2011, മേയ് 31, ചൊവ്വാഴ്ച
അവസാനത്തെ ടൈപ്പ്‌റൈറ്റര്‍ ഫാക്‌ടറിയും അടച്ചുപൂട്ടി
ഹൈസ്‌പീഡ് ലാപ്‌ടോപ്പുകളും ഐപാഡും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളും ആധുനികകാലഘട്ടത്തിന്റെ മുഖമുദ്രയായി മാറുമ്പോള്‍ അധികമാരുമറിയാതെ ലോകത്തിലെ അവസാനത്തെ ടൈപ്പ്‌റൈറ്റര്‍ ഫാക്‌ടറിയും അടച്ചുപൂട്ടി.
ലോകത്തിലെ അവസാനത്തെ ടൈപ്പ്‌റൈറ്റര്‍ നിര്‍മാതാക്കളായ ഗോദ്‌റെജിന്റെ പൂണെയിലെ ഫാക്‌ടറിയിലിപ്പോള്‍ റഫ്രിജറേറ്ററുകളാണ് നിര്‍മ്മിക്കുന്നത്.
2009 ല്‍ ടൈപ്‌റൈറ്റര്‍ നിര്‍മാണം അവസാനിപ്പിച്ചിരുന്നെങ്കിലും അഴസാന അടച്ചു പൂട്ടല്‍ കഴിഞ്ഞ മാസമായിരുന്നു. ഇനി ആകെ 500 ഗോദ്‌റെജ് പ്രൈമ ടൈപ്‌റൈറ്ററുകള്‍ മാത്രമാണ് വില്‍പനയ്‌ക്കുള്ളത്.
ഗോദ്‌റെജ് ഫാക്‌ടറി അചച്ചുപൂട്ടുന്നുവെന്ന വാര്‍ത്ത വന്നതോടെ രാജ്യാന്തരതലത്തിലെ പല വമ്പന്‍ ഗ്രൂപ്പുകള്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ടൈപ്‌റൈറ്റര്‍ നിര്‍മാണം പുനരാരംഭിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും കമ്പനി അനുകൂലമായി പ്രതികരിച്ചിട്ടില്ല. ട്വിറ്ററിലും ഫേസ്‌ബുക്കിലുമൊക്കെ ടൈപ്പ്‌റൈറ്ററുകള്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചുള്ള കുറിപ്പുകളും അവയോടുള്ള വൈകാരിക അടുപ്പം പങ്കു വയ്‌ക്കുന്ന അനുഭവക്കുറിപ്പുകളും ധാരാളമായി കുറിക്കപ്പെടുന്നുണ്ട്. 1950 ല്‍ ഗോദ്‌റെജ് ടൈപ്പ്‌റൈറ്റര്‍ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ ആധുനിക ഇന്ത്യയുടെ വ്യവസായ മുന്നേറ്റത്തിന്റെ ശുഭസൂചകമായിട്ടായിരുന്നു അന്ന് വ്യാവസായിക രാഷ്‌ട്രീയ രംഗത്തുള്ളവര്‍ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യയില്‍ ആകെ 1.5 ലക്ഷം ടൈപ്പ്‌റൈറ്ററുകള്‍ നിര്‍മ്മിക്കുമ്പോഴാണിത്.
2000 ല്‍കമ്പ്യൂട്ടറുകള്‍ ആധിപത്യം ആരംഭിച്ചതോടെ ടൈപ്പ്‌റൈറ്ററുകള്‍ മെല്ലെ പിന്നാമ്പുറ്‌തേക്ക് മാറുകയായിരുന്നു. റെമിങ്‌ടണ്‍ റാന്‍ഡ്, ആഡ്‌ലെര്‍ റോയല്‍, ഒളിമ്പിയ, ഒളിവെട്ടി, സ്‌മിത്ത് കൊറോണ, നകാജിയ, ഗോദ്‌റെജ് എന്നിവയായിരുന്നു ഈ രംഗത്ത് ലോകത്തെ പ്രമുഖനിര്‍മ്മാതാക്കള്‍.
ഗോദ്‌റെജ് വിവിധ രാജ്യങ്ങളിലേക്ക് ടൈപ്‌റൈറ്ററുകള്‍ കയറ്റുമതി ചെയ്‌തിരുന്നു. ഗോദ്‌റെജിന്റെ വിവിധ ടൈപ്‌റൈറ്റര്‍ മോഡലുകള്‍ മുംബൈയിലുള്ള പുരാവസ്‌തുശേഖരത്തില്‍ കമ്പനി സൂക്ഷിച്ചിട്ടുണ്ട്. കോടതികളിലും പ്രതിരോധമേഖലയിലും ഏതാനും സര്‍ക്കാര്‍ വകുപ്പുകളിലും മാത്രമാണിപ്പോഴും ടൈപ്‌റൈറ്റര്‍ ഉപയോഗിക്കുന്നത്. വൈകാരിക അടുപ്പം മൂലം പലരും ടൈപ്‌റൈറ്റര്‍ ഒരു നിധി പോലെ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ ടൈപ്‌റൈറ്ററുകളെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന പലരും പൂട്ടിപ്പോവുകയോ രംഗം വിടുകയോ ചെയ്‌തു.
യൂസ്‌ഡ് ടൈപ്‌റൈറ്ററുകള്‍ക്ക് 300 മുതല്‍ 7000 രൂപ വരെ വിലയുണ്ട്. ഗോദ്‌റെജ് പ്രൈമ യൂസ്‌ഡ് ടൈപ്‌റൈറ്ററുകള്‍ക്ക് 5000 മുതല്‍ 7000 രൂപ വരെ വില വരും.
2011, മേയ് 30, തിങ്കളാഴ്‌ച
ഉമ്മന്‍ചാണ്ടി അറിയാന്‍...
മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യങ്ങള്‍. വകുപ്പുകളുടെ വിഭജനം ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തില്‍ നല്ല ഭരണം കാഴ്‌ച വയ്‌ക്കുവാന്‍ ഒരു സാധാരണക്കാരന്റെ അഭിപ്രായങ്ങള്‍ കുറിക്കട്ടെ. ഇന്നത്തെ മംഗളം പത്രത്തില്‍ തൃശ്ശൂരില്‍ നിന്നും ജോയി എം. മണ്ണൂര്‍ എഴുതിയ വാര്‍ത്തയുടെ തലക്കെട്ട് `പോലീസില്‍ ഇഷ്‌ടകസേരകള്‍ക്കായി ലക്ഷങ്ങളുടെ ലേലം വിളി. ചാകര കൊയ്‌ത്തുള്ള തസ്‌തികകള്‍ സ്വന്തമാക്കാന്‍ പോലീസ് ഓഫീസര്‍മാര്‍ ഓട്ടം തുടങ്ങി എന്നതിന്റെ സൂചനകളാണ് വാര്‍ത്തയുടെ ഉള്ളടക്കം.
കേരളത്തില്‍ മുന്നണി ഭരണം സംഭാവന ചെയ്‌ത ഒന്നാണ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് `പടി' നിശ്ചയിക്കുന്ന പ്രവണത. മുഖ്യകക്ഷിയും ഘടകകക്ഷികളും അവരവരുടെ വകുപ്പുകള്‍ സ്വന്തം മേച്ചില്‍പുറങ്ങളാക്കി മാറ്റുകയാണ്.
പോലീസ്, രജിസ്‌ട്രേഷന്‍, മോട്ടോര്‍ വാഹന വകുപ്പ്, പൊതുമരാമത്ത് തുടങ്ങിയവയാണ് ഇക്കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നത്. വകുപ്പ് മന്ത്രിയുടെ അടുപ്പക്കാരന്റെ പക്കല്‍ കേരളത്തിലെ ഉദ്യോഗസ്ഥരുടെ പട്ടിക നല്‍കുകയാണ് ആദ്യപടി. തുടര്‍ന്ന് നിശ്ചിത പടി നല്‍കുന്നവര്‍ക്ക് ഇഷ്‌ടലാവണങ്ങള്‍ നല്‍കുന്നു. ഇടുക്കി ജില്ലയില്‍ പോലീസ് വകുപ്പില്‍ മൂന്നാല്‍, കട്ടപ്പന, തൊടുപുഴ സബ്‌ഡിവിഷനുകളിലെ ഡിവൈ.എസ്.പി തസ്‌തികയ്‌ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആറുമാസത്തേക്ക് ഓരോ സബ് ഡിവിഷനിലും 25 ലക്ഷം രൂപ നല്‍കുന്നവര്‍ക്കാണ് പോസ്റ്റിംഗ് നല്‍കിയുന്നതെന്നാണ് ആരോപണം. എന്തായാലും കാല്‍കോടി രൂപ സംഭാവന നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആരെയും കൊന്നും പിടിച്ചു പറിച്ചും മുടക്കു മുതലും ലാഭവും തിരിച്ചു പിടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗതാഗതവകുപ്പില്‍ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ തുടങ്ങി ആര്‍.ടി.ഒ വരെയുള്ള തസ്‌തികകളില്‍ ഒരു വര്‍ഷം സേവനം ചെയ്യാന്‍ 25000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയായിരുന്നു പടി. ഇത് ഇപ്പോഴും തുടരുകയാണ്, തുക വര്‍ധിച്ചുവെന്ന് മാത്രം. ഈ രീതിയില്‍ പടി നല്‍കിയ ഉദ്യോഗസ്ഥര്‍ ഗതാഗതനിയമലംഘനത്തിന് കൂട്ടുനില്‍ക്കുമെന്നതില്‍ തര്‍ക്കമില്ല. ഇതാണല്ലോ കേരളത്തെ അപകടത്തിന്റെ സ്വന്തം നാടാക്കി മാറ്റിയിരിക്കുന്നത്.
മാറുന്ന സര്‍ക്കാരിനനുസരിച്ച് രാഷ്‌ട്രീയനിറം മാറുന്നതില്‍ സ്‌പെഷ്യലൈസ് ചെയ്‌ത ഉദ്യോഗസ്ഥരാണ് കേരളത്തില്‍ പിടിച്ചു പറി നടത്തുന്നതെന്നതും പരസ്യമായ രഹസ്യമാണ്.
ഇന്നലെ വരെ ചെങ്കൊടിക്ക് പിന്നില്‍ അണി നിരന്നവര്‍ ഇന്ന് കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, ലീഗ്, ആര്‍.എസ്.പി പതാകകള്‍ക്ക് പിന്നില്‍ അണി നിരന്നിരിക്കുന്നു. ഓരോ വകുപ്പിലെയും ട്രാന്‍സ്‌ഫര്‍ ആന്റ് പോസ്റ്റിംഗ് മന്ത്രിസഭ കൂട്ടായി ചര്‍ച്ച ചെയ്‌ത് നടത്തിയാല്‍ അത് അഴിമതിക്കെതിരേയുള്ള ഒരു പോരാട്ടമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഓരോ വകുപ്പും ഓരോരുത്തരുടെ വിഹാരകേന്ദ്രമാക്കി മാറ്റിയാല്‍ ഇവിടെ ക്രമസമാധാനവും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും താളം തെറ്റും.
നിര്യാതനായി
തൊടുപുഴ : തെക്കുംഭാഗം മുടയാനിക്കല്‍ എം.കെ മാത്യു (മത്തച്ചന്‍- 59) നിര്യാതനായി. സംസ്‌കാരം 31 ന് ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടിന് കല്ലാനിക്കല്‍ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍. ഭാര്യ ലിസ്സി കരിമണ്ണൂര്‍ കൊച്ചുപറമ്പില്‍ കുടുംബാംഗം. മക്കള്‍: ഷിജി, ജിഷി, ഷിനോ മരുമക്കള്‍: സാബു അടയ്‌ക്കനാട്ട് എലിക്കുളം (ഡല്‍ഹി), ഷാലറ്റ് പൊരുമറ്റത്തില്‍ (കഞ്ഞിക്കുഴി), സരുണ്‍ വെട്ടത്തേല്‍ തീക്കോയി (അബുദാബി).
2011, മേയ് 29, ഞായറാഴ്‌ച
തുടര്‍ചികിത്സയ്‌ക്കു പണമില്ലാതെ വിഷമിച്ച യുവാവിനു സഹായഹസ്‌തം
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തുടര്‍ചികിത്സയ്‌ക്കു പണമില്ലാതെ വിഷമിച്ച യുവാവിനും കുടുംബത്തിനും വിദേശമലയാളിയുടെ സഹായഹസ്‌തം. ഉടുമ്പന്നൂര്‍ കുളപ്പാറ പള്ളിപ്പുറത്ത് ബിനു സുരേന്ദ്രനാണ് വിദേശമലയാളിയുടെ സന്‍മനസ്സില്‍ തുടര്‍ചികിത്സയ്‌ക്ക് പണം ലഭിച്ചത്. ബൈക്കപകടത്തില്‍ പരിക്കേറ്റ ബിനുവിന്റെ ദുരവസ്ഥ രണ്ടാഴ്‌ച മുന്‍പ് വി.ബി.സി ന്യൂസില്‍ സംപ്രേഷണം ചെയ്‌തിരുന്നു.
എന്നാല്‍ വിബിസി പ്രേക്ഷകരില്‍ നിന്നും കാര്യമായ പ്രതികരണമുണ്ടായില്ല. പത്തുരൂപ ബാങ്കില്‍ നിക്ഷേപിക്കുന്നതിന്റെ പ്രായോഗികബുദ്ധിമുട്ട് ആയിരിക്കാം സഹായം ലഭിക്കാത്തതിന് കാരണം. ഒരു അദ്ധ്യാപിക നല്‍കിയ അഞ്ഞൂറ് രൂപ മാത്രമാണ് ലഭിച്ചത്. ഇതിനിടെ വിബിസിയുടെ ഇന്റര്‍നെറ്റ് ചാനലിലൂടെ ബിനുവിന്റെ ദുരവസ്ഥ തൊടുപുഴയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഫെബിന്‍ ലീ ജെയിംസ് ഏതാനും വിദേശമലയാളി സുഹൃത്തുക്കളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വിദേശ മലയാളി ചികിത്സാ സഹായമായി അരലക്ഷം രൂപ നല്‍കുകയായിരുന്നു. ഈ തുകയ്‌ക്കുള്ള ചെക്ക് വിബിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഫെബിന്‍ലീ ജെയിംസ് ബിനുവിന്റെ പിതാവ് സുരേന്ദ്രന് കൈമാറി.
ബിനുവിന്റെ ദുരവസ്ഥ വിബിസിയുടെ ശ്രദ്ധയില്‍ പെടുത്തിയ ഉടമ്പന്നൂര്‍ സ്വദേശി ജോര്‍ജ്ജ് സേവ്യര്‍, ബിനുവിന്റെ ബുദ്ധിമുട്ട് വാര്‍ത്തയാക്കിയ ക്യാമറമാന്‍ ഗോപാലകൃഷ്‌ണന്‍ അറക്കുളം, വിബിസി ചെയര്‍മാന്‍ സാബു നെയ്യശ്ശേരി, ന്യൂസ് എഡിറ്റര്‍ പി.ആര്‍ പ്രശാന്ത്, ചീഫ് ക്യാമറമാന്‍ താരിഷ് എം. ബഷീര്‍, ന്യൂസ് റീഡര്‍ ജയ്‌നി, ക്യാമറമാന്‍മാരായ സാഗര്‍, ബിനു, എബിന്‍, കുര്യാക്കോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ചികിത്സാ സഹായം ലഭിച്ചതില്‍ നന്ദിയുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നതാണ് ഏറ്റവും വലിയ പ്രാര്‍ത്ഥനയെന്നായിരുന്നു ജോര്‍ജ്ജ് സേവ്യറിന്റെ പ്രതികരണം.
2011, മേയ് 28, ശനിയാഴ്‌ച
ലോട്ടറി: സി.ബി.ഐയെ പേടിക്കുന്നതാരെല്ലാം? പി.ടി. തോമസ് എം.പി.
എണ്‍പതിനായിരം കോടിരൂപയുടെ ലോട്ടറി കുംഭകോണത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ഹൈക്കോടതി തീര്‍പ്പ്; വര്‍ഷങ്ങളായി ഇത് സംബന്ധിച്ച് യു ഡി എഫ് നടത്തിവരുന്ന ധാര്‍മിക പോരാട്ടങ്ങളുടെ സുപ്രധാന വിജയമാണ്.
2001-06 കാലഘട്ടത്തില്‍ ലേഖകന്‍ എം എല്‍ എ ആയിരുന്ന തൊടുപുഴ മണ്ഡലത്തില്‍ ഒരു ദിവസംപോലും ഒരു ഓണ്‍ലൈന്‍ വില്പനകേന്ദ്രം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടില്ല. വ്യാപകമായ ലോട്ടറി കൊള്ളയിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കുവാനും ബോധവത്ക്കരിക്കുന്നതിനുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവസിച്ചു. കേരള സര്‍ക്കാരിന് നിരവധി നിവേദനങ്ങള്‍ നല്‍കി പക്ഷെ എല്ലം കേന്ദ്രത്തിന്റെ കുറ്റമാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഒഴിഞ്ഞുമാറി. 2009ല്‍ എം പിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഈ വിഷയം ശക്തമായി പാര്‍ലമെന്റില്‍ ഉന്നയിച്ചത് വിഷയത്തില്‍ വലിയ വഴിത്തിരിവായി. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ പേരില്‍ പ്രതിവര്‍ഷം 16,000 കോടിയുടെ ലോട്ടറി വില്പന കേരളത്തില്‍ നടക്കുന്നുവെന്ന വിവരം സിക്കിം ഗവണ്‍മെന്റിന് പുതിയ ഒരറിവായിരുന്നു. സിക്കിം എംപി റായ് മുഖേന ലേഖകന് സിക്കിമില്‍ നിന്നും ലഭിച്ച മറുപടിയില്‍ ഇവ വ്യക്തമായിരുന്നു. 16,000 കോടിരൂപയുടെ ലോട്ടറി വില്പന നടത്തുന്നുവെന്നും അതിന് സിക്കിം ഗവണ്‍മെന്റിന് പങ്കില്ലെന്നും അത്തരം വ്യാജലോട്ടറി വില്പന നടക്കുന്നുവെങ്കില്‍ അതിനെതിരെ നടപടിയെടുക്കേണ്ടത് കേരള ഗവ. ആണെന്നുമാണ് സിക്കിം സര്‍ക്കാര്‍ അറിയിച്ചത്. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം മുഖേന ഭൂട്ടാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടപ്പോഴും ഇത്രവലിയ ലോട്ടറിക്കൊള്ള നടക്കുന്നകാര്യം അവരും അറിഞ്ഞിട്ടില്ല. തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ഐതിഹാസികമായ സമരങ്ങള്‍ കേരളത്തിന്റെ വര്‍ത്തമാന ചരിത്രത്തില്‍ ഇടംനേടിക്കഴിഞ്ഞു.
വികസനകാര്യത്തില്‍ രാഷ്ട്രീയം പാടില്ല:എ.കെ ആന്റണി
വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, മുന്‍ മന്ത്രി എളമരം കരീം, മന്ത്രി കെ.സി ജോസഫ്, എം.പിമാര്‍, എംഎല്‍എമാര്‍ തുടങ്ങീ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. 500-ഓളം കോസ്റ്റ് ഗാര്‍ഡ് കേഡറ്റുകള്‍ക്ക് ഒരേ സമയം പരീശീലനം നല്‍കാനാവുന്ന അക്കാദമിയാണ് കണ്ണൂരിലെ ഇരിണാവിലേത്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഈ അക്കാദമിയിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മികവ് നല്‍കാനാവും.
2011, മേയ് 27, വെള്ളിയാഴ്‌ച
ഫ്ലാറ്റ് വാങ്ങാന്‍ പണം നല്‍കിയ പ്രവാസികളുള്‍പ്പെടെ ഫ്ലാറ്റായി; ശതകോടികളുമായി മുങ്ങിയ ഉടമകള്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ്
കൊച്ചി: സ്വര്‍ണംവില്‍ക്കാന്‍ കച്ചവടക്കാര്‍ നടത്തിയ അക്ഷയത്രിതീയ തട്ടിപ്പില്‍വീണ അതേമലയാളികള്‍ തന്നെ വന്‍കിട ഫ്ലാറ്റ്‌നിര്‍മാതാക്കളുടെ അക്ഷയതൃതീയ തട്ടിപ്പിലും വീണു. പ്രവാസികള്‍ ഉള്‍പ്പെടെ 400ഓളം പേരുടെ ശതകോടികളുമായാണ് ഇപ്പോള്‍ ഫ്ലാറ്റ്‌നിര്‍മാതാക്കള്‍ മുങ്ങിയിരിക്കുന്നത്. പണം പോയവര്‍ ശരിക്കും ഫ്ലാറ്റായ അവസ്ഥ. അക്ഷയതൃതീയ സ്വര്‍ണം വാങ്ങാനുള്ള ശുഭദിനമായിരുന്നെങ്കില്‍ രണ്ടാമത്തേത് വീട് സ്വന്തമാക്കാനുള്ളതാണ്. സ്വര്‍ണം വില്‍ക്കാനുള്ള നല്ല ദിവസവുമായി വന്നവരില്‍ ഏതാണ്ട് എല്ലാ ജ്വല്ലറിക്കാരുമുണ്ടായിരുന്നു. എന്നാല്‍ അഷ്ടപഞ്ചമിയുടെ മാഹാത്മ്യം അവകാശപ്പെട്ട് വന്നത് ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് മാത്രമാണ്.
കഴിഞ്ഞവര്‍ഷം സപ്തംബര്‍ ഏഴ് ,എട്ട് തീയതികളിലെ പത്രങ്ങളിലാണ് ഇവരുടെ പരസ്യം വന്നത്. സപ്തംബര്‍ 11 ന് ഇന്ന് അഷ്ടപഞ്ചമി എന്ന് പ്രഖ്യാപിച്ച് ഫുള്‍പേജ് പരസ്യവും കൊടുത്തു. 'തമ്പ്രാന്റെ മുണ്ടിന്റെ കൂടെ അടിയന്റെ കൌപീനവും' എന്ന മട്ടില്‍ ടോപ്പ് കണ്‍സ്‌ട്രക്‌ഷന്‍സ് എന്ന സ്ഥാപനവും 'ഈ സുവര്‍ണാവസരം ഇന്നു മാത്രം' എന്ന് പരസ്യം ചെയ്തു. 'വീടിനാവാമെങ്കില്‍ എന്തുകൊണ്ടു വീട്ടുപകരണങ്ങള്‍ക്കുമായിക്കൂടാ പഞ്ചമിയുടെ പുണ്യം' എന്ന മട്ടില്‍ ഗൃഹവും ഗൃഹോപകരണങ്ങളും സ്വന്തമാക്കുവാന്‍ ഈ വര്‍ഷത്തെ ഏറ്റവും നല്ല സൗഭാഗ്യദിനമെന്ന പ്രഖ്യാപനവുമായി നന്തിലത്തും രംഗത്തെത്തി.
പഞ്ചമിയുടെ പിറ്റേന്ന് ആപ്പിള്‍ എ ഡേ ഉടമകള്‍ അഷ്ടപഞ്ചമി ഓഫര്‍ രണ്ടു ദിവസത്തേക്കു കൂടി നീട്ടിയിട്ടുണ്ടെന്നും ഉപഭോക്താക്കളുടെ അഭ്യര്‍ഥന മാനിച്ചാണിതെന്നും പരസ്യവും നല്‍കി. അഷ്ടപഞ്ചമി എന്നുകേട്ടതോടെ പ്രവാസികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ഇളകി. കേരളത്തിന്റെ വാണിജ്യതലസ്ഥാനമായ കൊച്ചിയില്‍ റിയല്‍എസ്റ്റേറ്റ് രംഗത്തു മുതല്‍മുടക്കുക എന്ന പ്രവാസി മലയാളികളുടെ സ്വപ്‌നവും ഇതിനുവേഗം പകര്‍ന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള നിരവധി പ്രവാസികളുടെ കോടിക്കണക്കിനു രൂപയുമായാണ് എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ ഇടപ്പള്ളി പൂവത്തുംമൂട്ടില്‍ കടവില്‍ കെ.ജെ. സാജു (സാജു കടവില്‍ 37), ഇടപ്പള്ളി കുരിയിക്കപ്പറമ്പില്‍ ചന്ദ്രനിവാസില്‍ സി. രാജീവ് കുമാര്‍ (രാജീവ് ചെറുവാര 33) എന്നിവര്‍ മുങ്ങിയത്.
പണംമുടക്കിയവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പോലീസ് ഇവര്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പറപ്പെടുവിച്ചത്. ഫ്‌ളാറ്റ് നല്‍കാമെന്നു പറഞ്ഞു പണം മുന്‍കൂര്‍ വാങ്ങി സമയപരിധിക്കുള്ളില്‍ ഫ്ലാറ്റ് നിര്‍മിച്ചു നല്‍കാതെ ഇടപാടുകാരെ കബളിപ്പിച്ചു എന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതികള്‍. ഇതിനോടകം 40തോളം പരാതികള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. തട്ടിപ്പുവാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇന്നലെ മാത്രം 15 പരാതികളാണ് ലഭിച്ചത്. കോട്ടയം ജില്ലയിലെ പാമ്പാടി, പുതുപ്പള്ളി, എറണാകുളം മാമംഗലം എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇന്നലെ പരാതിയുമായി എത്തിയത്. ഇടപാടുകാരുടെ പരാതിയെത്തുടര്‍ന്ന് സ്ഥാപനത്തിന്റെ പാലാരിവട്ടത്തെ ആസ്ഥാനത്ത് പൊലീസ് റെയ്ഡ് നടത്തുകയും നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കേസിന്റെ കൂടുതല്‍ അന്വേഷണത്തിനായി എറണാകുളം നോര്‍ത്ത് സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ചതി, വിശ്വാസവഞ്ചന എന്നിവടയക്കം എട്ടു കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
പ്രവാസികള്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, എന്നിവരടക്കം ഉന്നതരും ചെലവു കുറഞ്ഞ പാര്‍പ്പിട പദ്ധതിയായി പ്രഖ്യാപിച്ച ന്യൂ കൊച്ചി നാനോ പദ്ധതിയില്‍ പണം നിക്ഷേപിച്ച ഇടത്തരക്കാരും വഞ്ചിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ പ്രഖ്യാപിച്ച ബിഗ് ആപ്പിള്‍, ആപ്പിള്‍ ഡോട്ട് കോം, ആപ്പിള്‍ ഐസ്, നാനോ ന്യൂകൊച്ചി, ആപ്പിള്‍ വണ്‍ ബി എച്ച് കെ, ലിമിറ്റഡ് എഡിഷന്‍ ഹോം, ആപ്പിള്‍ വില്ല, ആപ്പിള്‍ ഗസ്റ്റ് ഹൗസ് എന്നീ പദ്ധതികള്‍ക്കു വേണ്ടി അഞ്ചു ലക്ഷം രൂപ മുതല്‍ 35 ലക്ഷം രൂപ വരെയാണ് ഇവര്‍ ഇടപാടുകാരില്‍നിന്നു കൈപ്പറ്റിയത്. ഇവരുടെ പൂര്‍ത്തിയാക്കാത്തതും പണി തുടങ്ങാത്തതുമായ എല്ലാ പദ്ധതികളും ഏറ്റെടുക്കാന്‍ തയാറാണെന്നറിയിച്ച് ഇടപാടുകാരുമായി ചര്‍ച്ച നടത്തിയ ബാംഗ്ലൂര്‍ ആപ്പിള്‍ കമ്പനിയുടെ പ്രതിനിധികള്‍ പിന്മാറി.
നിയമനടപടികളുമായി മുന്നോട്ടു പോവുന്ന ഇടപാടുകാരെ കബളിപ്പിക്കാന്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ തന്നെ പറഞ്ഞുവിട്ടവരാണു കൊച്ചിയില്‍ തമ്പടിച്ച് ഇടപാടുകാരുമായി ചര്‍ച്ച നടത്തിയതെന്നും ആരോപണമുണ്ട്. പ്രതികളുടെ പേരിലുള്ള സ്വത്തുക്കള്‍ കണ്ടെത്തി കണ്ടുകെട്ടാനുള്ള നിയമനടപടികള്‍ പൊലീസ് ആരംഭിച്ചു. വഞ്ചിക്കപ്പെട്ട നൂറിലധികം പേരാണ് ഇന്നലെ ഇവര്‍ക്കെതിരെ പരാതി നല്‍കാന്‍ പൊലീസിനെ സമീപിച്ചത്. വഞ്ചനാകുറ്റത്തിന് അന്‍പതിലധികം പരാതികള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തു. ആദ്യഘട്ടത്തില്‍ പരാതികളുമായി പൊലീസിനെ സമീപിച്ച ഇടപാടുകാരെ പ്രതികള്‍ ഗുണ്ടകളെ വിട്ടു ഭീഷണിപ്പെടുത്തിയിരുന്നു. പ്രഖ്യാപിച്ച പ്രകാരം നാലു വര്‍ഷം മുന്‍പു നിര്‍മാണം തീരേണ്ടിയിരുന്ന ഇവരുടെ പദ്ധതിയില്‍ 15 ലക്ഷം രൂപ വായ്പയെടുത്തു മുടക്കിയ ഒരാള്‍ ഒരു വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തതായും പൊലീസിനു വിവരം ലഭിച്ചു. പദ്ധതി നടപ്പാവാതിരുന്നതോടെ, കാന്‍സര്‍ രോഗിയായ ഭാര്യയുടെ ചികിത്സയ്ക്കായി പണം തിരികെ ചോദിച്ച് ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന്റെ പാലാരിവട്ടം ഓഫിസില്‍ പലതവണ നേരിട്ടെത്തി ബഹളമുണ്ടാക്കിയ ഇയാളെ ഉടമകളുടെ ഗുണ്ടകള്‍ മര്‍ദിച്ചുവെന്നു പൊലീസ് പറഞ്ഞു.
ഇടപാടുകാരുടെ പണം ഉപയോഗിച്ച് ആര്‍ഭാട ജീവിതം നയിക്കുന്ന പ്രതികള്‍ രാജ്യത്തെ വന്‍കിട ഹോട്ടലുകളിലും ലക്ഷ്വറി ഫ്‌ളാറ്റുകളിലും ഒളിച്ചു താമസിക്കാന്‍ സാധ്യതയുണ്ടെന്നാണ് തിരച്ചില്‍ നോട്ടീസില്‍ പറയുന്നത്. പൊലീസുകാരടക്കമുള്ളവര്‍ ഇവര്‍ക്കു പണം നല്‍കി കബളിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഇവരെക്കുറിച്ച് ആദ്യഘട്ടത്തില്‍ പരാതി നല്‍കിയവരെ ഇപ്പോള്‍ അന്വേഷണ സംഘത്തിലുള്ള ഒരുദ്യോഗസ്ഥന്‍ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബാംഗ്ലൂരില്‍ ഇവരെ അറസ്റ്റു ചെയ്യാന്‍ പൊലീസ് നടത്തിയ ശ്രമം രണ്ടു തവണ ചോര്‍ന്ന സംഭവത്തെ ഗൗരവത്തോടെയാണു കാണുന്നത്. പ്രതികളെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ
0484-2345850, 9497990069,
9497980425, 9497987104
എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണം.
വഞ്ചിതരായവര്‍ക്കു നിയമസഹായം നല്‍കാന്‍ ഇടപാടുകാര്‍ രൂപീകരിച്ച ബിഗ് ആപ്പിള്‍ ബയേഴ്‌സ് അസോസിയേഷന്‍ ഹെല്‍പ് ലൈനും തുറന്നിട്ടുണ്ട്.
ഫോണ്‍: 7736983030, 8547370285, 9895017011.
അന്വേഷണം തുടരുമ്പോഴും ജനത്തിനു സംശയം ബാക്കിയാണ്. അഷ്ടപഞ്ചമിയുടെ പുണ്യം ഈ ദിവസങ്ങളില്‍ വീടു ബുക്കു ചെയ്യുന്നവര്‍ക്കു കിട്ടിയോയെന്നതാണിത്.
കുര്‍ബാനയ്ക്കിടെ പള്ളിമുകളിലേക്ക് പാറ..... രോഷാകുലരായ നാട്ടുകാര്‍ ഹര്‍ത്താല്‍ നടത്തുന്നു
കോട്ടയം: കുര്‍ബ്ബാനയ്ക്കിടയില്‍ ദേവലായത്തിനുള്ളിലേക്ക് പാറമടയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണത് പരിഭ്രാന്തി സൃഷ്ടിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ക്കിടയിലേക്കാണ് പള്ളിയുടെ മേല്‍ക്കൂര തുളച്ച് കരിങ്കല്‍കഷ്ണം വീണെങ്കിലും ദൈവാനുഗ്രഹത്താല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. വ്യാഴാഴ്ച വൈകീട്ട് 5.15 ഓടെ കടപ്ലാമറ്റം സെന്റ്‌മേരീസ് പള്ളിയിലെ മദ്ബയ്ക്കുമുന്നിലായാണ് കല്ല് വീണത്. മദ്ബയ്ക്ക് മുന്നിലും ദേവാലയത്തിനു നടുവിലായും വീണതിനാല്‍ ആളപായം ഒഴിവായി. 250 മീറ്ററോളം ദൂരത്തുള്ള പാറമടയില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് കരിങ്കല്ല് പൊട്ടിക്കുന്നതിനിടയില്‍ തെറിച്ചുവീണതാണ് കല്ല്. രണ്ടര കിലോയോളം ഭാരംവരുന്ന കല്ലാണ് മേല്‍ക്കൂരയിലെ ഓടും സീലിങ്ങും തുളച്ച് പള്ളിക്കുള്ളില്‍ പതിച്ചത്.
വയലാ സ്വദേശിയുടെ നേതൃത്വത്തില്‍ പാട്ടത്തിനു നടത്തുന്ന കരിങ്കല്‍ ക്വാറിയാണിത്. ഇതിനു മുമ്പും പള്ളിമുറ്റത്ത് മടയില്‍നിന്ന് കരിങ്കല്ല് വീണിട്ടുണ്ടെന്ന് വികാരി പറയുന്നു. അന്നു പരാതി ഉയരുകയും ഇടക്കാലത്തേക്ക് മട അടച്ചിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് സുരക്ഷിതമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതരെ ധരിപ്പിച്ചാണ് വീണ്ടും മട പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ യാതൊരു സുരക്ഷാ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചിട്ടില്ലെന്നും വികാരി ഫാ. കുര്യന്‍ കാലായില്‍ പറഞ്ഞു. ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന കവലയിലാണ് പള്ളി. ഈ കവലയില്‍ പള്ളിവക വിവിധ വിദ്യാലയങ്ങള്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, സര്‍ക്കാര്‍ ആശുപത്രി, സഹകരണ ബാങ്ക്, പഞ്ചായത്ത് കാര്യാലയം എന്നിവയും പ്രവര്‍ത്തിക്കുന്നു.
മെയ് മാസവണക്കത്തോടനുബന്ധിച്ച് പള്ളിയില്‍ നിത്യേന പ്രത്യേക ചടങ്ങുകള്‍ നടന്നുവരികയായിരുന്നു. ഫാ. ജോര്‍ജ് പോളച്ചിറയുടെ കാര്‍മ്മികത്വത്തിലായിരുന്നു കുര്‍ബ്ബാന. പള്ളിയിലെ കയറ്റുപായില്‍ വീണ കല്ല് തെറിച്ച് പുണ്യാളന്റെ രൂപത്തിന് മുന്നിലെത്തി. മേരിമാതാ സി.ബി.എസ്. ഇ. സ്‌കൂളിന്റെ മുറ്റത്തും കരിങ്കല്ലുചീളുകള്‍ വീണു. പഞ്ചായത്തില്‍ പുതിയ പാറമടകള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് ഒരു മാസം മുമ്പേ പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുത്തിരുന്നു. ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ജീവനടക്കം ഭീഷണി ഉയര്‍ത്തുന്ന അവസ്ഥയിലാണിപ്പോള്‍. പള്ളിവികാരി ഫാ. കുര്യന്‍ കാലായില്‍ മരങ്ങാട്ടുപിള്ളി പോലീസില്‍ പരാതി നല്‍കി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ചന്ദ്രന്‍, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ തോമസ് ടി. കീപ്പുറം, ഗ്രാമപ്പഞ്ചായത്തംഗം ബിജു കുളത്തൂര്‍, കേരള കോണ്‍ഗ്രസ് എം. മണ്ഡലം പ്രസിഡന്റ് തോമസ് പുളിക്കിയില്‍ തുടങ്ങിയവര്‍ പള്ളിയിലെത്തി. കുറ്റക്കാര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും വെള്ളിയാഴ്ച കൂടുന്ന പഞ്ചായത്ത് കമ്മിറ്റി ആവശ്യമായ നീയമനടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. അതിനിടെ കുര്‍ബ്ബാനയ്ക്കിടയില്‍ കടപ്ലാമറ്റം സെന്റ് മേരീസ് ദേവാലയത്തിനുള്ളിലേക്ക് പാറമടയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണ സംഭവത്തില്‍ പ്രതിഷേധിച്ച് കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്തില്‍ വെള്ളിയാഴ്ച രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ ഹര്‍ത്താലാചരിക്കാന്‍ യു.ഡി.എഫ്. ആഹ്വാനം ചെയ്തു. അത്യാവശ്യ സര്‍വ്വീസുകള്‍ക്കൊപ്പം ബസ് സര്‍വ്വീസുകള്‍ നടത്തുന്നതും തടയില്ലെന്ന് യു.ഡി.എഫ്. ചെയര്‍മാന്‍ സി.സി. മൈക്കിള്‍, കണ്‍വീനര്‍ തോമസ് പുളിക്കീല്‍ എന്നിവര്‍ അറിയിച്ചു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാറമടയുള്ള കടപ്ലാമറ്റം പഞ്ചായത്തില്‍ പുതിയ ക്വാറിലൈസന്‍സ് നല്‍കേണ്ടന്ന് കഴിഞ്ഞമാസം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയ പാറമടയ്ക്ക് ലൈസന്‍സുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 22.02 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള കടപ്ലാമറ്റത്ത് 20 ലൈസന്‍സിലായി 40 പാറമട പ്രവര്‍ത്തിക്കുന്നുണ്ട്. മടകളുടെ ബാഹുല്യം ശുദ്ധജലക്ഷാമം ഉള്‍പ്പെടെ നിരവധി പ്രശ്‌നമുണ്ടാക്കുന്നുണ്ട്. അന്തരീക്ഷ മലനീകരണമാണ് പ്രധാനം. ക്വാറി നിയന്ത്രണം വേണമെന്ന ആവശ്യത്തിന് പലവര്‍ഷം പഴക്കമുണ്ട്. നൂറുകണക്ക് തൊഴിലാളികള്‍ പണിയുന്ന മേഖലയായതിനാല്‍ പഞ്ചായത്ത് നടപടിക്ക് മടിക്കുകയായിരുന്നു. ഒരുവര്‍ഷം ആറരലക്ഷം ടണ്‍ കരിങ്കല്ലാണ് ഇവിടെ പൊട്ടിച്ചുകടത്തുന്നത്. ക്വാറി പലതിനും നൂറുകണക്ക് മീറ്റര്‍ ആഴമുണ്ട്. ക്വാറികളിലെ ഉഗ്രസ്‌ഫോടനം മൂലം ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നത് വിവിധ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ഭരണങ്ങാനത്തും സ്ഥിവ്യത്യസ്ഥമല്ല. പഞ്ചായത്തിന്റെ മൂന്നാം വാര്‍ഡില്‍ ഉള്ളനാട് വേഴാങ്ങാനം റോഡിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പാറമടക്കെതിരേ നിരന്തരം പരാതി നല്‍കിയിട്ടും അധികൃതര്‍ മൗനംതുടരുകയാണ്. ചൂണ്ടച്ചേരി സ്വദേശിയുടെ പേരിലുള്ള പറമടയുടെ നിയമം ലംഘിച്ചുള്ള നടത്തിപ്പില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉള്ളനാട്‌വേഴാങ്ങാനം പൗരസമിതി രൂപവത്കരിച്ച് മീനച്ചില്‍ തഹസില്‍ദാര്‍ക്കുംറവന്യൂ അധികൃതര്‍ക്കും പരാതി നല്‍കിയതിനെത്തുടര്‍ന്ന് തഹസില്‍ദാര്‍ അന്വേഷണം ആരംഭിച്ചു. പാറമടയില്‍ പരിചയസമ്പന്നരല്ലാത്തവരാണ് ജോലി ചെയ്യുന്നത്. ഇതുമൂലം ഒന്നര കിലോമീറ്റര്‍ വരെ ദൂരെയുള്ള വീടുകള്‍ക്ക് വിള്ളലുകളും കേടുപാടുകളും ഉണ്ടാകുന്നതായി പരാതിയില്‍ പറയുന്നു. ഇലക്ട്രിക്കല്‍ സംവിധാനം ഉപയോഗിച്ച് ഒന്നിച്ച് വളരെയധികം സ്‌ഫോടനം നടത്തുന്നതിനാല്‍ സമീപപ്രദേശങ്ങളില്‍ കുലുക്കം അനുഭവപ്പെടുന്നുണ്ട്.സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെയും ജില്ലാ മെഡിക്കല്‍ ഓഫിസറുടെയും മാര്‍ഗനിര്‍ദേശങ്ങളും ലൈസന്‍സ് വ്യവസ്ഥകളും ലംഘിച്ച് നടത്തുന്ന പ്രവര്‍ത്തനം ആരോഗ്യ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പരാതിയില്‍ പറയുന്നു.
വൈകുന്നേരങ്ങളില്‍ കല്ലുപൊട്ടിക്കുന്നതിന് എക്‌സ്‌കവേറ്റര്‍ ഉപയോഗിക്കുന്നത് അസഹനീയ ശബ്ദമലിനീകരണം ഉണ്ടാക്കുന്നതായും ആരോപണമുണ്ട്. പാറമടയെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ ഒത്താശ ചെയ്തുനല്‍കുന്ന പഞ്ചായത്ത് അധികൃതരും ഓഫിസര്‍മാരും നാട്ടുകാര്‍ക്ക് എതിരായിരിക്കുകയാണ്. മേല്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന റിപ്പോര്‍ട്ടിലും മറ്റും പറമടക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതായും പരാതിയില്‍ പറയുന്നു. യഥാര്‍ഥ വസ്തുതകള്‍ മറച്ചുവെച്ചാണ് ലൈസന്‍സ് നല്‍കുന്നതിനുള്ള സ്‌കെച്ച് തയാറാക്കിയതെന്നും ആരോപണമുണ്ട്.കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വില്ലേജോഫിസര്‍ നല്‍കിയ ഏരിയാ രൂപരേഖയില്‍ പാറമടയില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള വേഴാങ്ങാനം എല്‍.പി സ്‌കൂള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍ നൂറുമീറ്റര്‍ അകലത്തിലുള്ള ഔസേപ്പറമ്പില്‍ മേരി ജോസഫിന്റെ വീട് കാണിക്കാതെയാണ് മാപ്പ് തയാറാക്കിയിരിക്കുന്നത്.
പാറമടയുടെ നൂറുമീറ്റര്‍ പരിധിക്കുള്ളില്‍ അഞ്ച് വീടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്.പറമടയുടെ സമീപത്തുകൂടി കടന്നു പോകുന്ന തോട് മലിനീകരണത്തിന് ഇടയാകുന്നുണ്ട്. പാറമടയിലെ പൊടിയും മാലിന്യവും വാഹനങ്ങള്‍ കഴുകുമ്പോള്‍ ഉണ്ടാകുന്ന മാലിന്യവും തോട്ടിലേക്ക് ഒഴുക്കി വിടുകയാണ്. പാറമടയില്‍ നിന്ന് ലോഡുമായി പോകുന്ന ടിപ്പറുകളും എക്‌സ്‌കവേറ്ററുകളും കയറി റോഡുകള്‍ തകര്‍ന്ന അവസ്ഥയാണ്.ചീറിപ്പായുന്ന വാഹനങ്ങള്‍ വഴിയാത്രികര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നതായും പരാതിയില്‍ പറയുന്നു. വസ്തുതകള്‍ മറച്ചുവെച്ച് ലൈസന്‍സ് നേടുന്നതിനും നാട്ടുകാരുടെ ദുരിതങ്ങളും പരാതികളും കണ്ടില്ലെന്ന് നടിക്കുന്ന വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് തയാറെടുക്കുകയാണ് സമരസമിതി.
ബ്രിട്ടണ്‍ കുടിച്ചുതിമിര്‍ക്കുകയാണ്. അതിനൊപ്പം മദ്യലഹരിയില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം
ബ്രിട്ടണ്‍ കുടിച്ചുതിമിര്‍ക്കുകയാണ്. അതിനൊപ്പം മദ്യലഹരിയില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഇതാദ്യമായി ഒരു മില്യണ്‍ കവിഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ 12 ശതമാനം അധികമാണിത്. ഏഴു വര്‍ഷം മുമ്പുള്ള കണക്കുകളേക്കാള്‍ ഇരട്ടിയാളുകളെയാണ് മദ്യം കീഴ്‌പ്പെടുത്തുന്നതെന്ന് ആശുപത്രികളില്‍നിന്നുള്ള കണക്കുകള്‍ കാണിക്കുന്നു. ആഘോഷങ്ങളെ മദ്യത്തില്‍ മുക്കുന്ന മലയാളികള്‍ക്കും ഇതൊന്ന് ശ്രദ്ധിക്കുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കും. 2009-2010-ല്‍ 1,057,000 പേരാണ് മദ്യത്തിന്റെ പിടിയില്‍നിന്നു മോചനം കിട്ടാന്‍ ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ അഡ്‌മിറ്റായത്.
മുന്‍ വര്‍ഷത്തില്‍ ചികിത്സ തേടിയവര്‍ 945,500 പേരായിരുന്നു. മദ്യലഹരിയില്‍ അപകടത്തില്‍ പെട്ടവരുടെയും എമര്‍ജന്‍സി വിഭാഗത്തില്‍ ചികിത്സിച്ചവരുടെയും എണ്ണം ഉള്‍പ്പെടുത്താതെയാണ് ഈ കണക്ക്. മദ്യത്തിന്റെ അമിതോപയോഗം മൂലം കരള്‍ രോഗങ്ങള്‍, പാന്‍ക്രിയാറ്റിക് രോഗങ്ങള്‍, കാന്‍സറുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മാനസിക അസുഖങ്ങള്‍ എന്നിവയ്‌ക്കാണ് മിക്കവരും ചികിത്സ തേടി ആശുപത്രിയില്‍ അഡ്‌മിറ്റായത്. 2002-2003 ലെ എന്‍എച്ച്‌എസ് കണക്ക് അനുസരിച്ച് 510,800 പേരായിരുന്നു ആ വര്‍ഷം ചികിത്സ തേടിയിരുന്നത്.
മദ്യം വളരെ സുലഭമായി ലഭിക്കുന്നതും വിലക്കുറവുമാണ് മദ്യപാനത്തിന്റെ അളവ് കൂടുന്നതിനു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് ഇടപെടേണ്ട കാലം കഴിഞ്ഞുവെന്ന് മദ്യത്തിനെതിരേ പ്രചാരണം നടത്തുന്നവര്‍ പറയുന്നു. ആശുപത്രിയിലെത്തുന്നവരില്‍ മൂന്നില്‍ രണ്ടുപേരും പുരുഷന്മാരാണ്. പ്രായം ചെന്നവരാണ് കൂടുതലാണ് ആശുപത്രികളിലെത്തുന്നത്. മദ്യലഹരി സമൂഹത്തില്‍ പടരുമ്പോള്‍ ഹെല്‍ത്ത് സര്‍വീസിന് പ്രിസ്‌ക്രിപ്‌ഷന്‍ ഇനത്തില്‍ മാത്രം 2.4 മില്യണ്‍ പൗണ്ട് ആണ് ചെലവ്. മുന്‍വര്‍ഷത്തേക്കാള്‍ 1.4 ശതമാനം അധികമാണിത്. എന്‍എച്ച്‌എസിന് 2.7 ബില്യണ്‍ അധികമായി ചെലവായി. നോര്‍ത്ത് വെസ്‌റ്റിലാണ് ഏറ്റവുമധികം പേര്‍ ലഹരിരോഗങ്ങള്‍ക്ക് ചികിത്സ തേടിയത്. 100,000 പേരില്‍ 515 പേരും ഇവിടെ ചികിത്സ ആവശ്യമുള്ളവരാണ്.
ലണ്ടനില്‍ 100,000 പേരില്‍ 130 പേര്‍ മാത്രമാണ് ചികിത്സ തേടുന്നത്. ഏറ്റവും കൂടുതല്‍ പ്രിസ്‌ക്രിപ്‌ഷന്‍ വേണ്ടി വന്നതും നോര്‍ത്ത് വെസ്‌റ്റിലാണ്. തൊട്ടുപിന്നാലെ നോര്‍ത്ത് ഈസ്‌റ്റ്. ലണ്ടനിലാണ് ഏറ്റവും കുറവ്. 2015-ല്‍ മദ്യപാനം മൂലമുള്ള രോഗങ്ങള്‍ 1.5 മില്യണ്‍ ആയി വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. വാര്‍ഷിക ചികിത്സാ ചെലവുകള്‍ 3.7 ബില്യണ്‍ ആയി ഉയരും. ബ്രിട്ടന്റെ അതിഗുരുതരമായ മദ്യപാനം മൂലം അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 250,000 പേര്‍ മരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെ ആഴ്‌ചയിലെ മദ്യോപയോഗം താഴേയ്‌ക്കാണെന്ന് പുതിയ കണക്കുകള്‍ കാണിക്കുന്നു. 13 ശതമാനമാണ് കുറവ്. ബിഞ്ച് ഡ്രിംങ്കിംഗ് കുറഞ്ഞിട്ടുണ്ട്. 15 വയസ് വരെ പ്രായമുളളവരില്‍ മദ്യം ഉപയോഗിക്കാത്തവരുടെ എണ്ണം 49 ശതമാനമായി ഉയര്‍ന്നു.
2011, മേയ് 22, ഞായറാഴ്‌ച
തൊടുപുഴയ്‌ക്ക് സമീപം ഒളമറ്റത്ത് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് 60-ഓളം പേര്‍ക്ക് പരി.
ക്ക്തൊടുപുഴയ്‌ക്ക് സമീപം ഒളമറ്റത്ത് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് 60-ഓളം പേര്‍ക്ക് പരി. രണ്ടുപേരുടെ നില ഗുരുതരമാണ്.
തൊടുപുഴയില്‍ നിന്നും മൂലമറ്റത്തിന് പോവുകയായിരുന്ന ഗോകുല്‍ ബസും ഈരാറ്റുപേട്ടയില്‍ നിന്നും തൊടുപുഴയ്‌ക്ക് വരികയായിരുന്ന റോബിന്‍ ബസുമാണ് കൂട്ടിയിടിച്ചത്. റോബിന്‍ ബസ് ഗോകുല്‍ ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ഗോകുല്‍ ബസിന്റെ ഡ്രൈവര്‍ ഗുരുതരമായി പരിക്കേറ്റ പ്രവിണിനെ ബസ് വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ തൊടുപുഴയില്‍ വിവിധ സ്വകാര്യ ആശുപത്രികളിലും കോലഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. തൊടുപുഴ-മൂലമറ്റം റൂട്ടില്‍ കഴിഞ്ഞ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ നിരവധി വാഹന അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ പത്തിലധികം ആളുകള്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്‌തിട്ടുണ്ട്.
പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍ മുണ്ടക്കയം കൊച്ചുമലയില്‍ ജിഷ്‌ണു (20), മേലുകാവ് വള്ളിച്ചുവട്ടില്‍ ടീന (9), കള്ളിപ്പാറ കുടക്കച്ചിറ വത്സമ്മ (60), പാലപ്പുഴ ഇലഞ്ഞിക്കുന്നേല്‍ ബീന (37), മുവാറ്റുപുഴ മണിമല പുത്തന്‍പുരയില്‍ റംല (47), പൂമാല ആനകല്ലില്‍ ശോഭനകുമാരി (43), അറക്കുളം പാലക്കുന്നേല്‍ ജിനി (38), മുവാറ്റുപുഴ കറുകടം വാഴക്കാലായില്‍ രാമകൃഷ്‌ണന്‍ (75), നടുവക്കാട്ട് മറിയാമ്മ (67), നടുവക്കാട്ട് സന്ധ്യ റെജീന (28), തീക്കോയി കൊടിയന്‍കുളത്ത് ജഗന്നാഥന്‍ ജി (46), അറക്കുളം കൈതോലില്‍ ഷിജി (33) മക്കള്‍ ആന്‍മരിയ ഷോബി (7), ആന്‍വിന്‍ ഷോബി (5), വെള്ളിയാമറ്റം കാഞ്ഞിരംകുന്നേല്‍ ബിജു (32), വെള്ളിയാമറ്റം വട്ടക്കാലായില്‍ അഞ്‌ജലി (15), ഇടമറുക് കൂട്ടുങ്കല്‍ ജീന (22), കാട്ടോലി വട്ടത്തറ ഭാരതി കരുണാകരന്‍ (65), തമിഴ്‌നാട് കമ്പം സ്വദേശി നാരായണന്‍ (60), പിണ്ണാക്കനാട് പ്ലാവിലയില്‍ മറിയാമ്മ (56), ഭര്‍ത്താവ് രാജു (58) മകള്‍ അഖില (11), കൊടുവേലി ചൂരക്കുന്നേല്‍ ആന്‍മരിയ (27), വണ്ണപ്പുറം കൈയ്യാണിയില്‍ ജസ്റ്റിന്‍ (28), തമിഴ്‌നാട് കമ്പം സ്വദേശി രാജു (56), സ്‌നേഹാമോള്‍ മൂലമറ്റം (31), കോതമംഗലം തൈമറ്റം മാണിക്കില്‍ ഫാത്തിമ സലിം (35), മുവാറ്റുപുഴ പടിഞ്ഞാറേവട്ടം ആമീന (45) ഭര്‍ത്താവ് ഉസ്‌മാന്‍ (58) ഇഞ്ചിയാനി വാഴപ്പനാടിയില്‍ പ്രവീണ്‍ (23), കാളിയാര്‍ തേക്കുംകാട്ടില്‍ ജോയമ്മ ബേബി, റാന്നി പെരുമ്പിട്ടി മഠത്തിങ്കല്‍ വര്‍ഗീസ് (58) ഭാര്യ അമ്മുക്കുട്ടി വര്‍ഗീസ് (54), മുതലക്കോടം ചെമ്പരത്തിങ്കല്‍ ജോണി (22), മാമലക്കണ്ടം നെല്ലിക്കുന്നേല്‍ വാസന്തി (29), കാട്ടോലി കടവില്‍ ബേബി (51), ഗോകുലം ബസ് ഡ്രൈവര്‍ മൂലമറ്റം എകെജി കോളനിയില്‍ പ്രവീണ്‍, മണക്കാട്ട് തേക്കുംകാട്ടില്‍ സരസമ്മ (60), വാളകം കരോട്ടുപുത്തന്‍പുരയില്‍ ഗ്രേസി (70), തൊടുപുഴ അഞ്ചിരിയില്‍ റോബിന്‍ സണ്ണി (17), ഈരാറ്റുപേട്ട കരുമരുതുംകുന്നേല്‍ ഷമീമ (36), തൊടുപുഴ പാലപ്പിള്ളില്‍ സുനിത (46), മേലുകാവ് വെട്ടാനത്ത് ജെസ്സി (34) ജസ്സീന (5), ജെയ്‌സ് (36), വണ്ണപ്പുറം പഴേരിയില്‍ ഷിബു (29), വണ്ണപ്പുറം പാട്ടാനിയില്‍ ബിജു (34), കോട്ടപ്പടി മുഞ്ചനാട്ട് ആന്റോസ് (37), അഞ്ചാരിയില്‍ റൂബി (38), ഒളമറ്റം പുത്തന്‍പുരയില്‍ പുഷ്‌പകുമാര്‍ (32), പിതാവ് മുത്തു (70), കാഞ്ഞാര്‍ ചീരാംകുഴ നിത്യ (17), മാതാവ് സിന്ധു (42), ഈരാറ്റുപേട്ട പാറയില്‍ സൂസമ്മ (68), ഒളമറ്റം കള്ളിക്കകത്ത് ഇത്താമ്മ വര്‍ക്കി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
2011, മേയ് 19, വ്യാഴാഴ്‌ച
കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാല തിരികെ നല്‍കി ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍ മാതൃകയായി
2011, മേയ് 16, തിങ്കളാഴ്‌ച
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 19 കാരന്‍ തുടര്‍ചികിത്സയ്‌ക്ക് സഹായം തേടുന്നു
2011, മേയ് 13, വെള്ളിയാഴ്‌ച
കോണ്‍ഗ്രസുകാര്‍ ആത്മപരിശോധന നടത്തണം?
നിയമസഭാ തെരഞ്ഞെടുപ്പില്‍ നാണം കെട്ട വിജയം നേടിയ യുഡിഎഫും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും ഇനിയെങ്കിലും ആത്മപരിശോധന നടത്തണം. വേണമെങ്കില്‍ കൂടെ നിന്നാല്‍ മതിയെന്ന സമീപനം ഘടകകക്ഷികളോട് പുലര്‍ത്തുന്നത് ശരിയോ? പരസ്‌പര സഹകരണത്തിലൂടെ കേരള ഭരണം യുഡിഎഫിന്റെ കരങ്ങളില്‍ നിലനിര്‍ത്തുവാന്‍ വലിയ കഷ്‌ടപ്പാടൊന്നുമില്ല.
പാര്‍ലമെന്റ്, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ അപ്രതീക്ഷിത വിജയത്തിന്റെ അഹങ്കാരത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടതാണ് ഈ നാണം കെട്ട വിജയത്തിന് കാരണമായത്. രാഹുല്‍ഗാന്ധിയുടെ പേര് പറഞ്ഞ് മുഖ്യമന്ത്രി കസേരയില്‍ നോട്ടമിട്ടവര്‍ യോഗ്യരായ സ്ഥാനാര്‍ത്ഥികളെ തഴഞ്ഞ് ഇഷ്‌ടക്കാരെ തിരുകികയറ്റിയതാണ് നാണംകെട്ട വിജയത്തിന്റെ പ്രധാനകാരണം. കെപിസിസി പ്രസിഡന്റ് മത്സരരംഗത്തു വന്നതോടെ പാര്‍ട്ടി മെഷിനറി ചലിപ്പിക്കുന്നതിനും ആരുമില്ലാതായി. തെരഞ്ഞെടുപ്പു വരുമ്പോള്‍ നിന്നു കൊടുത്താല്‍ അഞ്ചുകൊല്ലം ഇടവിട്ട് തങ്ങളെ അധികാരത്തില്‍ കയറ്റുമെന്ന യുഡിഎഫ് നേതാക്കളുടെ അഹങ്കാരത്തിനാണ് ബാലറ്റിലൂടെ ജനം മറുപടി നല്‍കിയത്. പരസ്‌പരം പാരവച്ചും അഴിമതി ആരോപിച്ചും കുഴപ്പമുണ്ടാക്കിയ ശേഷം കോണ്‍ഗ്രസിലെ ജനാധിപത്യ സ്വഭാവമാണ് അച്ചടക്കലംഘനത്തിന് കാരണമെന്ന് പറഞ്ഞു നടക്കുന്ന ന്യായീകരണങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം. പാര്‍ട്ടി പത്രമുണ്ടെങ്കിലും അത് കാശുകൊടുത്തു വാങ്ങുന്നത് അപമാനമാണെന്ന് ധരിക്കുന്നവരാണ് കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും അനുയായികളും. പാര്‍ട്ടിപത്രം വഴി കോണ്‍ഗ്രസ് സന്ദേശം ജനങ്ങളില്‍ എത്തിക്കാമെന്ന കാര്യം ഇവര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. എന്നാല്‍ സിപിഎമ്മുകാരാകട്ടെ ഭരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും പാര്‍ട്ടിപത്രം നല്ല രീതിയില്‍ നടത്തും. ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ആകെയുള്ള ദിനപ്പത്രമാണ് വീക്ഷണമെന്ന കാര്യം പോലും പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയില്ല. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ സിപിഎമ്മുകാരെ അഴിമതിക്കേസുകളില്‍ പിടികൂടുവാന്‍ ലഭിക്കുന്ന അവസരം വ്യക്തി താല്‍പര്യത്തിന്റെ മറവില്‍ നഷ്‌ടപ്പെടുത്തുന്നത് ശരിയോ? സിപിഎമ്മുകാരാകട്ടെ ഓരോ അവസരവും മുതലാക്കുന്നു. മുന്നണി മര്യാദകളോ പാര്‍ട്ടി അച്ചടക്കമോ പാലിക്കാന്‍ തയ്യാറാകാത്തതല്ലേ ഈ ദയനീയ വിജയത്തിന് വഴിയൊരുക്കിയത്.?
2011, മേയ് 10, ചൊവ്വാഴ്ച
കേരളം കൂടോത്രത്തില്‍
കൂടോത്രമെടുപ്പിനും പ്രതിക്രിയകള്‍ക്കും പരസ്പര സഹായസംഘമായി പ്രവര്‍ത്തിച്ച ഹിന്ദു-ക്രിസ്ത്യന്‍-മുസ്‌ലിം ആചാര്യന്മാരെക്കുറിച്ചാണ് പാലാ ചക്കാമ്പുഴയില്‍നിന്ന് അറിഞ്ഞത്. ഒരു പണിക്കരാണ് നായകന്‍. മൂവാറ്റുപുഴയ്ക്കടുത്തുള്ള സ്ഥലത്തെ ഒരു വൈദികനും തൊടുപുഴയ്ക്കടുത്ത് മുട്ടത്തുനിന്നുള്ള ഒരു മുസ്‌ലിം ഭായിയും ചേരുന്നതാണ് സംഘം.
വാസ്തുവിദഗ്ധനായിരുന്നു പണിക്കര്‍. പ്രായം ചെന്നപ്പോഴാണ് ആഭിചാര രംഗത്തേക്ക് കടന്നത്. പ്രശ്‌നക്കാര്‍ വീട്ടിലെത്തും. ഒരു ചരടില്‍ കോര്‍ത്ത പെന്‍ഡുലമാണ് പണിക്കരുടെ മുഖ്യആയുധം. പ്രശ്‌നമുള്ളയാള്‍ ചരടില്‍ പിടിക്കുമ്പോള്‍ പെന്‍ഡുലം കറങ്ങിത്തുടങ്ങും. അത് നോക്കിയശേഷം പണിക്കര്‍ പറയും 'കൂടോത്രമാണ്, കടുത്ത കൂടോത്രം'.
അടുത്ത ഘട്ടം കൂടോത്രമെടുപ്പാണ്. ചക്കാമ്പുഴയിലെ വീട്ടില്‍നിന്നു വാഹനത്തില്‍ പണിക്കരെ കൊണ്ടുവരണം. വീട്ടിലെത്തിയാല്‍ പെന്‍ഡുലം കറക്കി പണിക്കര്‍ സ്ഥലം ചൂണ്ടിക്കാട്ടും. ഒരടി വീതിയിലും ആഴത്തിലും കുഴിക്കുമ്പോഴേക്കും എഴുതിയ ചെമ്പുതകിട് കിട്ടും. ഇത് ചാണകത്തില്‍ കഴുകി പുഴയിലൊഴുക്കണം. പിന്നെ ചില പ്രതിക്രിയകളുമുണ്ട്. എല്ലാത്തിനും നല്ലതുക ചെലവാകും. ക്രിസ്ത്യാനികളാണെങ്കില്‍ പണിക്കര്‍ വൈദികന്റെ വിലാസം നല്‍കി അങ്ങോട്ടയയ്ക്കും. അഞ്ച് കുരിശും വാങ്ങി വേണം വൈദികനെ കാണാന്‍. വൈദികന്‍ പൂജിച്ച് നല്‍കുന്ന കുരിശ് വീടിന്റെ നാലുമൂലയിലും ചവിട്ടുപടിയിലും കുഴിച്ചിടണം. വൈദികന് ദക്ഷിണ
നല്‍കിയാല്‍ മതി. പ്രശ്‌നം അനുഭവിക്കുന്നവര്‍ മുസ്‌ലിങ്ങളാണെങ്കില്‍ പ്രതിക്രിയയ്ക്ക് മുട്ടത്തെ ഭായിയുടെ പക്കലേക്ക് പറഞ്ഞയയ്ക്കും.
ഒരിക്കല്‍ കോടികുളത്തുവെച്ച് പണിക്കരുടെ തട്ടിപ്പ് ചിലര്‍ തിരിച്ചറിഞ്ഞു. വീട്ടിലെത്തുമ്പോള്‍ത്തന്നെ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിടുന്ന പണിക്കര്‍ കാലിലെ വിരലുകള്‍ക്കിടയില്‍ തകിട് ഒളിപ്പിച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. കുഴിക്കുന്നതിനിടയില്‍ ചില നാടകീയരംഗങ്ങള്‍ സൃഷ്ടിക്കുന്ന അദ്ദേഹം തകിട് മണ്ണില്‍ ചവിട്ടിത്താഴ്ത്തും. കുറച്ചുകഴിഞ്ഞ് അവിടെ തിരഞ്ഞ് പുറത്തെടുത്ത് സര്‍വരെയും അത്ഭുതപ്പെടുത്തും.
കോടികുളത്ത് ചവിട്ടിത്താഴ്ത്തല്‍ കണ്ട ചിലര്‍ പണിക്കരറിയാതെ തകിട് മാറ്റി. പിന്നീട് പണിക്കര്‍ തപ്പോടുതപ്പുതന്നെ. തകിടു കാണാതെ തളര്‍ന്ന പണിക്കരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ബന്ധുക്കള്‍ തൊടുപുഴ സ്റ്റേഷനില്‍നിന്നു പോലീസുകാരുമായി വന്നാണ് പണിക്കരെ രക്ഷിച്ചത്. ഇതോടെ ഈ 'കൂട്ടുകൃഷി' ഏറെക്കുറെ നിലച്ചു. കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാല മേഖലകളില്‍ നൂറുകണക്കിനാളുകള്‍ 'പെന്‍ഡുലം പിടിച്ച്' പറ്റിക്കപ്പെട്ടതായാണ് വിവരം.
2011, മേയ് 9, തിങ്കളാഴ്‌ച
റോസ ജോണ്‍ (87) നിര്യാതയായി.
കരിമണ്ണൂര്‍ : പള്ളിക്കാമുറി അക്കക്കാട്ട് പരേതനായ ഉലഹന്നന്റെ ഭാര്യ റോസ ജോണ്‍ (87) നിര്യാതയായി. സംസ്‌കാരം നാളെ (ബുധന്‍) രാവിലെ 10.30 ന് പള്ളിക്കാമുറി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍. പരേത നാകപ്പുഴ ഏഴാനിക്കാട്ട് കുടുബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ മാര്‍സല്ല സി.ജെ (പാറ്റ്‌ന), സിസ്റ്റര്‍ സിബില്‍ സി.ജെ (അലഹബാദ്), ത്രേസ്യാമ്മ, ജോസ്, ഇമ്മാനുവല്‍, ക്രിസ്റ്റീന, വിന്‍സന്റ് (എല്ലാവരും യു.എസ്.എ). മരുമക്കള്‍: തോമസ് കുറവക്കാട്ട് (ആയവന), ലിസമ്മ കപ്യാരുമലയില്‍ (തഴുവംകുന്ന്), കൊച്ചുത്രേസ്യാ ഇടമുളയില്‍ (ചാലക്കുടി), ജസ്റ്റിന്‍ കുന്നപ്പിള്ളില്‍ (കരിമണ്ണൂര്‍), ലിന്‍ഡ മണിമലത്തറപ്പേല്‍ (ചീനിക്കുഴി) - എല്ലാവരും യുഎസ്‌എ
2011, മേയ് 7, ശനിയാഴ്‌ച
അഭിനവ ബ്രൂട്ടസ്? ബ്രിട്ടാസ് ....
അഭിനവ ബ്രൂട്ടസ്?
റോമന്‍ റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ ചോരകൊണ്ടെഴുതിയ പേര് -മാര്‍ക്കസ് ജൂനിയസ് ബ്രൂട്ടസ്. അധികാരത്തിന്റെ മദമാത്സര്യങ്ങളില്‍ റോമന്‍ ഭരണാധികാരി ജൂലിയസ് സീസറെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ സെനറ്റ് അംഗം. കുത്തേറ്റു മരിച്ചുവീഴുമ്പോള്‍ തനിക്കെതിരെ കരുനീക്കിയവര്‍ക്കിടയില്‍ ബ്രൂട്ടസിനെ കണ്ട സീസര്‍ ചോദിച്ചു: 'യൂ റ്റൂ ബ്രൂട്ടസ്?' (ഷേക്‌സ്‌പിയറുടെ വാചകത്തിന് 'നീയോ കുഞ്ഞിമ്മോനേ...' എന്ന് വി.കെ.എന്‍ പരിഭാഷ). കൂടെനിന്ന് പ്രവര്‍ത്തിച്ച് ശത്രുപാളയത്തിലേക്കുപോയ ജൂനിയസ് ബ്രൂട്ടസിന്റെ പിന്‍ഗാമിയാണോ ജോണ്‍ ബ്രിട്ടാസ്? അങ്ങനെയൊരു സംശയം സി.പി.എമ്മിന് ഇല്ലാതില്ല.
ബ്രിട്ടാസിന്റെ ചാനല്‍ വെറുമൊരു ചാനലായിരുന്നില്ല. ഒരു ജനതയുടെ ആത്മാവിഷ്‌കാരമായിരുന്നു. പക്ഷേ, ഏതാണ്ടെല്ലാ ചാനലുകളിലും കാണുന്ന കാര്യങ്ങള്‍ തന്നെ കൈരളിയിലും കണ്ട പ്രേക്ഷകര്‍ക്ക് ലോഗോവിനൊപ്പം എഴുതിച്ചേര്‍ത്ത ഈ വാചകത്തിന്റെ അര്‍ഥം പിടികിട്ടിയില്ല. എന്തായിരുന്നാലും അത് സി.പി.എമ്മിന്റെ ആത്മാവിഷ്‌കാരമായിരുന്നു എന്ന കാര്യത്തില്‍ തെല്ലുമില്ല തര്‍ക്കം. അങ്ങനെയിരിക്കെ മാധ്യമപ്രഭു കേരളത്തിലും കണ്ണുവെച്ചു. റൂപര്‍ട്ട് മര്‍ഡോക്ക് വന്നു വിലപറഞ്ഞ് ഏഷ്യാനെറ്റിന്റെ വിനോദചാനലുകള്‍ വാങ്ങി. മാധ്യമരംഗത്തെ വിദേശ അധിനിവേശത്തെക്കുറിച്ച് ബുദ്ധിജീവികള്‍ മുന്നറിയിപ്പുനല്‍കി. കുത്തകകള്‍ക്കെതിരെ കൈരളി ശബ്ദമുയര്‍ത്തി. എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ലേഖനമെഴുതി പ്രതിഷേധിച്ചു. അങ്ങനെയൊക്കെയുള്ള സാമ്രാജ്യത്വഭീകരനായ മര്‍ഡോക്കിന്റെ ചാനലിന്റെ തലപ്പത്തേക്കാണ് മലയാളം കമ്യൂണിക്കേഷന്‍സിന്റെ മാനേജിങ് ഡയറക്ടറും കൈരളിയുടെ എഡിറ്ററുമായ ബ്രിട്ടാസ് പോയത്. കൂടെ നിന്ന് അടവുകള്‍ പഠിച്ച് ശത്രുപാളയത്തിലേക്ക് കൂറുമാറിയവനോട് 'യൂ റ്റൂ ബ്രിട്ടാസ്'എന്ന് സഖാക്കള്‍ ഉള്ളില്‍ത്തട്ടി ചോദിക്കുന്നുണ്ട്.
സ്വരം നന്നായപ്പോള്‍ പാട്ടുനിര്‍ത്തുകയല്ല കൂടുതല്‍ സ്വരം നന്നാക്കാന്‍ വേണ്ടി പുറത്തുപോവുകയാണ് എന്നു പറഞ്ഞത് പിണറായി. സ്വരം നന്നായപ്പോള്‍ പാട്ടു നിര്‍ത്തുകയാണെന്ന് ബ്രിട്ടാസ്. കൈരളിയില്‍ തുടര്‍ന്നാല്‍ സ്വരം മോശമാവും എന്ന് തോന്നിയതുതന്നെ കാരണം എന്ന് മാധ്യമസിന്‍ഡിക്കേറ്റുകള്‍. കാല്‍നൂറ്റാണ്ടിന്റെ മാധ്യമപ്രവര്‍ത്തനത്തിന്റെ അനുഭവപരിചയമുള്ള മീഡിയാ പ്രഫഷനല്‍ ആണ്. ഒപ്പം മീഡിയാ മാനേജര്‍കൂടിയാണ്. മുപ്പത്തേഴാം വയസ്സില്‍ ദല്‍ഹിയില്‍ നിന്നു വിളിച്ച് ഉത്തരവാദിത്തമേല്‍പിക്കുമ്പോള്‍ മാധ്യമ മാനേജ്‌മെന്റിന്റെ ബാലപാഠങ്ങള്‍ പോലും പരിചയമുണ്ടായിരുന്നില്ല. അഞ്ചും ആറും മാസം ശമ്പളം മുടങ്ങിയ സ്ഥാപനം. അടച്ചുപൂട്ടുമെന്ന് പലരും വിധിയെഴുതിയ സ്ഥാപനം. ആ യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുനിന്നിട്ടുണ്ട്. എല്ലാ പിന്തുണയും സര്‍വസ്വാതന്ത്ര്യവും തന്ന് കൂടെ നിന്നത് പിണറായി വിജയന്‍. പിണറായിയുമായുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എണ്‍പതുകളില്‍ കണ്ണൂര്‍ ജില്ലയില്‍ സാധാരണ മാധ്യമപ്രവര്‍ത്തകനായിരുന്ന കാലം മുതല്‍ അറിയാം. സ്ഥാപനത്തിനുള്ള എല്ലാ അനുമതികളും നേടിയെടുത്തത് ഒറ്റക്കായിരുന്നു. നഷ്ടത്തില്‍ നിന്നു കരകയറ്റാനുള്ള ശ്രമങ്ങള്‍ നടത്തി. പത്തുവര്‍ഷം പിന്നിടുമ്പോള്‍ ലാഭത്തിലോടുന്ന കമ്പനിയായി. ഡിപാര്‍ട്ട്‌മെന്റുകളെല്ലാം ഭദ്രം. ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാതെ കിട്ടുന്നു. എം.ഡിക്ക് ഒരു മാനസികസമ്മര്‍ദവുമില്ല. നല്‍കിയ സംഭാവനകള്‍ കൊണ്ട് കമ്പനി വളര്‍ന്നു.
അങ്ങനെയിരിക്കെ ഒരു ഉള്‍വിളിതോന്നി. ഈ പദവി തരുന്ന ആനുകൂല്യങ്ങളിലേക്കും ആലസ്യത്തിലേക്കും സുഖങ്ങളിലേക്കും ഉള്‍വലിയുകയാണോ? ഒരു ദൗത്യം പൂര്‍ത്തീകരിച്ചാല്‍ ഇടവേളയുണ്ടാവുന്നതല്ലേ നല്ലത്? ഉള്‍വിളി ഒരു ശല്യമായപ്പോള്‍, പുതിയ ആശയങ്ങള്‍ക്കും ആളുകള്‍ക്കും വഴിമാറിക്കൊടുക്കുകയാണെന്ന് പ്രമോട്ടര്‍മാരോടും ഡയറക്ടര്‍മാരോടും പറഞ്ഞു. അവര്‍ വിട്ടില്ല. ഒരു ഘട്ടം കൂടി പൂര്‍ത്തിയാക്കിയിട്ടു പോകാം എന്ന് അവര്‍. ഉത്തരവാദിത്തം ഏറ്റെടുത്തപ്പോഴുള്ള സഞ്ചിതനഷ്ടം മുഴുവനായി തുടച്ചുനീക്കി സമ്പൂര്‍ണലാഭം എന്ന ഘട്ടത്തിലേക്ക് കമ്പനി എത്തിയശേഷം പോകാമെന്ന് അവര്‍. ഈ സാമ്പത്തിക വര്‍ഷം അത് പൂര്‍ത്തിയായി. അപ്പോള്‍ തെരഞ്ഞെടുപ്പ് വന്നു. ആ സമയത്ത് എം.ഡി കൈരളി വിട്ടാലുണ്ടാകുന്ന ഊഹാപോഹത്തെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പു കഴിയട്ടെ എന്നു വിചാരിച്ചു. അങ്ങനെ ഒടുവില്‍ കൈരളിയുടെ പടിയിറങ്ങി. ഇന്ത്യയില്‍ ഏതെങ്കിലും ഒരു ചീഫ് എക്‌സിക്യൂട്ടിവിന് ഇത്രയും ഊഷ്മളമായ യാത്രയയപ്പു കിട്ടിയിട്ടുണ്ടാവില്ല. ക്രോസ്ഫയറും ക്വസ്റ്റിയന്‍ടൈമും പതിവായി കാണുന്ന പ്രേക്ഷകര്‍ യാത്രയയപ്പു പരിപാടി വീണ്ടും വീണ്ടും കണ്ട് കണ്ണീര്‍ വാര്‍ത്തു.
കണ്ണൂരിലെ പുളിക്കുമ്പ ആലിലക്കുഴിയില്‍ പൈലിയുടെ മകന്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ ഡോണ്‍ ബോസ്‌കോ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ചേര്‍ന്നു. പിന്നീട് തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ പ്രീഡിഗ്രി. തൃശൂര്‍ കേരളവര്‍മ കോളജില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. എം.എക്ക് ഒന്നാംറാങ്ക്. 22ാം വയസ്സില്‍ ദല്‍ഹിയില്‍ പോയി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ ആറുവര്‍ഷം ഗവേഷകനായി. ഇന്ദ്രപ്രസ്ഥത്തിന്റെ ഊടുവഴികള്‍ പരിചയിച്ചത് അക്കാലത്താണ്. പിന്നീട് തലസ്ഥാനത്തുനിന്ന് രാഷ്ട്രീയവാര്‍ത്തകള്‍ ചടുലമായി റിപ്പോര്‍ട്ടു ചെയ്യുന്ന പത്രപ്രവര്‍ത്തകനാവുമ്പോള്‍ മഹാനഗരവുമായി ചെറുപ്പം മുതലുള്ള പരിചയം നന്നേ സഹായിച്ചു.
എഴുതാനുള്ള കഴിവും താല്‍പര്യവും പണ്ടേ ഉണ്ടായിരുന്നു. കോളജ് തല രചനാമത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. പക്ഷേ, ആകസ്മികമായാണ് പത്രപ്രവര്‍ത്തനത്തില്‍ വന്നുപെടുന്നത്. ദേശാഭിമാനിയില്‍ സബ് എഡിറ്ററായി തുടക്കം. പിന്നീട് പത്രത്തിന്റെ ദല്‍ഹി ബ്യൂറോ ചീഫായി. ദല്‍ഹിയില്‍ എത്തി ചുമതലയേറ്റെടുത്തതു മുതല്‍ തിളച്ചുമറിയുന്ന വാര്‍ത്തകള്‍ക്കു നടുവിലായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയരംഗം സമഗ്രമായ മാറ്റങ്ങള്‍ക്കു വിധേയമായ കാലം. അകാലികളുമായി ചര്‍ച്ച നടത്താന്‍ പഞ്ചാബില്‍ പോയ മുഖ്യമന്ത്രിക്ക് അകമ്പടി പോയി. രാജ്യത്തെ പിടിച്ചുകുലുക്കിയ പല സംഭവങ്ങള്‍ക്കും സാക്ഷിയായി. പാര്‍ലമെന്റില്‍ സെന്‍ട്രല്‍ ഹാള്‍ പാസ് ഉള്ള ഏറ്റവും പ്രായം കുറഞ്ഞ റിപ്പോര്‍ട്ടര്‍ ആയിരുന്നു. കൈരളിക്കും ദേശാഭിമാനിക്കും വേണ്ടി നിരവധി പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 1991നും 1999നുമിടയിലുള്ള പൊതു തെരഞ്ഞെടുപ്പുകള്‍ സമഗ്രമായി വിശകലനം ചെയ്യുന്ന വാര്‍ത്തകള്‍ എഴുതി. ബീരേന്ദ്രരാജാവിന്റെ ദാരുണമരണത്തിനു ശേഷമുള്ള നേപ്പാള്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടു ചെയ്തു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അയോധ്യയില്‍നിന്ന് നേരിട്ട് വാര്‍ത്തകളെത്തിച്ചു. ഇറാഖ് ആക്രമണകാലത്ത് ബഗ്ദാദിലെത്തിയ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരിലൊരാളായിരുന്നു. 2000ത്തില്‍ കൈരളി ടി.വി സംപ്രേഷണം തുടങ്ങുമ്പോഴേക്കും അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനായി മാറിക്കഴിഞ്ഞിരുന്നു. അച്ചടിമാധ്യമത്തില്‍നിന്ന് ദൃശ്യമാധ്യമത്തിലേക്ക് പത്രക്കാര്‍ കുടിയേറുന്ന സമയത്ത് കൈരളിയുടെ ദല്‍ഹി ബ്യൂറോയുടെ ചുമതലയുള്ള അസോസിയേറ്റ് ഡയറക്ടറായി. മൂന്നുവര്‍ഷത്തെ ബ്യൂറോ ചീഫിന്റെ ജോലിക്കു ശേഷം ചാനലിന്റെ മാനേജിങ് ഡയറക്ടറായി അനന്തപുരിയിലെത്തി.
വെറുക്കപ്പെട്ടവന്‍ എന്ന് വി.എസ് പറഞ്ഞ ഫാരിസുമായി അഭിമുഖം നടത്തിയത് വിവാദമായി. ബ്രിട്ടാസിന്റെ തലയറുത്ത് പാളയത്തുവെക്കുമെന്നു പറഞ്ഞ പത്രക്കാരുണ്ട് തിരുവനന്തപുരത്ത്. പക്ഷേ, ഒരു കാരണവശാലും ഡയറക്ടര്‍ബോര്‍ഡ് കൈയൊഴിയുകയില്ലെന്ന് ഉറപ്പായിരുന്നു. ദുരൂഹമായ ജീവിതം നയിക്കുന്ന ദാവൂദിനെപ്പോലെയുള്ള ആളുകളെ ഇന്റര്‍വ്യൂചെയ്യാനാണ് പത്രക്കാരന്‍ എന്ന നിലയില്‍ തന്റെ താല്‍പര്യമെന്ന് അതിന് ഇപ്പോഴുള്ള ന്യായീകരണം. മികച്ച അഭിമുഖകാരനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, മാധ്യമപ്രവര്‍ത്തനരംഗത്തെ സംഭാവനകള്‍ക്കുള്ള കെ.വി.ഡാനിയേല്‍ സ്മാരക അവാര്‍ഡ്, 'അച്ചടിമാധ്യമരംഗത്തെ ആഗോളീകരണത്തിന്റെ സ്വാധീനം' എന്ന വിഷയത്തിലുള്ള ഗവേഷണത്തിന് ഗോയങ്കേ ഫൗണ്ടേഷന്‍ ഫെലോഷിപ് എന്നിങ്ങനെ അംഗീകാരങ്ങള്‍ പലതും തേടിയെത്തി. ഇനി ദൃശ്യമാധ്യമരംഗത്തെ ആഗോളീകരണത്തിന്റെ സ്വാധീനം എന്ന വിഷയത്തെക്കുറിച്ച് മര്‍ഡോക്കിന്റെ ചാനലനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു ഗവേഷണ ഫെലോഷിപ്പിനുകൂടി സാധ്യതയുണ്ട്. ഭാര്യ ഷീബ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ജോലി ചെയ്യുന്നു. ഒരു മകളും മകനുമുണ്ട്.
l
അഡ്വ. ജോസഫ് ജോണ്‍ ബാര്‍ കൗണ്‍സില്‍ അംഗം
കേരള ബാര്‍കൗണ്‍സില്‍ അംഗമായി അഡ്വ. ജോസഫ് ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴ ബാറിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. ജോസഫ് ജോണ്‍ നഗരസഭാ വൈസ് ചെയര്‍മാന്‍, പ്രതിപക്ഷനേതാവ്, വിവിധ സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ഇദ്ദേഹം ഇപ്പോള്‍ തൊടുപുഴ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനാണ്.
കശാപ്പുകാരനില്‍നിന്ന് വിദ്യാഭ്യാസതട്ടിപ്പിലേക്ക്
കശാപ്പുകാരനില്‍നിന്ന് ഇയാള്‍ കണ്ണുതുറക്കുന്ന വേഗത്തില്‍ കോടീശ്വരനായതു വളഞ്ഞ വഴികളിലൂടെ മാത്രം. കഞ്ഞിക്കുഴി പഴയരിക്കണ്ടം പ്ലാത്തോട്ടത്തില്‍ സെബാസ്‌റ്റിയന്‍ പി. ജോണ്‍, എട്ടു വര്‍ഷം മുമ്പു വിസാത്തട്ടിപ്പുകേസില്‍ ഗള്‍ഫില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ജയില്‍മോചിതനായി തിരിച്ചെത്തിയ ഇയാള്‍ കൊച്ചി കേന്ദ്രീകരിച്ചു സ്‌കൈബ്ലൂ ഏജ്യൂക്കേഷന്‍സ് എന്ന സ്‌ഥാപനം വഴി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കു വിദ്യാഭ്യാസവായ്‌പ, ഇറ്റലിയിലേക്കു വിസ എന്നീ മോഹനവാഗ്‌ദാനങ്ങള്‍ നല്‍കി ആയിരക്കണക്കിനു പെണ്‍കുട്ടികളെ കബളിപ്പിച്ചു കോടികള്‍ തട്ടി. ഒളിവില്‍പ്പോയ ഇയാളെക്കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞവര്‍ഷമാണു ഹൈക്കോടതി ഉത്തരവിട്ടത്.
അന്വേഷണ ഉത്തരവിനെ എതിര്‍ത്തതിനു സര്‍ക്കാര്‍ അഭിഭാഷകനെ കോടതി ശാസിച്ചു. ഇടുക്കി സ്വദേശിയും സെബാസ്‌റ്റിയന്റെ ഡല്‍ഹിയിലെ ആവെ മരിയ എന്ന സ്‌ഥാപനത്തിലെ ജീവനക്കാരിയുമായിരുന്ന ജൂലി റോയിയാണു കേസ് സി.ബി.ഐ. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. പിടികിട്ടാപ്പുള്ളിയായ ഇയാള്‍ ഉന്നതരുടെ സംരക്ഷണയില്‍ സൈ്വര്യവിഹാരം നടത്തുമ്പോള്‍, ജീവനക്കാരിയായ ജൂലിയെയാണു പോലീസ് വേട്ടയാടിയിരുന്നത്. ഡല്‍ഹി പോലീസ് ഇവരെ അറസ്‌റ്റ് ചെയ്‌തു തിഹാര്‍ ജയിലിലടച്ചു.
ജയില്‍മോചിതയായ ഉടന്‍ ഇവരെ അറസ്‌റ്റ് ചെയ്യാന്‍ ഡല്‍ഹിയില്‍ കേരളാ പോലീസെത്തി. തുടര്‍ന്നു ജൂലി രണ്ടു വര്‍ഷത്തോളം ഒളിവില്‍ താമസിച്ച് അഡ്വ: പി.കെ. ഇബ്രാഹിംകുട്ടി മുഖേന ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ, ജൂലിയോടൊപ്പം കഴിഞ്ഞ അനുഷയേയും പോലീസ് പ്രതിയാക്കി. ഇറ്റലിക്കു പോകാന്‍ സെബാസ്‌റ്റിയന് 50,000 രൂപ നല്‍കി എന്നതായിരുന്നു കുറ്റം.
2005 ഏപ്രില്‍ 18ന് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ സ്‌കൈബ്ലൂ കണ്‍സള്‍ട്ടന്‍സിയുടെ വിദ്യാദീപം വായ്‌പാപദ്ധതിയുടെ ഉദ്‌ഘാടനം നടന്നു. ഈ സമയം 146/2001 കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്നു സെബാസ്‌റ്റിയന്‍.
സംസ്‌ഥാന സഹകരണ ബാങ്കുമായി ചേര്‍ന്നാണു നഴ്‌സിംഗ് വിദ്യാഭ്യാസതൊഴില്‍ വായ്‌പാപദ്ധതി തുടങ്ങിയത്. നഴ്‌സിംഗ് പഠനത്തിനുശേഷം വിദേശത്ത് ജോലിയും വാഗ്‌ദാനം ചെയ്‌തു പരസ്യം ചെയ്‌തു. ഇതിലൂടെ നൂറുകണക്കിനു വിദ്യാര്‍ഥിനികളാണു വഞ്ചിതരായത്. 2006 ജനുവരി ഏഴിന് അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഈ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെതോടെ പദ്ധതി വിവാദമായി. വിദ്യാഭ്യാസവായ്‌പ നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു സംസ്‌ഥാന സഹകരണബാങ്കിനു പരസ്യം നല്‍കേണ്ടിവന്നു. രണ്ടായിരത്തിലധികം വിദ്യാര്‍ഥികളാണു തട്ടിപ്പിനിരയായത്. 11-ാം നിയമസഭയുടെ 12-ാം സമ്മേളനത്തില്‍ ഇതേക്കുറിച്ച് എം.എല്‍.എമാരായ ഗിരിജാ സുരേന്ദ്രന്‍, പി. ജയചന്ദ്രന്‍, മഞ്ഞളാംകുഴി അലി, എം.വി. ഗോവിന്ദന്‍, ടി.വി. ചന്ദ്രമോഹന്‍, കെ. സുധാകരന്‍ എന്നിവര്‍ ചോദ്യമുന്നയിച്ചു. തുടര്‍ന്ന് അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാര്‍ മാറിയതോടെ പോറലേല്‍ക്കാതെ സെബാസ്‌റ്റിയന്‍ രക്ഷപ്പെട്ടു.
വി.എസ്. നയിക്കുന്ന ഇടതുസര്‍ക്കാരിനും ഇയാളെ തൊടാനായില്ല. പോലീസ് രേഖകളില്‍ പിടികിട്ടാപ്പുള്ളിയായ സെബാസ്‌റ്റിയന് 2007 ജനുവരി 27നു നടന്ന പാലാ ഫെസ്‌റ്റിവലില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍, മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡും സമ്മാനിച്ചു. ചടങ്ങിനു മുമ്പു സി.പി.എം. പ്രാദേശികനേതാക്കള്‍ എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും വിലപ്പോയില്ല. ഇതോടെ പുതിയൊരു തട്ടിപ്പ് ആസൂത്രണം ചെയ്യാന്‍ ഇയാള്‍ കച്ചകെട്ടി. നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് ഇറ്റലിക്കു വിസ എന്ന തട്ടിപ്പിലൂടെ 960 പേരില്‍നിന്ന് അരലക്ഷം മുതല്‍ ഒരുലക്ഷം രൂപവരെ തട്ടിയെടുത്തു.
ആഭ്യന്തരമന്ത്രി തട്ടിപ്പുകാരന് അവാര്‍ഡ് നല്‍കിയശേഷം, 2008 ഏപ്രിലില്‍ ഇയാളെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി െ്രെകം ഡിറ്റാച്ച്‌മെന്റ് അസിസ്‌റ്റന്റ് കമ്മിഷണര്‍ എം. ശേഖറിനെ ചുമതലപ്പെടുത്തി. ഈ അന്വേഷണം നടന്നു കൊണ്ടിരിക്കേ 2009 നവംബറില്‍ മൂന്നാറില്‍ നടന്ന ഓപ്‌ഷന്‍ വേള്‍ഡ് വൈഡിന്റെ പരിപാടിയില്‍ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി സെബാസ്‌റ്റിയനു പുരസ്‌ക്കാരം നല്‍കി. ചടങ്ങില്‍ മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസനുമുണ്ടായിരുന്നു. ഒരു വശത്ത് ഇയാളെക്കുറിച്ച് അന്വേഷണം നടക്കുമ്പോളും മന്ത്രിമാരില്‍നിന്നു പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി വിഹരിച്ച സെബാസ്‌റ്റിയനെ പിടികൂടാന്‍ ജുഡീഷ്യറിയുടെ ഇടപെടല്‍ വേണ്ടിവന്നു.
2011, മേയ് 6, വെള്ളിയാഴ്ച
2011, മേയ് 5, വ്യാഴാഴ്‌ച
വി.എസ് തുനിഞ്ഞിറങ്ങുന്നു; മര്‍ഡോക്കിന്റെ കൂടപ്പോയ ബ്രിട്ടാസിനെക്കുറിച്ച്
വി.എസ് തുനിഞ്ഞിറങ്ങുന്നു; മര്‍ഡോക്കിന്റെ കൂടപ്പോയ ബ്രിട്ടാസിനെക്കുറിച്ച് പ്രോത്സാഹിപ്പിച്ചവര്‍ വിശദീകരിക്കണം: വി.എസ്
തിരുവനന്തപുരം: മാധ്യമ ദുഷ്പ്രഭു മര്‍ഡോക്കിനൊപ്പം പോയ കൈരളി ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസിനെക്കുറിച്ച്, അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചവര്‍ തന്നെ വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. തനിക്ക് സംസ്‌കാരമില്ലെന്നു ആരോപിച്ച എന്‍എസ്എസ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പൊതുമുതല്‍ കട്ടുതിന്നുകയും അതിനു സുപ്രീം കോടതി ശിക്ഷിച്ചു ജയിലില്‍ കഴിയുകയും ചെയ്യുന്നയാളുടെ ആശ്രിതനാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആര്‍.ബാലകൃഷ്ണപിള്ളയ്ക്കുവേണ്ടിയാണ് ജി.സുകുമാരന്‍ നായര്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചതെന്ന് ബോധ്യമായതോടെയായിരുന്നു ഈ പ്രതികരണം.
ബ്രിട്ടാസിനെ ആക്രമിക്കുന്നതിനിടെ പതിവുപോലെ വിവാദനായകന്‍ ഫാരിസ് അബുബക്കറെ സംഭവത്തിലേക്ക് വലിച്ചിഴയ്ക്കാനും മുഖ്യമന്ത്രി മറന്നില്ല. പണം ഉണ്ടാക്കാന്‍ വേണ്ടി എന്തു ഹീനകൃത്യവും ചെയ്യുന്നയാളാണ് താന്‍ മുമ്പു വെറുക്കപ്പെട്ടവന്‍ എന്നു പറഞ്ഞയാള്‍. അയാളെ പൊക്കിക്കാണിക്കുകയാണല്ലോ ഇപ്പോള്‍ മര്‍ഡോക്കിന്റെ കൂടെപ്പോയ മാന്യന്‍ ചെയ്തതെന്നും ജോണ്‍ബ്രിട്ടാസ് ഏഷ്യാനെറ്റില്‍ ചേര്‍ന്നതിനെ ഉദ്ദേശിച്ചു വി.എസ് പറഞ്ഞു. മര്‍ഡോക്കിനെപ്പോലുള്ളവരെ എതിര്‍ക്കുന്നവരുടെ കൂടെയാണോ അനുകൂലിക്കുന്നവരുടെ കൂടെയാണോ നില്‍ക്കുന്നതെന്ന് അന്ന് അതിനെ (അഭിമുഖത്തെ) പ്രോല്‍സാഹിപ്പിച്ചവരാണ് മറുപടി പറയേണ്ടത്. വെറുക്കപ്പെട്ടവനെന്നു താന്‍ വിശേഷിപ്പിച്ചവനെ ഉയര്‍ത്തിക്കാട്ടുകയാണു ബ്രിട്ടാസ് മുന്‍പു ചെയ്തതെന്നും തുറന്നടിച്ചു.
പാര്‍ട്ടി ചാനലിന്റെ തലപ്പത്തിരുന്നയാള്‍ മര്‍ഡോക്കിന്റെ ചാനലിലേക്കു പോയതിനെ എങ്ങനെ കാണുന്നു എന്നു ചോദിച്ചപ്പോഴായിരുന്നു പേരെടുത്തു പറയാതെ മുഖ്യമന്ത്രി വിമര്‍ശനം തുടങ്ങിയത്.'അയാളെ ആദ്യം മുതലേ പ്രോല്‍സാഹിപ്പിച്ചവരുടെ പ്രോല്‍സാഹനം ഇതിലേക്കാണു നയിച്ചിരിക്കുന്നത്. ബ്രിട്ടാസിനെ ആദ്യം വിലയിരുത്തിയവര്‍ക്കു പുനഃപരിശോധന നടത്തണമെങ്കില്‍ ആവാം. അതൊക്കെ നമുക്കു പിന്നെ കാണാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിംഗപ്പൂരില്‍ പണം വെട്ടിപ്പു നടത്തി മദ്രാസിലും കേരളത്തിലുമായി ഒളിച്ചോടി കഴിയുന്ന ആളാണു ഫാരിസ്. കേസുകള്‍ക്കു വിധേയനായി എന്ന നിലയില്‍ അവിടത്തെ ജനങ്ങളാല്‍ വെറുക്കപ്പെട്ടവനാണെന്നു ഞാന്‍ മനസ്സിലാക്കിയിട്ടാണ് അതു പറഞ്ഞത്.
പണമുണ്ടാക്കാന്‍ ഏതു ഹീന കൃത്യവും ചെയ്യുന്ന ഒരുത്തനെ ഉയര്‍ത്തിക്കാട്ടുകയാണ് ഇപ്പോള്‍ മര്‍ഡോക്കിനൊപ്പം പോയ മാന്യന്‍ ചെയ്തത്. ഫാരിസിന്റെ സ്ഥാനമാനവും ഉയര്‍ച്ചയുമാണു ബ്രിട്ടാസ് വരച്ചുകാണിച്ചത്. മര്‍ഡോക്കിനോടൊപ്പം പോകുന്നതാണോ ശരി, അതോ മര്‍ഡോക്കിനെ വിമര്‍ശിച്ചവര്‍ക്കൊപ്പം നില്‍ക്കുന്നതാണോ ശരിയെന്നു വേണ്ടപ്പെട്ടവര്‍ ചിന്തിച്ചു പറയട്ടെ. ഇതിന്റെ മറ്റു കാര്യങ്ങള്‍ പിന്നെ പരിശോധിക്കാമെന്നു വിഎസ് പറഞ്ഞു. മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ബ്രിട്ടാസ് പാര്‍ട്ടി ചാനല്‍ വിട്ടത് എന്നു ചോദിച്ചപ്പോള്‍, അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ പ്രതികരണത്തിലൂടെ സംഭവത്തെക്കുറിച്ച് പൊതുവേദിയില്‍ വിശദീകരിക്കാന്‍ പിണറായി നിര്‍ബന്ധിതനായിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇരുവരും ധാരണയിലെത്തിയ പ്രഖ്യാപിച്ച വെടിനിര്‍ത്തലിനും ഇതോടെ അവസാനമായി.
പാര്‍ട്ടി ഭരണഘടനയനുസരിച്ച് സെക്രട്ടറി സ്ഥാനത്തുള്ള അവസാന ടേം പിണറായി വിജയന്‍ പൂര്‍ത്തിയാക്കുകയാണ്. ഇനി പിണറായിക്ക് അവസരമില്ലെന്ന തിരിച്ചറിവിലാണ് അദ്ദേഹത്തിന്റെ വലം കൈയ്യായ ബ്രിട്ടാസ് മുന്‍കൂട്ടി ചാനല്‍ വിട്ടതെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. മര്‍ഡോക്ക് ഉള്‍പ്പെടെയുള്ളവരെ എതിര്‍ക്കുന്ന പാര്‍ട്ടി ബ്രിട്ടാസിന് നല്‍കിയ പ്രോല്‍സാഹനം ഇതിനുവേണ്ടിയായിരുന്നോയെന്നു വ്യക്തമാക്കണം. ബ്രിട്ടാസിന്റെ യാത്രയയപ്പില്‍ പങ്കെടുത്ത പാര്‍ട്ടി സെക്രട്ടറി അദ്ദേഹത്തിന് സമ്മാനമായി 12 ലക്ഷം രൂപ വിലവരുന്ന ആഡംബര കാര്‍ നല്‍കിയതിനെതിരേയും പാര്‍ട്ടിയില്‍ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്.
ഇക്കാര്യം അധാര്‍മികമാണെന്നു പറഞ്ഞ വി.എസ് താന്‍ കാര്യമറിഞ്ഞിട്ടുണ്ട്, നോക്കട്ടെ എന്നാണ് പ്രതികരിച്ചത്. അതേസമയം സ്വരം കൂടുതല്‍ നന്നാക്കാനായാണ് ബ്രിട്ടാസ് തല്‍ക്കാലം പാര്‍ട്ടി ചാനല്‍ വിടുന്നത് എന്നാണ് യാത്രയയപ്പ് സമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞത്. കൈരളി ജീവനക്കാരുടെ യോഗത്തിലും സിപിഎം ബ്രാഞ്ച് യോഗത്തിലും ഇതു സംബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ കേരളത്തിലെ മുഴുവന്‍ സിപിഎം അംഗങ്ങളിലും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. പാവപ്പെട്ട തൊഴിലാളികളില്‍ നിന്നും പിരിച്ചെടുത്ത ഓഹരി മൂലധനം ഉപയോഗിച്ച് മര്‍ഡോക്കിന്റെ വലംകൈയ്യായി പോയ ആള്‍ക്ക് സമ്മാനം നല്‍കിയത് പാര്‍ട്ടിക്ക് അപമാനമായാണ് വിലയിരുത്തല്‍.