രഹസ്യാന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടും പി.ടി. തോമസിനെതിരേ വിജിലന്‍സ് അന്വേഷണം
രഹസ്യാന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടും പി.ടി. തോമസിനെതിരേ വിജിലന്‍സ് അന്വേഷണം
Text Size:
ഇടുക്കി: ആഭ്യന്തരമന്ത്രിക്കെതിരേ പത്രസമ്മേളനം നടത്തി ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്നുണ്ടായ വിജിലന്‍സിന്റെ രഹസ്യ പരിശോധനയില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടും പി.ടി. തോമസ് എം.പിക്കെതിരേ വീണ്ടും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്‌ടറാണ് ഇതുസംബന്ധിച്ച് ഉത്തരവായിരിക്കുന്നത്. വരുമാനത്തില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിനെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ എറണാകുളം വിജിലന്‍സ് എസ്.പിക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പിടി. തോമസിനു തൊടുപുഴയിലും ദുബായിലും ബിനാമി പേരില്‍ വന്‍ വരുമാനം ഉണ്ടെന്ന ആരോപണത്തിന്റെ അടിസ്‌ഥാനത്തിലാണ് വീണ്ടും അന്വേഷണമെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രിക്കും മറ്റ് ഇടതുപക്ഷ നേതാക്കള്‍ക്കുമെതിരേ നിരന്തരം ആരോപണം ഉന്നയിക്കുന്ന പി.ടി.തോമസ്, നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മൂന്നാറില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഉപദേഷ്‌ടാവിന്റെ കൈയേറ്റം മുഖ്യമന്ത്രിയുടെ മകന്‍ സംരക്ഷിക്കുന്നതായി ആരോപിച്ചിരുന്നു. ഈ പ്രകോപനം മൂലമാണു സര്‍ക്കാരിന്റെ കാലാവധി തീരാന്‍ രണ്ടാഴ്‌ച മാത്രം അവശേഷിക്കുമ്പോള്‍ ഇത്തരം ഉത്തരവിറങ്ങിയതെന്നു പറയപ്പെടുന്നു.
മെര്‍ക്കിന്‍സ്‌റ്റണ്‍ ഭൂവിവാദ കേസിലെ സേവി മനോ മാത്യുവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രിക്കെതിരേ പി.ടി. തോമസ് പത്രസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു. കുവൈത്തില്‍ ഇദ്ദേഹത്തോടൊപ്പം മന്ത്രി പോയതിന് തെളിവുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്‌തു. ഇതിന്റെ അടിസ്‌ഥാനത്തില്‍ തിരുവനന്തപുരത്തെ അഭിഭാഷകന്‍ മുഖേന ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പി.ടി. തോമസിനെതിരേ ആഭ്യന്തരമന്ത്രി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മറുപടി കൊടുത്തതിനാല്‍ തുടര്‍നടപടി ഉണ്ടായില്ല.
എങ്കിലും തോമസിന്റെ സമ്പാദ്യത്തെപ്പറ്റി ഊമക്കത്തിന്റെ അടിസ്‌ഥാനത്തില്‍ രഹസ്യ പരിശോധന വിജിലന്‍സ് നടത്തി. ഭാര്യ ജോലി ചെയ്യുന്ന ഓഫീസിലും വില്ലേജ് ഓഫീസുകളിലും മറ്റും ഇടുക്കി വിജിലന്‍സിലെ ഉദ്യോഗസ്‌ഥര്‍ നീണ്ട പരിശോധന നടത്തി. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാവ് ഗോപകുമാര്‍ വിവരാവകാശ നിയമപ്രകാരം പരിശോധനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അന്വേഷണം നടത്തിയിട്ടില്ലെന്നായിരുന്നു വിജിലന്‍സ് ഡയറക്‌ടറുടെ മറുപടി. എന്നാല്‍ കേസിന്റെ നമ്പര്‍ സഹിതം വീണ്ടും അപേക്ഷിച്ചപ്പോള്‍ പരിശോധന മാത്രമേ നടത്തിയുള്ളൂ എന്നായിരുന്നു മറുപടി ലഭിച്ചത്. നീണ്ട പരിശോധനയ്‌ക്കൊടുവില്‍ 2007 ഡിസംബര്‍ 17 ന് വിജിലന്‍സ് ഡയറക്‌ടര്‍ക്ക് അന്വേഷണ ഉദ്യോഗസ്‌ഥര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് വ്യക്‌തമാക്കിയതിനെത്തുടര്‍ന്നു തുടരന്വേഷണം വേണ്ടെന്നുവച്ചിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ