2011, മേയ് 31, ചൊവ്വാഴ്ച

അവസാനത്തെ ടൈപ്പ്‌റൈറ്റര്‍ ഫാക്‌ടറിയും അടച്ചുപൂട്ടി


ഹൈസ്‌പീഡ്‌ ലാപ്‌ടോപ്പുകളും ഐപാഡും സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളും ആധുനികകാലഘട്ടത്തിന്റെ മുഖമുദ്രയായി മാറുമ്പോള്‍ അധികമാരുമറിയാതെ ലോകത്തിലെ അവസാനത്തെ ടൈപ്പ്‌റൈറ്റര്‍ ഫാക്‌ടറിയും അടച്ചുപൂട്ടി.
ലോകത്തിലെ അവസാനത്തെ ടൈപ്പ്‌റൈറ്റര്‍ നിര്‍മാതാക്കളായ ഗോദ്‌റെജിന്റെ പൂണെയിലെ ഫാക്‌ടറിയിലിപ്പോള്‍ റഫ്രിജറേറ്ററുകളാണ്‌ നിര്‍മ്മിക്കുന്നത്‌.
2009 ല്‍ ടൈപ്‌റൈറ്റര്‍ നിര്‍മാണം അവസാനിപ്പിച്ചിരുന്നെങ്കിലും അഴസാന അടച്ചു പൂട്ടല്‍ കഴിഞ്ഞ മാസമായിരുന്നു. ഇനി ആകെ 500 ഗോദ്‌റെജ്‌ പ്രൈമ ടൈപ്‌റൈറ്ററുകള്‍ മാത്രമാണ്‌ വില്‍പനയ്‌ക്കുള്ളത്‌.
ഗോദ്‌റെജ്‌ ഫാക്‌ടറി അചച്ചുപൂട്ടുന്നുവെന്ന വാര്‍ത്ത വന്നതോടെ രാജ്യാന്തരതലത്തിലെ പല വമ്പന്‍ ഗ്രൂപ്പുകള്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ടൈപ്‌റൈറ്റര്‍ നിര്‍മാണം പുനരാരംഭിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും കമ്പനി അനുകൂലമായി പ്രതികരിച്ചിട്ടില്ല. ട്വിറ്ററിലും ഫേസ്‌ബുക്കിലുമൊക്കെ ടൈപ്പ്‌റൈറ്ററുകള്‍ക്ക്‌ അന്തിമോപചാരം അര്‍പ്പിച്ചുള്ള കുറിപ്പുകളും അവയോടുള്ള വൈകാരിക അടുപ്പം പങ്കു വയ്‌ക്കുന്ന അനുഭവക്കുറിപ്പുകളും ധാരാളമായി കുറിക്കപ്പെടുന്നുണ്ട്‌. 1950 ല്‍ ഗോദ്‌റെജ്‌ ടൈപ്പ്‌റൈറ്റര്‍ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ ആധുനിക ഇന്ത്യയുടെ വ്യവസായ മുന്നേറ്റത്തിന്റെ ശുഭസൂചകമായിട്ടായിരുന്നു അന്ന്‌ വ്യാവസായിക രാഷ്‌ട്രീയ രംഗത്തുള്ളവര്‍ വിശേഷിപ്പിച്ചിരുന്നത്‌. ഇന്ത്യയില്‍ ആകെ 1.5 ലക്ഷം ടൈപ്പ്‌റൈറ്ററുകള്‍ നിര്‍മ്മിക്കുമ്പോഴാണിത്‌.
2000 ല്‍കമ്പ്യൂട്ടറുകള്‍ ആധിപത്യം ആരംഭിച്ചതോടെ ടൈപ്പ്‌റൈറ്ററുകള്‍ മെല്ലെ പിന്നാമ്പുറ്‌തേക്ക്‌ മാറുകയായിരുന്നു. റെമിങ്‌ടണ്‍ റാന്‍ഡ്‌, ആഡ്‌ലെര്‍ റോയല്‍, ഒളിമ്പിയ, ഒളിവെട്ടി, സ്‌മിത്ത്‌ കൊറോണ, നകാജിയ, ഗോദ്‌റെജ്‌ എന്നിവയായിരുന്നു ഈ രംഗത്ത്‌ ലോകത്തെ പ്രമുഖനിര്‍മ്മാതാക്കള്‍.
ഗോദ്‌റെജ്‌ വിവിധ രാജ്യങ്ങളിലേക്ക്‌ ടൈപ്‌റൈറ്ററുകള്‍ കയറ്റുമതി ചെയ്‌തിരുന്നു. ഗോദ്‌റെജിന്റെ വിവിധ ടൈപ്‌റൈറ്റര്‍ മോഡലുകള്‍ മുംബൈയിലുള്ള പുരാവസ്‌തുശേഖരത്തില്‍ കമ്പനി സൂക്ഷിച്ചിട്ടുണ്ട്‌. കോടതികളിലും പ്രതിരോധമേഖലയിലും ഏതാനും സര്‍ക്കാര്‍ വകുപ്പുകളിലും മാത്രമാണിപ്പോഴും ടൈപ്‌റൈറ്റര്‍ ഉപയോഗിക്കുന്നത്‌. വൈകാരിക അടുപ്പം മൂലം പലരും ടൈപ്‌റൈറ്റര്‍ ഒരു നിധി പോലെ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്‌. എന്നാല്‍ ടൈപ്‌റൈറ്ററുകളെ മാത്രം ആശ്രയിച്ച്‌ ഉപജീവനം നടത്തിയിരുന്ന പലരും പൂട്ടിപ്പോവുകയോ രംഗം വിടുകയോ ചെയ്‌തു.
യൂസ്‌ഡ്‌ ടൈപ്‌റൈറ്ററുകള്‍ക്ക്‌ 300 മുതല്‍ 7000 രൂപ വരെ വിലയുണ്ട്‌. ഗോദ്‌റെജ്‌ പ്രൈമ യൂസ്‌ഡ്‌ ടൈപ്‌റൈറ്ററുകള്‍ക്ക്‌ 5000 മുതല്‍ 7000 രൂപ വരെ വില വരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ