തട്ടക്കുഴ : മുംബൈയില്‍ ഹോസ്‌റ്റല്‍ മുറിയില്‍ മലയാളി നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. കൊല്ലപ്പുഴ തോമ്പിക്കാട്ട് ടി.പി.ബേബിയുടെ മകള്‍ ബീന (23)യെയാണു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നിടവിട്ട ദിവസങ്ങളില്‍ വീട്ടിലേക്ക് ഫോണ്‍വിളിച്ച് വിശേഷങ്ങള്‍ ചോദിച്ചറിയാറുള്ള മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണു പിതാവ് ബേബി അടക്കമുള്ളവര്‍ പറയുന്നത്. സംഭവത്തില്‍ മുംബൈയിലെ ആശുപത്രി അധികൃതരുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്‌റ്റില്‍ ജനറല്‍ നഴ്‌സിംഗ് പഠനത്തിനുശേഷം കഴിഞ്ഞ മെയ് 25 നാണു ബീന മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചത്. രണ്ടുവര്‍ഷത്തെ കരാറിലാണ് ആശുപത്രി അധികൃതര്‍ ബീനയെയും ഒപ്പമുള്ളവരെയും ജോലിക്കെടുത്തത്. താമസ സൗകര്യം, ഭക്ഷണം, യാത്രാച്ചെലവ് എന്നിവ കൂടാതെ 13000 രൂപ മാസം ശമ്പളമായും റിക്രൂട്ട്‌മെന്റ് ഏജന്‍സി ഇവര്‍ക്ക് വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ ജോലിക്കു ചേരാനായി സര്‍ട്ടിഫിക്കറ്റുകള്‍ കൊടുത്തശേഷമാണ് അബദ്ധം പിണഞ്ഞതായി മനസിലായതെന്നു മകള്‍ ഫോണ്‍ ചെയ്‌തു പറയാറുള്ളതായി പിതാവ് ബേബി ഓര്‍മിക്കുന്നു. ഇതിനിടയില്‍ ശമ്പളവും കൃത്യമായി ലഭിച്ചില്ലത്രേ. ആദ്യമാസം ഒന്‍പതിനായിരം രൂപയാണു ലഭിച്ചത്. പോരാത്തതിനു ഭക്ഷണവും യാത്രാക്കൂലിയും മറ്റുള്ള സൗകര്യങ്ങളും മകള്‍ക്കും കൂടെയുള്ളവര്‍ക്കും ലഭിച്ചില്ലെന്നു ബേബി പറഞ്ഞു. ഇതേത്തുടര്‍ന്ന് 15 കുട്ടികള്‍ നാട്ടിലേക്കു തിരിച്ചുപോന്നു. ജൂണ്‍ മാസത്തില്‍ ചിക്കന്‍പോക്‌സ് പിടിപെട്ട് ബീന നാട്ടിലെത്തിയിരുന്നു. ഒരു മാസത്തിനുശേഷം മടങ്ങിയശേഷം ആശുപത്രി അധികൃതരുടെ പീഡനം കൂടിക്കൊണ്ടിരുന്നതായി ഫോണിലൂടെ അറിയിച്ചിരുന്നെന്നു ബേബി പറയുന്നു. ജോലി ഉപേക്ഷിച്ചു പോരാന്‍ നിര്‍ബന്ധിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ ആശുപത്രി അധികൃതര്‍ വാങ്ങിവച്ചിരിക്കുന്നതിനാല്‍ ഇതു തിരികെ കിട്ടാന്‍ അമ്പതിനായിരം രൂപ കൊടുക്കണമെന്നാണു വ്യവസ്‌ഥയെന്നും അതിനാല്‍ കഷ്‌ടപ്പാട് സഹിച്ചും ജോലിയില്‍ തുടരാമെന്നു മകള്‍ പറയുമായിരുന്നത്രേ. ഒന്നിടവിട്ട ദിവസങ്ങളില്‍ മകള്‍ വിളിക്കുമായിരുന്നെന്നും സന്തോഷത്തോടെയാണു ഫോണ്‍വിളി അവസാനിപ്പിക്കാറുള്ളതെന്നും ബേബി ഓര്‍ക്കുന്നു. ഇതിനുശേഷം ചൊവ്വാഴ്‌ച രാവിലെ വിളിച്ചപ്പോള്‍ താന്‍ ആലക്കോട് ജോലിസ്‌ഥലത്തായിരുന്നെന്നും വൈകിട്ട് വിളിക്കാമെന്നു മകളോടു പറഞ്ഞിരുന്നതായും ബേബി പറഞ്ഞു. സന്തോഷത്തോടെ ഫോണ്‍ കട്ട് ചെയ്‌ത മകള്‍ മരിച്ച വാര്‍ത്തയാണു രണ്ടു മണിക്കൂറിനുശേഷം ബേബി കേള്‍ക്കുന്നത്. ഇതിനിടയില്‍ അരുതാത്തതെന്തോ മകള്‍ക്കു് സംഭവിച്ചിരിക്കാമെന്നു ബേബി തീര്‍ച്ചപ്പെടുത്തുന്നു. ബീന ഒരിക്കലും ജീവനൊടുക്കില്ലെന്നും ഇതിനുപിന്നിലുള്ള ദുരൂഹത കണ്ടെത്തണമെന്നുമാണു ബേബിയുടെ അപേക്ഷ. മരണവിവരം അറിഞ്ഞ് ഇന്നലെ ബന്ധുക്കള്‍ മുംബൈയിലെത്തി. ഇന്നു മൃതദേഹം നാട്ടിലെത്തിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പന്നൂര്‍ പള്ളിയില്‍ സംസ്‌കാരം നടക്കും. |
2011, ഒക്‌ടോബർ 19, ബുധനാഴ്‌ച
മുംബൈയില്‍ മലയാളി നഴ്‌സ് മരിച്ച സംഭവം: ദുരൂഹതയെന്നു ബന്ധുക്കള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ