2011, മേയ് 13, വെള്ളിയാഴ്‌ച

കോണ്‍ഗ്രസുകാര്‍ ആത്മപരിശോധന നടത്തണം?


നിയമസഭാ തെരഞ്ഞെടുപ്പില്‍ നാണം കെട്ട വിജയം നേടിയ യുഡിഎഫും അതിന്‌ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും ഇനിയെങ്കിലും ആത്മപരിശോധന നടത്തണം. വേണമെങ്കില്‍ കൂടെ നിന്നാല്‍ മതിയെന്ന സമീപനം ഘടകകക്ഷികളോട്‌ പുലര്‍ത്തുന്നത്‌ ശരിയോ? പരസ്‌പര സഹകരണത്തിലൂടെ കേരള ഭരണം യുഡിഎഫിന്റെ കരങ്ങളില്‍ നിലനിര്‍ത്തുവാന്‍ വലിയ കഷ്‌ടപ്പാടൊന്നുമില്ല.

പാര്‍ലമെന്റ്‌, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളിലെ അപ്രതീക്ഷിത വിജയത്തിന്റെ അഹങ്കാരത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടതാണ്‌ ഈ നാണം കെട്ട വിജയത്തിന്‌ കാരണമായത്‌. രാഹുല്‍ഗാന്ധിയുടെ പേര്‌ പറഞ്ഞ്‌ മുഖ്യമന്ത്രി കസേരയില്‍ നോട്ടമിട്ടവര്‍ യോഗ്യരായ സ്ഥാനാര്‍ത്ഥികളെ തഴഞ്ഞ്‌ ഇഷ്‌ടക്കാരെ തിരുകികയറ്റിയതാണ്‌ നാണംകെട്ട വിജയത്തിന്റെ പ്രധാനകാരണം. കെപിസിസി പ്രസിഡന്റ്‌ മത്സരരംഗത്തു വന്നതോടെ പാര്‍ട്ടി മെഷിനറി ചലിപ്പിക്കുന്നതിനും ആരുമില്ലാതായി. തെരഞ്ഞെടുപ്പു വരുമ്പോള്‍ നിന്നു കൊടുത്താല്‍ അഞ്ചുകൊല്ലം ഇടവിട്ട്‌ തങ്ങളെ അധികാരത്തില്‍ കയറ്റുമെന്ന യുഡിഎഫ്‌ നേതാക്കളുടെ അഹങ്കാരത്തിനാണ്‌ ബാലറ്റിലൂടെ ജനം മറുപടി നല്‍കിയത്‌. പരസ്‌പരം പാരവച്ചും അഴിമതി ആരോപിച്ചും കുഴപ്പമുണ്ടാക്കിയ ശേഷം കോണ്‍ഗ്രസിലെ ജനാധിപത്യ സ്വഭാവമാണ്‌ അച്ചടക്കലംഘനത്തിന്‌ കാരണമെന്ന്‌ പറഞ്ഞു നടക്കുന്ന ന്യായീകരണങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം. പാര്‍ട്ടി പത്രമുണ്ടെങ്കിലും അത്‌ കാശുകൊടുത്തു വാങ്ങുന്നത്‌ അപമാനമാണെന്ന്‌ ധരിക്കുന്നവരാണ്‌ കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും അനുയായികളും. പാര്‍ട്ടിപത്രം വഴി കോണ്‍ഗ്രസ്‌ സന്ദേശം ജനങ്ങളില്‍ എത്തിക്കാമെന്ന കാര്യം ഇവര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. എന്നാല്‍ സിപിഎമ്മുകാരാകട്ടെ ഭരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും പാര്‍ട്ടിപത്രം നല്ല രീതിയില്‍ നടത്തും. ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‌ ആകെയുള്ള ദിനപ്പത്രമാണ്‌ വീക്ഷണമെന്ന കാര്യം പോലും പല കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും അറിയില്ല. കോണ്‍ഗ്രസ്‌ ഭരിക്കുമ്പോള്‍ സിപിഎമ്മുകാരെ അഴിമതിക്കേസുകളില്‍ പിടികൂടുവാന്‍ ലഭിക്കുന്ന അവസരം വ്യക്തി താല്‍പര്യത്തിന്റെ മറവില്‍ നഷ്‌ടപ്പെടുത്തുന്നത്‌ ശരിയോ? സിപിഎമ്മുകാരാകട്ടെ ഓരോ അവസരവും മുതലാക്കുന്നു. മുന്നണി മര്യാദകളോ പാര്‍ട്ടി അച്ചടക്കമോ പാലിക്കാന്‍ തയ്യാറാകാത്തതല്ലേ ഈ ദയനീയ വിജയത്തിന്‌ വഴിയൊരുക്കിയത്‌.?

2 അഭിപ്രായങ്ങൾ:

  1. ഇനി മന്ത്രിമാരാരെന്ന് അറിയണം. എന്തൊക്കെ കടമ്പയാ ജനങ്ങള്‍ക്ക് ഉള്ളത്!

    മറുപടിഇല്ലാതാക്കൂ
  2. "ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‌ ആകെയുള്ള ദിനപ്പത്രമാണ്‌ വീക്ഷണമെന്ന കാര്യം പോലും പല കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും അറിയില്ല"
    ഇക്കാര്യം വളരെ ശെരിയാണ് .മറ്റൊന്ന് ചോദിച്ചോട്ടെ : ഈ സാധനം ഇപ്പോഴും നിലവിലുണ്ടോ ? ഉണ്ടെങ്കില്‍ അപൂര്‍വ്വ വസ്തുക്കളുടെ കൂട്ടത്തില്‍ കൂട്ടേണ്ടിയിരിക്കുന്നു .

    മറുപടിഇല്ലാതാക്കൂ