2011, മേയ് 7, ശനിയാഴ്‌ച

അഭിനവ ബ്രൂട്ടസ്? ബ്രിട്ടാസ് ....

അഭിനവ ബ്രൂട്ടസ്?


റോമന്‍ റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ ചോരകൊണ്ടെഴുതിയ പേര് -മാര്‍ക്കസ് ജൂനിയസ് ബ്രൂട്ടസ്. അധികാരത്തിന്റെ മദമാത്സര്യങ്ങളില്‍ റോമന്‍ ഭരണാധികാരി ജൂലിയസ് സീസറെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ സെനറ്റ് അംഗം. കുത്തേറ്റു മരിച്ചുവീഴുമ്പോള്‍ തനിക്കെതിരെ കരുനീക്കിയവര്‍ക്കിടയില്‍ ബ്രൂട്ടസിനെ കണ്ട സീസര്‍ ചോദിച്ചു: 'യൂ റ്റൂ ബ്രൂട്ടസ്?' (ഷേക്‌സ്‌പിയറുടെ വാചകത്തിന് 'നീയോ കുഞ്ഞിമ്മോനേ...' എന്ന് വി.കെ.എന്‍ പരിഭാഷ). കൂടെനിന്ന് പ്രവര്‍ത്തിച്ച് ശത്രുപാളയത്തിലേക്കുപോയ ജൂനിയസ് ബ്രൂട്ടസിന്റെ പിന്‍ഗാമിയാണോ ജോണ്‍ ബ്രിട്ടാസ്? അങ്ങനെയൊരു സംശയം സി.പി.എമ്മിന് ഇല്ലാതില്ല.
ബ്രിട്ടാസിന്റെ ചാനല്‍ വെറുമൊരു ചാനലായിരുന്നില്ല. ഒരു ജനതയുടെ ആത്മാവിഷ്‌കാരമായിരുന്നു. പക്ഷേ, ഏതാണ്ടെല്ലാ ചാനലുകളിലും കാണുന്ന കാര്യങ്ങള്‍ തന്നെ കൈരളിയിലും കണ്ട പ്രേക്ഷകര്‍ക്ക് ലോഗോവിനൊപ്പം എഴുതിച്ചേര്‍ത്ത ഈ വാചകത്തിന്റെ അര്‍ഥം പിടികിട്ടിയില്ല. എന്തായിരുന്നാലും അത് സി.പി.എമ്മിന്റെ ആത്മാവിഷ്‌കാരമായിരുന്നു എന്ന കാര്യത്തില്‍ തെല്ലുമില്ല തര്‍ക്കം. അങ്ങനെയിരിക്കെ മാധ്യമപ്രഭു കേരളത്തിലും കണ്ണുവെച്ചു. റൂപര്‍ട്ട് മര്‍ഡോക്ക് വന്നു വിലപറഞ്ഞ് ഏഷ്യാനെറ്റിന്റെ വിനോദചാനലുകള്‍ വാങ്ങി. മാധ്യമരംഗത്തെ വിദേശ അധിനിവേശത്തെക്കുറിച്ച് ബുദ്ധിജീവികള്‍ മുന്നറിയിപ്പുനല്‍കി. കുത്തകകള്‍ക്കെതിരെ കൈരളി ശബ്ദമുയര്‍ത്തി. എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ലേഖനമെഴുതി പ്രതിഷേധിച്ചു. അങ്ങനെയൊക്കെയുള്ള സാമ്രാജ്യത്വഭീകരനായ മര്‍ഡോക്കിന്റെ ചാനലിന്റെ തലപ്പത്തേക്കാണ് മലയാളം കമ്യൂണിക്കേഷന്‍സിന്റെ മാനേജിങ് ഡയറക്ടറും കൈരളിയുടെ എഡിറ്ററുമായ ബ്രിട്ടാസ് പോയത്. കൂടെ നിന്ന് അടവുകള്‍ പഠിച്ച് ശത്രുപാളയത്തിലേക്ക് കൂറുമാറിയവനോട് 'യൂ റ്റൂ ബ്രിട്ടാസ്'എന്ന് സഖാക്കള്‍ ഉള്ളില്‍ത്തട്ടി ചോദിക്കുന്നുണ്ട്.
സ്വരം നന്നായപ്പോള്‍ പാട്ടുനിര്‍ത്തുകയല്ല കൂടുതല്‍ സ്വരം നന്നാക്കാന്‍ വേണ്ടി പുറത്തുപോവുകയാണ് എന്നു പറഞ്ഞത് പിണറായി. സ്വരം നന്നായപ്പോള്‍ പാട്ടു നിര്‍ത്തുകയാണെന്ന് ബ്രിട്ടാസ്. കൈരളിയില്‍ തുടര്‍ന്നാല്‍ സ്വരം മോശമാവും എന്ന് തോന്നിയതുതന്നെ കാരണം എന്ന് മാധ്യമസിന്‍ഡിക്കേറ്റുകള്‍. കാല്‍നൂറ്റാണ്ടിന്റെ മാധ്യമപ്രവര്‍ത്തനത്തിന്റെ അനുഭവപരിചയമുള്ള മീഡിയാ പ്രഫഷനല്‍ ആണ്. ഒപ്പം മീഡിയാ മാനേജര്‍കൂടിയാണ്. മുപ്പത്തേഴാം വയസ്സില്‍ ദല്‍ഹിയില്‍ നിന്നു വിളിച്ച് ഉത്തരവാദിത്തമേല്‍പിക്കുമ്പോള്‍ മാധ്യമ മാനേജ്‌മെന്റിന്റെ ബാലപാഠങ്ങള്‍ പോലും പരിചയമുണ്ടായിരുന്നില്ല. അഞ്ചും ആറും മാസം ശമ്പളം മുടങ്ങിയ സ്ഥാപനം. അടച്ചുപൂട്ടുമെന്ന് പലരും വിധിയെഴുതിയ സ്ഥാപനം. ആ യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുനിന്നിട്ടുണ്ട്. എല്ലാ പിന്തുണയും സര്‍വസ്വാതന്ത്ര്യവും തന്ന് കൂടെ നിന്നത് പിണറായി വിജയന്‍. പിണറായിയുമായുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എണ്‍പതുകളില്‍ കണ്ണൂര്‍ ജില്ലയില്‍ സാധാരണ മാധ്യമപ്രവര്‍ത്തകനായിരുന്ന കാലം മുതല്‍ അറിയാം. സ്ഥാപനത്തിനുള്ള എല്ലാ അനുമതികളും നേടിയെടുത്തത് ഒറ്റക്കായിരുന്നു. നഷ്ടത്തില്‍ നിന്നു കരകയറ്റാനുള്ള ശ്രമങ്ങള്‍ നടത്തി. പത്തുവര്‍ഷം പിന്നിടുമ്പോള്‍ ലാഭത്തിലോടുന്ന കമ്പനിയായി. ഡിപാര്‍ട്ട്‌മെന്റുകളെല്ലാം ഭദ്രം. ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാതെ കിട്ടുന്നു. എം.ഡിക്ക് ഒരു മാനസികസമ്മര്‍ദവുമില്ല. നല്‍കിയ സംഭാവനകള്‍ കൊണ്ട് കമ്പനി വളര്‍ന്നു.
അങ്ങനെയിരിക്കെ ഒരു ഉള്‍വിളിതോന്നി. ഈ പദവി തരുന്ന ആനുകൂല്യങ്ങളിലേക്കും ആലസ്യത്തിലേക്കും സുഖങ്ങളിലേക്കും ഉള്‍വലിയുകയാണോ? ഒരു ദൗത്യം പൂര്‍ത്തീകരിച്ചാല്‍ ഇടവേളയുണ്ടാവുന്നതല്ലേ നല്ലത്? ഉള്‍വിളി ഒരു ശല്യമായപ്പോള്‍, പുതിയ ആശയങ്ങള്‍ക്കും ആളുകള്‍ക്കും വഴിമാറിക്കൊടുക്കുകയാണെന്ന് പ്രമോട്ടര്‍മാരോടും ഡയറക്ടര്‍മാരോടും പറഞ്ഞു. അവര്‍ വിട്ടില്ല. ഒരു ഘട്ടം കൂടി പൂര്‍ത്തിയാക്കിയിട്ടു പോകാം എന്ന് അവര്‍. ഉത്തരവാദിത്തം ഏറ്റെടുത്തപ്പോഴുള്ള സഞ്ചിതനഷ്ടം മുഴുവനായി തുടച്ചുനീക്കി സമ്പൂര്‍ണലാഭം എന്ന ഘട്ടത്തിലേക്ക് കമ്പനി എത്തിയശേഷം പോകാമെന്ന് അവര്‍. ഈ സാമ്പത്തിക വര്‍ഷം അത് പൂര്‍ത്തിയായി. അപ്പോള്‍ തെരഞ്ഞെടുപ്പ് വന്നു. ആ സമയത്ത് എം.ഡി കൈരളി വിട്ടാലുണ്ടാകുന്ന ഊഹാപോഹത്തെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പു കഴിയട്ടെ എന്നു വിചാരിച്ചു. അങ്ങനെ ഒടുവില്‍ കൈരളിയുടെ പടിയിറങ്ങി. ഇന്ത്യയില്‍ ഏതെങ്കിലും ഒരു ചീഫ് എക്‌സിക്യൂട്ടിവിന് ഇത്രയും ഊഷ്മളമായ യാത്രയയപ്പു കിട്ടിയിട്ടുണ്ടാവില്ല. ക്രോസ്ഫയറും ക്വസ്റ്റിയന്‍ടൈമും പതിവായി കാണുന്ന പ്രേക്ഷകര്‍ യാത്രയയപ്പു പരിപാടി വീണ്ടും വീണ്ടും കണ്ട് കണ്ണീര്‍ വാര്‍ത്തു.
കണ്ണൂരിലെ പുളിക്കുമ്പ ആലിലക്കുഴിയില്‍ പൈലിയുടെ മകന്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ ഡോണ്‍ ബോസ്‌കോ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ചേര്‍ന്നു. പിന്നീട് തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ പ്രീഡിഗ്രി. തൃശൂര്‍ കേരളവര്‍മ കോളജില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. എം.എക്ക് ഒന്നാംറാങ്ക്. 22ാം വയസ്സില്‍ ദല്‍ഹിയില്‍ പോയി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ ആറുവര്‍ഷം ഗവേഷകനായി. ഇന്ദ്രപ്രസ്ഥത്തിന്റെ ഊടുവഴികള്‍ പരിചയിച്ചത് അക്കാലത്താണ്. പിന്നീട് തലസ്ഥാനത്തുനിന്ന് രാഷ്ട്രീയവാര്‍ത്തകള്‍ ചടുലമായി റിപ്പോര്‍ട്ടു ചെയ്യുന്ന പത്രപ്രവര്‍ത്തകനാവുമ്പോള്‍ മഹാനഗരവുമായി ചെറുപ്പം മുതലുള്ള പരിചയം നന്നേ സഹായിച്ചു.
എഴുതാനുള്ള കഴിവും താല്‍പര്യവും പണ്ടേ ഉണ്ടായിരുന്നു. കോളജ് തല രചനാമത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. പക്ഷേ, ആകസ്മികമായാണ് പത്രപ്രവര്‍ത്തനത്തില്‍ വന്നുപെടുന്നത്. ദേശാഭിമാനിയില്‍ സബ് എഡിറ്ററായി തുടക്കം. പിന്നീട് പത്രത്തിന്റെ ദല്‍ഹി ബ്യൂറോ ചീഫായി. ദല്‍ഹിയില്‍ എത്തി ചുമതലയേറ്റെടുത്തതു മുതല്‍ തിളച്ചുമറിയുന്ന വാര്‍ത്തകള്‍ക്കു നടുവിലായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയരംഗം സമഗ്രമായ മാറ്റങ്ങള്‍ക്കു വിധേയമായ കാലം. അകാലികളുമായി ചര്‍ച്ച നടത്താന്‍ പഞ്ചാബില്‍ പോയ മുഖ്യമന്ത്രിക്ക് അകമ്പടി പോയി. രാജ്യത്തെ പിടിച്ചുകുലുക്കിയ പല സംഭവങ്ങള്‍ക്കും സാക്ഷിയായി. പാര്‍ലമെന്റില്‍ സെന്‍ട്രല്‍ ഹാള്‍ പാസ് ഉള്ള ഏറ്റവും പ്രായം കുറഞ്ഞ റിപ്പോര്‍ട്ടര്‍ ആയിരുന്നു. കൈരളിക്കും ദേശാഭിമാനിക്കും വേണ്ടി നിരവധി പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 1991നും 1999നുമിടയിലുള്ള പൊതു തെരഞ്ഞെടുപ്പുകള്‍ സമഗ്രമായി വിശകലനം ചെയ്യുന്ന വാര്‍ത്തകള്‍ എഴുതി. ബീരേന്ദ്രരാജാവിന്റെ ദാരുണമരണത്തിനു ശേഷമുള്ള നേപ്പാള്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടു ചെയ്തു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അയോധ്യയില്‍നിന്ന് നേരിട്ട് വാര്‍ത്തകളെത്തിച്ചു. ഇറാഖ് ആക്രമണകാലത്ത് ബഗ്ദാദിലെത്തിയ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരിലൊരാളായിരുന്നു. 2000ത്തില്‍ കൈരളി ടി.വി സംപ്രേഷണം തുടങ്ങുമ്പോഴേക്കും അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനായി മാറിക്കഴിഞ്ഞിരുന്നു. അച്ചടിമാധ്യമത്തില്‍നിന്ന് ദൃശ്യമാധ്യമത്തിലേക്ക് പത്രക്കാര്‍ കുടിയേറുന്ന സമയത്ത് കൈരളിയുടെ ദല്‍ഹി ബ്യൂറോയുടെ ചുമതലയുള്ള അസോസിയേറ്റ് ഡയറക്ടറായി. മൂന്നുവര്‍ഷത്തെ ബ്യൂറോ ചീഫിന്റെ ജോലിക്കു ശേഷം ചാനലിന്റെ മാനേജിങ് ഡയറക്ടറായി അനന്തപുരിയിലെത്തി.
വെറുക്കപ്പെട്ടവന്‍ എന്ന് വി.എസ് പറഞ്ഞ ഫാരിസുമായി അഭിമുഖം നടത്തിയത് വിവാദമായി. ബ്രിട്ടാസിന്റെ തലയറുത്ത് പാളയത്തുവെക്കുമെന്നു പറഞ്ഞ പത്രക്കാരുണ്ട് തിരുവനന്തപുരത്ത്. പക്ഷേ, ഒരു കാരണവശാലും ഡയറക്ടര്‍ബോര്‍ഡ് കൈയൊഴിയുകയില്ലെന്ന് ഉറപ്പായിരുന്നു. ദുരൂഹമായ ജീവിതം നയിക്കുന്ന ദാവൂദിനെപ്പോലെയുള്ള ആളുകളെ ഇന്റര്‍വ്യൂചെയ്യാനാണ് പത്രക്കാരന്‍ എന്ന നിലയില്‍ തന്റെ താല്‍പര്യമെന്ന് അതിന് ഇപ്പോഴുള്ള ന്യായീകരണം. മികച്ച അഭിമുഖകാരനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, മാധ്യമപ്രവര്‍ത്തനരംഗത്തെ സംഭാവനകള്‍ക്കുള്ള കെ.വി.ഡാനിയേല്‍ സ്മാരക അവാര്‍ഡ്, 'അച്ചടിമാധ്യമരംഗത്തെ ആഗോളീകരണത്തിന്റെ സ്വാധീനം' എന്ന വിഷയത്തിലുള്ള ഗവേഷണത്തിന് ഗോയങ്കേ ഫൗണ്ടേഷന്‍ ഫെലോഷിപ് എന്നിങ്ങനെ അംഗീകാരങ്ങള്‍ പലതും തേടിയെത്തി. ഇനി ദൃശ്യമാധ്യമരംഗത്തെ ആഗോളീകരണത്തിന്റെ സ്വാധീനം എന്ന വിഷയത്തെക്കുറിച്ച് മര്‍ഡോക്കിന്റെ ചാനലനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു ഗവേഷണ ഫെലോഷിപ്പിനുകൂടി സാധ്യതയുണ്ട്. ഭാര്യ ഷീബ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ജോലി ചെയ്യുന്നു. ഒരു മകളും മകനുമുണ്ട്.
l

2 അഭിപ്രായങ്ങൾ: