2012, മേയ് 15, ചൊവ്വാഴ്ച

തകരാറിലായ ഫോണ്‍ രണ്ടാഴ്‌ചയായിട്ടും നന്നാക്കിയില്ല

തകരാറിലായ ഫോണ്‍ രണ്ടാഴ്‌ചയായിട്ടും നന്നാക്കിയില്ല
തൊടുപുഴ : വീക്ഷണം ഇടുക്കി ബ്യൂറോയിലെ ഫോണ്‍ തകരാറിലായി രണ്ടാഴ്‌ച ആയിട്ടും നന്നാക്കിയില്ല. നേരിട്ട്‌ പരാതി സ്വീകരിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കി ഓട്ടോമാറ്റിക്‌ പരാതി സ്വീകരിക്കല്‍ നടപടി തുടങ്ങിയതിനുശേഷം ബി.എസ്‌.എന്‍.എല്‍. ലാന്റ്‌ ഫോണുകള്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ്‌. തൊടുപുഴയിലുള്ള 222000 എന്ന നമ്പറില്‍ ഉപഭോക്താക്കള്‍ക്ക്‌ പരാതി പറയാമെങ്കിലും ഇവിടെ ഡ്യൂട്ടി നോക്കുന്ന വനിത ജീവനക്കാരി 198 എന്ന നമ്പറില്‍ പരാതി രേഖപ്പെടുത്താനുള്ള ഉപദേശമാണ്‌ നല്‍കുന്നത്‌. ബി.എസ്‌.എന്‍.എല്‍.-ലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കളുമായി കാണാമറയത്ത്‌ ഇരുന്ന്‌ ജോലി ചെയ്യുന്നതാണ്‌ ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ ദുരവസ്ഥയ്‌ക്ക്‌ കാരണം. വീക്ഷണം ഓഫീസിലെ ഫോണിന്റെ ലൈനിലെ തകരാറുമൂലം ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ലഭിക്കാത്തതാണ്‌ പ്രശ്‌നം. രണ്ടാഴ്‌ച മുമ്പ്‌ 198-ല്‍ നല്‍കിയ പരാതിക്ക്‌ തകരാര്‍ ശരിയായോ എന്ന ചോദ്യവുമായി ഇന്നലെ വൈകുന്നേരമാണ്‌ ലൈന്‍മാന്‍ ഇതേ ലാന്റ്‌ നമ്പറിലേക്ക്‌ വിളിക്കുന്നത്‌. ഇതിന്‌ മുമ്പ്‌ തകരാര്‍ പരിഹരിക്കാന്‍ വന്നപ്പോള്‍ ലൈനില്‍ നിന്നും ടെലിഫോണിലേക്ക്‌ ബന്ധിപ്പിക്കുന്ന കണക്‌ടറിലെ തകരാര്‍ ബോദ്ധ്യപ്പെട്ടിട്ടും പരിഹരിക്കാതെ പോകുകയായിരുന്നു. ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ കണക്‌ടര്‍ വാങ്ങേണ്ടത്‌ ഉപഭോക്താവിന്റെ ചുമതലയാണെന്ന മറുപടിയാണ്‌ ലൈന്‍മാന്‍ നല്‍കിയത്‌. പൊതുമേഖലയെ സംരക്ഷിക്കണമെന്ന്‌ പറഞ്ഞ്‌ ആഴ്‌ചയില്‍ ഒന്നുവീതം സമരവും ധര്‍ണ്ണയും നടത്തുന്ന ബി.എസ്‌.എന്‍.എല്‍. ജീവനക്കാര്‍ക്ക്‌ അവരുടെ ശമ്പളവര്‍ദ്ധനവില്‍ മാത്രമാണ്‌ താല്‍പ്പര്യം. ലാന്റ്‌ ഫോണുകള്‍ ഉപേക്ഷിക്കുവാന്‍ സാരോപദേശം നല്‍കുന്ന ചുമതലയാണ്‌ ഇപ്പോള്‍ ഭൂരിഭാഗം ലൈന്‍മാരും നിര്‍വ്വഹിക്കുന്നത്‌. സംഘടനാബലത്തില്‍ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന ഈക്കൂട്ടര്‍ ഒടുവില്‍ ബി.എസ്‌.എന്‍.എല്‍-ന്റെ അന്തകരായി മാറുമെന്നാണ്‌ സൂചന. ഈ പ്രശ്‌നം സംബന്ധിച്ച്‌ ബി.എസ്‌.എന്‍.എല്‍. കേരള ചീഫ്‌ മാനേജര്‍ക്ക്‌ ടെലിഫോണിലൂടെ പരാതി നല്‍കിയപ്പോള്‍ ലൈന്‍മാനോട്‌ സൗഹൃദമായി പെരുമാറി തകരാറ്‌ പരിഹരിക്കുന്നതാണ്‌ ബുദ്ധിയെന്നായിരുന്നു മറുപടി. പൊതുജനങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ ശീതീകരിച്ച മുറികളില്‍ ഇരിക്കുന്ന ഉന്നത ഉദ്യോഗസ്ഥരും താഴോട്ട്‌ പോന്നാല്‍ ലൈന്‍മാന്‍ വരെയുള്ളവര്‍ ചേര്‍ന്ന്‌ ബി.എസ്‌.എന്‍.എല്‍. തന്നെ ഇല്ലാതാക്കുന്ന കാലം അതിവിദൂരമല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ