2011, മേയ് 7, ശനിയാഴ്‌ച

കശാപ്പുകാരനില്‍നിന്ന്‌ വിദ്യാഭ്യാസതട്ടിപ്പിലേക്ക്‌

ഇടുക്കി: നിരവധി തട്ടിപ്പുകേസുകളില്‍ മുംബൈയില്‍ അറസ്‌റ്റിലായ സ്‌കൈബ്ലൂ സെബാസ്‌റ്റിയന്‍ പെട്ടെന്നു കോടീശ്വരനായതിനു പിന്നില്‍ ഒട്ടേറെ വിദ്യാര്‍ഥികളുടെ കണ്ണീരിന്റെ വിലയും. സി.ബി.ഐ. അറസ്‌റ്റ്‌ ചെയ്‌ത ഇയാള്‍ ഇന്റര്‍പോള്‍ അന്വേഷിക്കുന്ന രാജ്യാന്തരകുറ്റവാളിയാണെന്നും സൂചനയുണ്ട്‌.
കശാപ്പുകാരനില്‍നിന്ന്‌ ഇയാള്‍ കണ്ണുതുറക്കുന്ന വേഗത്തില്‍ കോടീശ്വരനായതു വളഞ്ഞ വഴികളിലൂടെ മാത്രം. കഞ്ഞിക്കുഴി പഴയരിക്കണ്ടം പ്ലാത്തോട്ടത്തില്‍ സെബാസ്‌റ്റിയന്‍ പി. ജോണ്‍, എട്ടു വര്‍ഷം മുമ്പു വിസാത്തട്ടിപ്പുകേസില്‍ ഗള്‍ഫില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്‌. ജയില്‍മോചിതനായി തിരിച്ചെത്തിയ ഇയാള്‍ കൊച്ചി കേന്ദ്രീകരിച്ചു സ്‌കൈബ്ലൂ ഏജ്യൂക്കേഷന്‍സ്‌ എന്ന സ്‌ഥാപനം വഴി നഴ്‌സിംഗ്‌ വിദ്യാര്‍ഥികള്‍ക്കു വിദ്യാഭ്യാസവായ്‌പ, ഇറ്റലിയിലേക്കു വിസ എന്നീ മോഹനവാഗ്‌ദാനങ്ങള്‍ നല്‍കി ആയിരക്കണക്കിനു പെണ്‍കുട്ടികളെ കബളിപ്പിച്ചു കോടികള്‍ തട്ടി. ഒളിവില്‍പ്പോയ ഇയാളെക്കുറിച്ച്‌ അന്വേഷിക്കാന്‍ കഴിഞ്ഞവര്‍ഷമാണു ഹൈക്കോടതി ഉത്തരവിട്ടത്‌.

അന്വേഷണ ഉത്തരവിനെ എതിര്‍ത്തതിനു സര്‍ക്കാര്‍ അഭിഭാഷകനെ കോടതി ശാസിച്ചു. ഇടുക്കി സ്വദേശിയും സെബാസ്‌റ്റിയന്റെ ഡല്‍ഹിയിലെ ആവെ മരിയ എന്ന സ്‌ഥാപനത്തിലെ ജീവനക്കാരിയുമായിരുന്ന ജൂലി റോയിയാണു കേസ്‌ സി.ബി.ഐ. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്‌. പിടികിട്ടാപ്പുള്ളിയായ ഇയാള്‍ ഉന്നതരുടെ സംരക്ഷണയില്‍ സൈ്വര്യവിഹാരം നടത്തുമ്പോള്‍, ജീവനക്കാരിയായ ജൂലിയെയാണു പോലീസ്‌ വേട്ടയാടിയിരുന്നത്‌. ഡല്‍ഹി പോലീസ്‌ ഇവരെ അറസ്‌റ്റ്‌ ചെയ്‌തു തിഹാര്‍ ജയിലിലടച്ചു.
ജയില്‍മോചിതയായ ഉടന്‍ ഇവരെ അറസ്‌റ്റ്‌ ചെയ്യാന്‍ ഡല്‍ഹിയില്‍ കേരളാ പോലീസെത്തി. തുടര്‍ന്നു ജൂലി രണ്ടു വര്‍ഷത്തോളം ഒളിവില്‍ താമസിച്ച്‌ അഡ്വ: പി.കെ. ഇബ്രാഹിംകുട്ടി മുഖേന ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ, ജൂലിയോടൊപ്പം കഴിഞ്ഞ അനുഷയേയും പോലീസ്‌ പ്രതിയാക്കി. ഇറ്റലിക്കു പോകാന്‍ സെബാസ്‌റ്റിയന്‌ 50,000 രൂപ നല്‍കി എന്നതായിരുന്നു കുറ്റം.
2005 ഏപ്രില്‍ 18ന്‌ തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ സ്‌കൈബ്ലൂ കണ്‍സള്‍ട്ടന്‍സിയുടെ വിദ്യാദീപം വായ്‌പാപദ്ധതിയുടെ ഉദ്‌ഘാടനം നടന്നു. ഈ സമയം 146/2001 കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്നു സെബാസ്‌റ്റിയന്‍.
സംസ്‌ഥാന സഹകരണ ബാങ്കുമായി ചേര്‍ന്നാണു നഴ്‌സിംഗ്‌ വിദ്യാഭ്യാസതൊഴില്‍ വായ്‌പാപദ്ധതി തുടങ്ങിയത്‌. നഴ്‌സിംഗ്‌ പഠനത്തിനുശേഷം വിദേശത്ത്‌ ജോലിയും വാഗ്‌ദാനം ചെയ്‌തു പരസ്യം ചെയ്‌തു. ഇതിലൂടെ നൂറുകണക്കിനു വിദ്യാര്‍ഥിനികളാണു വഞ്ചിതരായത്‌. 2006 ജനുവരി ഏഴിന്‌ അന്നത്തെ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഈ തട്ടിപ്പിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെതോടെ പദ്ധതി വിവാദമായി. വിദ്യാഭ്യാസവായ്‌പ നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു സംസ്‌ഥാന സഹകരണബാങ്കിനു പരസ്യം നല്‍കേണ്ടിവന്നു. രണ്ടായിരത്തിലധികം വിദ്യാര്‍ഥികളാണു തട്ടിപ്പിനിരയായത്‌. 11-ാം നിയമസഭയുടെ 12-ാം സമ്മേളനത്തില്‍ ഇതേക്കുറിച്ച്‌ എം.എല്‍.എമാരായ ഗിരിജാ സുരേന്ദ്രന്‍, പി. ജയചന്ദ്രന്‍, മഞ്ഞളാംകുഴി അലി, എം.വി. ഗോവിന്ദന്‍, ടി.വി. ചന്ദ്രമോഹന്‍, കെ. സുധാകരന്‍ എന്നിവര്‍ ചോദ്യമുന്നയിച്ചു. തുടര്‍ന്ന്‌ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാര്‍ മാറിയതോടെ പോറലേല്‍ക്കാതെ സെബാസ്‌റ്റിയന്‍ രക്ഷപ്പെട്ടു.
വി.എസ്‌. നയിക്കുന്ന ഇടതുസര്‍ക്കാരിനും ഇയാളെ തൊടാനായില്ല. പോലീസ്‌ രേഖകളില്‍ പിടികിട്ടാപ്പുള്ളിയായ സെബാസ്‌റ്റിയന്‌ 2007 ജനുവരി 27നു നടന്ന പാലാ ഫെസ്‌റ്റിവലില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍, മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡും സമ്മാനിച്ചു. ചടങ്ങിനു മുമ്പു സി.പി.എം. പ്രാദേശികനേതാക്കള്‍ എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും വിലപ്പോയില്ല. ഇതോടെ പുതിയൊരു തട്ടിപ്പ്‌ ആസൂത്രണം ചെയ്യാന്‍ ഇയാള്‍ കച്ചകെട്ടി. നഴ്‌സിംഗ്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഇറ്റലിക്കു വിസ എന്ന തട്ടിപ്പിലൂടെ 960 പേരില്‍നിന്ന്‌ അരലക്ഷം മുതല്‍ ഒരുലക്ഷം രൂപവരെ തട്ടിയെടുത്തു.
ആഭ്യന്തരമന്ത്രി തട്ടിപ്പുകാരന്‌ അവാര്‍ഡ്‌ നല്‍കിയശേഷം, 2008 ഏപ്രിലില്‍ ഇയാളെക്കുറിച്ച്‌ അന്വേഷിക്കാന്‍ മുഖ്യമന്ത്രി െ്രെകം ഡിറ്റാച്ച്‌മെന്റ്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ എം. ശേഖറിനെ ചുമതലപ്പെടുത്തി. ഈ അന്വേഷണം നടന്നു കൊണ്ടിരിക്കേ 2009 നവംബറില്‍ മൂന്നാറില്‍ നടന്ന ഓപ്‌ഷന്‍ വേള്‍ഡ്‌ വൈഡിന്റെ പരിപാടിയില്‍ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി സെബാസ്‌റ്റിയനു പുരസ്‌ക്കാരം നല്‍കി. ചടങ്ങില്‍ മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസനുമുണ്ടായിരുന്നു. ഒരു വശത്ത്‌ ഇയാളെക്കുറിച്ച്‌ അന്വേഷണം നടക്കുമ്പോളും മന്ത്രിമാരില്‍നിന്നു പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി വിഹരിച്ച സെബാസ്‌റ്റിയനെ പിടികൂടാന്‍ ജുഡീഷ്യറിയുടെ ഇടപെടല്‍ വേണ്ടിവന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ