കൊച്ചി: സ്വര്‍ണംവില്‍ക്കാന്‍ കച്ചവടക്കാര്‍ നടത്തിയ അക്ഷയത്രിതീയ തട്ടിപ്പില്‍വീണ അതേമലയാളികള്‍ തന്നെ വന്‍കിട ഫ്ലാറ്റ്‌നിര്‍മാതാക്കളുടെ അക്ഷയതൃതീയ തട്ടിപ്പിലും വീണു. പ്രവാസികള്‍ ഉള്‍പ്പെടെ 400ഓളം പേരുടെ ശതകോടികളുമായാണ് ഇപ്പോള്‍ ഫ്ലാറ്റ്‌നിര്‍മാതാക്കള്‍ മുങ്ങിയിരിക്കുന്നത്. പണം പോയവര്‍ ശരിക്കും ഫ്ലാറ്റായ അവസ്ഥ. അക്ഷയതൃതീയ സ്വര്‍ണം വാങ്ങാനുള്ള ശുഭദിനമായിരുന്നെങ്കില്‍ രണ്ടാമത്തേത് വീട് സ്വന്തമാക്കാനുള്ളതാണ്. സ്വര്‍ണം വില്‍ക്കാനുള്ള നല്ല ദിവസവുമായി വന്നവരില്‍ ഏതാണ്ട് എല്ലാ ജ്വല്ലറിക്കാരുമുണ്ടായിരുന്നു. എന്നാല്‍ അഷ്ടപഞ്ചമിയുടെ മാഹാത്മ്യം അവകാശപ്പെട്ട് വന്നത് ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് മാത്രമാണ്.
കഴിഞ്ഞവര്‍ഷം സപ്തംബര്‍ ഏഴ് ,എട്ട് തീയതികളിലെ പത്രങ്ങളിലാണ് ഇവരുടെ പരസ്യം വന്നത്. സപ്തംബര്‍ 11 ന് ഇന്ന് അഷ്ടപഞ്ചമി എന്ന് പ്രഖ്യാപിച്ച് ഫുള്‍പേജ് പരസ്യവും കൊടുത്തു. 'തമ്പ്രാന്റെ മുണ്ടിന്റെ കൂടെ അടിയന്റെ കൌപീനവും' എന്ന മട്ടില്‍ ടോപ്പ് കണ്‍സ്‌ട്രക്‌ഷന്‍സ് എന്ന സ്ഥാപനവും 'ഈ സുവര്‍ണാവസരം ഇന്നു മാത്രം' എന്ന് പരസ്യം ചെയ്തു. 'വീടിനാവാമെങ്കില്‍ എന്തുകൊണ്ടു വീട്ടുപകരണങ്ങള്‍ക്കുമായിക്കൂടാ പഞ്ചമിയുടെ പുണ്യം' എന്ന മട്ടില്‍ ഗൃഹവും ഗൃഹോപകരണങ്ങളും സ്വന്തമാക്കുവാന്‍ ഈ വര്‍ഷത്തെ ഏറ്റവും നല്ല സൗഭാഗ്യദിനമെന്ന പ്രഖ്യാപനവുമായി നന്തിലത്തും രംഗത്തെത്തി.
പഞ്ചമിയുടെ പിറ്റേന്ന് ആപ്പിള്‍ എ ഡേ ഉടമകള്‍ അഷ്ടപഞ്ചമി ഓഫര്‍ രണ്ടു ദിവസത്തേക്കു കൂടി നീട്ടിയിട്ടുണ്ടെന്നും ഉപഭോക്താക്കളുടെ അഭ്യര്‍ഥന മാനിച്ചാണിതെന്നും പരസ്യവും നല്‍കി. അഷ്ടപഞ്ചമി എന്നുകേട്ടതോടെ പ്രവാസികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ഇളകി. കേരളത്തിന്റെ വാണിജ്യതലസ്ഥാനമായ കൊച്ചിയില്‍ റിയല്‍എസ്റ്റേറ്റ് രംഗത്തു മുതല്‍മുടക്കുക എന്ന പ്രവാസി മലയാളികളുടെ സ്വപ്‌നവും ഇതിനുവേഗം പകര്‍ന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള നിരവധി പ്രവാസികളുടെ കോടിക്കണക്കിനു രൂപയുമായാണ് എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ ഇടപ്പള്ളി പൂവത്തുംമൂട്ടില്‍ കടവില്‍ കെ.ജെ. സാജു (സാജു കടവില്‍ 37), ഇടപ്പള്ളി കുരിയിക്കപ്പറമ്പില്‍ ചന്ദ്രനിവാസില്‍ സി. രാജീവ് കുമാര്‍ (രാജീവ് ചെറുവാര 33) എന്നിവര്‍ മുങ്ങിയത്.
പണംമുടക്കിയവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പോലീസ് ഇവര്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പറപ്പെടുവിച്ചത്. ഫ്‌ളാറ്റ് നല്‍കാമെന്നു പറഞ്ഞു പണം മുന്‍കൂര്‍ വാങ്ങി സമയപരിധിക്കുള്ളില്‍ ഫ്ലാറ്റ് നിര്‍മിച്ചു നല്‍കാതെ ഇടപാടുകാരെ കബളിപ്പിച്ചു എന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതികള്‍. ഇതിനോടകം 40തോളം പരാതികള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. തട്ടിപ്പുവാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇന്നലെ മാത്രം 15 പരാതികളാണ് ലഭിച്ചത്. കോട്ടയം ജില്ലയിലെ പാമ്പാടി, പുതുപ്പള്ളി, എറണാകുളം മാമംഗലം എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇന്നലെ പരാതിയുമായി എത്തിയത്. ഇടപാടുകാരുടെ പരാതിയെത്തുടര്‍ന്ന് സ്ഥാപനത്തിന്റെ പാലാരിവട്ടത്തെ ആസ്ഥാനത്ത് പൊലീസ് റെയ്ഡ് നടത്തുകയും നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കേസിന്റെ കൂടുതല്‍ അന്വേഷണത്തിനായി എറണാകുളം നോര്‍ത്ത് സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ചതി, വിശ്വാസവഞ്ചന എന്നിവടയക്കം എട്ടു കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
പ്രവാസികള്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, എന്നിവരടക്കം ഉന്നതരും ചെലവു കുറഞ്ഞ പാര്‍പ്പിട പദ്ധതിയായി പ്രഖ്യാപിച്ച ന്യൂ കൊച്ചി നാനോ പദ്ധതിയില്‍ പണം നിക്ഷേപിച്ച ഇടത്തരക്കാരും വഞ്ചിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ പ്രഖ്യാപിച്ച ബിഗ് ആപ്പിള്‍, ആപ്പിള്‍ ഡോട്ട് കോം, ആപ്പിള്‍ ഐസ്, നാനോ ന്യൂകൊച്ചി, ആപ്പിള്‍ വണ്‍ ബി എച്ച് കെ, ലിമിറ്റഡ് എഡിഷന്‍ ഹോം, ആപ്പിള്‍ വില്ല, ആപ്പിള്‍ ഗസ്റ്റ് ഹൗസ് എന്നീ പദ്ധതികള്‍ക്കു വേണ്ടി അഞ്ചു ലക്ഷം രൂപ മുതല്‍ 35 ലക്ഷം രൂപ വരെയാണ് ഇവര്‍ ഇടപാടുകാരില്‍നിന്നു കൈപ്പറ്റിയത്. ഇവരുടെ പൂര്‍ത്തിയാക്കാത്തതും പണി തുടങ്ങാത്തതുമായ എല്ലാ പദ്ധതികളും ഏറ്റെടുക്കാന്‍ തയാറാണെന്നറിയിച്ച് ഇടപാടുകാരുമായി ചര്‍ച്ച നടത്തിയ ബാംഗ്ലൂര്‍ ആപ്പിള്‍ കമ്പനിയുടെ പ്രതിനിധികള്‍ പിന്മാറി.
നിയമനടപടികളുമായി മുന്നോട്ടു പോവുന്ന ഇടപാടുകാരെ കബളിപ്പിക്കാന്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ തന്നെ പറഞ്ഞുവിട്ടവരാണു കൊച്ചിയില്‍ തമ്പടിച്ച് ഇടപാടുകാരുമായി ചര്‍ച്ച നടത്തിയതെന്നും ആരോപണമുണ്ട്. പ്രതികളുടെ പേരിലുള്ള സ്വത്തുക്കള്‍ കണ്ടെത്തി കണ്ടുകെട്ടാനുള്ള നിയമനടപടികള്‍ പൊലീസ് ആരംഭിച്ചു. വഞ്ചിക്കപ്പെട്ട നൂറിലധികം പേരാണ് ഇന്നലെ ഇവര്‍ക്കെതിരെ പരാതി നല്‍കാന്‍ പൊലീസിനെ സമീപിച്ചത്. വഞ്ചനാകുറ്റത്തിന് അന്‍പതിലധികം പരാതികള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തു. ആദ്യഘട്ടത്തില്‍ പരാതികളുമായി പൊലീസിനെ സമീപിച്ച ഇടപാടുകാരെ പ്രതികള്‍ ഗുണ്ടകളെ വിട്ടു ഭീഷണിപ്പെടുത്തിയിരുന്നു. പ്രഖ്യാപിച്ച പ്രകാരം നാലു വര്‍ഷം മുന്‍പു നിര്‍മാണം തീരേണ്ടിയിരുന്ന ഇവരുടെ പദ്ധതിയില്‍ 15 ലക്ഷം രൂപ വായ്പയെടുത്തു മുടക്കിയ ഒരാള്‍ ഒരു വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തതായും പൊലീസിനു വിവരം ലഭിച്ചു. പദ്ധതി നടപ്പാവാതിരുന്നതോടെ, കാന്‍സര്‍ രോഗിയായ ഭാര്യയുടെ ചികിത്സയ്ക്കായി പണം തിരികെ ചോദിച്ച് ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന്റെ പാലാരിവട്ടം ഓഫിസില്‍ പലതവണ നേരിട്ടെത്തി ബഹളമുണ്ടാക്കിയ ഇയാളെ ഉടമകളുടെ ഗുണ്ടകള്‍ മര്‍ദിച്ചുവെന്നു പൊലീസ് പറഞ്ഞു.
ഇടപാടുകാരുടെ പണം ഉപയോഗിച്ച് ആര്‍ഭാട ജീവിതം നയിക്കുന്ന പ്രതികള്‍ രാജ്യത്തെ വന്‍കിട ഹോട്ടലുകളിലും ലക്ഷ്വറി ഫ്‌ളാറ്റുകളിലും ഒളിച്ചു താമസിക്കാന്‍ സാധ്യതയുണ്ടെന്നാണ് തിരച്ചില്‍ നോട്ടീസില്‍ പറയുന്നത്. പൊലീസുകാരടക്കമുള്ളവര്‍ ഇവര്‍ക്കു പണം നല്‍കി കബളിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഇവരെക്കുറിച്ച് ആദ്യഘട്ടത്തില്‍ പരാതി നല്‍കിയവരെ ഇപ്പോള്‍ അന്വേഷണ സംഘത്തിലുള്ള ഒരുദ്യോഗസ്ഥന്‍ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബാംഗ്ലൂരില്‍ ഇവരെ അറസ്റ്റു ചെയ്യാന്‍ പൊലീസ് നടത്തിയ ശ്രമം രണ്ടു തവണ ചോര്‍ന്ന സംഭവത്തെ ഗൗരവത്തോടെയാണു കാണുന്നത്. പ്രതികളെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ
0484-2345850, 9497990069,
9497980425, 9497987104
എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണം.
വഞ്ചിതരായവര്‍ക്കു നിയമസഹായം നല്‍കാന്‍ ഇടപാടുകാര്‍ രൂപീകരിച്ച ബിഗ് ആപ്പിള്‍ ബയേഴ്‌സ് അസോസിയേഷന്‍ ഹെല്‍പ് ലൈനും തുറന്നിട്ടുണ്ട്.
ഫോണ്‍: 7736983030, 8547370285, 9895017011.
അന്വേഷണം തുടരുമ്പോഴും ജനത്തിനു സംശയം ബാക്കിയാണ്. അഷ്ടപഞ്ചമിയുടെ പുണ്യം ഈ ദിവസങ്ങളില്‍ വീടു ബുക്കു ചെയ്യുന്നവര്‍ക്കു കിട്ടിയോയെന്നതാണിത്.
നഷ്ട പഞ്ചമി.......
മറുപടിഇല്ലാതാക്കൂഈവാർത്ത കണ്ടിരുന്നു. പക്ഷെ ഇപ്പഴാ ഒരു ഏകദേശരൂപം കിട്ടിയത്. എന്തോ ചെയ്യാം അല്ലെ എല്ലാ കൂടെ ഒരുമാരി പൊന്മളക്കാരൻ പറഞ്ഞപോലെ നഷ്ടപഞ്ചമി ആയിപ്പോയി.
മറുപടിഇല്ലാതാക്കൂ