ആലപ്പുഴ:ലോകമെങ്കും ക്രൈസ്തവര്‍ പീഡാനുഭവ വാരത്തിന്റെ ഓര്‍മപുതുക്കുന്ന വേളയില്‍ കേരളത്തിലെ ചേര്‍ത്തലയില്‍ ജാതിമതഭേധമന്യേ ഒരുവിഭാഗം ഗര്‍ഭിണികള്‍ അനുഭവിച്ചത് ഡോക്ടര്‍മാരുടെ പീഡനം. പെസഹാവ്യാഴവും ദു:ഖവെള്ളിയും ഈസ്റ്ററും ഉള്‍പ്പെടെ ഒന്നിടവിട്ട ദിവങ്ങളിലെ അവധിയെല്ലാം ഒറ്റയടിക്ക് എടുത്തുതീര്‍ക്കാന്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കാണിച്ച അതിബുദ്ധിയാണ് ഗര്‍ഭിണികളെ കുഴക്കിയത്. ഡോക്ടര്‍മാര്‍ക്ക് തുടര്‍ച്ചയായ അവധിക്ക് സൗകര്യമൊരുക്കാന്‍ വേണ്ടി ഗര്‍ഭിണികളെ കൂട്ടത്തോടെ പ്രസവ ശസ്ത്രക്രിയ നടത്തുകയായിരുന്നു ഇവിടെ. ആശുപത്രിയില്‍ രണ്ടു ദിവസങ്ങളിലായി 29 ഗര്‍ഭിണികള്‍ക്കു ശസ്ത്രക്രിയ നടത്തുകയായിരുന്നു. മാരത്തണ്‍ ശസ്ത്രക്രിയ നടത്തി ക്ഷീണിച്ച ഡോക്ടര്‍മാര്‍ ഇന്നലെ മുതല്‍ അവധിയിലും പ്രവേശിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ കൂടിയായ ആശുപത്രി സൂപ്രണ്ട് മാത്രമേ ഇനി അടുത്ത ദിവസങ്ങളില്‍ ഡ്യൂട്ടിയിലുണ്ടാകൂ. സംഭവം ശ്രദ്ധയില്‍പ്പെട്ട സൂപ്രണ്ട് പ്രസവ ശസ്ത്രക്രിയ നടത്തുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്നലെ അടിയന്തര സര്‍ക്കുലറുമിറക്കി. പ്രസവ ശസ്ത്രക്രിയകളുടെ എണ്ണം പെരുകി വാര്‍ഡിലെ കിടക്കകളെല്ലാം നിറഞ്ഞു കവിഞ്ഞതോടെ അമ്മമാരും നവജാത ശിശുക്കളും തറയിലാണ് കിടക്കുന്നത്. അടുത്ത ഞായറാഴ്ച വരെ പ്രസവത്തിന് സാധ്യതയുള്ള ഗര്‍ഭിണികളെയാണ് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയരാക്കിയതെന്നാണ് ആക്ഷേപം.
ഞായറാഴ്ച വരെയുള്ള തുടര്‍ച്ചയായ അവധിക്കിടെ 'ഗര്‍ഭിണികളുടെ ശല്യം ഉണ്ടാവാതിരിക്കുവാനുള്ള മുന്‍കരുതലാണിതെന്നും പറയുന്നു. പ്രസവ ശസ്ത്രക്രിയ്ക്കിടെ ഓപ്പറേഷന്‍ തിയറ്ററില്‍ വനിതാ ഡോക്ടര്‍മാര്‍ ഏറ്റുമുട്ടിയ സംഭവം നടന്നത് ഒരു മാസം മുന്‍പ് ഇതേ ആശുപത്രിയില്‍ ആയിരുന്നു. കഴിഞ്ഞ മാസം പത്തിനാണ് ഡ്യൂട്ടിയിലില്ലാത്ത ദിവസം പ്രസവ ശസ്ത്രക്രിയ നടത്താന്‍ എത്തിയ ലേഡി ഡോക്ടറും ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി ഡോക്ടറും ഏറ്റുമുട്ടിയത്. താന്‍ ചികില്‍സിക്കുന്ന ഗര്‍ഭിണിയുടെ പ്രസവ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയ ലേഡി ഡോക്ടര്‍ ഇവരെ ആദ്യം ശസ്ത്രക്രിയ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായിരുന്നു അടിയുണ്ടാകാന്‍ കാരണം. അതേസമയം അന്ന് ഡ്യൂട്ടിയിലുള്ള ലേഡി ഡോക്ടറുടെ നിര്‍ദേശ പ്രകാരം നാല് സ്ത്രീകളെ പ്രസവ ശസ്ത്രക്രിയയ്ക്കായി തിയറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍മാര്‍ തമ്മില്‍ തിയറ്ററില്‍ പൊരിഞ്ഞ തല്ലായതോടെ രോഗികളുടെ ബന്ധുക്കളും പ്രകോപിതരായി. ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാര്‍ ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്.ആരോഗ്യ വിഭാഗം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് അച്ചടക്ക ലംഘനമുണ്ടായി കണ്ടെത്തിയെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല. ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയകളുടെ എണ്ണം ക്രമാധീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് രണ്ടു തവണ ആരോഗ്യവകുപ്പ് ആശുപത്രിയില്‍ അന്വേഷണം നടത്തിയിരുന്നു.പ്രസവ ശസ്ത്രക്രിയയുടെ തലേന്ന് രോഗിയുടെ ബന്ധുക്കള്‍ 2000 രൂപ വരെ ചില ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കാന്‍ നിര്‍ബന്ധിതരാവുന്നതായും പരാതിയുണ്ട്. മൂന്ന് ഗൈനക്കോളജി ഡോക്ടര്‍മാരുടെ തസ്തികയുള്ള ഇവിടെ അഞ്ച് പേരാണ് ജോലി ചെയ്യുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ