2011, മേയ് 27, വെള്ളിയാഴ്‌ച

കുര്‍ബാനയ്ക്കിടെ പള്ളിമുകളിലേക്ക് പാറ..... രോഷാകുലരായ നാട്ടുകാര്‍ ഹര്‍ത്താല്‍ നടത്തുന്നു

കോട്ടയം: കുര്‍ബ്ബാനയ്ക്കിടയില്‍ ദേവലായത്തിനുള്ളിലേക്ക് പാറമടയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണത് പരിഭ്രാന്തി സൃഷ്ടിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ക്കിടയിലേക്കാണ് പള്ളിയുടെ മേല്‍ക്കൂര തുളച്ച് കരിങ്കല്‍കഷ്ണം വീണെങ്കിലും ദൈവാനുഗ്രഹത്താല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. വ്യാഴാഴ്ച വൈകീട്ട് 5.15 ഓടെ കടപ്ലാമറ്റം സെന്റ്‌മേരീസ് പള്ളിയിലെ മദ്ബയ്ക്കുമുന്നിലായാണ് കല്ല് വീണത്. മദ്ബയ്ക്ക് മുന്നിലും ദേവാലയത്തിനു നടുവിലായും വീണതിനാല്‍ ആളപായം ഒഴിവായി. 250 മീറ്ററോളം ദൂരത്തുള്ള പാറമടയില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് കരിങ്കല്ല് പൊട്ടിക്കുന്നതിനിടയില്‍ തെറിച്ചുവീണതാണ് കല്ല്. രണ്ടര കിലോയോളം ഭാരംവരുന്ന കല്ലാണ് മേല്‍ക്കൂരയിലെ ഓടും സീലിങ്ങും തുളച്ച് പള്ളിക്കുള്ളില്‍ പതിച്ചത്.


വയലാ സ്വദേശിയുടെ നേതൃത്വത്തില്‍ പാട്ടത്തിനു നടത്തുന്ന കരിങ്കല്‍ ക്വാറിയാണിത്. ഇതിനു മുമ്പും പള്ളിമുറ്റത്ത് മടയില്‍നിന്ന് കരിങ്കല്ല് വീണിട്ടുണ്ടെന്ന് വികാരി പറയുന്നു. അന്നു പരാതി ഉയരുകയും ഇടക്കാലത്തേക്ക് മട അടച്ചിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് സുരക്ഷിതമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതരെ ധരിപ്പിച്ചാണ് വീണ്ടും മട പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ യാതൊരു സുരക്ഷാ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചിട്ടില്ലെന്നും വികാരി ഫാ. കുര്യന്‍ കാലായില്‍ പറഞ്ഞു. ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന കവലയിലാണ് പള്ളി. ഈ കവലയില്‍ പള്ളിവക വിവിധ വിദ്യാലയങ്ങള്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, സര്‍ക്കാര്‍ ആശുപത്രി, സഹകരണ ബാങ്ക്, പഞ്ചായത്ത് കാര്യാലയം എന്നിവയും പ്രവര്‍ത്തിക്കുന്നു.


മെയ് മാസവണക്കത്തോടനുബന്ധിച്ച് പള്ളിയില്‍ നിത്യേന പ്രത്യേക ചടങ്ങുകള്‍ നടന്നുവരികയായിരുന്നു. ഫാ. ജോര്‍ജ് പോളച്ചിറയുടെ കാര്‍മ്മികത്വത്തിലായിരുന്നു കുര്‍ബ്ബാന. പള്ളിയിലെ കയറ്റുപായില്‍ വീണ കല്ല് തെറിച്ച് പുണ്യാളന്റെ രൂപത്തിന് മുന്നിലെത്തി. മേരിമാതാ സി.ബി.എസ്. ഇ. സ്‌കൂളിന്റെ മുറ്റത്തും കരിങ്കല്ലുചീളുകള്‍ വീണു. പഞ്ചായത്തില്‍ പുതിയ പാറമടകള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് ഒരു മാസം മുമ്പേ പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുത്തിരുന്നു. ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ജീവനടക്കം ഭീഷണി ഉയര്‍ത്തുന്ന അവസ്ഥയിലാണിപ്പോള്‍. പള്ളിവികാരി ഫാ. കുര്യന്‍ കാലായില്‍ മരങ്ങാട്ടുപിള്ളി പോലീസില്‍ പരാതി നല്‍കി.


ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ചന്ദ്രന്‍, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ തോമസ് ടി. കീപ്പുറം, ഗ്രാമപ്പഞ്ചായത്തംഗം ബിജു കുളത്തൂര്‍, കേരള കോണ്‍ഗ്രസ് എം. മണ്ഡലം പ്രസിഡന്റ് തോമസ് പുളിക്കിയില്‍ തുടങ്ങിയവര്‍ പള്ളിയിലെത്തി. കുറ്റക്കാര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും വെള്ളിയാഴ്ച കൂടുന്ന പഞ്ചായത്ത് കമ്മിറ്റി ആവശ്യമായ നീയമനടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. അതിനിടെ കുര്‍ബ്ബാനയ്ക്കിടയില്‍ കടപ്ലാമറ്റം സെന്റ് മേരീസ് ദേവാലയത്തിനുള്ളിലേക്ക് പാറമടയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണ സംഭവത്തില്‍ പ്രതിഷേധിച്ച് കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്തില്‍ വെള്ളിയാഴ്ച രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ ഹര്‍ത്താലാചരിക്കാന്‍ യു.ഡി.എഫ്. ആഹ്വാനം ചെയ്തു. അത്യാവശ്യ സര്‍വ്വീസുകള്‍ക്കൊപ്പം ബസ് സര്‍വ്വീസുകള്‍ നടത്തുന്നതും തടയില്ലെന്ന് യു.ഡി.എഫ്. ചെയര്‍മാന്‍ സി.സി. മൈക്കിള്‍, കണ്‍വീനര്‍ തോമസ് പുളിക്കീല്‍ എന്നിവര്‍ അറിയിച്ചു.


ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാറമടയുള്ള കടപ്ലാമറ്റം പഞ്ചായത്തില്‍ പുതിയ ക്വാറിലൈസന്‍സ് നല്‍കേണ്ടന്ന് കഴിഞ്ഞമാസം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയ പാറമടയ്ക്ക് ലൈസന്‍സുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 22.02 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള കടപ്ലാമറ്റത്ത് 20 ലൈസന്‍സിലായി 40 പാറമട പ്രവര്‍ത്തിക്കുന്നുണ്ട്. മടകളുടെ ബാഹുല്യം ശുദ്ധജലക്ഷാമം ഉള്‍പ്പെടെ നിരവധി പ്രശ്‌നമുണ്ടാക്കുന്നുണ്ട്. അന്തരീക്ഷ മലനീകരണമാണ് പ്രധാനം. ക്വാറി നിയന്ത്രണം വേണമെന്ന ആവശ്യത്തിന് പലവര്‍ഷം പഴക്കമുണ്ട്. നൂറുകണക്ക് തൊഴിലാളികള്‍ പണിയുന്ന മേഖലയായതിനാല്‍ പഞ്ചായത്ത് നടപടിക്ക് മടിക്കുകയായിരുന്നു. ഒരുവര്‍ഷം ആറരലക്ഷം ടണ്‍ കരിങ്കല്ലാണ് ഇവിടെ പൊട്ടിച്ചുകടത്തുന്നത്. ക്വാറി പലതിനും നൂറുകണക്ക് മീറ്റര്‍ ആഴമുണ്ട്. ക്വാറികളിലെ ഉഗ്രസ്‌ഫോടനം മൂലം ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നത് വിവിധ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.


ഭരണങ്ങാനത്തും സ്ഥിവ്യത്യസ്ഥമല്ല. പഞ്ചായത്തിന്റെ മൂന്നാം വാര്‍ഡില്‍ ഉള്ളനാട് വേഴാങ്ങാനം റോഡിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പാറമടക്കെതിരേ നിരന്തരം പരാതി നല്‍കിയിട്ടും അധികൃതര്‍ മൗനംതുടരുകയാണ്. ചൂണ്ടച്ചേരി സ്വദേശിയുടെ പേരിലുള്ള പറമടയുടെ നിയമം ലംഘിച്ചുള്ള നടത്തിപ്പില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉള്ളനാട്‌വേഴാങ്ങാനം പൗരസമിതി രൂപവത്കരിച്ച് മീനച്ചില്‍ തഹസില്‍ദാര്‍ക്കുംറവന്യൂ അധികൃതര്‍ക്കും പരാതി നല്‍കിയതിനെത്തുടര്‍ന്ന് തഹസില്‍ദാര്‍ അന്വേഷണം ആരംഭിച്ചു. പാറമടയില്‍ പരിചയസമ്പന്നരല്ലാത്തവരാണ് ജോലി ചെയ്യുന്നത്. ഇതുമൂലം ഒന്നര കിലോമീറ്റര്‍ വരെ ദൂരെയുള്ള വീടുകള്‍ക്ക് വിള്ളലുകളും കേടുപാടുകളും ഉണ്ടാകുന്നതായി പരാതിയില്‍ പറയുന്നു. ഇലക്ട്രിക്കല്‍ സംവിധാനം ഉപയോഗിച്ച് ഒന്നിച്ച് വളരെയധികം സ്‌ഫോടനം നടത്തുന്നതിനാല്‍ സമീപപ്രദേശങ്ങളില്‍ കുലുക്കം അനുഭവപ്പെടുന്നുണ്ട്.സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെയും ജില്ലാ മെഡിക്കല്‍ ഓഫിസറുടെയും മാര്‍ഗനിര്‍ദേശങ്ങളും ലൈസന്‍സ് വ്യവസ്ഥകളും ലംഘിച്ച് നടത്തുന്ന പ്രവര്‍ത്തനം ആരോഗ്യ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പരാതിയില്‍ പറയുന്നു.


വൈകുന്നേരങ്ങളില്‍ കല്ലുപൊട്ടിക്കുന്നതിന് എക്‌സ്‌കവേറ്റര്‍ ഉപയോഗിക്കുന്നത് അസഹനീയ ശബ്ദമലിനീകരണം ഉണ്ടാക്കുന്നതായും ആരോപണമുണ്ട്. പാറമടയെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ ഒത്താശ ചെയ്തുനല്‍കുന്ന പഞ്ചായത്ത് അധികൃതരും ഓഫിസര്‍മാരും നാട്ടുകാര്‍ക്ക് എതിരായിരിക്കുകയാണ്. മേല്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന റിപ്പോര്‍ട്ടിലും മറ്റും പറമടക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതായും പരാതിയില്‍ പറയുന്നു. യഥാര്‍ഥ വസ്തുതകള്‍ മറച്ചുവെച്ചാണ് ലൈസന്‍സ് നല്‍കുന്നതിനുള്ള സ്‌കെച്ച് തയാറാക്കിയതെന്നും ആരോപണമുണ്ട്.കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വില്ലേജോഫിസര്‍ നല്‍കിയ ഏരിയാ രൂപരേഖയില്‍ പാറമടയില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള വേഴാങ്ങാനം എല്‍.പി സ്‌കൂള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍ നൂറുമീറ്റര്‍ അകലത്തിലുള്ള ഔസേപ്പറമ്പില്‍ മേരി ജോസഫിന്റെ വീട് കാണിക്കാതെയാണ് മാപ്പ് തയാറാക്കിയിരിക്കുന്നത്.


പാറമടയുടെ നൂറുമീറ്റര്‍ പരിധിക്കുള്ളില്‍ അഞ്ച് വീടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്.പറമടയുടെ സമീപത്തുകൂടി കടന്നു പോകുന്ന തോട് മലിനീകരണത്തിന് ഇടയാകുന്നുണ്ട്. പാറമടയിലെ പൊടിയും മാലിന്യവും വാഹനങ്ങള്‍ കഴുകുമ്പോള്‍ ഉണ്ടാകുന്ന മാലിന്യവും തോട്ടിലേക്ക് ഒഴുക്കി വിടുകയാണ്. പാറമടയില്‍ നിന്ന് ലോഡുമായി പോകുന്ന ടിപ്പറുകളും എക്‌സ്‌കവേറ്ററുകളും കയറി റോഡുകള്‍ തകര്‍ന്ന അവസ്ഥയാണ്.ചീറിപ്പായുന്ന വാഹനങ്ങള്‍ വഴിയാത്രികര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നതായും പരാതിയില്‍ പറയുന്നു. വസ്തുതകള്‍ മറച്ചുവെച്ച് ലൈസന്‍സ് നേടുന്നതിനും നാട്ടുകാരുടെ ദുരിതങ്ങളും പരാതികളും കണ്ടില്ലെന്ന് നടിക്കുന്ന വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് തയാറെടുക്കുകയാണ് സമരസമിതി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ