2011, ഏപ്രിൽ 24, ഞായറാഴ്‌ച

കൈരളി ചാനല്‍ വിട്ട ജോണ്‍ബ്രിട്ടാസിന്റെ പുതിയനീക്കം

തിരുവനന്തപുരം: കൈരളി ചാനല്‍ വിട്ട ജോണ്‍ബ്രിട്ടാസിന്റെ പുതിയനീക്കം സംബന്ധിച്ച ഊഹാപോഹാം തുടരുന്നു. കേരളത്തില്‍ നിന്നും അടുത്തതവണ ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ ബ്രിട്ടാസിനെ മത്സരിപ്പിക്കാനുള്ള ധാരണയിലായിരുന്നു കേരളത്തിലെ സി.പി.എമ്മും പിണറായി വിജയനും. എന്നാല്‍ കേരളത്തിനു പുറത്തുള്ളയാളും പി.ബി അംഗവുമായ സീതാറാം യെച്ചൂരി കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കാന്‍ കരുക്കള്‍ നീക്കിയതോടെ ബ്രിട്ടാസിന്റെ സാധ്യത അടഞ്ഞു. സ്വന്തം സംസ്ഥാനമായ ആന്ധ്രയില്‍ സി.പി.എം പോലും ഇല്ലാത്തതിനാല്‍ പശ്ചിമബംഗാളില്‍ നിന്നാണ് യെച്ചൂരി ഇപ്പോള്‍ രാജ്യസഭയിലെത്തുന്നത്. മറ്റൊരു പി.ബി അംഗമായ വൃന്ദാകാരാട്ടും പശ്ചിമബംഗാളില്‍ നിന്നുള്ള അംഗമാണ്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം മൂലം ഇരുവര്‍ക്കും ബംഗാളില്‍ നിന്നും രാജ്യസഭയിലെത്താനാവില്ല. ഇതോടെ യെച്ചൂരി കേരളത്തില്‍ കണ്ണുവയ്ക്കുകയായിരുന്നു. വൃന്ദയുടെ സീറ്റ് ഉറപ്പാകും എന്നതിനാല്‍ കാരാട്ടിന് ഇക്കാര്യത്തില്‍ എതിര്‍പ്പുമില്ല. ഇതോടെ കൈരളി വിടാന്‍ ബ്രിട്ടാസ് നിര്‍ബന്ധിതനാവുകയായിരുന്നു. ഇതേസമയം പാര്‍ട്ടിയുടെ തന്നെ സഹകരണത്തോടെ തയ്യാറാകുന്ന മറ്റൊരു പടുകൂറ്റന്‍ മാധ്യമസ്ഥാപനമാണ് ബ്രിട്ടാസിന്റെ മനസില്‍.


ഇതിനായി സ്റ്റാര്‍ ടിവിയില്‍ നിന്നുള്ള ഓഫര്‍ വരെ ബ്രിട്ടാസ് ഉപേക്ഷിക്കുകയായിരുന്നു. സൂപ്പര്‍താരം മമ്മൂട്ടിയും മറ്റൊരു പ്രമുഖ ചാനലിന്റെ ഉടമയും ബ്രിട്ടാസും ചേര്‍ന്നാണ് പുതിയ കമ്പനിക്ക് രൂപം നല്‍കുന്നത്. ആയിരം കോടി രൂപ മുതല്‍മുടക്കാനാണ് ലക്ഷ്യമിടുന്നത്. മലയാളത്തില്‍ പുതിയ ചാനലാണ് കമ്പനിയുടെ ആദ്യസംരംഭം. കമ്പനി നിലവില്‍വന്നാല്‍ ഈ നടന്റെ പിന്നീടുള്ള എല്ലാ സിനിമകളുടെയും സംപ്രേഷണാവകാശം ചാനലിനായിരിക്കും. കമ്പനിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറായിക്കഴിഞ്ഞു. 100 നിക്ഷേപകരില്‍ നിന്ന് 10 കോടി രൂപ വീതമാണ് സമാഹരിക്കുന്നത്. സൂപ്പര്‍താരത്തിന്റെ ലണ്ടന്‍യാത്ര സംരംഭകരെ കണ്ടെത്താനായിരുന്നുവെന്ന് അറിയിന്നു. ഇദ്ദേഹം ഇപ്പോള്‍ അമേരിക്കയില്‍ പോയിരിക്കുന്നതും ഇതേ ആവശ്യത്തിനുതന്നെയാണ്. പ്രമുഖചാനലിന്റെ മാനേജിങ് ഡയറക്ടറും നടനും ഇതില്‍ മുതല്‍മുടക്കും. ജോണ്‍ ബ്രിട്ടാസിന്റേത് വിയര്‍പ്പ് ഓഹരി ആയിരിക്കുമെന്നാണ് വിവരം. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നിക്ഷേപകരായി ഉണ്ടാകും. ഗുജറാത്തികളാണ് നിക്ഷേപകരില്‍ ഏറെയും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും നിക്ഷേപകരുണ്ട്. രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവ പൂര്‍ത്തിയാക്കിയശേഷം ഒരു വര്‍ഷത്തിനകം ചാനലിന്റെ പ്രവര്‍ത്തനം തുടങ്ങാനാണ് പരിപാടി. അതുവരെ ബി.ബി.സി.യിലോ മറ്റേതെങ്കിലും അന്താരാഷ്ട്ര മാധ്യമ ഗ്രൂപ്പിനോടൊപ്പമോ ബ്രിട്ടാസ് സഹകരിച്ചേക്കും.


മാധ്യമരംഗത്തെ വമ്പന്‍ സാന്നിധ്യമായി കേബിള്‍ ശൃംഖലകളുടെ വിപണികൂടി പിടിച്ചെടുക്കാനാണ് പുതിയ കമ്പനിയുടെ നീക്കമെന്നറിയുന്നു. പാശ്ചാത്യനാടുകളിലെപ്പോലെ സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം തന്നെ ചാനല്‍വഴി പ്രക്ഷേപണം ചെയ്ത് സൂപ്പര്‍താരത്തിന്റെ താരമൂല്യം പ്രയോജനപ്പെടുത്താനാണ് നീക്കം. ഭാവിയില്‍ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുകൂടി കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഇതില്‍ സി.പി.എമ്മിന് ഇരുപത് ശതമാനം ഓഹരിയുള്ളതായും സൂചനയുണ്ട്. അന്താരാഷ്ട്രതലത്തില്‍ പാര്‍ട്ടിക്ക് വാര്‍ത്താ ഏജന്‍സികളോ ചാനലുകളോ ഇല്ലാത്തത് കഴിഞ്ഞ കുറേ കാലങ്ങളായി പോളിറ്റ് ബ്യൂറോയിലും വിവിധ സംസ്ഥാനങ്ങളിലെ സെക്രട്ടേറിയറ്റുകളിലും നിരന്തരം ചര്‍ച്ചയായിരുന്നു. ഈസാഹചര്യത്തിലാണ് സംസ്ഥാനത്തെ മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗവും മമ്മൂട്ടിയും ബ്രിട്ടാസും ചേര്‍ന്ന് ഇത്തരത്തില്‍ ഒരു ആശയത്തിന് രൂപം നല്‍കിയത്. കഴിഞ്ഞ 19ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ജോണ്‍ബ്രിട്ടാസിന്റെ ഒഴിവില്‍ കൈരളിയുടെ എഡിറ്ററായി എന്‍.പി ചന്ദ്രശേഖരന്‍ ചുമതലയേറ്റേക്കും. ഇപ്പോള്‍ കൈരളി, പീപ്പിള്‍ ചാനലകളുടെ എക്‌സിക്യൂട്ടീവ് എഡിറ്ററാണദ്ദേഹം. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്ന നിലയില്‍ കാഴ്ചവച്ച മികച്ച പ്രവര്‍ത്തനമാണത്രെ എന്‍. പി ചന്ദ്രശേഖരനെ എഡിറ്റര്‍ തസ്തികയിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതിന് പിന്നില്‍. ഇതുസംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച നടന്നു.അതേസമയം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണനെ ചാനലുകളുടെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചേക്കും. കണ്ണൂര്‍ സ്വദേശിയും നേരത്തെ ദേശാഭിമാനിയില്‍ ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായിരുന്ന വെങ്കിടേഷ് രാമകൃഷ്ണന്‍ ഇപ്പോള്‍ ഹിന്ദു ദിനപത്രത്തിന്റെ പ്രസിദ്ധീകരണമായ ഫ്രണ്ട്‌ലൈന്‍ മാഗസിന്റെ ഡെപ്യൂട്ടി എഡിറ്ററായി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഇരുവരുടെയും നിയമനം സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അന്തിമ തീരുമാനം എടുക്കും.


നേരത്തെ ഡോ. സെബാസ്റ്റ്യന്‍പോളിനെ മാനേജിംഗ് ഡയറക്ടര്‍ തസ്തികയിലേക്ക് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും തുടര്‍ചര്‍ച്ചകള്‍ മരവിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളായി പാര്‍ട്ടി വിലയിരുത്തിയതില്‍ എറണാകുളം ഉണ്ടായിരുന്നില്ല. ഈസാഹചര്യത്തിലാണ് കൈരളിയുടെ നേതൃത്വത്തിലേക്ക് അദ്ദേഹത്തെ നിയമിക്കും എന്ന് അഭ്യൂഹങ്ങള്‍ പരന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ