2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

രാധാകൃഷ്‌ണപിള്ളമാര്‍ ഇനിയും വേണം?


എസ്‌എഫ്‌ഐ എന്ന സംഘടനയുടെ മറവില്‍ പൊതുമുതല്‍ നശിപ്പിക്കുകയും പോലീസ്‌ ഉദ്യോഗസ്ഥരെ കല്ലിനെറിഞ്ഞ്‌ പരിക്കേല്‍പിക്കുകയും ചെയ്യുന്നവരുടെ പേടി സ്വപ്‌നമായി മാറിയ കോഴിക്കോട്ടെ അസിസ്റ്റന്റ്‌ കമ്മീഷണര്‍ രാധാകൃഷ്‌ണപിള്ളയ്‌ക്ക്‌ നല്ല നമസ്‌കാരം. പതിറ്റാണ്ടുകളായി കേവലം ഒരു ആഡംബര വസ്‌തുവായി മാത്രം പോലീസ്‌ കൊണ്ടു നടന്നിരുന്ന തോക്കിന്റെ ഉപയോഗം മാലോകര്‍ക്ക്‌ മനസിലാക്കിക്കൊടുത്ത രാധാകൃഷ്‌ണപിള്ളയെ വേട്ടയാടുന്നതിലായിരുന്നല്ലോ മീഡിയായ്‌ക്കും ഇടതു രാഷ്‌ട്രീയക്കാര്‍ക്കും ഉത്സാഹം. കല്ലേറുകൊണ്ട്‌ കൈയ്യും കാലും തലയും പൊട്ടി ചോരയൊലിച്ച്‌ ആശുപത്രിയില്‍ പോകാന്‍, പാവം പോലീസ്‌ ഉദ്യോഗസ്ഥരുടെ അവകാശം സംരക്ഷിക്കാന്‍ മനുഷ്യാവകാശപ്രവര്‍ത്തകരെ ആരെയും കണ്ടില്ല. വിദ്യാര്‍ത്ഥികള്‍ എന്നപേരില്‍ യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോഴെല്ലാം തെരുവ്‌ യുദ്ധവുമായി ഇറങ്ങുന്ന എസ്‌എഫ്‌ഐക്കാരുടെ കാട്ടാളത്തം മാത്രം കാണാത്തവര്‍ സഹജീവികളുടെ ദുരവസ്ഥ കണ്ട്‌ അവരെ ആശുപത്രിയിലെത്തിക്കാന്‍ വഴിയൊരുക്കാന്‍ ആകാശത്തേക്ക്‌ വെടി വച്ച രാധാകൃഷ്‌ണപിള്ളയെ ക്രൂശിക്കാന്‍ പടപ്പുറപ്പാട്‌ നടത്തിയത്‌ ലജ്ജാവഹമാണ്‌. അക്രമവും നിയമലംഘനവും നടത്തുന്നവരെ കാണുമ്പോള്‍ തിരിഞ്ഞോടണമെന്നാണോ സഖാക്കളെ പറയുന്നത്‌. നട്ടെല്ലു നിവര്‍ത്തി അഭിപ്രായം പറയുവാന്‍ ധൈര്യമില്ലാത്ത കോണ്‍ഗ്രസ്‌ നേതാക്കളല്ലേ ഇത്തരം തെരുവു ഗുണ്ടകളെ വളര്‍ത്തുന്നത്‌. ഗ്രൂപ്പിന്റെ പേരില്‍ സിപിഎമ്മുകാരോടൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസുകാരാണ്‌ ഈ നാടിന്റെ ശാപം.
നിയമസഭയില്‍ വൃത്തികേട്‌ കാട്ടിയശേഷം വര്‍ഗ -ബഹുജന സംഘടനകളെ സെക്രട്ടറിയേറ്റിലേക്ക്‌ ഓടിച്ചു വിട്ടതാണ്‌ സിപിഎമ്മിന്റെ രാഷ്‌ട്രീയം. താലത്തില്‍ അധികാരം തരികയാണെങ്കില്‍ പരസ്‌പരം പാര വച്ച്‌ ഭരിക്കാമെന്നാണല്ലോ ഭൂരിഭാഗം കോണ്‍ഗ്രസ്‌ നേതാക്കളുടെയും ഉള്ളിലിരുപ്പ്‌.
ആക്രമിക്കാന്‍ വരുന്നവരുടെ കൈയ്യില്‍ തോക്ക്‌ നല്‍കിയശേഷം നെഞ്ചുവിരിച്ച്‌ `എന്നെ വെടി വെക്കടാ' എന്നു പറയാനാണോ പോലീസിന്‌ തോക്ക്‌ നല്‍കിയിരിക്കുന്നതെന്ന്‌ മനുഷ്യാവകാശസംരക്ഷകര്‍ വ്യക്തമാക്കണം.

1 അഭിപ്രായം:

  1. ഭരണകൂടത്തിന്റെ പോലീസ് ഭീകരതക്കുള്ള ശക്തമായ താക്കീതായിരുന്നു വെസ്റ്റ് ഹില്‍ സമരം. കാക്കിയിട്ടാല്‍ പിന്നെ എന്തുമാകാം എന്ന അധികാരത്തിന്റെ ഹുങ്കിന് മുഖമടച്ചു കിട്ടിയ അടി കൂടിയായിരുന്നു വെസ്റ്റ് ഹില്ലിലെ ഉപരോധ സമരം. വിദ്യാര്‍ഥി സമരത്തിനെതിരെ നിറയൊഴിച്ചു കൊണ്ട് രാധാകൃഷ്ണപിള്ള എന്ന തെമ്മാടി പോലീസുകാരന്‍ ഇന്ത്യന്‍ ജനാതിപത്യത്തെ വ്യഭിചരിച്ച വെസ്റ്റ് ഹില്ലിലെ മണ്ണില്‍ ഇരുട്ടി വെളുക്കും മുന്‍പ് യുവജന - വിദ്യാര്‍ഥി ഐക്യത്തിന്റെ കരുത്തു തെളിയിച്ചു കൊടുത്തു കോഴിക്കോട്ടുകാര്‍. അത് കാണാന്‍ ഒറ്റ പോലീസുകാരന്‍ പോലും മൂന്നു ദിവസത്തേക്ക് ആ ഭാഗത്തേക് തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യം കാണിച്ചില്ല എന്നത് ഈ സംഘശക്തിയുടെ കരുത്തിനു തെളിവാണ്. അതേ സമയം പിള്ള ചോരയില്‍ മുക്കി കൊല്ലാന്‍ ഒരുമ്പെട്ട സമരം ഒരു ചില്ല് പോലും തകര്‍ക്കാതെ, ഒരു തുള്ളി ചോര പോലും ഒഴുക്കാതെ, വിജയത്തിലെത്തിക്കാന്‍ സാധിച്ചത് ഈ സംഘടനകളുടെ സംയമനത്തിന്റെയും സ്വയം ശിക്ഷിത അച്ചടക്കതിന്റെയ്ജം തെളിവാണ്.

    Read more: http://pathrakkaaran.blogspot.com/

    മറുപടിഇല്ലാതാക്കൂ