2011, മേയ് 10, ചൊവ്വാഴ്ച

കേരളം കൂടോത്രത്തില്‍

എന്തൊരു മതമൈത്രി!
കൂടോത്രമെടുപ്പിനും പ്രതിക്രിയകള്‍ക്കും പരസ്പര സഹായസംഘമായി പ്രവര്‍ത്തിച്ച ഹിന്ദു-ക്രിസ്ത്യന്‍-മുസ്‌ലിം ആചാര്യന്മാരെക്കുറിച്ചാണ് പാലാ ചക്കാമ്പുഴയില്‍നിന്ന് അറിഞ്ഞത്. ഒരു പണിക്കരാണ് നായകന്‍. മൂവാറ്റുപുഴയ്ക്കടുത്തുള്ള സ്ഥലത്തെ ഒരു വൈദികനും തൊടുപുഴയ്ക്കടുത്ത് മുട്ടത്തുനിന്നുള്ള ഒരു മുസ്‌ലിം ഭായിയും ചേരുന്നതാണ് സംഘം.

വാസ്തുവിദഗ്ധനായിരുന്നു പണിക്കര്‍. പ്രായം ചെന്നപ്പോഴാണ് ആഭിചാര രംഗത്തേക്ക് കടന്നത്. പ്രശ്‌നക്കാര്‍ വീട്ടിലെത്തും. ഒരു ചരടില്‍ കോര്‍ത്ത പെന്‍ഡുലമാണ് പണിക്കരുടെ മുഖ്യആയുധം. പ്രശ്‌നമുള്ളയാള്‍ ചരടില്‍ പിടിക്കുമ്പോള്‍ പെന്‍ഡുലം കറങ്ങിത്തുടങ്ങും. അത് നോക്കിയശേഷം പണിക്കര്‍ പറയും 'കൂടോത്രമാണ്, കടുത്ത കൂടോത്രം'.

അടുത്ത ഘട്ടം കൂടോത്രമെടുപ്പാണ്. ചക്കാമ്പുഴയിലെ വീട്ടില്‍നിന്നു വാഹനത്തില്‍ പണിക്കരെ കൊണ്ടുവരണം. വീട്ടിലെത്തിയാല്‍ പെന്‍ഡുലം കറക്കി പണിക്കര്‍ സ്ഥലം ചൂണ്ടിക്കാട്ടും. ഒരടി വീതിയിലും ആഴത്തിലും കുഴിക്കുമ്പോഴേക്കും എഴുതിയ ചെമ്പുതകിട് കിട്ടും. ഇത് ചാണകത്തില്‍ കഴുകി പുഴയിലൊഴുക്കണം. പിന്നെ ചില പ്രതിക്രിയകളുമുണ്ട്. എല്ലാത്തിനും നല്ലതുക ചെലവാകും. ക്രിസ്ത്യാനികളാണെങ്കില്‍ പണിക്കര്‍ വൈദികന്റെ വിലാസം നല്‍കി അങ്ങോട്ടയയ്ക്കും. അഞ്ച് കുരിശും വാങ്ങി വേണം വൈദികനെ കാണാന്‍. വൈദികന്‍ പൂജിച്ച് നല്‍കുന്ന കുരിശ് വീടിന്റെ നാലുമൂലയിലും ചവിട്ടുപടിയിലും കുഴിച്ചിടണം. വൈദികന് ദക്ഷിണ
നല്‍കിയാല്‍ മതി. പ്രശ്‌നം അനുഭവിക്കുന്നവര്‍ മുസ്‌ലിങ്ങളാണെങ്കില്‍ പ്രതിക്രിയയ്ക്ക് മുട്ടത്തെ ഭായിയുടെ പക്കലേക്ക് പറഞ്ഞയയ്ക്കും.

ഒരിക്കല്‍ കോടികുളത്തുവെച്ച് പണിക്കരുടെ തട്ടിപ്പ് ചിലര്‍ തിരിച്ചറിഞ്ഞു. വീട്ടിലെത്തുമ്പോള്‍ത്തന്നെ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിടുന്ന പണിക്കര്‍ കാലിലെ വിരലുകള്‍ക്കിടയില്‍ തകിട് ഒളിപ്പിച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. കുഴിക്കുന്നതിനിടയില്‍ ചില നാടകീയരംഗങ്ങള്‍ സൃഷ്ടിക്കുന്ന അദ്ദേഹം തകിട് മണ്ണില്‍ ചവിട്ടിത്താഴ്ത്തും. കുറച്ചുകഴിഞ്ഞ് അവിടെ തിരഞ്ഞ് പുറത്തെടുത്ത് സര്‍വരെയും അത്ഭുതപ്പെടുത്തും.

കോടികുളത്ത് ചവിട്ടിത്താഴ്ത്തല്‍ കണ്ട ചിലര്‍ പണിക്കരറിയാതെ തകിട് മാറ്റി. പിന്നീട് പണിക്കര്‍ തപ്പോടുതപ്പുതന്നെ. തകിടു കാണാതെ തളര്‍ന്ന പണിക്കരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ബന്ധുക്കള്‍ തൊടുപുഴ സ്റ്റേഷനില്‍നിന്നു പോലീസുകാരുമായി വന്നാണ് പണിക്കരെ രക്ഷിച്ചത്. ഇതോടെ ഈ 'കൂട്ടുകൃഷി' ഏറെക്കുറെ നിലച്ചു. കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാല മേഖലകളില്‍ നൂറുകണക്കിനാളുകള്‍ 'പെന്‍ഡുലം പിടിച്ച്' പറ്റിക്കപ്പെട്ടതായാണ് വിവരം.

1 അഭിപ്രായം: