2. അന്യായകാരി മൊഴിയില്‍ പറയുന്നതിന് വിരുദ്ധമായി 25-7-2011, 26-7-2011 തീയതികളില്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നതായി മൊബൈല്‍ ലൊക്കേഷനില്‍ നിന്നും വ്യക്തമാകുന്നു.
3. ബാങ്ക് മാനേജരായ പേഴ്‌സി ജോസഫിനെ 26-7-2011 ഉച്ചയ്‌ക്ക് 1.30ന് വിളിച്ച് വരുത്തിയതായും മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങി മൃഗീയമായി മര്‍ദ്ദിച്ചതായും രഹസ്യ അന്വേഷണത്തില്‍ വ്യക്തമാകുന്നുണ്ട്. മര്‍ദ്ദനമേറ്റതായി ആശുപത്രി രേഖകളില്‍ നിന്നും മൊബൈല്‍ വീഡിയോ ക്ലിപ്പിംഗില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
4. യമുനയുടെ മൊഴിയില്‍ മാനേജര്‍ അപമര്യാദയായി പെരുമാറിയതായി പറയുന്നില്ല.
5. പ്രമീള എ.എസ്.പി.യുടെ പ്രീതി പിടിച്ച് പറ്റുന്നതിനായി തന്നെ പറഞ്ഞയച്ച പ്രശ്‌നം സത്യമാണെന്ന വ്യാജേന അതിശയോക്തി കലര്‍ന്ന കളവായ മൊഴി നല്‍കി.
6. പോലീസ് സേനയില്‍ ഒമ്പത് വര്‍ഷം സര്‍വ്വീസ് ഉള്ള അന്യായകാരി മൊഴിയില്‍ പറഞ്ഞപ്രകാരം അപമര്യാദയായ പെരുമാറ്റം ഉണ്ടായാല്‍ ടി വിവരം ഉടനടി മറ്റുള്ളവരെ അറിയിക്കുകയും അപ്പോള്‍ തന്നെ സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കി കേസ് എടുപ്പിക്കുമായിരുന്നുവെന്നും വ്യക്തമാണ്. എന്നാല്‍ പോലീസ് നിര്‍ദ്ദേശപ്രകാരം സ്റ്റേഷനില്‍ സ്വയമേ ഹാജരായ ബാങ്ക് മാനേജരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ടിയാള്‍ നിയമനടപടിയിലേക്ക് നീങ്ങുമോ എന്നുള്ള ഭീതിയിലാണ് സ്റ്റേഷനില്‍ കാലത്ത് മുതല്‍ ഉണ്ടായിരുന്ന അന്യായക്കാരിയുടെ മൊഴി എടുത്ത് അന്നേദിവസം കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍ ഇടവന്നത്. ടിയാളുടെ പരസ്‌പര വിരുദ്ധമായ മൊഴികളില്‍ നിന്നുതന്നെ ഇത് വ്യക്തമാകുന്നു.
7. പോലീസ് സ്റ്റേഷനില്‍ മൂന്നാംമുറ പാടില്ലായെന്ന കര്‍ശന നിര്‍ദ്ദേശം നിലവില്‍ ഉണ്ടായിട്ടും ഒരു ദേശസാല്‍കൃത ബാങ്കിലെ സീനിയര്‍ മാനേജരെ വിളിച്ച് വരുത്തി ഇതേരീതിയില്‍ വാസ്‌തവ വിരുദ്ധമായ കേസില്‍ പെടുത്തുകയും മൃഗീയമായ രീതിയില്‍ മര്‍ദ്ദിക്കുകയും വഴി പോലീസിന്റെ മേല്‍ പ്രവര്‍ത്തി തികച്ചും അന്യായമാണെന്ന് വ്യക്തമാകുന്നു.
8. സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കാമായിരുന്ന കുറ്റമായിട്ടുകൂടി ആയത് നല്‍കാതെ പത്രമാധ്യമങ്ങളെ വിളിച്ച് വരുത്തി ഫോട്ടോയും മറ്റും എടുപ്പിച്ചതും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതും നീതി നിഷേധമാണ്.
9. ബാങ്ക് മാനേജര്‍ പേഴ്‌സി ജോസഫിന് സ്വഭാവദൂഷ്യം ഉള്ളതായി പറയുന്നു എന്നത് മൊഴിയായി നല്‍കാന്‍ ആരും തയ്യാറാകുന്നില്ല. മേല്‍പറഞ്ഞ റിപ്പോര്‍ട്ടുകളും മറ്റുരേഖകളും സര്‍ക്കാര്‍ വിശദമായി പരിശോധിച്ചു. ആയതില്‍ നിന്നും താഴെപറയുന്ന കാര്യങ്ങള്‍ വ്യക്തമാകുന്നു.
എ) ബാങ്ക് മാനേജര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി ഇടുക്കി ജില്ല പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഏകപക്ഷീയവും വസ്‌തുതകള്‍ക്കും സത്യത്തിനും നിരക്കാത്തതാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ ലഭ്യമായ തെളിവുകള്‍ പരിശോധിക്കുകയോ ബന്ധപ്പെട്ട ആശുപത്രി രേഖകള്‍, സ്വതന്ത്ര സാക്ഷികള്‍ എന്നിവ പരിഗണിക്കുകയോ ചെയ്‌തിട്ടില്ല. ഒരു ദേശസാല്‍കൃത ബാങ്ക് ആകുമ്പോള്‍ അവിടെ ദൈനംദിന പ്രവര്‍ത്തികള്‍ റിക്കോര്‍ഡ് ചെയ്‌തു വെയ്‌ക്കപ്പെടും എന്ന സാമാന്യ തത്വം ജില്ലാപോലീസ് മേധാവി ഉള്‍കൊണ്ടതുമില്ല. ആ ദിവസത്തെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് ഒരു നിഗമനത്തില്‍ എത്തുവാന്‍ ശ്രമിക്കാതെ കീഴുദ്യോഗസ്ഥര്‍ നല്‍കിയ കളവായ മൊഴികള്‍ രേഖപ്പെടുത്തി തികച്ചും നിരുത്തരവാദപരമായാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇക്കാര്യം തന്നെ ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ കമ്മീഷന്‍ 26-12-2011 ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിരാകരിച്ച് ഉത്തരവായിട്ടുണ്ട്.
ബി) ഈ സംഭവങ്ങള്‍ക്ക് ആസ്‌പദമായ വിഷയം ഇത്രയും കലുഷിതമായതും ഒരു ദേശസാല്‍കൃത ബാങ്കിലെ സീനിയര്‍ മാനേജര്‍ക്ക് പോലീസില്‍ നിന്നും അതിക്രൂരമായി മര്‍ദ്ദനമേല്‍ക്കുന്നതിനും വസ്‌തുതകള്‍ക്ക് നിരക്കാത്ത രീതിയില്‍ ടിയാന് എതിരെ വാസ്‌തവ വിരുദ്ധമായി കേസ് ചാര്‍ജ്ജ് ചെയ്യുവാന്‍ ഇട വന്നതും തൊടുപുഴ എ.എസ്.പി.യുടെ പക്വതയില്ലാത്ത പെരുമാറ്റം കൊണ്ടാണെന്ന് വ്യക്തമാകുന്നു. സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിയും ദിനംപ്രതി പൊതുജനങ്ങളുമായും ഉദ്യോഗസ്ഥരുമായും ഇടപെടുന്നതുമായ ഒരു സീനിയര്‍ മാനേജരുടെ പേരില്‍ ഇത്തരം ഒരു ആരോപണം വന്നപ്പോള്‍ അതിന്റെ നിജസ്ഥിതിയെ പറ്റി വ്യക്തമായി അന്വേഷിക്കാതെ കേവലം ഒരു ഡബ്ല്യ.സി.പി.ഒ.യുടെ വ്യാജ മൊഴിയില്‍ വിശ്വസിച്ച് ബാങ്ക് മാനേജരെ അതിക്രൂരമായി മര്‍ദ്ദിക്കുവാന്‍ ഇടയാക്കിയത് എ.എസ്.പി.യുടെ പിടിപ്പ് കേടുകൊണ്ടാണ്. ഇവിടെയും ബാങ്കിലെ ദൈനംദിന പ്രവര്‍ത്തികള്‍ റിക്കോര്‍ഡ് ചെയ്യുന്ന ആധുനിക ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ വിവരം തേടാനുള്ള ബുദ്ധിപോലും എ.എസ്.പി. കാണിച്ചിട്ടില്ല.
സി) എ.എസ്.പി. മുമ്പാകെ വ്യജവും അസത്യവും ഒരു ഉന്നത ബാങ്ക് ഉദ്യോഗസ്ഥനെ അപകീര്‍ത്തി പെടുത്തുന്ന രീതിയിലുള്ളതുമായ കെട്ടുകഥ ചമയ്‌ക്കുക വഴി പോലീസ് സേനയെ മൊത്തത്തില്‍ അപകീര്‍ത്തി പെടുത്തുവാന്‍ വഴിയുണ്ടാക്കിയ ഡബ്ല്യു.സി.പി.ഒ. പ്രമീള എല്ലാ അര്‍ത്ഥത്തിലും അച്ചടക്ക സേനയിലെ ഒരു ഉദ്യോഗസ്ഥയായി തുടരാന്‍ അര്‍ഹതയില്ലാത്തതാണ്. പോലീസ് സേനയില്‍ ഒമ്പത് വര്‍ഷം സേവന ചരിത്രമുള്ള പ്രമീള കള്ളമാണെന്ന അറിവോടുകൂടി വ്യാജമൊഴികള്‍ പരസ്‌പര വിരുദ്ധമായി അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ നല്‍കിയതും, പരാമര്‍ശ ദിവസങ്ങളില്‍ സ്റ്റേഷനില്‍ ഉണ്ടായിട്ടും ഇല്ലായിരുന്നുവെന്ന വ്യാജ പ്രസ്‌താവന നല്‍കിയതും ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക നടപടിയും അര്‍ഹിക്കുന്നതാണ്.
ഡ) അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ വ്യാജമൊഴി നല്‍കുകയും തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ബാങ്ക് മാനേജരായ പരാതിക്കാരന് എതിരെ വാസ്‌തവ വിരുദ്ധമായ കേസ് രജിസ്റ്റര്‍ ചെയ്യുക, മര്‍ദ്ദിക്കുക, മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പെരുമാറുക, സ്റ്റേഷനില്‍ നിന്നും ജാമ്യം നല്‍കാവുന്ന കേസ് ആയിട്ടുകൂടി ആയത് നല്‍കാതിരിക്കുക എന്നിവ ചെയ്‌ത എസ്.ഐ. മുരളീധരന്‍ നായര്‍ ഗുരുതരമായ കൃത്യവിലോപവും അച്ചടക്കരാഹിത്യവും പ്രവര്‍ത്തിക്കുക വഴി പോലീസ് സേനയ്‌ക്ക് കളങ്കം വരുത്തുന്ന പ്രവര്‍ത്തി ചെയ്‌തതിനാല്‍ അച്ചടക്ക നടപടിക്ക് അര്‍ഹനാണ്.
ഇ) ലഭ്യമായ തെളിവുകളില്‍ നിന്നും പേഴ്‌സി ജോസഫ് യൂണിയന്‍ ബാങ്ക് മാനേജര്‍ക്ക് അതിക്രൂരവും മൃഗീയവുമായ രീതിയില്‍ മര്‍ദ്ദനമേറ്റതായി വ്യക്തമാകുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ എ.എസ്.പി. ഉള്‍പ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചിട്ടില്ലായെന്ന മൊഴി നല്‍കിയാലും ആശുപത്രി രേഖകളും ടിയാള്‍ക്ക് പോലീസ് മെഡിക്കല്‍ പരിശോധനയ്‌ക്കായി ആശുപത്രയില്‍ വിട്ടപ്പോള്‍ അവിടെ നിന്ന് നല്‍കിയ ചികിത്സാരീതിയും ശരീരത്ത് മര്‍ദ്ദനമേറ്റ പാടുകളും പോലീസ് മൂന്നാമുറ പ്രയോഗിച്ചു എന്നതിന് തെളിവാണ്. ആയതിനാല്‍ എ.എസ്.പി.യും ടി ഉദ്യോഗസ്ഥയുടെ കൂടെ അന്നേദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നാല് പോലീസുകാരും ഇതില്‍ കുറ്റാരോപിതരാണ്. ഗുരുതരമായ അച്ചടക്ക ലംഘനവും ക്രിമിനല്‍ കുറ്റവുമാണ് അവര്‍ ചെയ്‌തിരിക്കുന്നത്.
മേല്‍പ്പറഞ്ഞ വസ്‌തുതകളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ താഴെ പറയുംവിധം ഉത്തരവാകുന്നു.
എ) എസ്.ഐ. കെ.വി. മുരളീധരന്‍ നായര്‍, ഡബ്ല്യു.സി.പി.ഒ. പ്രമീള, തൊടുപുഴ എ.എസ്.പി. ഓഫീസില്‍ 26-7-2011 ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റു നാല് പോലീസുകാര്‍ എന്നിവരെ അച്ചടക്ക നടപടിക്ക് വിധേയമായി ഉടന്‍ തന്നെ സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടതാണ്. സംസ്ഥാന പോലീസ് മേധാവി ഇവര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ച് സമയബന്ധിതമായി നടപടി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതാണ്.
ബി) സംസ്ഥാന പോലീസ് മേധാവി, പേഴ്‌സിക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്‌ത ക്രൈം കേസ് നമ്പര്‍ 1074/2011 ഡി.വൈ.എസ്.പി.യില്‍ കുറയാത്ത റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്തി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതാണ്.
സി) ഒരു ബാങ്ക് മാനേജര്‍ക്കെതിരെ വാസ്‌തവ വിരുദ്ധമായ കാര്യത്തില്‍ കേസ് ചാര്‍ജ്ജ് ചെയ്യാന്‍ ഇടവരുത്തുകയും ടിയാനെ മൃഗീയമായി മര്‍ദ്ദിക്കുന്നതിന് നേതൃത്വം കൊടുക്കുകയും വഴി തൊടുപുഴ എ.എസ്.പി. നിഷാന്തിനി പോലീസ് സേനയ്‌ക്ക് കളങ്കം വരുത്തുകയാണ് ചെയ്‌തിട്ടുള്ളത്. ടിയാള്‍ക്ക് എതിരെ അച്ചടക്ക നടപടി പൊതുഭരണ വകുപ്പ് സ്വീകരിക്കുന്നതാണ്.
ഡി) പോലീസ് സേനയ്‌ക്ക് ആകെ കളങ്കം വരുത്തുകയും മാധ്യമ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്‌ത ഒരു കേസില്‍ മുഖ്യമന്ത്രി അന്വേഷണത്തിനായി നല്‍കിയ പരാതിയില്‍ വ്യക്തമായ അന്വേഷണം നടത്താതെയും സാക്ഷ്യമൊഴികള്‍ എടുക്കാതെയും തെളിവുകള്‍ ശേഖരിക്കാതിരിക്കുകയും വഴി കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നവിധത്തില്‍ തെറ്റായ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനും മനുഷ്യാവകാശ കമ്മീഷനും നല്‍കുകയും, മനുഷ്യാവകാശ കമ്മീഷന്‍ ടി റിപ്പോര്‍ട്ട് നിരാകരിച്ചുകൊണ്ട് ഉത്തരവാകാന്‍ ഇടയാകുകയും ചെയ്‌ത സാഹചര്യം സൃഷ്‌ടിക്കാന്‍ ഇടയാക്കിയ ഇടുക്കി ജില്ലാപോലീസ് മേധാവി ജോര്‍ജ്ജ് വര്‍ഗീസിനെതിരെ അച്ചടക്ക നടപടി പൊതുഭരണ വകുപ്പ് സ്വീകരിക്കുന്നതാണ്.
ഇ) മേലില്‍ ഇത്തരം അധികാര ദുര്‍വിനിയോഗം ഒഴിവാക്കുവാന്‍ സംസ്ഥാന പോലീസ് മേധാവി കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം,
സാജന്‍ പീറ്റര്‍
പ്രിന്‍സിപ്പല്‍ സെക്രട്ടറി
നിയമത്തില്‍ അല്പം വിശ്വാസം ബാക്കിയാവുന്നു ഈ വാര്‍ത്ത വായിച്ചപ്പോള്‍.
മറുപടിഇല്ലാതാക്കൂ