2011, ഏപ്രിൽ 19, ചൊവ്വാഴ്ച

കല കമ്യൂണിസ്റ്റുകാര്‍ക്ക്‌ മാത്രമോ?


കലാകാരന്മാര്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി തെരഞ്ഞെടുപ്പു പ്രചരണത്തിനിറങ്ങിയത്‌ കുറ്റമോ? കൊല്ലത്ത്‌ വ്യാപാരസ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ കാവ്യാമാധവനെ കരിങ്കൊടി കാട്ടിയ ഡിവൈഎഫ്‌ഐക്കാരുടെ ഉള്ളിലിരിപ്പ്‌ ഇതായിരിക്കാം, നാട്ടിലുള്ള പാവങ്ങളുടെയെല്ലാം ആശ്രയം കമ്യൂണിസമാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ ഇത്രയും നാള്‍കടന്നു പോയി. ഇപ്പോള്‍ സുഖഭോഗങ്ങളുടെയും ആഡംബരത്തിന്റെയും ആള്‍രൂപങ്ങളായി മാറിയ കമ്യൂണിസ്റ്റുകാരുടെ പിന്നാലെ അന്ധമായി പായാന്‍ ആളെ കിട്ടാതെ വന്നതല്ലേ ഇവരുടെ വിഷമം ? കട്ടന്‍ചായയും പരിപ്പുവടയും ഉപേക്ഷിച്ച്‌ ഷാര്‍ജ ഷെയ്‌ക്കും ചിക്കന്‍ഫ്രൈയും മെനുവില്‍ ഉള്‍പ്പെടുത്തിയവരല്ലേ അഭിനവകമ്യൂണിസ്റ്റുകാര്‍? തങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ലായെന്നാണല്ലോ ഇവരുടെ നിലപാട്‌. കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുഴുവനും ബൂര്‍ഷ്വകളാണെന്ന്‌ പറഞ്ഞ്‌ ജനത്തെ ഇത്രയും നാളും പറ്റിച്ച്‌ കൂടെ കൊണ്ടുനടന്നു. സത്യം മനസിലായതോടെ ജനം അകലുന്നതല്ലേ ഡിവൈഎഫ്‌ഐക്കാരെ പ്രകോപിപ്പിച്ചത്‌.? കമ്പ്യൂട്ടര്‍ അടിച്ചുപൊളിക്കാന്‍ ആഹ്വാനം ചെയ്‌തവര്‍ ഇപ്പോള്‍ ലാപ്‌ടോപ്പുമായല്ലേ സഞ്ചാരം? കേരളത്തില്‍ നഴ്‌സിംഗ്‌, മെഡിസിന്‍, എന്‍ജിനീയറിംഗ്‌ വിദ്യാഭ്യാസം സ്വകാര്യമേഖലയില്‍ അനുവദിക്കില്ലായെന്നു പറഞ്ഞ്‌ എത്രയോ സമരങ്ങള്‍ എസ്‌എഫ്‌ഐ നടത്തി.എത്രയോ ബസുകള്‍ കത്തിച്ചു, എത്രയോ കോളേജുകള്‍ അടിച്ചു തകര്‍ത്തു. എന്നാല്‌ ആന്ധ്രയിലും കര്‍ണാടകത്തിലും കന്നുകാലി തൊഴുത്തിനേക്കാള്‍ കഷ്‌ടമായ കോളേജുകളില്‍ മലയാളികളായ വിദ്യാര്‍ത്ഥികളെ കെട്ടുവാന്‍ ഒത്താശ ചെയ്യുകയല്ലായിരുന്നോ കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍.? സിപിഎം നേതാക്കളുടെ മക്കള്‍ വിദേശ സര്‍വകലാശാലകളില്‍ കോടികള്‍ മുടക്കി പഠിക്കുമ്പോള്‍ കേരളത്തിലെ പാവങ്ങളെ അയല്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മാഫിയാകള്‍ക്ക്‌ പണയം വച്ചവരല്ലെ നിങ്ങള്‍? അന്യനാടുകളില്‍ പഠിക്കുവാന്‍ പോയി, ചൂഷണത്തിനിരയായ എത്രയോ പെണ്‍കുട്ടികളുണ്ട്‌? കാണാതായ വിദ്യാര്‍ത്ഥിനികളും ഏറെ. അന്യസംസ്ഥാന മാഫിയകള്‍ക്ക്‌ കേരളത്തിലെ വിദ്യാര്‍ത്ഥിനികളുടെ മാനം വിറ്റവരല്ലേ നിങ്ങള്‍? ഇതാ, ബാംഗ്ലൂരില്‍ നഴ്‌സിംഗ്‌ പഠനത്തിനു പോയി കാണാതായ ഒരു പെണ്‍കുട്ടിയുടെ കഥ.
കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിലെ മുഴുവന്‍ സ്‌ത്രീകളുടെയും മാനം സംരക്ഷിക്കാന്‍ മെനക്കെട്ടിറങ്ങിയ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‌ കാണാതായ നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനിയുടെ മാതാവ്‌ നല്‍കിയ പരാതിയാണ്‌ ചുവടെ ചേര്‍ക്കുന്നത്‌. ഇനിയും ഒരു അഞ്ചുവര്‍ഷം കൂടി തന്നാല്‍ അന്വേഷണത്തിന്‌ ഉത്തരവിടാമെന്നായിരിക്കാം മുഖ്യമന്ത്രിയുടെ നിലപാട്‌.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി മുമ്പാകെ, ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ കരിമണ്ണൂര്‍ വില്ലേജില്‍ പന്നൂര്‍ കരയില്‍ കരിമ്പനച്ചാലില്‍ ഇന്ദിരാ മോഹനന്‍ സമര്‍പ്പിക്കുന്ന സങ്കടഹര്‍ജി. (2006 മെയ്‌ 23 ന്‌ നല്‍കിയത്‌) സര്‍, എന്റെ മകള്‍ 21 വയസുള്ള ദിവ്യ മോഹനന്‍, വെളുത്ത നിറം, അഞ്ചരയടി പൊക്കവുമുള്ള കുട്ടി, ബാംഗ്ലൂരിലുള്ള ശ്രീനഗര്‍ ഓഫ്‌ നഴ്‌സിംഗ്‌ എന്ന സ്ഥാപനത്തില്‍ ജനറല്‍ നഴ്‌സിംഗിന്‌ രണ്ടാം വര്‍ഷം പഠിച്ചുകൊണ്ടിരിക്കേ 2006 ഫെബ്രുവരി 21 മുതല്‍ കാണാതെ പോകുകയും ഈ വിവരം ബാംഗ്ലൂരിലുള്ള ത്യാഗരാജനഗര്‍ പൊലിസ്‌ സ്റ്റേഷനില്‍ 27/2006 നമ്പര്‍ ആയി ഫെബ്രുവരി 21 ന്‌ മിസ്സിംഗിന്‌ കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. അന്നത്തെ കേരള മുഖ്യമന്ത്രിക്ക്‌ ഡിജിപിക്കും പരാതി കൊടുത്തിട്ടും നാളിതുവരെയും ഒരു തീരുമാനം ഉണ്ടായിട്ടില്ല. തൊടുപുഴ കരിമണ്ണൂര്‍, കൊടുവേലി കവമാരുകുഴിയില്‍ ബിനു മകള്‍ നീതു എന്ന കുട്ടി ഇവള്‍ പഠിച്ചിരുന്ന കോളേജിലാണ്‌ പഠിക്കുന്നത്‌. ആ വീട്ടില്‍ നിന്നു പോലും ആരും എന്റെ മകളെ കാണാതായതിനെപ്പറ്റി ഒന്നും പറയുന്നില്ല. കോളേജ്‌ അധികാരികളും മൗനം പാലിക്കുന്നു. എന്റെ മകളെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ എന്നു സംശയിക്കുന്നു. കുട്ടിയെ കാണാതായതിനു ശേഷം രവി, സാജു എന്നിങ്ങനെ രണ്ടാളുകള്‍ എന്റെ വീട്ടില്‍ വന്ന്‌ നിങ്ങളുടെ മകളെ ഉടനെ കിട്ടും എന്നു പറഞ്ഞിട്ട്‌ ഉടനെ പോവുകയും ചെയ്‌തു. ഇതിനു ശേഷം പി.ടി തോമസ്‌ എംഎല്‍എക്കു കിട്ടിയ ഒരു ഊമക്കത്തിന്റെ വെളിച്ചത്തില്‍ തൊടുപുഴ സ്റ്റേഷനിലെ തോമസ്‌ എന്ന പോലീസുകാരനുമൊന്നിച്ച്‌ കബീര്‍ദാസ്‌, സ്‌നേഹനഗര്‍, പാര്‍വ്വതീ ഭവന്‍, പി.ഒ കൊല്ലം എന്ന അഡ്രസില്‍ പോയി അന്വേഷിച്ചതില്‍ നിങ്ങളുടെ കുട്ടിയെപറ്റി തങ്ങള്‍ക്ക്‌ അറിയില്ലെന്നും പറഞ്ഞു. അയല്‍പക്കത്ത്‌ അന്വേഷിച്ചപ്പോള്‍ ഇവരെപറ്റി ഞങ്ങള്‍ക്ക്‌ ഒന്നും അറിയില്ല. പലരും വന്നു പോകുന്നതു കാണാം എന്നും പറഞ്ഞു. എന്റെ മകളെ കാണാതായിട്ട്‌ ഇപ്പോള്‍ നാല്‌ മാസം കഴിയാറായി. അവള്‍ ജീവനോടെ ഉണ്ടോ എന്നെങ്കിലും അറിഞ്ഞാല്‍ മതിയായിരുന്നു. സമക്ഷത്തിലെ ദയവുണ്ടായി എന്റെ മകളെ കണ്ടു പിടിച്ചു തരുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നപേക്ഷിക്കുന്നു. എന്ന്‌ ഇന്ദിരാ മോഹനന്‍ പന്നൂര്‍ 23.05.2006

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ