2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

പഞ്ചനക്ഷത്ര പെണ്‍വാണിഭം

കൊച്ചി:വിദേശരാജ്യങ്ങളില്‍ സാധാരണമായ എസ്‌കോര്‍ട്ട് സര്‍വീസ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പഞ്ചനക്ഷത്ര പെണ്‍വാണിഭം കേരളത്തിന്റെ മഹാനഗരമായ കൊച്ചിയിലേക്കും. കൊച്ചിയിലെ ആകാശത്തെ നീലവര്‍ണത്തിലാക്കുന്ന സംഘം ഓണ്‍ലൈന്‍ വഴിയാണ് ഇരകളെ കണ്ടെത്തുന്നത്. വിദേശികളും പ്രവാസികളും ഉള്‍പ്പെടെ ആയിരങ്ങളാണ് കൊച്ചിയിലെ ഈ പുതിയ സൗകര്യത്തില്‍ മതിമറന്നാറാടാന്‍ എത്തുന്നത്. കേരളത്തിലെ കോളജ് കുമാരിമാര്‍ മുതല്‍ സാമ്പത്തികമായ തകര്‍ന്ന പഴയ സോവ്യറ്റ് റഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വരെ പണം മുടക്കിയാല്‍ കൂടെപ്പോരാന്‍ തയ്യാറായി കൊച്ചിയിലെ വിവിധസ്ഥലങ്ങളില്‍ താമസിക്കുന്നുണ്ട്.


സൈബര്‍ ലോകത്ത് പൊലീസിംഗ് നടത്തുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ സ്വന്തമായുള്ള കൊച്ചി പൊലീസിനാകട്ടെ ഇത്തരം സംഘങ്ങളെ പിന്തുടരാന്‍ താല്പര്യമെടുക്കുന്നില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാര്‍ മുതല്‍ സാദാ കോണ്‍സ്റ്റബിള്‍ വരെ പെണ്‍വാണിഭ സംഘങ്ങളില്‍ ‍ നിന്ന് പങ്ക് പറ്റുകയും ചെയ്യുന്നതിനാലാണിത്. പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് പണം വാങ്ങുകയും ഇടപാടുകാരിയുമായി അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തതിന് കൊച്ചിയിലെ ഏഴ് പൊലീസുകാര്‍ ഒരാഴ്ചയായി സസ്പെന്ഷനിലാണ്.


കടവന്ത്രയിലെ ഒരു ഫ്ലാറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ച ഷാഡോ പൊലീസിലെ ഏഴ് പേര് അവിടെയെത്തി പണം വാങ്ങി കേസ് ഒതുക്കുകയും തുടര്‍ന്ന് ഇവരുടെ പങ്കുകാരായി മാറുകയുമായിരുന്നു. പിന്നീട് പോലീസുകാര്‍ പലവട്ടം ഇവിടെയെത്തി യുവതികളുമായി കിടപ്പറ പങ്കിട്ടു. ദിവസത്തിന് പതിനായിരം രൂപ റേറ്റില്‍ പെണ്‍വാണിഭം നടക്കുന്ന ഇവിടെ പൊലീസുകാരുടെ സംരക്ഷണയിലാണ് പിന്നീട് അനാശാസ്യ പ്രവര്‍ത്തനം തുടര്‍ന്നത്. ഇതിനിടെ ഫ്ലാറ്റില്‍ പൊലീസുകാര്‍ വന്നുപോകുന്ന വിവരമറിഞ്ഞ ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ പോലീസുകാരുടെ പങ്ക് വ്യക്തമായി. ഇതിനെ തുടര്‍ന്നാണ് അനില്‍കുമാര്‍, സുഭാഷ്, ജെയ്, രാജേഷ്, ഷാജി, ഷിനോദ്, ലോഹിതാക്ഷന്‍ എന്നീ പോലീസുകാരെ സസ്പെന്ഡ് ചെയ്തത്. എറണാകുളം സെന്‍ട്രല്‍, ചേരാനല്ലൂര്‍, കണ്‍ട്രോള്‍ റൂം, പള്ളുരുത്തി, ഫോര്‍ട്ട് കൊച്ചി സ്റ്റേഷനുകളിലെ പൊലീസുകാരാണിവര്‍.


ചെറിയ ഇരകളായ സാദാ പൊലീസുകാര്‍ ഒരിക്കലെങ്കിലും കുടുങ്ങിയപ്പോള്‍ പെണ്‍വാണിഭ കേന്ദ്രങ്ങളുമായി ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പലവട്ടം ആരോപണമുയര്‍ന്നിട്ടും സ്വതന്ത്രരായി വിഹരിക്കുകയാണ്. സിറ്റി പൊലീസിലെ ഡി.വൈ.എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ അനാശാസ്യ കേന്ദ്രത്തില്‍ നടന്ന ഒരു കൊലപാതക കേസില്‍ വരെ ആരോപണ വിധേയനായെങ്കിലും മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ സംരക്ഷണത്തോടെ ഇദ്ദേഹം കേസില്‍ നിന്നും വിദഗ്‌ധമായി ഊരിപ്പോന്നു.


ജില്ലയുടെ കിഴക്കന്‍ വനമേഖലയിലെ ഒരു റിസോര്‍ട്ടില്‍ അനാശാസ്യ പ്രവര്‍ത്തനത്തിനെത്തിച്ച റഷ്യന്‍ കാള്‍ഗേള്‍സിനു വേണ്ടി നടന്ന തര്‍ക്കത്തിലാണ് എറണാകുളത്തെ ഹോട്ടല്‍ ജീവനക്കാരനായ ആലുവ സ്വദേശി കൊല്ലപ്പെട്ടതെന്നാണ് വിവരം. എന്നാല്‍ റഷ്യന്‍ യുവതികളോടൊപ്പം ബോട്ട് സവാരിക്കിടെ തടാകത്തില്‍ ബോട്ട് മുങ്ങി യുവാവ് മരിച്ചെന്നും യുവതികള്‍ നീന്തി രക്ഷപ്പെട്ടെന്നുമുള്ള വിചിത്രമായ കഥയാണ് റിസോര്‍ട്ട് അധികൃതരും പൊലീസും ചേര്‍ന്ന് ചമച്ചത്. തെളിവിന്റെ പൊടി പോലും അവശേഷിപ്പിക്കാതെയാണ് പൊലീസ് ഇതൊരു അപകടമരണമാക്കിയത്. റഷ്യന്‍ സുന്ദരിമാരെ വിശദമായ വൈദ്യ പരിശോധനക്കു പോലും വിധേയരാക്കാതെ രാത്രിക്കു രാത്രി സിറ്റി പോലീസ് വണ്ടി കയറ്റിവിടുകയും ചെയ്തു. ഈ റിസോര്‍ട്ടിന്റെ പാര്‍ട്ട്‌ണര്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന ആക്ഷേപം പല കോണുകളില്‍ നിന്നും ഉയര്‍ന്നെങ്കിലും കാര്യമായ ഒരന്വേഷണം പോലും ഈ കേസിലുണ്ടായില്ല.


കൊച്ചിയിലെ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിന്റെ തലവനെന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഴക്കുളം സ്വദേശി ഉദയചന്ദ്രന് 2009ല്‍ ഒരു ടി.വി ചാനലില്‍ പ്രത്യക്ഷപ്പെട്ട് സെക്സ് റാക്കറ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. പൊലീസിലെയും രാഷ്ട്രീയത്തിലെയും ഉന്നതരുമായുള്ള ബന്ധം തുറന്നു പറയാനും ഇയാള്‍ മടികാണിച്ചില്ല. വാര്‍ത്ത കണ്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തതിനെ തുടര്‍ന്ന് ഉദയചന്ദ്രനെ ദിവസങ്ങള്‍ക്കകം പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി റിമാന്ഡ് ചെയ്ത ഇയാള്‍ പിറ്റേന്ന് തന്നെ ജാമ്യത്തിലിറങ്ങി. പെണ്‍വാണിഭം തൊഴിലായി സ്വീകരിച്ചിട്ടുള്ള ഉദയചന്ദ്രന് പൊലീസിന്റെ മൂക്കിന്റെ തുമ്പത്ത് ഇപ്പോഴും പഞ്ചനക്ഷത്ര പകിട്ടോടെ പെണ്‍വാണിഭ രാജകുമാരനായി വിലസുകയാണ്.


എസ്കോര്‍ട്ട് സര്‍വീസിനു പുറമേ ഹോംസ്റ്റേയുടെ മറവിലും കൊച്ചിയില്‍ അനാശാസ്യ കേന്ദ്രങ്ങള്‍ പൂത്തുലയുകയാണ്. ഫോര്‍ട്ടുകൊച്ചി മുതല്‍ ആലുവ വരെ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഹോംസ്റ്റേയുടെ മറവിലുള്ള പെണ്‍വാണിഭ സംഘങ്ങള്‍ ക്യാമ്പുചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഇത്തരമൊരു കേന്ദ്രം ഫോര്‍ട്ടുകൊച്ചി പോലീസ് റെയ്ഡു ചെയ്തു. നടത്തിപ്പുകാരായ ദമ്പതികളെയും രണ്ട് സ്ത്രീകളെയും പിടികൂടുകയും ചെയ്തു. ഫോര്‍ട്ടു കൊച്ചി കുന്നുംപുറത്ത് ഹൗസ് ഓഫ് ഫെസ്റ്റിവല്‍സ് എന്ന വീട് കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനം നടന്നിരുന്നത്. കേന്ദ്രം നടത്തിപ്പുകാരനായ മട്ടാഞ്ചേരി സ്വദേശി സലാഹുദ്ദീന്‍, ഭാര്യ ലൈല, ആലപ്പുഴ സ്വദേശി ജെസ്സി(25), കാസര്‍കോഡ് സ്വദേശി സോണി (38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 16,000 രൂപയ്ക്ക് വീട് വാടകക്കെടുത്താണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. തൊട്ടുപിന്നാലെ കാക്കനാട് ചെമ്പുമുക്കില്‍ കെന്നഡി മുക്കിലേക്കുള്ള റോഡില്‍ നിന്നും മറ്റൊരു സംഘവും പിടിയിലായി.


ഓണ്‍ലൈന്‍ പെണ്‍വാണിഭം എസ്‌കോര്‍ട്ട് സര്‍വീസ് എന്ന പേരില്‍ നടത്തുന്നതിനെതിരേ ശക്തമായ നടപടി എടുക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഹൈക്കോടതി കേരളാപോലീസിന് നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍ കോടതി ഉത്തരവിന് പോലും യാതൊരു വിലയുമില്ലെന്ന രീതിയിലാണ് ഇപ്പോഴും ഇത്തരം സംഘങ്ങള്‍ അഴിഞ്ഞാടുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ