2012, ജൂൺ 12, ചൊവ്വാഴ്ച

സ്‌ത്രീകള്‍ മാത്രം ഉള്ള വീടുകളില്‍ ഒളിഞ്ഞുനോട്ടം നടത്തി വന്ന യുവാവ്‌ പോലീസ്‌ പിടിയിലായി.

സ്‌ത്രീകള്‍ മാത്രം ഉള്ള വീടുകളില്‍ ഒളിഞ്ഞുനോട്ടം നടത്തി വന്ന യുവാവ്‌ പോലീസ്‌ പിടിയിലായി. നടുക്കണ്ടം തട്ടാരത്തട്ടയില്‍ സുനില്‍ എന്ന 35 വയസുകാരനാണ്‌ പിടിയിലായത്‌. സ്‌ത്രീകള്‍ മാത്രമുള്ള പ്രദേശങ്ങളിലും വീടുകള്‍ക്കു സമീപവും ചുറ്റിത്തിരിയുകയും അസഭ്യം പറയുകയും അശ്ലീല ചേഷ്‌ടകള്‍ കാണിക്കുകയുമാണ്‌ ഇയാളുടെ വിനോദം. ഇതുസംബന്ധിച്ച്‌ കരിങ്കുന്നം പോലിസ്‌ സ്റ്റേഷനില്‍ രണ്ട്‌ കേസുകള്‍ നിലനില്‍ക്കുമ്പോഴാണ്‌ വീണ്ടും പിടിയിലായത്‌. തിങ്കളാഴ്‌ച രാത്രിയില്‍ ഒരു സ്‌ത്രീ മാത്രം താമസിക്കുന്ന വീട്ടിലെത്തി ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും അസഭ്യം പറയുകയും ചെയ്‌തതിനെ തുടര്‍ന്നാണ്‌ കരിങ്കുന്നം പോലീസ്‌ ഇയാളെ കസ്റ്റഡിയിലെടുത്തത്‌. സ്ഥിരമായി സ്‌ത്രീകളെ ശല്യം ചെയ്യുന്നയാളാണെങ്കിലുംപോലീസുകാര്‍ക്ക്‌ ഇയാള്‍ പ്രിയങ്കരനാണെന്ന സംശയവുമുയര്‍ന്നിട്ടുണ്ട്‌. സാമൂഹിക വിരുദ്ധനായ ഇയാളുടെ ചിത്രം പകര്‍ത്താതിരിക്കുന്നതിന്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ വരട്ട്‌ന്യായങ്ങള്‍ പറഞ്ഞ്‌ മാധ്യമക്യാമറാമാന്മാരെ മാറ്റിയതാണ്‌ ഈ സംശയത്തിന്‌ കാരണം. എഫ്‌ഐആര്‍ എഴുതിയ ശേഷമേ ചിത്രം പകര്‍ത്താവൂ എന്നായിരുന്നു പോലീസ്‌ നിലപാട്‌. തിങ്കളാഴ്‌ച രാത്രിയില്‍ പിടിയിലായ ഇയാളുടെ എഫ്‌ഐആര്‍ ചൊവ്വാഴ്‌ച നാല്‌മണിക്കു ശേഷമേ എഴുതിത്തീരുകയുള്ളൂ എന്നാണ്‌ പോലീസ്‌ പറഞ്ഞത്‌. ഇതേ തുടര്‍ന്ന്‌ രാവിലെ സ്റ്റേഷനിലെത്തിയ മാധ്യമക്യാമറമാന്മാര്‍ മടങ്ങിപ്പോകുകയായിരുന്നു. ഒരുനാടിന്‌ തന്നെ ശല്യക്കാരനായ യുവാവിനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ നിന്നും മറയ്‌ക്കുവാന്‍ കരിങ്കുന്നം പോലീസ്‌ ശ്രമിച്ചതിനെക്കുറിച്ച്‌ പോലീസിലെ തന്നെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ