2011, ഏപ്രിൽ 10, ഞായറാഴ്‌ച

തൊടുപുഴയില്‍ ഒരു വിഷുക്കാലത്ത്‌


അന്നു ഞങ്ങള്‍ അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍മാരാണ്‌. ഞാനും രാജസേനനും. ഗാനരചയിതാവായ ഭരണിക്കാവ്‌ ശിവകുമാര്‍ ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുമ്പോള്‍ ഞങ്ങളേയും ഒപ്പംകൂട്ടി. യമുന എന്നു പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തൊടുപുഴയ്‌ക്കടുത്ത വാഴക്കുളത്തായിരുന്നു. ഏപ്രില്‍ ആദ്യവാരം തന്നെ ചിത്രീകരണം ആരംഭിച്ചു. ഭരണിക്കാവിന്റെ ബന്ധുവായിരുന്നു നിര്‍മാതാവ്‌. ചെറിയ സെറ്റപ്പിലുള്ള പടമായതിനാല്‍ തന്നെ താമസം വീടുകളിലും പീടികമുറികളിലുമായിരുന്നു. ഞങ്ങള്‍ അസിസ്‌റ്റന്റുമാരെല്ലാവരും ഒരു പീടികയുടെ മുകളിലത്തെ മുറിയില്‍. അവിടെ പായ വിരിച്ച്‌ എല്ലാവരും ഒന്നിച്ചു കിടന്നുറങ്ങും.

ഷൂട്ടിംഗ്‌ തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും ഫിലിം തീര്‍ന്നു. വാങ്ങാന്‍ നിര്‍മാതാവിന്റെ കൈയില്‍ പണമില്ല. അദ്ദേഹം പണം ഒപ്പിക്കാന്‍ വേണ്ടി നാട്ടിലേക്കു പോയി. പിന്നീടുള്ള ദിവസങ്ങളില്‍ ഷൂട്ടിംഗുണ്ടായില്ല. ഞങ്ങള്‍ പരസ്‌പരം സംസാരിച്ചും വാഴക്കുളത്തു കൂടെ നടന്നും സമയം ചെലവഴിച്ചു. രണ്ടു ദിവസം കുഴപ്പമൊന്നുമുണ്ടായില്ല. മൂന്നാം ദിവസം ഉച്ചയ്‌ക്ക് ഭക്ഷണവുമായി എത്തിയ പ്രൊഡക്‌്ഷനിലെ ചെറുപ്പക്കാരന്‍ പറഞ്ഞു.

'ഇന്ന്‌ ഇതു മാത്രമേയുള്ളൂ. സാമ്പാറും ചോറും. പ്രൊഡ്യൂസര്‍ തന്ന പണമെല്ലാം തീര്‍ന്നു. വൈകിട്ട്‌ ഒന്നും പ്രതീക്ഷിക്കേണ്ട'

അയാള്‍ പറഞ്ഞതു ശരിയായിരുന്നു. വൈകുന്നേരം പട്ടിണി.

അന്നായിരുന്നു ഭരണിക്കാവ്‌ ശിവകുമാറിന്റെ അച്‌ഛന്‍ മരിച്ചത്‌. അതോടെ അദ്ദേഹവും നാട്ടിലേക്കു തിരിച്ചു. പണത്തിനു പോയ നിര്‍മാതാവിന്റെ പൊടിപോലുമില്ല.

പിറ്റേന്നു മുതല്‍ ഉച്ചഭക്ഷണവും നിലച്ചു. ഞങ്ങള്‍ പന്ത്രണ്ടുപേരുണ്ടായിരുന്നു. എല്ലാവരും ചേര്‍ന്ന്‌ കൈയിലുള്ള പണമെടുത്ത്‌ ഹോട്ടലില്‍ നിന്നു ഭക്ഷണം വാങ്ങിച്ചു കഴിച്ചു. പട്ടിണി കിടക്കാന്‍ വയ്യെന്നു പറഞ്ഞ്‌ പിറ്റേ ദിവസം മുതല്‍ ഒരോരുത്തര്‍ മുറിയൊഴിഞ്ഞു വീട്ടിലേക്കു പോകാന്‍ തുടങ്ങി. പടം തുടങ്ങുമായിരിക്കുമെന്ന പ്രതീക്ഷയില്‍ ഞാനും രാജസേനനും മറ്റു മൂന്നുപേരും അവിടെത്തന്നെ നിന്നു. കൈയില്‍ നയാപൈസയില്ല. എന്തുചെയ്യുമെന്ന്‌ ആലോചിക്കുന്നതിനിടെയാണ്‌ ഞങ്ങളെ അന്വേഷിച്ച്‌ അടുത്തുള്ള കള്ളുഷാപ്പ്‌ നടത്തിപ്പുകാരന്‍ വന്നത്‌. രണ്ടു ദിവസം അയാളുടെ കള്ളുഷാപ്പിലായിരുന്നു ഷൂട്ടിംഗ്‌. അതുകൊണ്ടുതന്നെ അയാള്‍ക്ക്‌ സിനിമാക്കാരോടു നല്ല ബഹുമാനവുമുണ്ടായിരുന്നു. ആ പരിചയത്തിന്റെ ബലത്തില്‍ അയാള്‍ കള്ളുഷാപ്പില്‍ നിന്നും ഭക്ഷണം കൊടുത്തയച്ചു. രണ്ടു ദിവസം ഞങ്ങള്‍ക്കു ഭക്ഷണമെത്തിച്ചുതന്നു. ഷാപ്പില്ലാത്ത ദിവസം വീട്ടില്‍ നിന്നായിരുന്നു ഭക്ഷണം.

പിറ്റേ ദിവസം വിഷുവാണ്‌. പട്ടിണിയാണെങ്കില്‍ പട്ടിണി. അല്ലാതെ വീട്ടിലേക്കില്ലെന്നു തീരുമാനിച്ചു.

വിഷുദിവസം രാവിലെ മുതല്‍ ഒന്നു കഴിക്കാതെ ഞങ്ങള്‍ മുറിയിലിരുന്നു. ഉച്ചയ്‌ക്ക് പന്ത്രണ്ടു മണിയായിക്കാണും. പീടികമുറിയുടെ മുമ്പില്‍ ഒരു ടാക്‌സി വന്നുനിന്നു. സുമുഖനായ ചെറുപ്പക്കാരന്‍ അതില്‍ നിന്നിറങ്ങി.

'സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരല്ലേ'

അതെ എന്ന അര്‍ഥത്തില്‍ ഞങ്ങള്‍ തലയാട്ടി.

'ഞാന്‍ ചന്ദ്രന്‍. തൊടുപുഴയിലെ ശാന്താദേവിയുടെ ബന്ധുവാണ്‌. അവര്‍ പറഞ്ഞയച്ചിട്ടു വരികയാണ്‌.'

ശാന്താദേവിയെ ഞങ്ങള്‍ക്കറിയാം. അവര്‍ ഡബ്ബിംഗ്‌ ആര്‍ട്ടിസ്‌റ്റാണ്‌. ചെറിയ ചെറിയ റോളുകളില്‍ അഭിനയിച്ചിട്ടുമുണ്ട്‌. ഈ സിനിമയിലും അവരുണ്ടായിരുന്നു.

'ഇന്നു വിഷുവല്ലേ. നല്ല ദിവസം തന്നെ പട്ടിണി കിടക്കുന്നതു ശരിയല്ല. എന്റെ കൂടെ വരണം.'

ഞങ്ങള്‍ക്കാണെങ്കില്‍ സന്തോഷം. പെട്ടെന്നു തന്നെ റെഡിയായി. ഞങ്ങള്‍ അഞ്ചുപേരും അയാള്‍ക്കൊപ്പം കാറില്‍ക്കയറി. നേരെ പോയത്‌ തൊടുപുഴയിലെ ഒരു ബാര്‍ അറ്റാച്ച്‌ഡ് ഹോട്ടലിലേക്കായിരുന്നു. എല്ലാവര്‍ക്കും സദ്യയ്‌ക്ക് ഓര്‍ഡര്‍ നല്‍കി.

'ക്ഷമിക്കണം. മറ്റൊന്നും വിചാരിക്കരുത്‌. എനിക്കൊരു പെഗ്‌ കഴിക്കണം. വിഷുവൊക്കെയല്ലേ..'

ചന്ദ്രേട്ടന്‍ അങ്ങിനെ പറഞ്ഞപ്പോള്‍ കുഴപ്പമില്ലെന്ന അര്‍ഥത്തില്‍ ഞങ്ങള്‍ തലയാട്ടി. അയാള്‍ ബാറിനകത്തേക്കു പോയി. സദ്യയെത്തുമ്പോഴേക്കും ചന്ദ്രേട്ടനെത്തി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെത്തന്നെ നാലഞ്ചു പ്രാവശ്യം അയാള്‍ ബാറിനകത്തേക്കു പോയി കഴിച്ചുവന്നു. ഓരോ തവണയും സോറി പറയുന്നുണ്ടായിരുന്നു. അഞ്ചാമത്തെ തവണ ബാറിനകത്തേക്കു പോയ അയാള്‍ സമയമേറെയായിട്ടും പുറത്തേക്കു വന്നില്ല. ഞങ്ങള്‍ കൈകഴുകി. ബില്‍ വന്നു. എന്നിട്ടും കാത്തിരുന്നു. സമയം രണ്ടായി. മൂന്നായി. മൂന്നരയായി. എന്നിട്ടും കാണാനില്ല. ബാറിനകത്തേക്കു കയറിനോക്കി. അവിടെയും അയാളില്ല. അവിടെ അന്വേഷിച്ചപ്പോള്‍ കുറച്ചു മുമ്പേ പുറത്തുപോയെന്നായിരുന്നു മറുപടി.

ഞങ്ങള്‍ക്കാകെ പേടി തോന്നി. കൈയില്‍ ഒരു പൈസപോലുമില്ല. ഞങ്ങള്‍ വന്ന ടാക്‌സി പുറത്തു നിര്‍ത്തിയിട്ടതു കണ്ടപ്പോള്‍ ചെറിയൊരാശ്വാസം. ഡ്രൈവര്‍ ബീഡിയും വലിച്ചിരിക്കയാണ്‌.

'ചന്ദ്രേട്ടന്‍ വന്നിരുന്നോ'

'കുറച്ചു മുമ്പേ ദാ അവിടെ നില്‍പ്പുണ്ടായിരുന്നു. സിഗരറ്റും വലിച്ച്‌'

ടാക്‌സി ഡ്രൈവര്‍ ദൂരെയുള്ള പീടിക ചൂണ്ടിക്കാട്ടി പറഞ്ഞു. ഞാനും രാജസേനനും അയാളെ അവിടെയൊക്കെ അന്വേഷിച്ചുനടന്നു. കണ്ടില്ല. തിരിച്ച്‌ ഹോട്ടലിലെത്തുമ്പോള്‍ ഭക്ഷണ ബില്ലിനു പുറമെ ബാറിലെ ബില്ലും റെഡിയായിരിക്കുന്നു. ചന്ദ്രേട്ടന്‍ പറ്റിച്ചതാണെന്നു ബോധ്യമായി. ബില്ലുമായി ഞങ്ങള്‍ ഹോട്ടല്‍ മാനേജരെ സമീപിച്ചു. സംഭവിച്ചതെല്ലാം പറഞ്ഞു.

'ഇതുപോലുള്ള തട്ടിപ്പ്‌ പലതും കണ്ടതാണ്‌. വിഷുവിനു തന്നെ വേലയിറക്കല്ലേ. പണമെടുക്ക്‌'

'ഞങ്ങളുടെ കൈയില്‍ ഒരു പൈസപോലുമില്ല'

വേദനയും ദേഷ്യവും സങ്കടവും നിറഞ്ഞ നിസഹായവസ്‌ഥ ഹോട്ടല്‍ മാനേജര്‍ക്ക്‌ തീരെ ബോധ്യപ്പെട്ടില്ല. അയാള്‍ ഞങ്ങളെ സൂക്ഷിച്ചുനോക്കി.

'പണമില്ലെങ്കില്‍ ആ വാച്ച്‌ ഇവിടെ വച്ചോളു. പണം തന്ന ശേഷം കൊണ്ടുപോകാം'

എന്റെ കൈയിലെ വാച്ച്‌ ഞാന്‍ ഊരിക്കൊടുത്തു. മേശവലിപ്പില്‍ നിന്നും കണ്ണടയെടുത്ത്‌ അദ്ദേഹം അതു വിശദമായി പരിശോധിച്ചു. പിന്നീട്‌ കണ്ണടച്ചില്ലിനു മുകളിലൂടെ എന്നെ നോക്കി പറഞ്ഞു.

'ഇതു കൊണ്ടൊന്നും തികയില്ല. ഇനിയെന്തുണ്ട്‌'

രാജസേനനും വാച്ച്‌ ഊരി നല്‍കിയപ്പോഴാണ്‌ അയാള്‍ ഞങ്ങളെ പോകാന്‍ അനുവദിച്ചത്‌. പുറത്ത്‌ ഞങ്ങളെയും കാത്തിരിപ്പുണ്ടായിരുന്നു ടാക്‌സി ഡ്രൈവര്‍.

'രാവിലെ മുതല്‍ ഓടിയതാണ്‌. പണം തന്നാല്‍ എനിക്കു പോകാമായിരുന്നു.'

ഇയാള്‍ക്കു കൊടുക്കാന്‍ കൂടെയുള്ളവരുടെ കൈയില്‍ വാച്ച്‌ പോലുമില്ല. എന്തെങ്കിലും പറഞ്ഞ്‌ രക്ഷപ്പെടാമെന്ന്‌ കരുതിയപ്പോഴാണ്‌ ഡ്രൈവര്‍ മറ്റൊരു കാര്യം പറയുന്നത്‌. അയാള്‍ക്കും ചന്ദ്രേട്ടനെ അറിയില്ല.

'അതി രാവിലെ മുതല്‍ അയാള്‍ക്കു വേണ്ടി ഓടുകയാണ്‌. ഇന്ന്‌ വേറൊരു പണിക്കും പോയിട്ടില്ല.'

പണം തരാമെന്ന ഉറപ്പില്‍ ഞങ്ങള്‍ വീണ്ടും ടാക്‌സിയില്‍ക്കയറി. നേരെ പോയത്‌ തൊടുപുഴയിലെ ശാന്താദേവിയുടെ വീട്ടിലേക്ക്‌. ഒരു കൊച്ചുകുടിലിലായിരുന്നു അവരുടെ താമസം. ഞങ്ങളെ കണ്ടയുടന്‍ തന്നെ തിരിച്ചറിഞ്ഞു. ഉണ്ടായ സംഭവം മുഴുവനും പറഞ്ഞു.

'ചന്ദ്രന്‍ എന്നു പേരുള്ള ഒരു ബന്ധുപോലും എനിക്കില്ല. നിങ്ങളെ ആരോ മനഃപൂര്‍വം പറ്റിച്ചതാണ്‌.'

നിരാശരായി മടങ്ങി. ടാക്‌സിക്കാരനു നല്‍കാനുള്ള പണത്തിന്‌ എന്തുചെയ്യുമെന്ന്‌ ആലോചിച്ചിരിക്കുമ്പോഴാണ്‌ കള്ളുഷാപ്പുനടത്തിപ്പുകാരനെ ഓര്‍മ വന്നത്‌. ഞങ്ങള്‍ക്കു വാഴക്കുളത്തു പരിചയമുള്ള ഏക വ്യക്‌തി. നേരെ അയാളുടെ വീട്ടിലേക്കു പോയി. ചന്ദ്രന്‍ പറ്റിച്ച കഥ പറഞ്ഞപ്പോള്‍ അദ്ദേഹം വല്ലാതെ അസ്വസ്‌ഥനായി. ഞങ്ങളെ സമാധാനിപ്പിച്ചു. ടാക്‌സിക്കാരന്റെ പണം കൊടുത്ത ശേഷം അതേ ടാക്‌സിയില്‍ത്തന്നെ തൊടുപുഴയിലെ ഹോട്ടലിലേക്കു പോയി. അവിടത്തെ ബില്‍ മുഴുവനും അടച്ചു. വാച്ചുകള്‍ തിരിച്ചുവാങ്ങിച്ചുതന്നു.

ഇനിയും പറ്റിക്കപ്പെടരുതെന്നും പട്ടിണി കിടക്കരുതെന്നുമുള്ള തീരുമാനത്തില്‍ ആ വിഷുവിനു വൈകുന്നേരം തന്നെ ഞങ്ങള്‍ നാട്ടിലേക്കു തിരിച്ചു. ഭരണിക്കാവിന്റെ സിനിമ പിന്നീട്‌ ഷൂട്ടിംഗ്‌ പുനരാരംഭിച്ചില്ല. അതിനാല്‍ പിന്നീട്‌ വാഴക്കുളത്തേക്കു പോകാനും കഴിഞ്ഞില്ല. അന്ന്‌ വീട്ടിലെത്തുന്നതു വരെ മനസില്‍ ആ മനുഷ്യനായിരുന്നു. ചെറിയൊരു പരിചയത്തിന്റെ പേരില്‍ ഞങ്ങളെ രക്ഷപ്പെടുത്തിയ കള്ളുഷാപ്പ്‌ നടത്തിപ്പുകാരന്‍. ഓരോ വിഷുക്കാലം വരുമ്പോഴും പേരുപോലും അറിയാത്ത അയാള്‍ ഓര്‍മപ്പെടുത്തുകയാണ്‌, മലയാളി മറന്നുപോയ നന്മയെക്കുറിച്ച്‌.

കമല്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ