കൊല്ലം:ചാനല്‍ റിപ്പോര്‍ട്ടറെ തല്ലിയ സി.പി.എം നേതാവ് പി.ജയരാജനും വോട്ടറെ തല്ലിയ ദിവാകരന്‍ മന്ത്രിക്കും പിന്നാലെ മറ്റൊരു ഇടതു എം.എല്‍.എ കൂടി അടിവിവാദത്തില്‍. പ്രചാരണ വാഹനം തടഞ്ഞുനിര്‍ത്തി വികലാംഗനും പട്ടികജാതിക്കാരനുമായ പിഡിപി നേതാവിനെയും അനൗണ്‍സറെയും എ.എ. അസീസ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. വാഹനത്തിനു കേടുപാടുണ്ടായി. അസീസ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയിലായിരുന്നു സംഭവം. എംഎല്‍എയുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സംഘം മര്‍ദിച്ചതായും ജാതിപ്പേരുപറഞ്ഞ് ആക്ഷേപിച്ചതായും കാണിച്ചു പൊലീസിലും വരണാധികാരിക്കും പിഡിപി തിരഞ്ഞെടുപ്പ് കമ്മിറ്റി ചീഫ് ഏജന്റും ജനറല്‍ കണ്‍വീനറുമായ സുനില്‍ ഷാ പരാതി നല്‍കി. കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തതായി ഇരവിപുരം പൊലീസ് പറഞ്ഞു. പിഡിപി ഇരവിപുരം മണ്ഡലം ജോയിന്റ് സെക്രട്ടറി കൊട്ടിയം പറക്കുളം വിളയില്‍ താഴതില്‍ അനില്‍കുമാര്‍ (36), അനൗണ്‍സര്‍ കൂടിയായ പാര്‍ട്ടി പ്രവര്‍ത്തകന്‍ നെടുമ്പന മുട്ടയ്ക്കാവ് നിസാര്‍ മന്‍സിലില്‍ സുബൈര്‍ (35) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വികലംഗനായ അനില്‍കുമാര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മയ്യനാട് പഞ്ചായത്തില്‍ പറക്കുളത്ത് ആര്‍എസ്പിക്കെതിരെ പിഡിപി സ്ഥാനാര്‍ഥിയായിരുന്നു. മയ്യനാട് കൂട്ടിക്കട അമ്മാച്ചന്‍മുക്കില്‍ ഇന്നലെ വൈകിട്ട് 4.30ന് ആയിരുന്നു സംഭവം. മുപ്പതോളം പ്രവര്‍ത്തകരോടൊപ്പം അസീസ് കടകമ്പോളങ്ങളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. ഇതിനിടയിലാണു പിഡിപി സ്ഥാനാര്‍ഥി മൈലക്കാട് ഷായുടെ പ്രചാരണ വാഹനമെത്തിയത് അനൗണ്‍സ്‌മെന്റിനെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. ഇടതുമുന്നണി പ്രവര്‍ത്തകര്‍ സുബൈറിന്റെ കരണത്തടിക്കുകയും അനില്‍കുമാറിനെ ജാതിപ്പേരുപറഞ്ഞ് ആക്ഷേപിക്കുകയും മര്‍ദിക്കുകയുമായിരുന്നെന്നു പിഡിപി ആരോപിച്ചു. പ്രവര്‍ത്തകരോടൊപ്പം കടകമ്പോളങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ മുന്നിലും പിന്നിലുമെത്തി അനൗണ്‍സ്‌മെന്റ് വാഹനം തുടരെ ശല്യം ചെയ്തപ്പോള്‍ അവരെ മടക്കി അയയ്ക്കുകയാണുണ്ടായതെന്നും മര്‍ദിക്കുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നും എ.എ. അസീസ് പറഞ്ഞു. മര്‍ദിച്ചെന്ന ആരോപണം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീപീഡനക്കേസില്‍ ആരോപണവിധേയനായ സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയെക്കുറിച്ച് ചര്‍ച്ചചെയ്തുവെന്ന കുറ്റത്തിനാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഷാജഹാനെ പി.ജയരാജന്‍ എം.എല്‍എ മര്‍ദ്ദിച്ചത്. ഏഷ്യാനെറ്റ് കണ്ണൂരില്‍ സംഘടിപ്പിച്ച പോര്‍ക്കളം പരിപാടിയാണ് അക്ഷരാര്‍ത്ഥത്തില്‍ എം.എല്‍.എയുടെ അഴിഞ്ഞാട്ടത്തോടെ പോര്‍ക്കളമായത്. ഇതേതുടര്‍ന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എം.എല്‍.എ.യ്ക്കും മുപ്പതോളം എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കുമെതിരെ ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് എം.എല്‍.എ സ്റ്റേഷനില്‍ ഹാജരാവുകയും ചെയ്തു. ജയരാജന്‍ ഒരു ഗുണ്ടാനേതാവിന്റെ ശൗര്യത്തോടെ ഷാജഹാന് നേരെ അസഭ്യവര്‍ഷം ചൊരിയുകയും കോളറിന് പിടിച്ച് തള്ളുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഇതിനുതൊട്ടടുത്ത ദിവസമാണ് മന്ത്രി ദിവാകരന്‍ റെയില്‍വേ സ്‌റ്റേഷനില്‍ വോട്ടറെ തല്ലിയ സംഭവം അരങ്ങേറിയത്. രണ്ടുസംഭവത്തിലേയും ക്ഷീണം മാറുന്നതിനുമുമ്പ് അസീസും കൊടുത്തു അടുത്ത അടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ