2011, ഏപ്രിൽ 16, ശനിയാഴ്‌ച

പ്രീയപ്പെട്ട ഗായിക ചിത്രയുടെയും ഭര്ത്താവ് വിജയ് ശങ്കറിന്റേയും ജീവതാളത്തെ വിധി കൊണ്ടുപോയി

ചെന്നൈ: മലയാളികളെ മുഴുവന് താരാട്ടുപാട്ടിയുറക്കിയിരുന്ന ഒരു അമ്മയുടെ മകളായി പിറന്ന സൗഭാഗ്യവതിയായിരുന്നു നന്ദന. പക്ഷെ ആ ഭാഗ്യം മതിയാവോളം ആസ്വദിക്കാന് അവളെ വിധി അനുവദിച്ചില്ല. പാതിവഴിയില് നിന്നുപോയ ഒരു വിഷാദസുന്ദരഗാനം പോലെ മലയാളികളുടെ പ്രീയപ്പെട്ട ഗായിക ചിത്രയുടെയും ഭര്ത്താവ് വിജയ് ശങ്കറിന്റേയും ജീവതാളത്തെ വിധി കൊണ്ടുപോയി. വിഷുത്തലേന്ന് രാത്രി വൈകി ചെന്നൈ വിമാനത്താവളത്തില് നന്ദനയുടെ മൃതദേഹവുമായി വിമാനമെത്തുമ്പോള് കണ്ടുനിന്നവര് പോലും കരിച്ചിലടക്കാന് ബുദ്ധിമുട്ടി.


ചലചിത്രപിന്നണി ഗായികയെന്ന നിലയില് ഇന്ത്യയിലും വിദേശത്തും ഏറെ ആരാധകരുള്ള ചിത്ര വിവാഹശേഷം വര്ഷങ്ങളോളം ഒരു സന്തതിക്കുവേണ്ടി ഏറെ പ്രാര്ത്ഥനകളും വഴിപാടുകളും നടത്തി. ഒടുവില് ഏറെ കാത്തിരിപ്പിനുശേഷം 2003 ഡിസംബറിലാണ് ചിത്രയ്ക്ക് നന്ദന ജനിച്ചത്. രോഹിണി നക്ഷത്രത്തിലായിരുന്നു ജനനം. നന്ദനം എന്ന സിനിമ പുറത്തിറങ്ങിയ സമയമായിരുന്നു അന്ന്. ഗുരുവായൂരപ്പനെ ഭജിച്ചുകൊണ്ട് 'നന്ദന'ത്തില് ചിത്ര പാടിയ പാട്ട് ഒരു കുഞ്ഞിക്കുരുന്നിന് വഴിയൊരുക്കി എന്നുവരെ അക്കാലത്ത് സംസാരമുണ്ടായിരുന്നു. കുട്ടി ജനിച്ചശേഷം നന്ദനയുടെ കാര്യത്തില് ചിത്ര അതീവശ്രദ്ധ പുലര്ത്തി. പാടാനായി പുറത്തു പോകുമ്പോഴെല്ലാം മകളെ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ടെന്ന് ബന്ധുക്കള് പറയുന്നു.


എവിടെപ്പോയാലും മകള്ക്ക് ചിത്ര പുത്തന്വസ്ത്രങ്ങള് വാങ്ങിക്കൊണ്ടുവരും. നന്ദനയ്ക്ക് ഏതാണ്ട് 15 വയസ്സുവരെ ധരിക്കേണ്ട വസ്ത്രങ്ങളൊക്കെ ചിത്ര ഇതിനകംതന്നെ വാങ്ങിവെച്ചിട്ടുണ്ടെന്ന് ഇവരുമായി അടുത്ത ബന്ധമുള്ളവര് പറയുന്നു. പാട്ടൊഴിഞ്ഞു കിട്ടുന്ന സമയത്തൊക്കെ നന്ദനയെയും കൂട്ടി ചിത്ര ഇന്ത്യയിലും വിദേശത്തും യാത്രകള് നടത്താറുണ്ടായിരുന്നു. കൂടാതെ കൊല്ലൂര് മൂകാംബിക ക്ഷേത്രം, ഗുരുവായൂര് ക്ഷേത്രം, പുട്ടപര്ത്തി എന്നിവിടങ്ങളിലും മകളെയും കൂട്ടി പോവാറുണ്ടായിരുന്നു. ചെന്നൈ കോട്ടൂര്പുരത്തെ കിഡ്സ് സെന്ട്രല് എന്ന സ്കൂളിലാണ് എട്ടു വയസ്സുകാരിയായ നന്ദന പഠിച്ചിരുന്നത്. വീട്ടില് നന്ദനയെ നോക്കാന് ചിത്ര മൂന്നു ജോലിക്കാരികളെ പ്രത്യേകം വെച്ചിരുന്നു. ഇതില് ഒരാള് നന്ദനയെ സ്കൂളിലും അനുഗമിക്കും. രാത്രിയായാല് ചിത്രയോ അല്ലെങ്കില് അച്ഛന് വിജയ്ശങ്കറോ എന്നും ഒപ്പം വേണമെന്ന് നന്ദനയ്ക്ക് നിര്ബന്ധമായിരുന്നത്രെ. അതുകൊണ്ടുതന്നെ ചിത്രയ്ക്കൊപ്പമുള്ള പല യാത്രകളും ഭര്ത്താവും ഒഴിവാക്കാറാണ് പതിവെന്നും ഈ കുടുംബവുമായി അടുപ്പമുള്ളവര് പറയുന്നു.


ഏപ്രില് 12 നാണ് വിദേശപാരിപാടി അവതരിപ്പിക്കാനായി ചിത്രയും ഭര്ത്താവും നന്ദനയുമൊത്ത് യാത്രയായത്. നന്ദനയ്ക്ക് സ്കൂള് അടച്ചതിനാല് അവളെ സന്തോഷിപ്പിക്കാനായി ഇവര് ഒപ്പം കൂട്ടുകയായിരുന്നു. ചിത്ര തന്റെ വീട്ടില് എന്നും വിഷു ഗംഭീരമായി ആഘോഷിക്കാറുണ്ടായിരുന്നു. ദുബായിയില് എ.ആര്. റഹ്മാന്റെ ട്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഗാനമേളയായതിനാല് ഇത്തവണത്തെ വിഷു ദുബായിയില്ത്തന്നെ ആഘോഷിക്കാനായിരുന്നത്രെ ഇവരുടെ തീരുമാനം. എന്നാല് ഈ വിഷുദിനത്തില് ജീവനറ്റ നന്ദനയുടെ ശരീരവുമായി ചിത്രയും വിജയ്ശങ്കറും ചെന്നൈയിലെ വിട്ടിലേക്കുതന്നെ ഒരു വിധി വൈപരീത്യം പോലെ മടങ്ങിയെത്തുകയാണ്. ചെന്നൈ വടപളനിക്കടുത്ത് ദശരഥപുരം അനന്തരാമകൃഷ്ണ സ്ട്രീറ്റിലുള്ള ശ്രുതി എന്ന വീട് വാര്ത്ത വന്നതോടെ ശോകമൂകമായി.


ചൊവ്വാഴ്ച ചിത്രയ്ക്കും ഭര്ത്താവ് വിജയ് ശങ്കറിനുമൊപ്പം ദുബായിക്ക് യാത്ര തിരിക്കുമ്പോള് വീട്ടിലെ ജോലിക്കാരോട് പൊട്ടിച്ചിരിച്ചാണ് നന്ദന കാറില് കയറിയത്. ഈ യാത്ര നന്ദനയുടെ അവസാന യാത്രയാണെന്ന് ആരം കരുതിയില്ല. വ്യാഴാഴ്ച രാവിലെ ദുബായിയില് ഈ കുട്ടി മരിച്ചു എന്ന വിവരം കേട്ടപ്പോള് ചിത്രയുടെ വീട് നടുങ്ങി. ആര്ക്കും അത് വിശ്വസിക്കാനായില്ല. ഉച്ചയോടെ ചിത്രയെ, നന്ദനയെ സ്നേഹിക്കുന്ന നിരവധി പേര് 'ശ്രുതി'യില് ഓടിയെത്തി. അകത്ത് ബന്ധുക്കളുടെയും മറ്റും നിലയ്ക്കാത്ത രോദനം ഇപ്പോഴും നിലച്ചിട്ടില്ല. അപ്രതീക്ഷിത മരണവാര്ത്ത ചെന്നൈയില് ചിത്രയുമായി അടുപ്പമുള്ള എല്ലാവരെയും അക്ഷരാര്ഥത്തില് ഞെട്ടിച്ചു. ചിത്രച്ചേച്ചിയുടെ വീട്ടില്പോകാറുള്ളപ്പോഴൊക്കെ നന്ദന എന്നോടൊപ്പം മണിക്കൂറുകളോളം കളിക്കാറുണ്ടെന്നു സംഗീതസംവിധായകന് ശരത് പറയുന്നു. ചേച്ചിക്കാണെങ്കില് എന്നും നന്ദനയെക്കുറിച്ച് പറയാന് ആയിരം നാവാണ്. സ്റ്റാര്സിങ്ങറിന്റെ ഷൂട്ടിങ് വേളകളില് സമയം കിട്ടുമ്പോഴൊക്കെ മോളെക്കുറിച്ചാണ് അവര് കൂടുതലായും സംസാരിക്കുക. ലോകത്തിലെ ഏറ്റവും സ്നേഹവതിയായ അമ്മ ആരാണെന്ന് എന്നോടു ചോദിച്ചാല് ഞാന് പറയും അത് ചിത്രച്ചേച്ചിയാണെന്ന്.'' പറയുമ്പോള് ശരത് ആകെ പതറുന്നു. നന്ദനമോള് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നുതന്നെ ഞാന് വിശ്വസിക്കുന്നു. ''മകളുടെ വിയോഗത്തില് മനം പൊട്ടുന്ന ചിത്രച്ചേച്ചിയെ എങ്ങനെ നേരില്ച്ചെന്ന് കാണുമെന്നോര്ക്കുമ്പോള് അതിനെക്കാളേറെ സങ്കടം...'' ശരത് പറഞ്ഞുനിര്ത്തുന്നു.


തിരുവനന്തപുരം കരമനയിലെ ചിത്രയുടെ ബന്ധുവീടുകള്ക്കും നന്ദനയെ ഹൃദയത്തില്നിന്നും പറിച്ചുമാറ്റാന് കഴിയുന്നില്ല. തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ ചിത്ര തന്റെ അച്ഛന്റെ സഹോദരിയായ തങ്കിമാമിയുടെ വീട്ടിലാണ് താമസിക്കാറ്. സ്കൂളില്ലാത്തപ്പോള് നന്ദനയും വരുമായിരുന്നുവെന്ന് തങ്കിമാമി ഓര്മിക്കുന്നു. രണ്ടാഴ്ചമുമ്പ് ഇവിടെ വന്നുപോയതാണ്. 'ഇവിടെ എല്ലാവരും പൊന്നുമോളെ കാത്തിരിക്കുകയായിരുന്നു. മിടുക്കിയായിരുന്നു അവള്. ചിത്ര പുതിയതായി പണികഴിപ്പിച്ച വീട് ഇവരുടെ വീടിന് നേരെ മുമ്പിലാണ്. പാലുകാച്ചല് ഒരുമാസം മുമ്പ് കഴിഞ്ഞിരുന്നെങ്കിലും താമസം തുടങ്ങിയിരുന്നില്ല. 23ന് ഇവിടെ വന്ന് കുറച്ചുദിവസം താമസിക്കണമെന്നായിരുന്നു പ്ളാന്. 5 ദിവസം ഐഡിയ സ്റ്റാര് സിംഗര് പരിപാടി. അതിനുശേഷം കുറച്ചുദിവസം കൂടി ഇവിടെ ഉണ്ടാകും എന്നാണ് പറഞ്ഞിരുന്നത്.


ഈ വീട്ടില് താമസിക്കുന്നതിനെക്കുറിച്ച് ഒരുപാട് മോഹങ്ങളുണ്ടായിരുന്നു. വീട് അലങ്കരിക്കുന്നതിനെക്കുറിച്ചൊക്കെ ഒരുപാട് പറഞ്ഞിരുന്നതാണ്. മോള് വന്നാല് ഭയങ്കര ബഹളമായിരിക്കും. അവളുടെ തുള്ളിച്ചാടല് കാണാന് കൊതിച്ചിരിക്കുകയായിരുന്നു ഞങ്ങള്. തങ്കിമാമിയുടെ മകള് രോഷ്നിയോടായിരുന്നു നന്ദനമോള്ക്ക് കൂടുതല് അടുപ്പം. ഗുരുവായൂരില് അവളുടെ ചോറൂണ് രോഷ്നിയുടെ മടിയിലിരുന്നായിരുന്നു.''മറ്റൊരമ്മയ്ക്കും മക്കളോട് ഇല്ലാത്തത്ര വാത്സല്യവും സ്നേഹവുമായിരുന്നു ചിത്രയ്ക്ക് നന്ദനയോടെന്ന് രോഷ്നി പറഞ്ഞു. 15 വര്ഷത്തെ പ്രാര്ത്ഥനയ്ക്കും ചികിത്സയ്ക്കും ശേഷം ദൈവം നല്കിയ കുട്ടിയാണ്. മകളെ ചെന്നൈയിലാക്കി ഇവിടെ എന്തെങ്കിലും പരിപാടിക്ക് ചിത്ര വന്നാല് വീട്ടിലേക്ക് വിളിയോട് വിളിയായിരിക്കും. സ്കൂളില് നിന്നെത്തിയോ, ഓരോ സമയത്തും എന്ത് ചെയ്യുകയാണെന്ന് മോളെ നോക്കുന്ന ചോലയോടും കുമാരിയോടും നിരന്തരം അന്വേഷിച്ചുകൊണ്ടേയിരിക്കും.


മോളുടെ കൂടെ എപ്പോഴും ഉണ്ടാകാന് ചിന്നു എന്ന ഒരു പെണ്കുട്ടിയെയും ചിത്ര നിറുത്തിയിരുന്നു. തിരുവനന്തപുരം തമലത്തുകാരിയായ അവള് ചിത്രയും കുടുംബവും ചെന്നൈയില് നിന്ന് ദുബായിലേക്ക് പരിപാടിക്ക് പോയപ്പോള് നാട്ടിലേക്ക് വന്നതായിരുന്നു. മോള് നാട്ടില് വന്നാല് രോഷ്നിയുടെ കൂടെ സ്കൂട്ടറിന് പിറകിലിരിക്കലും കാറില് പുറത്ത് പോകലുമൊക്കെ പതിവായിരുന്നു. വെള്ളം കണ്ടാല് മോള്ക്ക് വലിയ ആവേശമായിരുന്നു. അവസാനം അതുതന്നെ നന്ദനയുടെ ജീവിതം അവസാനിപ്പിക്കുന്നതിനും കാരണമായെന്ന് റോഷ്നി കണ്ണീരോടെ പറയുന്നു.

മറ്റ് അനുസ്മരണ വാര്‍ത്തകള്‍

Advertisement

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ