2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

ഇതാണ് കേരള പോലീസ

വഴിയരികില്‍ പാര്‍ക്കുചെയ്‌ത കാറിന്റെ സ്റ്റിയറിങ്‌ ഒടിച്ച്‌
പോലീസ്‌ കാറ്റഴിച്ചുവിട്ടു
അധ്യാപിക നടുറോഡില്‍ പൊട്ടിക്കരഞ്ഞു

ചെങ്ങന്നൂര്‍: പോലീസ്‌ സ്‌റ്റേഷനുസമീപം റോഡരികില്‍ പാര്‍ക്കു ചെയ്‌തിരുന്ന കാറിന്റെ ചില്ലുപൊട്ടിച്ച്‌ സ്റ്റിയറിങ്‌ ഒടിച്ച്‌ മുന്‍ ചക്രത്തിലെ കാറ്റും അഴിച്ചുവിട്ടു. അതിക്രമം കാട്ടിയതാവട്ടെ, ചെങ്ങന്നൂര്‍ ട്രാഫിക്‌ പോലീസും.
സംഭവം വിവാദമായതിനെത്തുടര്‍ന്ന്‌
പോലീസ്‌തന്നെ കാറു നന്നാക്കിച്ച്‌ ഉടമയ്‌ക്കു കൈമാറി. അടൂര്‍ ഇളമണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക മണക്കാല സ്വദേശിനി എം.എച്ച്‌. ഗീതയുടെ കാറിനു നേര്‍ക്കായിരുന്നു പോലീസ്‌ അതിക്രമം.
വ്യാഴാഴ്‌ച പകല്‍ 11.30ഓടെ അധ്യാപിക കാറുമായി പോലീസ്‌ സ്‌റ്റേഷനു സമീപം സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ എത്തിയപ്പോള്‍ കാര്‍ പാര്‍ക്കു ചെയ്യുന്നതു ഫ്‌ളൈയിങ്‌ സ്‌ക്വാഡ്‌ തടഞ്ഞു. അവര്‍ നിര്‍ദ്ദേശിച്ച പ്രകാരം വഴിയോരത്തു വണ്ടി പാര്‍ക്കു ചെയ്യുകയും ചെയ്‌തു.
ശമ്പള ബില്‍ കാര്യവുമായി ബന്ധപ്പെട്ട്‌ മകളുമൊത്ത്‌ വൊക്കേഷണല്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍ ഓഫീസില്‍ പോയി ഒരുമണിക്ക്‌ മടങ്ങിവന്ന അധ്യാപിക കാര്‍ തകര്‍ത്തിട്ടിരിക്കുന്നതാണു കണ്ടത്‌. കാറിന്റെ ഗ്ലാസിലും സ്റ്റിയറിങ്ങിലും എട്ടാം തീയതിക്കു മുമ്പ്‌ ട്രാഫിക്‌ പോലീസില്‍ നേരിട്ട്‌ ഹാജരാകണമെന്ന അറിയിപ്പും പതിച്ചിരുന്നു.
നടുറോഡില്‍ അധ്യാപിക പൊട്ടിക്കരയുന്നതുകണ്ട്‌ തടിച്ചുകൂടിയ നാട്ടുകാര്‍ സംഭവം പ്രശ്‌നമാക്കിയപ്പോഴാണ്‌ പോലീസ്‌ വിശദീകരണവുമായെത്തിയത്‌.
റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കി കിടക്കുകയായിരുന്നു കാറെന്നും കാറിന്റെ ഗ്ലാസ്സ്‌ ഇളക്കി ഉരുട്ടി മാറ്റുക മാത്രമാണ്‌ ചെയ്‌തതെന്നുമായിരുന്നു പോലീസ്‌ വിശദീകരണം. മോഷ്ടിച്ച കാറായിരിക്കുമെന്ന്‌ നാട്ടുകാര്‍ പറഞ്ഞതുകൊണ്ടാണ്‌ കാറ്റഴിച്ചു വിട്ടതത്രേ.
സംഭവത്തെപ്പറ്റി സി.ഐ.ക്കും എസ്‌.ഐ.ക്കും പരാതി നല്‍കിയതിനെത്തുടര്‍ന്നാണ്‌ കാര്‍ നന്നാക്കിക്കൊടുത്ത്‌ പോലീസ്‌ തലയൂരിയത്‌. നന്നാക്കിയ കാര്‍ രാത്രി എട്ടരയോടെ അധ്യാപികയ്‌ക്കു നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ