ജനം നടുറോഡില്‍ കുടുങ്ങി
തൊടുപുഴ : ഹര്‍ത്താലിന്റെ മറവില്‍ ഇടുക്കി ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടി. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലീസ് ആകട്ടെ മദ്യലഹരിയില്‍ റോഡില്‍ കുഴപ്പങ്ങള്‍ സൃഷ്‌ടിച്ചവര്‍ ഹര്‍ത്താല്‍ അനുകൂലികളാണെന്ന രീതിയില്‍ അവര്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നത്രേ. ഇതേസമയം ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ പ്രകടനം നടത്തിയതല്ലാതെ വാഹനം തടയാന്‍ ശ്രമിച്ചില്ല. പക്ഷേ കുറുവടിയും അക്രമ ലക്ഷണവുമായി ആര് റോഡില്‍ ഇറങ്ങിയാലും പോലീസ് അവര്‍ക്ക് സല്യൂട്ട് ചെയ്യുകയായിരുന്നു. ഹര്‍ത്താലാണെങ്കില്‍ ഏത് കള്ള് കുടിയനും പോലീസ് സംരക്ഷണയില്‍ വാഹനങ്ങള്‍ തടയാം. വ്യാഴാഴ്‌ച നടന്ന ഹര്‍ത്താലിലാണ് പോലീസിന്റെ നിഷ്‌ക്രിയത്വ മനോഭാവം ഒരിക്കല്‍ കൂടി പ്രകടമായത്. തൊടുപുഴ ടൗണിലും ചുങ്കത്തും കോലാനിയിലും മദ്യപിച്ച് ഇരുചക്ര വാഹനങ്ങളില്‍ എത്തിയ ഏതാനും ചെറുപ്പക്കാര്‍ ഹര്‍ത്താലിന്റെ പേര് പറഞ്ഞ് വാഹനങ്ങള്‍ തടഞ്ഞിട്ടു. വാഹനത്തിലുള്ളവരുടെ യാത്രാ ഉദ്ദേശ്യം, സ്‌ത്രീകള്‍ ഉണ്ടെങ്കില്‍ വാഹനത്തിലുള്ള പുരുഷന്‍മാരുമായുള്ള ബന്ധം തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുശേഷം പത്ത് മിനിറ്റ് വാഹനം ഒതുക്കിയിട്ടശേഷം പോയാല്‍ മതിയെന്ന് ഈ സംഘം നിര്‍ദ്ദേശിക്കുന്നു. ഇതിന് സമീപം നിലയുറപ്പിച്ചിട്ടുള്ള പോലീസ് സേന ചുണ്ടില്‍ പുഞ്ചിരിയുമായി നില്‍ക്കുന്നു. ഹര്‍ത്താലിന്റെ മറവില്‍ റോഡില്‍ ശല്യം ഉണ്ടാക്കുന്ന സാമൂഹിക വിരുദ്ധര്‍ക്ക് സംരക്ഷണം നല്‍കുന്ന രീതിയില്‍ പോലീസ് കാവല്‍ നില്‍ക്കുകയായിരുന്നു. നിസഹായരായ വാഹന യാത്രക്കാരുടെ ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കുന്ന നിലപാടിലായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍. ഇതുസംബന്ധിച്ച് ചിലര്‍ ജില്ലാപോലീസ് ചീഫിനെ വിവരം ധരിപ്പിച്ചെങ്കിലും ഇവിടെ ഇങ്ങനെയേ നടക്കൂ എന്ന മറുപടിയാണത്രേ ലഭിച്ചത്. ഹെല്‍മറ്റ് വേട്ട, സീറ്റ് ബെല്‍റ്റ് വേട്ട, സാമൂഹിക വിരുദ്ധര്‍ക്ക് സല്യൂട്ട് ഇങ്ങനെ മാറിയിരിക്കുന്നു നമ്മുടെ പോലീസെന്ന് പറയേണ്ട സ്ഥിതിയാണ്. പോലീസുകാര്‍ സംഘടനാ സ്വാതന്ത്ര്യം നേടിയതോടെ എസ്.ഐ. മുതല്‍ താഴോട്ടുള്ളവര്‍ മാത്രമാണ് ഫീല്‍ഡിലുള്ളത്. സി.ഐ. മുതല്‍ മുകളിലോട്ടുള്ളവര്‍ വലിയ ഇരകള്‍ വരുന്നതും കാത്ത് ഓഫീസുകളില്‍ തന്നെ ചടഞ്ഞ് കൂടുകയാണ്. തൊടുപുഴയില്‍ വനിത എ.എസ്.പി. സ്ഥലം മാറിയ ശേഷം ഡി.വൈ.എസ്.പി. ചുമതലയേറ്റെങ്കിലും അങ്ങനെയൊരാള്‍ ഉള്ളതായി യാതൊരു അറിവുമില്ലാത്ത സ്ഥിതിയാണ്. കഞ്ചാവ് കച്ചവടക്കാരും പിടിച്ച് പറിക്കാരും നഗരത്തില്‍ വിലസുന്ന സ്ഥിതിയാണ്. ജനനേതാക്കളാകട്ടെ ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലായെന്ന മനോഭാവത്തിലും - കാരണം ഇവര്‍ക്കും കിട്ടുമല്ലോ സല്യൂട്ട്.
ഇനി ബംഗാളികളെ കേരള പോലീസില്‍ ചേര്‍ക്കേണ്ടി വരുമോയെന്ന സംശയവും ജനങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. നിര്‍ജ്ജീവമായി ജോലി ചെയ്യുന്ന നമ്മുടെ പോലീസ് സേനയെ സജീവമാക്കാന്‍ ബംഗാളികളും വേണ്ടി വന്നേക്കാം - കാരണം മറ്റെല്ലാ മേഖലകളും ഇവര്‍ കീഴടക്കി കഴിഞ്ഞല്ലോ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ