2012, ജൂൺ 6, ബുധനാഴ്‌ച

കേരളത്തിലെ രാഷ്‌ട്രീയക്കാര്‍ ഇറ്റലിക്കാരെ കണ്ടുപഠിക്ക്‌.... ?

കേരളത്തിലെ രാഷ്‌ട്രീയക്കാര്‍ ഇറ്റലിയിലെ രാഷ്‌ട്രീയക്കാര്‍ക്ക്‌ ദക്ഷിണ വച്ച്‌ ശിഷ്യത്വം സ്വീകരിച്ച്‌ പൊതുപ്രവര്‍ത്തനം എന്താണെന്ന്‌ പഠിക്കേണ്ട കാലഘട്ടമെത്തിയിരിക്കുന്നു. മലയാളികളായ മത്സ്യത്തൊഴിലാളികളെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി പറഞ്ഞ പോലെ വണ്‍, ടു, ത്രീ...... ആയി നടുക്കടലില്‍ വച്ച്‌ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ സൈനികര്‍ക്കു വേണ്ടി അവിടുത്തെ ഭരണകൂടം സട കുടഞ്ഞെഴുന്നേറ്റത്‌ അടുത്ത നാളില്‍ നമ്മള്‍ കണ്ടതാണല്ലോ. മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അവിടെ നിന്നും കേരളത്തിലെത്തി ജയിലില്‍ കഴിയുന്ന നാവികരെ കണ്ടു. കൂടാതെ ചാര്‍ട്ടര്‍ചെയ്‌ത വിമാനത്തില്‍ ബന്ധുക്കളെയും കേരളത്തിലെത്തിച്ചു. ഒടുവില്‍ കോടികള്‍ മുടക്കിയാണെങ്കിലും തങ്ങളുടെ പ്രജകളെ അവര്‍ ജയിലില്‍ നിന്നും മോചിപ്പിച്ചു.
എന്നാല്‍ ഒരു കേരളീയന്‌ വിദേശരാജ്യത്ത്‌ ഇതുപോലെ എന്തെങ്കിലും സംഭവിച്ചാലോ? അവന്റെ കാര്യം കട്ടപ്പൊകയാണ്‌. കാരണം നമ്മുടെ നാട്ടിലെ രാഷ്‌ട്രീയക്കാര്‍ക്ക്‌ നമുക്കെന്തു കിട്ടും എന്ന ചിന്തയിലൂടെയാണല്ലോ പൊതുപ്രവര്‍ത്തനം നടത്തുന്നത്‌. ഏറ്റവും ഒടുവില്‍ നൈജീരിയയില്‍ വിമാനാപകടത്തില്‍ മരണമടഞ്ഞ കോതമംഗലം സ്വദേശി റിജോയുടെ കുടുംബത്തിന്റെ കാര്യം തന്നെ എടുക്കാം. നഷ്‌ടപ്പെട്ട മകന്റെ മൃതശരീരമെങ്കിലും കാണണമെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ആഗ്രഹം പോലും നടത്തിക്കൊടുക്കുവാന്‍ നമ്മുടെ രാഷ്‌ട്രീയക്കാര്‍ക്ക്‌ സമയമില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായും കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ ഓഫീസുമായും ബന്ധപ്പെട്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നാണ്‌ റിജോയുടെ പിതാവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. മറുനാട്ടില്‍ ഒരു മലയാളി എന്തെങ്കിലും അബദ്ധത്തില്‍ പെട്ടാല്‍ വിധിയാണെന്നു പറഞ്ഞ്‌ കൈകഴുകാനാണല്ലോ നമ്മുടെ പൊതുസേവകരുടെ ചിന്താഗതികള്‍. മലയാളികളായ നിരവധി ആളുകള്‍ വിദേശരാജ്യങ്ങളില്‍ ചെറിയകുറ്റം മുതല്‍ വലിയ കുറ്റം വരെയും കുറ്റം ചെയ്യാതെയും ജയിലുകളില്‍ കഴിയുന്നുണ്ട്‌. മാസം തോറും വിദേശയാത്ര നടത്തുന്ന നമ്മുടെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരില്‍ ആരെങ്കിലും ജയിലില്‍ കഴിയുന്ന ഇവരെ സന്ദര്‍ശിച്ചതായി ഇതുവരെയും കേട്ടിട്ടില്ല. ജയിലില്‍ സന്ദര്‍ശനത്തിന്‌ പോയാല്‍ തങ്ങളെ അവിടെ അകത്താക്കിയാലോ എന്ന ചിന്തയുമായാണല്ലോ പലരും വിദേശപര്യടനം നടത്തുന്നത്‌. കേരളത്തിലെ പൊതുപ്രവര്‍ത്തനം ഇപ്പോള്‍ ബ്രേക്കിംഗ്‌ ന്യൂസിലും ചാനല്‍ ചര്‍ച്ചയിലും മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്ന്‌ പറയേണ്ടിയിരിക്കുന്നു.

2 അഭിപ്രായങ്ങൾ:

  1. സത്യം ..... കാട്ടിലെ തടി തേവരുടെ ആന വലിയട വലി .....അത്രതന്നെ.....

    മറുപടിഇല്ലാതാക്കൂ
  2. ഒരു പൌരന് ഒട്ടും വില കല്‍പ്പിക്കാത്ത പാരമ്പര്യമാണ് ഇന്ത്യക്കാരുടെത്. അക്കാര്യത്തില്‍ നാം മറ്റു രാജ്യക്കാരെ നോക്കി പഠിക്കണം. ജനസംഖ്യ വളരെ കൂടുതല്‍ ആയതു കാരണമാണ് ഇന്ത്യക്കാരന് വിലയില്ലാതായത് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.ചൈനയില്‍ മനുഷ്യര്‍ കൂടുതല്‍ ആണല്ലോ. അവരും അവരുടെ ഒരു പൌരന്‍ വിദേശത്തു കുടുങ്ങുന്നത് വെറുതെ വിടാറില്ല.നമ്മുടെ നായകര്‍ ഭീരുക്കള്‍ ആയതു നമ്മുടെ പൊതു സ്വഭാവത്തിന്‍റെ പ്രതിഫലനം ആണെന്നു കരുതുക.

    മറുപടിഇല്ലാതാക്കൂ