2012, മേയ് 14, തിങ്കളാഴ്‌ച

മാതൃകാ വിവാഹത്തിനൊപ്പം വധുവിന്റെ കവിതാസമാഹാരവും പുറത്തിറക്കി

തൊടുപുഴ : ജാതിമത ചിന്തകളും ആചാരാനുഷ്‌ഠാനങ്ങളും ദൂര്‍ത്തും സ്‌ത്രീധനവും ഒന്നുമില്ലാതെ ഒരു വിവാഹം നടത്തുക അസാദ്ധ്യമാണന്ന്‌ കരുതുന്നവര്‍ക്ക്‌ തെറ്റി. ഇത്തരത്തിലും മാതൃകപരമായി വിവാഹിതരാകാമെന്നു കഴിഞ്‌ ഞായറാഴ്‌ച രണ്ടു പേര്‍ തെളിയിച്ചിരിക്കുന്നു. ഒരു വിവാഹം വ്യത്യസ്ഥമാകുന്നത്‌ ലാളിത്യം കൊണ്ടും സാമൂഹിക പ്രതിബദ്ധതകൊണ്ടുമാണങ്കില്‍ അത്തരത്തില്‍ വ്യത്യസ്ഥമായ ഒരു വിവാഹത്തിന്‌ വേദിയാവുകയായിരുന്നു തൊടുപുഴ ടൗണ്‍ഹാള്‍.
വിവാഹ പ്രായം കഴിഞ്ഞ നിരവധി പെണ്‍കുട്ടികള്‍ സ്‌ത്രീധനം നല്‍കാനില്ലാത്തത്തിന്ററെ പേരില്‍ അവിവാഹിതരായി കഴിയുന്ന നാട്ടില്‍ വിവാഹ സല്‍ക്കാരത്തിന്റെ പേരില്‍ ആനയും അമ്പാരിയും എഴുന്നള്ളിച്ച്‌ വെടിക്കെട്ടും നടത്തി ആയിരങ്ങള്‍ക്ക്‌ കഴിക്കാനുള്ള ഭക്ഷണ സാധനങ്ങള്‍ കുഴിച്ചു മൂടി കളയുന്ന നാട്ടില്‍, വിവാഹത്തിന്റെ പവിത്രത ഒട്ടും ചോര്‍ന്നു പോകാതെ വളരെ ലളിതവും എന്നാല്‍ പ്രൗഡ ഗംഭീരവുമായി നടന്ന ഒരു മാതൃകാ വിവാഹത്തിനാണ്‌ കഴിഞ്ഞ ഞായറാഴ്‌ച തൊടുപുഴ ടൗണ്‍ സാക്ഷിയായത്‌
തൊടുപുഴയിലെ പ്രാദേശിക വാര്‍ത്താ ചാനലായ വി.ബി,സി. യിലെ ജീവനക്കാരിയും വളര്‍ന്നു വരുന്ന കവയത്രിയുമായ ജയ്‌നിയും പൊതു പ്രവര്‍ത്തകനും അദ്ധ്യാപകനും നോവലിസ്റ്റുമായ സിജു രാജാക്കാടുമാണ്‌ ജില്ലയിലേയും അയല്‍ ജില്ലകളിലേയും കലാ സാഹിത്യ പ്രവര്‍ത്തകരുടേയും സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെ വിവാഹിതരായത്‌. ഏതെങ്കിലും മതവിഭാഗത്തിന്റെ ആചാരങ്ങളൊന്നുമില്ലാതെ സ്‌പെഷ്യല്‍ മാര്യേജ്‌ ആക്‌ട്‌ പ്രകാരമായിരുന്നു വിവാഹം. വധൂവരന്‍മാര്‍ സ്റ്റേജില്‍ കേക്ക്‌ മുറിച്ച്‌ മധുരം പങ്കുവെച്ചു.
വിവാഹ വേദിയില്‍ വച്ചു തന്നെ ജയ്‌നിയുടെ ആദ്യ കവിതാ സമാഹാരമായ വീണ്ടുമൊരു മണ്ണാങ്കട്ടയും കരിയിലയും എന്ന പുസ്‌തകത്തിന്റെ പ്രകാശനവും നിര്‍വ്വഹിക്കപ്പെട്ടു. വിവിധ ആനുകാലികങ്ങളിലും മറ്റും പ്രസിദ്ധീകരിക്കപ്പെട്ട ഇരുപത്തെട്ട്‌ ജീവിതഗന്ധിയായ കവിതകളാണ്‌ ആ പുസ്‌തകത്തില്‍ അടങ്ങിയിരിക്കുന്നത്‌. മഹാത്മഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സിലെ ഡോ. ജോസ്‌ കെ. മാനുവല്‍ പ്രൊഫ. ജോയി മൈക്കിളിന്‌ നല്‍കിയാണ്‌ കവിതാ സമാഹാരത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്‌. സാഹിത്യകാരനായ ജോസ്‌ കോനാട്ട്‌ പുസ്‌തക അവലോകനം നടത്തി. വിവാഹ ചടങ്ങിന്‌ ആശംസകള്‍ അര്‍പ്പിക്കുന്നതിനായി നിരവധി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ എത്തിയിരുന്നു. എസ്‌.യു.സി.ഐ. നേതാക്കളായ ഡോ. വി. വേണുഗോപാല്‍, ജെയ്‌സണ്‍ ജോസഫ്‌, മിനി കെ. ഫിലിപ്പ്‌, സിബി സി. മാത്യു, എന്‍. വിനോദ്‌ കുമാര്‍, വീക്ഷണം ഇടുക്കി ബ്യൂറോ ചീഫ്‌ സാബു നെയ്യശ്ശേരി, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരായ സിസിലിയാമ്മ പെരുമ്പനാനി, അച്ചാമ്മ തോമസ്‌, മുട്ടം ശ്രീനി, രാജേന്ദ്രന്‍ പോത്തനാശ്ശേരി, കൈതക്കോട്‌ ജബ്ബാര്‍, കെ. എം. ജലാലുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു.

1 അഭിപ്രായം: