2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

വോളിബോള്‍താരം ടി ജെ ബേബി സര്‍വീസില്‍നിന്ന്‌ വിരമിച്ചു

തൃശൂര്‍: കായികരംഗത്ത്‌ ഏറെ നേട്ടങ്ങള്‍ സമ്മാനിച്ച വോളിബോള്‍ താരം പൊലീസ്‌ ജീവിതത്തോട്‌ വിടപറഞ്ഞു. തൊടുപുഴ ഇളംദേശം തെക്കേപുത്തന്‍പുരയില്‍ ടി ജെ ബേബിയാണ്‌ കായികസമ്പന്നമായ 28 വര്‍ഷത്തെ ഔദ്യോഗികജീവിതത്തില്‍ നിന്ന്‌ വിരമിച്ചത്‌. 1984ലാണ്‌ കേരള പൊലീസില്‍ ചേര്‍ന്നത്‌. കേരള പൊലീസില്‍നിന്ന്‌ വിരമിക്കുന്ന ആദ്യ കായിക താരവും കൂടിയാണ്‌ ബേബി. വോളിബോള്‍ കേരള പൊലീസ്‌ ടീമിനും കേരള വോളിബോള്‍ടീമിനും വേണ്ടി പത്തുവര്‍ഷം കളിച്ച ബേബി 91ല്‍ പോണ്ടിച്ചേരിയില്‍ നടന്ന ഫെഡറേഷന്‍കപ്പില്‍ ചാമ്പ്യന്മാരായ കേരളപൊലീസ്‌ ടീമിലും അംഗമായിരുന്നു. 85ല്‍ ആദ്യ ദേശീയഗെയിംസില്‍ വോളിബോളില്‍ കേരള ചാമ്പ്യന്മാരായപ്പോള്‍ സെന്റര്‍ബ്ലോക്കില്‍ കളിച്ച ബേബിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. 2011ല്‍ മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാമെഡലും നേടി. സിആര്‍പിഎഫില്‍ നിന്നാണ്‌ ബേബി കേരള പൊലീസിലെത്തിയത്‌. 76 മുതല്‍ 84 വരെ സിആര്‍പിഎഫില്‍ ജോലിചെയ്യുമ്പോള്‍ നിരവധി വോളിബോള്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്‌. വോളിബോളിലെ മികവു കണക്കിലെടുത്താണ്‌ കേരളപൊലീസിലേക്ക്‌ തെരഞ്ഞെടുത്തത്‌. കേരളവോളിബോള്‍ ടീമിലും പൊലീസ്‌ ടീമിലും അംഗമായി. 90ല്‍ കേരളപൊലീസ്‌ ടീമിന്റെ ക്യാപ്‌റ്റനായി. പത്തനംതിട്ട മണിയാറില്‍ കെഎപി അഞ്ചാം ബറ്റാലിയനില്‍ നിന്ന്‌ അസിസ്റ്റന്റ്‌ കമാന്‍ഡന്റായാണ്‌ 31ന്‌ വിരമിച്ചത്‌. തൃശൂര്‍ പൊലീസ്‌ അക്കാദമി ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ സേവനമനുഷ്‌ഠിച്ചു. തൃശൂരില്‍ ടി ജെ ബേബിക്ക്‌ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ്‌ നല്‍കി. കേരള പൊലീസ്‌ സ്‌പോര്‍ട്‌സ്‌ ടീം ഒരുക്കിയ യാത്രയയപ്പ്‌ യോഗത്തില്‍ ഐജി എസ്‌ ഗോപിനാഥ്‌, യു ഷറഫലി, സി വി പാപ്പച്ചന്‍, ഐ എം വിജയന്‍, മൊയ്‌തീന്‍നൈ, അബ്ദുള്‍ റസാക്‌, ഉദയകുമാര്‍, ലോയ്‌ഡ്‌ ജോസഫ്‌, സി എലിക്‌സ്റ്റണ്‍ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ