ചോദ്യപേപ്പര്‍ വിവാദമാക്കിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം
'ചോദ്യപേപ്പര്‍ വിവാദമാക്കിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം'
Text Size:
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജിലെ ബി.കോം. രണ്ടാം സെമസ്‌റ്റര്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മലയാളം പരീക്ഷയുടെ ചോദ്യപേപ്പര്‍ വന്‍ വിവാദമാക്കിയതിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നു കേസന്വേഷണത്തിനെത്തിയ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) ഉദ്യോഗസ്‌ഥരോടു പ്രഫ. ടി.ജെ. ജോസഫ് ആവശ്യപ്പെട്ടു.
പരീക്ഷ നടന്നു മൂന്നുദിവസം കഴിഞ്ഞു ചോദ്യപേപ്പറിന്റെ ആയിരക്കണക്കിനു കോപ്പികളെടുത്തു വിതരണം ചെയ്‌ത് ആസൂത്രിത കലാപമുണ്ടാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാണ് പ്രഫ. ജോസഫിന്റെ ആവശ്യം. കേസന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ എന്‍.ഐ.എ. ഉദ്യോഗസ്‌ഥരോടാണ് പ്രഫ. ജോസഫ് ഈ ആവശ്യമുന്നയിച്ചത്. കൈവെട്ടു കേസിന്റെ അന്വേഷണത്തോടനുബന്ധിച്ച് ഇക്കാര്യവും അന്വേഷണവിധേയമാക്കുന്ന കാര്യം പരിഗണിക്കാമെന്നു കേരളത്തിന്റെ ചുമതലയുള്ള എന്‍.ഐ.എ. എസ്.പി. രാജ്‌മോഹന്‍ പ്രഫ. ജോസഫിന് ഉറപ്പു നല്‍കി. ഇക്കാര്യത്തില്‍ തടസങ്ങളൊന്നുമുണ്ടാകാനിടയില്ലെന്നും എസ്.പി. അറിയിച്ചു.
ബി.കോം. രണ്ടാം സെമസ്‌റ്ററിലെ 32 വിദ്യാര്‍ഥികള്‍ക്കു മാത്രമായി നടത്തിയ ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറാണ് മതനിന്ദ ആരോപിച്ചു ചില തീവ്രവാദ സംഘടനകള്‍ വന്‍വിവാദമാക്കിയത്. ചോദ്യപേപ്പര്‍ തയാറാക്കിയ ന്യൂമാന്‍ കോളജിലെ മലയാളം വിഭാഗം മേധാവി പ്രഫ. ടി.ജെ. ജോസഫിന്റെ കൈകളും കാലും അക്രമികള്‍ വെട്ടി നുറുക്കുകയും ചെയ്‌തു.
സംസ്‌ഥാനത്തെമ്പാടും കലാപം സൃഷ്‌ടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടു വിദേശത്തുള്‍പ്പെടെ നടന്ന ഗൂഢാലോചന സംഭവത്തിനു പിന്നിലുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. കൈവെട്ടു കേസിലേക്കു നയിച്ച ചോദ്യപേപ്പര്‍ വിവാദമാക്കുന്നതിനു പിന്നില്‍ കോളജിലെ ചിലരും പ്രവര്‍ത്തിച്ചതായി ആരോപണമുയര്‍ന്നിരുന്നു.
ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിനെ പിന്നീട് കോളജില്‍ നിന്നു പുറത്താക്കിയതും വന്‍ വിവാദമായി. കടുത്ത ആക്രമണത്തിനിരയായിട്ടു പോലും പ്രഫ. ജോസഫിനുമേല്‍ കുറ്റം ചാര്‍ത്താനും പിരിച്ചുവിടാനും മാനേജ്‌മെന്റ് സ്വീകരിച്ച നടപടി വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.
കൈവെട്ടു കേസ് അന്വേഷിക്കുന്ന എസ്.പി. രാജ്‌മോഹന്റെയും ഡിവൈ.എസ്.പി. സിറാജുദ്ദീന്റെയും നേതൃത്വത്തിലുള്ള എന്‍.ഐ.എ. സംഘം അടുത്തയാഴ്‌ച വീണ്ടും മൂവാറ്റുപുഴയിലെത്തും. പ്രഫ. ജോസഫിന്റെയും അദ്ദേഹത്തിന്റെ സഹോദരി സിസ്‌റ്റര്‍ സ്‌റ്റെല്ലയുടെയും മൊഴിയെടുക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ