതാം വിവാഹവാര്‍ഷികം ആഘോഷിച്ചത്‌. ഇതോടനുബന്ധിച്ച്‌ പാറപ്പുഴ സെന്റ്‌ ജോസഫ്‌ പള്ളിയില്‍ ദിവ്യബലിയും അനുമോദനയോഗവും സ്‌നേഹവിരുന്നും നടത്തി.

vengalloor kuries inaguration

vengallor kuries inaguration

2012, മേയ് 8, ചൊവ്വാഴ്ച

താന്നിക്കല്‍ ടി.എം ജോസഫ്‌ (കുഞ്ഞാപ്പ്‌ – 86) നിര്യാതനായി.

മുതലക്കോടം താന്നിക്കല്‍ ടി.എം ജോസഫ്‌ (കുഞ്ഞാപ്പ്‌ – 86) നിര്യാതനായി. സംസ്‌കാരം ബുധനാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ്‌ ഫൊറോന പള്ളിയില്‍. ഭാര്യ അന്നക്കുട്ടി ആരക്കുഴ മണിയാട്ട്‌ കുടുംബാംഗമാണ്‌. മക്കള്‍ : ടി.ജെ മാത്യു (ബേബി, സൗത്ത്‌ ഇന്‍ഡ്യന്‍ ബാങ്ക്‌), ടി.ജെ ജോണ്‍ (റിട്ട. എച്ച്‌.എം) മോളി,ബെന്നി, ഷില്ലി (ബോട്‌സ്വാന), ഷാജി. മരുമക്കള്‍: ഫിലോമിന മണ്ണൂര്‍ മാറിക (റിട്ട.എച്ച്‌.എം) സെലിന്‍ കുന്നത്തുശ്ശേരില്‍ വണ്ണപ്പുറം (എച്ച്‌.എം, ചിന്നക്കനാല്‍), ജയിംസ്‌ കോണിക്കല്‍ (മുതലക്കോടം), സാലി വള്ളോപ്പിള്ളില്‍ പനംകൂട്ടി (സെന്റ്‌ ജോര്‍ജ്ജ്‌ എച്ച്‌.എസ്‌ ഉടുമ്പന്നൂര്‍), രാജു കുരിശുംമൂട്ടില്‍ ചങ്ങനാശ്ശേരി (ബോട്‌സ്വാന). http://timelynews.net/?p=11991

2012, മേയ് 5, ശനിയാഴ്‌ച

ജേസീസിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളില്‍ നടന്ന്‌ വന്ന സര്‍ഗ്ഗസംഗമം സമാപിച്ചു.

ജേസീസിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളില്‍ നടന്ന്‌ വന്ന സര്‍ഗ്ഗസംഗമം സമാപിച്ചു. തൃശൂര്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമ ഡയറക്‌ടര്‍ ഡോ. ഷിബു എസ്‌. കൊട്ടാരം, ഷിനില്‍ മണിപ്രസാദ്‌ എന്നിവരാണ്‌ പരിശീലനം നല്‍കിയത്‌. സമാപന സമ്മേളനം ജേസീസ്‌ പ്രസിഡന്റ്‌ ഡോ. ബോണി ജോസ്‌ ടോം ഉദ്‌ഘാടനം ചെയ്‌തു. ജൂണിയര്‍ ജേസീസ്‌ ചെയര്‍പേഴ്‌സണ്‍ അഞ്‌ജന ഏലിയാസ്‌ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോസ്‌ മോനിപ്പിള്ളി, പൂജ രാജേഷ്‌, ജെയിംസ്‌ ടി. മാളിയേക്കല്‍, പി.ജി. മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തൊടുപുഴ മൂണ്‍ലിറ്റ്‌ ഹോട്ടലില്‍ ചൈനീസ്‌ ഫുഡ്‌ ഫെസ്റ്റ്‌

തൊടുപുഴ മൂണ്‍ലിറ്റ്‌ ഹോട്ടലില്‍ ചൈനീസ്‌ ഫുഡ്‌ ഫെസ്റ്റ്‌ ആരംഭിച്ചു. ഒട്ടേറെ പുതുമയാര്‍ന്ന വിഭവങ്ങള്‍ ഫുഡ്‌ ഫെസ്റ്റില്‍ ഉണ്ടായിരിക്കുമെന്ന്‌ ജനറല്‍ മാനേജര്‍ അനില്‍ മേനോന്‍ പറഞ്ഞു.

പന്തയ്‌ക്കല്‍ ടെസ്സി ജോര്‍ജ്ജ്‌ നിര്യാതയായി

തൊടുപുഴ : ഏഴുമുട്ടം പന്തയ്‌ക്കല്‍ ഡോ. പി. ജെ. ജോര്‍ജ്ജിന്റെ ഭാര്യ ടെസ്സി (52) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ 2.30ന്‌ മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ്‌ ഫൊറോന പള്ളിയില്‍. പരേത തൃശൂര്‍ എലുവത്തിങ്കല്‍ കുടുംബാംഗമാണ്‌. മക്കള്‍ : അലന്‍ (വിദ്യാര്‍ത്ഥി, സിറ്റി കോളേജ്‌ മംഗലാപുരം), അമല്‍ (വിദ്യാര്‍ത്ഥി, എസ്‌.ആര്‍.എം. മെഡിക്കല്‍ കോളേജ്‌, ചെന്നൈ).

2012, മേയ് 4, വെള്ളിയാഴ്‌ച

സിസ്റ്റര്‍ ടെസ്സി നമ്പ്യാപറമ്പിലിന്റെ സംസ്‌കാരം മൂവാറ്റുപുഴ ഹോളിമാഗി പള്ളിയില്‍ നടന്നു

തൊടുപുഴ : കഴിഞ്ഞ ദിവസം നിര്യാതയായ കര്‍മ്മലീത്താ സഭാംഗം സിസ്റ്റര്‍ ടെസ്സി നമ്പ്യാപറമ്പിലിന്റെ സംസ്‌കാരം മൂവാറ്റുപുഴ ഹോളിമാഗി പള്ളിയില്‍ നടന്നു. കോതമംഗലം ബിഷപ്‌ മാര്‍ ജോര്‍ജ്ജ്‌ പുന്നക്കോട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വൈദികരും സന്യാസിനികളും ഉള്‍പ്പെടെ വന്‍ജനാവലി സംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുത്തു.

2012, മേയ് 3, വ്യാഴാഴ്‌ച

കരിമണ്ണൂര്‍ പോള്‍സ്‌ ബേക്കറി ഉടമ പോള്‍തോമസിന്റെ സംസ്‌കാരം


കഴിഞ്ഞ ദിവസം നിര്യാതനായ കരിമണ്ണൂര്‍ പോള്‍സ്‌ ബേക്കറി ഉടമ പോള്‍തോമസിന്റെ സംസ്‌കാരം കരിമണ്ണൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയില്‍ നടന്നു. വസതിയിലും പള്ളിയിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. പരേതനോടുള്ള ആദരസൂചകമായി വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ്‌ കരിമണ്ണൂരില്‍ വ്യാപാരസ്ഥാപനങ്ങള്‍ ഹര്‍ത്താല്‍ ആചരിച്ചു.

2012, മേയ് 2, ബുധനാഴ്‌ച

ഗ്രീന്‍പവര്‍ മാര്‍ക്കറ്റിംഗ്‌ പ്രവര്‍ത്തനം ആരംഭിച്ചു


തൊടുപുഴ വെങ്ങല്ലൂര്‍ ജംഗ്‌ഷനില്‍ ഗ്രീന്‍പവര്‍ മാര്‍ക്കറ്റിംഗ്‌ പ്രവര്‍ത്തനം ആരംഭിച്ചു. പ്രമുഖ ബ്രാന്‍ഡുകളുടെ ഇന്‍ഡസ്‌ട്രിയല്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍, യുപിഎസ്‌ ഇന്‍വെര്‍ട്ടര്‍ തുടങ്ങിയവയുടെ ഷോറൂമിന്റെയും സര്‍വ്വീസ്‌ സെന്ററിന്റെയും ഉദ്‌ഘാടനം തൊടുപുഴ ടൗണ്‍ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ കെ. ദീപക്‌ നിര്‍വഹിച്ചു