2011, മേയ് 5, വ്യാഴാഴ്‌ച

വി.എസ് തുനിഞ്ഞിറങ്ങുന്നു; മര്‍ഡോക്കിന്റെ കൂടപ്പോയ ബ്രിട്ടാസിനെക്കുറിച്ച്

വി.എസ് തുനിഞ്ഞിറങ്ങുന്നു; മര്‍ഡോക്കിന്റെ കൂടപ്പോയ ബ്രിട്ടാസിനെക്കുറിച്ച് പ്രോത്സാഹിപ്പിച്ചവര്‍ വിശദീകരിക്കണം: വി.എസ്

സ്വന്തം ലേഖകന്‍
Story Dated:Thu, 05 May 2011 05:52:27 BST

തിരുവനന്തപുരം: മാധ്യമ ദുഷ്പ്രഭു മര്‍ഡോക്കിനൊപ്പം പോയ കൈരളി ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസിനെക്കുറിച്ച്, അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചവര്‍ തന്നെ വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. തനിക്ക് സംസ്‌കാരമില്ലെന്നു ആരോപിച്ച എന്‍എസ്എസ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പൊതുമുതല്‍ കട്ടുതിന്നുകയും അതിനു സുപ്രീം കോടതി ശിക്ഷിച്ചു ജയിലില്‍ കഴിയുകയും ചെയ്യുന്നയാളുടെ ആശ്രിതനാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആര്‍.ബാലകൃഷ്ണപിള്ളയ്ക്കുവേണ്ടിയാണ് ജി.സുകുമാരന്‍ നായര്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചതെന്ന് ബോധ്യമായതോടെയായിരുന്നു ഈ പ്രതികരണം.


ബ്രിട്ടാസിനെ ആക്രമിക്കുന്നതിനിടെ പതിവുപോലെ വിവാദനായകന്‍ ഫാരിസ് അബുബക്കറെ സംഭവത്തിലേക്ക് വലിച്ചിഴയ്ക്കാനും മുഖ്യമന്ത്രി മറന്നില്ല. പണം ഉണ്ടാക്കാന്‍ വേണ്ടി എന്തു ഹീനകൃത്യവും ചെയ്യുന്നയാളാണ് താന്‍ മുമ്പു വെറുക്കപ്പെട്ടവന്‍ എന്നു പറഞ്ഞയാള്‍. അയാളെ പൊക്കിക്കാണിക്കുകയാണല്ലോ ഇപ്പോള്‍ മര്‍ഡോക്കിന്റെ കൂടെപ്പോയ മാന്യന്‍ ചെയ്തതെന്നും ജോണ്‍ബ്രിട്ടാസ് ഏഷ്യാനെറ്റില്‍ ചേര്‍ന്നതിനെ ഉദ്ദേശിച്ചു വി.എസ് പറഞ്ഞു. മര്‍ഡോക്കിനെപ്പോലുള്ളവരെ എതിര്‍ക്കുന്നവരുടെ കൂടെയാണോ അനുകൂലിക്കുന്നവരുടെ കൂടെയാണോ നില്‍ക്കുന്നതെന്ന് അന്ന് അതിനെ (അഭിമുഖത്തെ) പ്രോല്‍സാഹിപ്പിച്ചവരാണ് മറുപടി പറയേണ്ടത്. വെറുക്കപ്പെട്ടവനെന്നു താന്‍ വിശേഷിപ്പിച്ചവനെ ഉയര്‍ത്തിക്കാട്ടുകയാണു ബ്രിട്ടാസ് മുന്‍പു ചെയ്തതെന്നും തുറന്നടിച്ചു.


പാര്‍ട്ടി ചാനലിന്റെ തലപ്പത്തിരുന്നയാള്‍ മര്‍ഡോക്കിന്റെ ചാനലിലേക്കു പോയതിനെ എങ്ങനെ കാണുന്നു എന്നു ചോദിച്ചപ്പോഴായിരുന്നു പേരെടുത്തു പറയാതെ മുഖ്യമന്ത്രി വിമര്‍ശനം തുടങ്ങിയത്.'അയാളെ ആദ്യം മുതലേ പ്രോല്‍സാഹിപ്പിച്ചവരുടെ പ്രോല്‍സാഹനം ഇതിലേക്കാണു നയിച്ചിരിക്കുന്നത്. ബ്രിട്ടാസിനെ ആദ്യം വിലയിരുത്തിയവര്‍ക്കു പുനഃപരിശോധന നടത്തണമെങ്കില്‍ ആവാം. അതൊക്കെ നമുക്കു പിന്നെ കാണാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിംഗപ്പൂരില്‍ പണം വെട്ടിപ്പു നടത്തി മദ്രാസിലും കേരളത്തിലുമായി ഒളിച്ചോടി കഴിയുന്ന ആളാണു ഫാരിസ്. കേസുകള്‍ക്കു വിധേയനായി എന്ന നിലയില്‍ അവിടത്തെ ജനങ്ങളാല്‍ വെറുക്കപ്പെട്ടവനാണെന്നു ഞാന്‍ മനസ്സിലാക്കിയിട്ടാണ് അതു പറഞ്ഞത്.


പണമുണ്ടാക്കാന്‍ ഏതു ഹീന കൃത്യവും ചെയ്യുന്ന ഒരുത്തനെ ഉയര്‍ത്തിക്കാട്ടുകയാണ് ഇപ്പോള്‍ മര്‍ഡോക്കിനൊപ്പം പോയ മാന്യന്‍ ചെയ്തത്. ഫാരിസിന്റെ സ്ഥാനമാനവും ഉയര്‍ച്ചയുമാണു ബ്രിട്ടാസ് വരച്ചുകാണിച്ചത്. മര്‍ഡോക്കിനോടൊപ്പം പോകുന്നതാണോ ശരി, അതോ മര്‍ഡോക്കിനെ വിമര്‍ശിച്ചവര്‍ക്കൊപ്പം നില്‍ക്കുന്നതാണോ ശരിയെന്നു വേണ്ടപ്പെട്ടവര്‍ ചിന്തിച്ചു പറയട്ടെ. ഇതിന്റെ മറ്റു കാര്യങ്ങള്‍ പിന്നെ പരിശോധിക്കാമെന്നു വിഎസ് പറഞ്ഞു. മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ബ്രിട്ടാസ് പാര്‍ട്ടി ചാനല്‍ വിട്ടത് എന്നു ചോദിച്ചപ്പോള്‍, അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ പ്രതികരണത്തിലൂടെ സംഭവത്തെക്കുറിച്ച് പൊതുവേദിയില്‍ വിശദീകരിക്കാന്‍ പിണറായി നിര്‍ബന്ധിതനായിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇരുവരും ധാരണയിലെത്തിയ പ്രഖ്യാപിച്ച വെടിനിര്‍ത്തലിനും ഇതോടെ അവസാനമായി.


പാര്‍ട്ടി ഭരണഘടനയനുസരിച്ച് സെക്രട്ടറി സ്ഥാനത്തുള്ള അവസാന ടേം പിണറായി വിജയന്‍ പൂര്‍ത്തിയാക്കുകയാണ്. ഇനി പിണറായിക്ക് അവസരമില്ലെന്ന തിരിച്ചറിവിലാണ് അദ്ദേഹത്തിന്റെ വലം കൈയ്യായ ബ്രിട്ടാസ് മുന്‍കൂട്ടി ചാനല്‍ വിട്ടതെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. മര്‍ഡോക്ക് ഉള്‍പ്പെടെയുള്ളവരെ എതിര്‍ക്കുന്ന പാര്‍ട്ടി ബ്രിട്ടാസിന് നല്‍കിയ പ്രോല്‍സാഹനം ഇതിനുവേണ്ടിയായിരുന്നോയെന്നു വ്യക്തമാക്കണം. ബ്രിട്ടാസിന്റെ യാത്രയയപ്പില്‍ പങ്കെടുത്ത പാര്‍ട്ടി സെക്രട്ടറി അദ്ദേഹത്തിന് സമ്മാനമായി 12 ലക്ഷം രൂപ വിലവരുന്ന ആഡംബര കാര്‍ നല്‍കിയതിനെതിരേയും പാര്‍ട്ടിയില്‍ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്.


ഇക്കാര്യം അധാര്‍മികമാണെന്നു പറഞ്ഞ വി.എസ് താന്‍ കാര്യമറിഞ്ഞിട്ടുണ്ട്, നോക്കട്ടെ എന്നാണ് പ്രതികരിച്ചത്. അതേസമയം സ്വരം കൂടുതല്‍ നന്നാക്കാനായാണ് ബ്രിട്ടാസ് തല്‍ക്കാലം പാര്‍ട്ടി ചാനല്‍ വിടുന്നത് എന്നാണ് യാത്രയയപ്പ് സമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞത്. കൈരളി ജീവനക്കാരുടെ യോഗത്തിലും സിപിഎം ബ്രാഞ്ച് യോഗത്തിലും ഇതു സംബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ കേരളത്തിലെ മുഴുവന്‍ സിപിഎം അംഗങ്ങളിലും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. പാവപ്പെട്ട തൊഴിലാളികളില്‍ നിന്നും പിരിച്ചെടുത്ത ഓഹരി മൂലധനം ഉപയോഗിച്ച് മര്‍ഡോക്കിന്റെ വലംകൈയ്യായി പോയ ആള്‍ക്ക് സമ്മാനം നല്‍കിയത് പാര്‍ട്ടിക്ക് അപമാനമായാണ് വിലയിരുത്തല്‍.

2 അഭിപ്രായങ്ങൾ:

  1. നിലവില്‍ ബ്രിട്ടാസ് മലയാളത്തിലെ ഏറ്റവും മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ തന്നെ സംശയമൊന്നും ഇല്ല. എങ്കിലും ഈ കൂടുമാറ്റവും യാത്രയയപ്പും സമ്മാനവും ഒന്നും സാധാരണ ഇടത് സഹയാത്രികര്‍ക്ക് അത്ര ദഹിക്കുന്ന വിധമായില്ല. അതില്‍ പ്രധാനം മികച്ച പ്രൊഫഷണലുകള്‍ക്ക് സമ്മാനം കൊടുക്കുന്ന പതിവ് കോര്‍പറേറ്റ് രംഗത്ത് പതിവാണ് എന്ന പിണറായിയുടെ വിശദീകരണം തന്നെ. കോര്‍പറേറ്റ് രംഗത്ത് മികച്ച പ്രൊഫഷണലുകള്‍ക്ക് സമ്മാനം കൊടുക്കുന്നത് അവര്‍ പ്രസ്തുത സ്ഥാപനത്തില്‍ തുടരുകയും സ്ഥാപനത്തിന് മികച്ച വിജയങ്ങള്‍ / വരുമാന ലക്ഷ്യം നേടുകയും ചെയ്യുമ്പോള്‍ കൂടുതല്‍ പ്രോല്‍സാഹനം എന്ന നിലയില്‍ ആണ് അല്ലാതെ രാജിവെച്ച് തങ്ങളുടെ ഏറ്റവും വലിയ കോമ്പറ്റീറ്ററുടെ അടുത്ത് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അല്ല. മാത്രമല്ല പല കോര്‍പറേറ്റ് സ്ഥാപനങ്ങളും തങ്ങളുടെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ കമ്പനി വിട്ട് പൊയാലും ഒരു നിശ്ചിത കാലയളവില്‍ കോമ്പറ്റീറ്ററുടെ അടുത്ത് ജോലിയില്‍ പ്രവേശിക്കുകയില്ല എന്നു മുങ്കൂട്ടി കരാര്‍ പ്രകാരം ഉറപ്പ് വരുത്തുകയും ചെയാറുണ്ട്. ഒരു സംസ്ഥാനത്തിന്റെ മുന്‍ മന്ത്രിയും രാജ്യത്തെ പ്രധാനപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമായ അദ്ദേഹത്തിനു ഇതൊക്കെ അറിയാത്തതാണൊ?

    മറുപടിഇല്ലാതാക്കൂ