2012, ജനുവരി 30, തിങ്കളാഴ്ച
കോര്‍പറേഷന്‍ബാങ്കിന്റെ ശാഖ തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
2012, ജനുവരി 27, വെള്ളിയാഴ്‌ച
വിവാഹിതരായി
2012, ജനുവരി 26, വ്യാഴാഴ്‌ച
ചട്ടക്കാരി': ജൂലിയായി 'കുട്ടി ഫ്രോക്ക്' അണിയുന്നത് ഷംന കാസിം
മുട്ടിനൊപ്പം ഇറക്കമില്ലാത്ത ഫ്രോക്ക് അണിഞ്ഞ് ആബാലവൃദ്ധം പ്രേക്ഷകരുടെ മനസില്‍ തിരയിളക്കം സൃഷ്ടിച്ച ലക്ഷ്മി അനശ്വരമാക്കി മാറ്റിയ ജൂലി എന്ന കഥാപാത്രത്തെ യുവനായിക പൂര്‍ണ (ഷംന കാസിം) പുനരവതരിപ്പിക്കും. പൂര്‍ണ ഡേറ്റ് നല്‍കിക്കഴിഞ്ഞു എന്നാണ് സിനിമാ ലോകത്തെ പുതിയ വാര്‍ത്ത.
രേവതി കലാമന്ദിറിന്‍റെ ബാനറില്‍ ജി സുരേഷ്കുമാറാണ് ‘ചട്ടക്കാരി’ റീമേക്ക് ചെയ്യുന്നത്. 1974ല്‍ കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത 'ചട്ടക്കാരി'യുടെ റീമേക്ക് സംവിധാനം ചെയ്യുന്നത് അദ്ദേഹത്തിന്റെ മകന്‍ സന്തോഷ് സേതുമാധവനാണ്. മൈഥിലി ചിത്രത്തില്‍ നായികയാവുമെന്നായിരുന്നു ആദ്യവാര്‍ത്തകള്‍. പിന്നീട് നിത്യ മേനോന്റെ പേരും നായിക സ്ഥാനത്തേയ്ക്ക് പറഞ്ഞ് കേട്ടു. ഇവര്‍ രണ്ടുപേരുമല്ല നായികയാകാന്‍ പോകുന്നത് ഷംന കാസിമാണ് 'ചട്ടക്കാരി'യുടെ വേഷം അണിയുന്നതെന്നതാണ് പുതിയ വാര്‍ത്ത.
ജൂലി എന്ന ആംഗ്ലോ ഇന്ത്യന്‍ യുവതിയുടെ കഥയാണ് 'ചട്ടക്കാരി'യുടേത്. യഥാര്‍ത്ഥ ജീവിതത്തിലും കാമുകീ കാമുകന്മാരായിരുന്ന മോഹനും ലക്ഷ്മിയും ചേര്‍ന്നാണ് നായികാ നായക കഥാപാത്രങ്ങളെ അന്ന് അവതരിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ സിനിമയിലെ ചൂടന്‍ രംഗങ്ങള്‍ പ്രേക്ഷക മനസ്സുകളില്‍ പ്രായഭേദമന്യേ ഉള്‍പ്പുളകം സൃഷ്ടിക്കുന്നതായിരുന്നു.
പമ്മന്‍റെ ചട്ടക്കാരി എന്ന നോവലിനെ അടിസ്ഥാനമാക്കി മഞ്ഞിലാസ് ഒരുക്കിയ ഈ സിനിമ ഒരു കാലഘട്ടത്തിന്റെ ആവേശമായിരുന്നു. ചട്ടക്കാരിയിലൂടെ ലക്ഷ്മി ഒരു തലമുറയുടെ മുഴുവന്‍ സ്വപ്നങ്ങളിലെ നായികയായിരുന്നു. അന്യഭാഷകളിലേയ്ക്ക് ചട്ടക്കാരി ഭാഷകളില്‍ റീമേക്ക് ചെയ്തപ്പോഴും ജൂലിയായി സംവിധായകര്‍ തേടിയെത്തിയിരുന്നത് ലക്ഷ്മിയെയായിരുന്നു. സോമന്‍, അടൂര്‍ ഭാസി, സുകുമാരി തുടങ്ങിയവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്‍. അടൂര്‍ ഭാസി അവതരിപ്പിച്ച കഥാപാത്രത്തിന് റീമേക്കില്‍ ജഗതി ശ്രീകുമാര്‍ ജീവന്‍ പകരും.
രതിനിര്‍വേദം റീമേയ്ക്കില്‍ ജയഭാരതി അവതരിപ്പിച്ച രതിച്ചേച്ചിയുടെ കഥാപാത്രത്തെ ഏറ്റെടുക്കാന്‍ നടി ശ്വേത മേനോന്‍ കാണിച്ച ധൈര്യം ചട്ടക്കാരിയുടെ കാര്യത്തില്‍ ഒരു നടിയും കാണിക്കുന്നില്ലെന്നും അതുകൊണ്ട് സിനിമ പ്രതിസന്ധിയിലാണെന്നും ശക്തമായ പ്രചരണം നടന്നിരുന്നു. ഇതിനിടെ ചട്ടക്കാരിയില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതില്‍ പകപോക്കാന്‍ ചില നിര്‍മ്മാതാക്കള്‍ തനിയ്‌ക്കെതിരെ നിസാര കാരണങ്ങള്‍ പറഞ്ഞ് വിലക്കേര്‍പ്പെടുത്തിയെന്ന് നിത്യ മേനോന്‍ ആരോപിച്ചതും സിനിമയുടെ റീമേയ്ക്കിനെ സംബന്ധിച്ച് ആശങ്കയുയര്‍ത്തിയിരുന്നു.
ലക്ഷ്മി ഉജ്ജ്വലമായി അവതരിപ്പിച്ച ജൂലിയെ അതിലും ഭംഗിയാക്കാനുള്ള വെല്ലുവിളി ഷംന കാസിം ഏറ്റെടുത്തിരിക്കുകയാണ്. ഷംനയെ കുഞ്ഞു ഫ്രോക്കണിഞ്ഞ് കാണാനുള്ള ആവേശത്തില്‍ പ്രേക്ഷകരും.
എന്നിട്ടും, ഡിസംബര്‍, പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലിഭായ്, ഫ്ലാഷ്, കോളജ് കുമാരന്‍ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച പൂര്‍ണ തമിഴിലാണ് കൂടുതല്‍ തിളങ്ങിയത്. പൂര്‍ണ അഭിനയിച്ച കന്ദക്കോട്ടൈ, വെല്ലൂര്‍ മാവട്ടം, വിത്തഗന്‍, ആടുപുലി, കൊടൈക്കനാല്‍ തുടങ്ങിയ തമിഴ് സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടതാണ്.
വൃക്കകള്‍ പ്രവര്‍ത്തനരഹിതമായ യുവാവ് ചികിത്സാസഹായം തേടുന്നു
തഴുവംകുന്ന്: രണ്ട് വൃക്കയും പ്രവര്‍ത്തനരഹിതമായ യുവാവ് ചികിത്സാസഹായം തേടുന്നു. മൂവാറ്റുപുഴ കല്ലൂര്‍ക്കാട് തഴുവംകുന്ന് ആല്‍പ്പാറനിവാസി കാനത്തില്‍ ഫ്രാന്‍സിസ് വര്‍ഗീസാണ് (28) സഹായം തേടുന്നത്. ഡിഗ്രി വരെ പഠിച്ചതിനുശേഷം കല്ലൂര്‍ക്കാട്ട് സ്വകാര്യ കടയില്‍ സെയില്‍സ്മാനായി ജോലി നോക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് രോഗം പിടിപെട്ടത്. വിദഗ്ദ്ധ പരിശോധനയില്‍ വൃക്കമാറ്റിവയ്ക്കല്‍ മാത്രമാണ് പോംവഴിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൂലിപ്പണിക്കാരായ മാതാപിതാക്കളും ടാപ്പിങ് തൊഴിലാളികളായ നാല് സഹോദരന്മാരും അടങ്ങുന്നതാണ് അവിവാഹിതനായ ഫ്രാന്‍സിസിന്റെ കുടുംബം.
ഫിബ്രവരി 7ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുകയാണ്. ജ്യേഷ്ഠന്റെ വൃക്കയാണ് ഫ്രാന്‍സിസിന് നല്‍കുന്നത്. എന്നാല്‍, ചികിത്സച്ചെലവ് എവിടെനിന്ന് കണ്ടെത്തും എന്ന ചിന്തയിലാണ് കുടുംബം. പത്തുലക്ഷം രൂപയാണ് ചികിത്സച്ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി തഴുവംകുന്ന് പള്ളി വികാരി ഫാ.ജോസ് മത്തായിയുടെയും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഫ്രാന്‍സിസ് തെക്കേക്കരയുടെയും നേതൃത്വത്തില്‍ ട്രസ്റ്റ് രൂപവത്കരിച്ചിട്ടുണ്ട്. കലൂര്‍ സൗത്ത് ഇന്ത്യന്‍ബാങ്കില്‍ 0585053000003081 എന്ന അക്കൗണ്ട് നമ്പരില്‍ ചികിത്സാസഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. ഫോണ്‍: 9447292536.
2012, ജനുവരി 25, ബുധനാഴ്‌ച
മൂവാറ്റുപുഴ നിര്‍മ്മല കോളേജ് അദ്ധ്യാപകന്‍ കലയന്താനി മനയാനിക്കല്‍ ജോജോ എന്നു വിളിക്കുന്ന എം.എം. മാത്യു നിര്യാതനായി
2012, ജനുവരി 21, ശനിയാഴ്‌ച
കര്‍ണാടകയില്‍ കൊല്ലപ്പെട്ട തൊടുപുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും
കര്‍ണാടകയില്‍ കൊല്ലപ്പെട്ട തൊടുപുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും
തൊടുപുഴ: കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ സാഗറിനടുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ തൊടുപുഴ സ്വദേശി കാപ്പില്‍ ജോസ് പി. കാപ്പന്റെ(75) മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും.
ഒന്നര മാസം മുന്‍പ് കാണാതായ ജോസ് കാപ്പനെ സാഗറില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ കരോട് എന്ന സ്ഥലത്താണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്, കാപ്പന്റെ തോട്ടത്തിലെ തൊഴിലാളിയായിരുന്ന അട്ടപ്പാടി സ്വദേശി ഷിജുവിനെ(25) സാഗര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ രണ്ടിനാണ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊന്നശേഷം കുഴിയില്‍ തള്ളിയതെന്ന് ഷിജു പോലീസിനോട് പറഞ്ഞു.
ജോസ് കാപ്പന് കരോടില്‍ കൃഷിയുണ്ട്. രണ്ടു മാസം മുന്‍പ് നാട്ടില്‍ എത്തിയ കാപ്പന്‍ നവംബര്‍ 29നാണ് മടങ്ങിയത്. ഇതിനു ശേഷം യാതൊരു വിവരവും ഇല്ലായിരുന്നു. മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. അദ്ദേഹം മുന്‍പ് ഉപയോഗിച്ചിരുന്ന മറ്റൊരു നമ്പരിലേക്ക് വിളിച്ചപ്പോള്‍ കാപ്പന്റെ ബിസിനസ് പാര്‍ട്ണര്‍ എന്നു പരിചയപ്പെടുത്തിയ ആളിന്റെ സംസാരമാണ് ബന്ധുക്കള്‍ക്ക് സംശയമുണ്ടാക്കാന്‍ കാരണം.
തുടര്‍ന്ന് സാഗറില്‍ കാപ്പന്റെ സമീപവാസികളോട് അന്വേഷിച്ചപ്പോള്‍ നവംബര്‍ രണ്ടിനു ശേഷം അദ്ദേഹത്തെ കണ്ടിട്ടില്ലെന്ന് അറിഞ്ഞു. അതിനിടെ സഹോദരന്റെ മകനെന്ന് പരിചയപ്പെടുത്തിയ യുവാവ് കാപ്പന്‍ മരിച്ചതായി സാഗറിലുള്ളവരെ അറിയിച്ചു. ഇയാള്‍ കാപ്പന്റെ വീട്ടുസാധനങ്ങള്‍ വിറ്റതായും കണ്ണൂര്‍ സ്വദേശിക്ക് പറമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതായും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കാപ്പന്‍ കൊല്ലപ്പെട്ടതായി കണ്ണൂര്‍ സ്വദേശിയും സൂചന നല്‍കി.
ഇതോടെ ബന്ധുക്കള്‍ തൊടുപുഴ പോലീസില്‍ പരാതി നല്‍കിയശേഷം സാഗറില്‍ എത്തി. തുടര്‍ന്ന് പ്രസ്തുത ഫോണ്‍ ഉപയോഗിച്ചിരുന്ന ഷിജുവിനെ കണ്ടെത്തി. സാഗര്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഭാര്യ മോളി പൂഞ്ഞാര്‍ തോട്ടക്കര കുടുംബാംഗമാണ്. മക്കള്‍: മിനി(യു.കെ.), അജിത്, സജിത്, സിബി(യു.എസ്.എ.), റജിത്(എറണാകുളം), ബിന്ദു(കനഡ), രഞ്ജി, ഡോ. മഞ്ജു(യു.കെ.), നൈന(ബഹ്‌റൈന്‍), ഡോ. നീനു(യു.എസ്.എ.). മരുമക്കള്‍: നോയല്‍(യു.കെ.), സുജ, സ്വപ്ന, ജൂബി(യു.എസ്.എ.), ശോഭ, ബിജോ(കനഡ), ശീതള്‍, സഞ്ജു(യു.കെ.), ബിനോയ്(ബഹ്‌റൈന്‍), ജോര്‍ജ്(യു.എസ്.എ.). ശവസംസ്‌കാരം ഞായറാഴ്ച 5.30ന് മുതലക്കോടം ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും.
ജോസ് സി. കാപ്പന്‍ (75) നിര്യാതനായി
തൊടുപുഴ : ജോസ് സി. കാപ്പന്‍ (75) നിര്യാതനായി. സംസ്‌കാരം ഞായറാഴ്‌ച വൈകുന്നേരം 5.30ന് മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍. ഭാര്യ മോളി പൂഞ്ഞാര്‍ തോട്ടക്കര കുടുംബാംഗം. മക്കള്‍ : മിനി (യു.കെ.) അജിത്, സജിത്, സിബി (യു.എസ്.എ.), റജിത് (എറണാകുളം), ബിന്ദു (കാനഡ), രഞ്‌ജി, ഡോ. മഞ്ജു (യു.കെ.), നൈന (ബഹറിന്‍), ഡോ. നീനു (യു.എസ്.എ.). മരുമക്കള്‍ : നോയല്‍ (യു.കെ.), സുജ, സ്വപ്ന, ജൂബി (യു.എസ്.എ.), ശോഭ, ബിജോ (കാനഡ), ശീതള്‍, സഞ്ജു (യു.കെ.), ബിനോയ് (ബഹറിന്‍), ജോര്‍ജ്ജ് (യു.എസ്.എ.)
2012, ജനുവരി 19, വ്യാഴാഴ്‌ച
മന്ത്രി പി. ജെ ജോസഫിന്റെ മകനും രാഷ്‌ട്രീയത്തിലേക്ക്
തൊടുപുഴ : കേരള കോണ്‍ഗ്രസ് പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് മന്ത്രി പി. ജെ ജോസഫിന്റെ മകന്‍ അബു ജോസഫ് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് സൂചന. ഇതര കേരള കോണ്‍ഗ്രസ് നേതാക്കളായ കെ.എം മാണി, ആര്‍. ബാലകൃഷ്‌ണപിള്ള, ടി.എം ജേക്കബ്, പി.സി ജോര്‍ജ്ജ് എന്നിവര്‍ മക്കളെ രാഷ്‌ട്രീയഗോദായില്‍ ഇറക്കുവാന്‍ ഉപയോഗിച്ച യൂത്ത് ഫ്രണ്ട് തന്നെയാണ് പി.ജെ ജോസഫും തെരഞ്ഞെടുക്കുന്നതെന്നാണ് സൂചന. സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ അബു ജോസഫ് ഒരു വര്‍ഷത്തിലേറെയായി നാട്ടിലുണ്ട്. ഗാന്ധിജി സ്റ്റഡി സെന്ററിന്റെ കുളമാവിലുള്ള ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അബുവിനെ ഡയറക്‌ടറായി നിയമിക്കുമെന്നാണ് അറിയുന്നത്. ഇതിനു പുറമേ യൂത്ത് ഫ്രണ്ട് എം.ന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയമിക്കുവാനാണ് നിക്കമെന്നറിയുന്നു. എന്നാല്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ ഇത് നിഷേധിക്കുകയാണ്. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോബ് മൈക്കിളും ഇത് നിഷേധിച്ചു.
ഇതേ സമയം പിന്‍ഗാമിയായി മകനെ കൊണ്ടുവരുവാനുള്ള നീക്കം ഭാവിയില്‍ തൊടുപുഴ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരാവുന്ന തര്‍ക്കം ഒഴിവാക്കാനാണെന്നും സൂചനയുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ മുന്‍ എം.പി കെ. ഫ്രാന്‍സിസ് ജോര്‍ജ്ജാണ് തൊടുപുഴ നോട്ടമിട്ടിരിക്കുന്നത്. ഇതു കൂടാതെ മറ്റു പല നേതാക്കളും തൊടുപുഴയെ നോട്ടമിട്ടിട്ടുണ്ട്. എന്നാല്‍ പി.ജെ ജോസഫ് അല്ലാതെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുവാന്‍ കോണ്‍ഗ്രസ് വൈമുഖ്യം കാണിക്കുമോ എന്ന സംശയവും മകനെ രാഷ്‌ട്രീയത്തിലേക്കു കൊണ്ടു വരുന്നതിന് കാരണമായിട്ടുണ്ട്. എന്തായാലും ഏറ്റവും അടുത്ത ദിവസം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
അവാര്‍ഡ് തൊടുപുഴ ഉല്ലാസ് ബ്യൂട്ടികോളേജിന് ലഭിച്ചു.
സംസ്ഥാനത്തെ മികച്ച വനിതാ തൊഴില്‍ പരിശീലന സ്ഥാപനത്തിനുള്ള അവാര്‍ഡ് തൊടുപുഴ ഉല്ലാസ് ബ്യൂട്ടികോളേജിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നിയമസഭാ സ്‌പീക്കര്‍ ജി. കാര്‍ത്തികേയനില്‍നിന്നും ഉല്ലാസ് ബ്യൂട്ടി കോളേജ് ചെയര്‍പേഴ്‌സണ്‍ ജയമ്മ മാത്യു അവാര്‍ഡ് സ്വീകരിച്ചു. പതിനായിരത്തൊന്നു രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഡോ. എം.ആര്‍ തമ്പാന്‍, ലതിക സുഭാഷ്, മുന്‍മന്ത്രി എം.എം. ഹസന്‍തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഫുട്‌ബോള്‍ മത്സരത്തിനിടെ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു.
ഫുട്‌ബോള്‍ മത്സരത്തിനിടെ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. പൈനാവ് പോളിടെക്‌നിക്കിലെ അവസാന വര്‍ഷടെലികമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥി 20 വയസുള്ള നിതിന്‍ മോഹനനാണ് മരണമടഞ്ഞത്. കളമശ്ശേരിയില്‍ നടക്കുന്ന ഇന്റര്‍കോളേജിയറ്റ് ഫുട്‌ബോള്‍ മത്സരത്തിനിടെ വ്യാഴാഴ്‌ച ഉച്ചയോടെയാണ് നിതിന്‍ കുഴഞ്ഞുവീണു മരിച്ചത്. കാളിയാര്‍ മുള്ളന്‍കുത്തി പനന്താനത്ത് മോഹനന്റെ മകനാണ്. നിര്‍മ്മലയാണ് മാതാവ്. ഡല്‍ഹിയില്‍ നഴ്‌സായ നീതു സഹോദരിയാണ്
2012, ജനുവരി 18, ബുധനാഴ്‌ച
ഇരുകാല്‍പ്പത്തികളും മുറിച്ച്‌മാറ്റിയ 43 കാരന്‍ സുമനസ്സുകളുടെ കാരുണ്യം തേടുന്നു.
മദ്യലഹരിയിലായ ഡ്രൈവര്‍ ഓടിച്ച ആംബുലന്‍സ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരണമടഞ്ഞു
തൊടുപുഴ : നിയന്ത്രണം വിട്ട ആംബുലന്‍സ് ഇടിച്ച് ബൈക്ക് യാത്രാക്കാരനായ യുവാവ് ദാരുണമായി മരണമടഞ്ഞു. കുടയത്തൂരില്‍ ചൊവ്വാഴ്‌ച രാത്രി 9 മണിയോടെ ഉണ്ടായ അപകടത്തില്‍ ശരംകുത്തി തയ്യില്‍ രാജപ്പന്‍പിള്ള-ഗിരിജ ദമ്പതികളുടെ മകന്‍ ഹരികൃഷ്‌ണനാണ് (25) മരിച്ചത്. വീട്ടില്‍ നിന്ന് മുട്ടത്തേക്ക് പോയ ഹരികൃഷ്‌ണന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ തങ്കമണി സഹകരണ ആശുപത്രിയുടെ ആംബുലന്‍സാണ് ഇടിച്ചത്. സമീപത്തുള്ള വൈദ്യുതി പോസ്റ്റും ഇടിച്ച് തകര്‍ത്തു. ഹരികൃഷ്‌ണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗീതാലക്ഷ്‌മി, രാജലക്ഷ്‌മി എന്നിവര്‍ സഹോദരങ്ങളാണ്.
ഹരികൃഷ്‌ണന്റെ ദാരുണമരണം ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് തകര്‍ത്തത്. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മാര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ മാതാപിതാക്കളും സഹോദരിമാരും വാവിട്ട് നിലവിളിച്ചു. ഇവരെ സമാധാനിപ്പിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. വൈകുന്നേരം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സംസ്‌കാരം നടത്തി.
മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒരു രക്തസാക്ഷികൂടി
തൊടുപുഴ : മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒരു രക്തസാക്ഷികൂടി. ചൊവ്വാഴ്‌ച രാത്രിയില്‍ കുടയത്തൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചുണ്ടായ അപകടം ആംബുലന്‍സ് ഡ്രൈവര്‍ മദ്യപിച്ചതുമൂലം വരുത്തിവച്ച ദുരന്തമായിരുന്നു. തങ്കമണി സഹകരണ ആശുപത്രിയുടെ ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്. അപകടം ഉണ്ടായ ഉടന്‍ ഓടിക്കൂടിയ നാട്ടുകാരോട് സംഭവിച്ച് പോയി ക്ഷമിക്കണം എന്ന അഭ്യര്‍ത്ഥനയുമായാണ് ആംബുലന്‍സ് ഡ്രൈവര്‍ വേച്ച് വേച്ച് നാട്ടുകാരെ സമീപിച്ചത്. ഇടുക്കി ജില്ല ആശുപത്രിയില്‍ നിന്നും ഒരു രോഗിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ച ശേഷം മടങ്ങുമ്പോഴാണ് അപകടം. വാഹനത്തില്‍ നിന്നും മദ്യകുപ്പിയും സോഡയും മദ്യം വാങ്ങിയതിന്റെ ബില്ലും കണ്ടെത്തി. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് മദ്യപിച്ച് ആംബുലന്‍സ് ഓടിച്ച് ഡ്രൈവര്‍ തല്ലികെടുത്തിയത്. പരിക്കേറ്റ ഹരികൃഷ്‌ണനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നാട്ടുകാര്‍ പോയ സമയം ആംബുലന്‍സ് ഡ്രൈവര്‍ മുങ്ങുകയായിരുന്നു. മദ്യകുപ്പിയും ബില്ലും കണ്ടെത്തുകയും നാട്ടുകാര്‍ സാക്ഷികളായി ഉണ്ടെങ്കിലും മനപൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുക്കുവാനാണല്ലോ നമ്മുടെ നിയമം അനുശാസിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ തങ്കമണി കൊച്ചുമഠത്തില്‍ ഗോപാലന്റെ മകന്‍ സജിമോന്റെ (38) പേരില്‍ കാഞ്ഞാര്‍ പോലീസ് കേസെടുത്തു.
ചോരവീണ മണ്ണില്‍ സ്‌നേഹവീട്
ചോരവീണ മണ്ണില്‍ സ്‌നേഹവീട്
Posted on: 17 Jan 2012
ഷിഹാബുദ്ദീന്‍ കാളികാവ്
കാളികാവ് : 'ശത്രുക്കളുടെ മക്കളെ'ന്ന് പുറംലോകം മുദ്രകുത്തിയവര്‍ ഒത്തുചേര്‍ന്നപ്പോള്‍ ഒരിക്കല്‍ക്കൂടി സ്‌നേഹം വിജയിച്ചു. ചോക്കാടില്‍ എസ്.ഐ പി.പി. വിജയകൃഷ്ണനെ വെടിവെച്ച് കൊന്നശേഷം സ്വയം ജീവന്‍ ഒടുക്കിയ അറങ്ങോടന്‍ മുജീബ് റഹ്മാന്റെ അനാഥരായ മക്കള്‍ക്ക് കൂട്ടുകാര്‍ നിര്‍മിച്ചുകൊടുത്ത സ്‌നേഹവീടിന്റെ താക്കോല്‍ദാനച്ചടങ്ങിലേക്കാണ് തിങ്കളാഴ്ച വിജയകൃഷ്ണന്റെ മകന്‍ വിഷ്ണുവെത്തിയത്. പകയും വിദ്വേഷവും ആളിക്കത്തുന്ന ലോകത്തിന് സ്‌നേഹത്തിന്റെ വിലയാണ് ഈ അപൂര്‍വസമാഗമം കാണിച്ചുകൊടുത്തത്.
2010 സപ്തംബര്‍ 12ന് നടന്ന എസ്.ഐയുടെ കൊലപാതകത്തിനും തുടര്‍ന്ന് തങ്ങളുടെ മാതാപിതാക്കളുടെ മരണത്തിനുംശേഷം ഒറ്റപ്പെട്ടുപോയ മുഹ്‌സിനയും ദില്‍ഷാദും കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററിന് കീഴിലെ അനാഥാലയത്തിലായിരുന്നു പിന്നീട് താമസം.
കൂടും കുടുംബവുമില്ലാത്ത അനാഥ മക്കള്‍ക്ക് ദാറുന്നജാത്ത് ഓര്‍ഫനേജ് യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ചുകൊടുത്ത വീടിന്റെ താക്കോല്‍ദാനച്ചടങ്ങിലേക്ക് വെടിയേറ്റ് മരിച്ച വിജയകൃഷ്ണന്റെ മകന്‍ വിഷ്ണുവെത്തിയത് കണ്ടുനിന്ന വരെ അത്ഭുതപ്പെടുത്തി. പത്ത് വയസ്സുകാരന്‍ ദില്‍ഷാദിനെയും ആറ് വയസ്സുകാരി മുഹ്‌സിനയെയും വാരിപ്പുണര്‍ന്ന് സ്‌നേഹം പങ്കുവെച്ചപ്പോള്‍ കൂടിനിന്നവരുടെ മിഴികള്‍ നനഞ്ഞു. ബിരുദധാരിയായ വിഷ്ണു അച്ഛന് പകരക്കാരനായി പോലീസില്‍ പ്രവേശിക്കാനിരിക്കുകയാണ്.
അനാഥാലയത്തില്‍ അവധിവരുമ്പോള്‍ വലിയമ്മയെയുംകൊണ്ട് പുതിയ വീട്ടില്‍പോയി താമസിക്കാനായിരുന്നു ദില്‍ഷാദിന്റെയും മുഹ്‌സിനയുടെയും പദ്ധതി. സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയില്‍നിന്ന് ഇരുവരും താക്കോല്‍ ഏറ്റുവാങ്ങി വീടിനുള്ളിലേക്ക് പ്രവേശിക്കുമ്പോഴാണ് ജ്യേഷ്ഠസഹോദരനെപ്പോലെ വിഷ്ണു എത്തുന്നത്. ഒന്നരവര്‍ഷംമുമ്പുണ്ടായ ദുരന്തത്തില്‍ വിഷ്ണുവിന് അച്ഛന്‍ നഷ്ടപ്പെടുമ്പോള്‍ മുഹ്‌സിനയ്ക്കും ദില്‍ഷാദിനും ഉമ്മയും ബാപ്പയും നഷ്ടപ്പെട്ടു.
കാളികാവ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായിരുന്ന വിജയകൃഷ്ണന്‍ സൗമ്യശീലനും ഏവരുടെയും പ്രിയങ്കരനുമായിരുന്നു. ഇദ്ദേഹവും സംഘവും ആറങ്ങോടന്‍ മുജീബ്‌റഹ്മാനെതിരായ അറസ്റ്റുവാറന്റ് നടപ്പാക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകത്തില്‍ കലാശിച്ച സംഭവങ്ങളുണ്ടായത്. ചെലവിന് കൊടുക്കാത്തതിനെതിരെ മുജീബ് റഹ്മാന്റെ ഭാര്യമാരിലൊരാളാണ് പരാതി നല്‍കിയിരുന്നത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എല്ലാവരെയും അകറ്റിയശേഷം ഭാര്യ ഖമറുന്നീസയും മക്കളുമായി ചോക്കാടന്‍ മലവാരം കയറി വനത്തില്‍ അഭയംതേടി. പിറ്റേന്ന് രാവിലെ മലവാരത്തിന് താഴത്തേക്ക് മക്കളെ പറഞ്ഞുവിട്ടശേഷം മുജീബ്‌റഹ്മാന്‍ എസ്.ഐയെ വെടിവെച്ച തോക്കുകൊണ്ട് ഭാര്യയെ വെടിവെച്ചുകൊന്നശേഷം സ്വയം വെടിവെച്ച് മരിച്ചു.
അനാഥരായ മുജീബ്‌റഹ്മാന്റെ മക്കള്‍ക്കായി നാണയത്തുട്ടുകള്‍ ശേഖരിച്ചും വീടുകളും കവലകളും കയറിയിറങ്ങിയുമാണ് കളിക്കൂട്ടുകാര്‍ സ്‌നേഹ
ക്കുടിലൊരുക്കിയത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിച്ചതിലും അധികം ലഭിച്ചതിനാല്‍ വളരെവേഗം വീട് പൂര്‍ത്തിയാക്കി. വിദ്യാലയത്തില്‍നിന്ന് ഒരുകിലോമീറ്റര്‍ അകലെ പയ്യാക്കോടില്‍ സ്ഥലം വാങ്ങിച്ചാണ് വീട് വെച്ചിട്ടുള്ളത്.
വിധി പിതാക്കന്മാരെ നഷ്ടപ്പെടുത്തിയെങ്കിലും മക്കളെന്ത് പിഴച്ചുവെന്ന് വിഷ്ണു ചോദിക്കുന്നു. കാരുണ്യത്തിന്റെ സ്‌നേഹത്തണല്‍ വിരിയിച്ച് ഇവര്‍ക്ക് സംരക്ഷണം നല്‍കിയവര്‍ തുടര്‍ന്നും ഇവരെ സംരക്ഷിക്കണമെന്നും വിഷ്ണു പറഞ്ഞു. താക്കോല്‍ദാനത്തിന് ഒട്ടേറെ പ്രമുഖര്‍ എത്തിയിരുന്നു. വീടിന്റെ താക്കോല്‍ദാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രമാണ കൈമാറ്റം പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കറും നിര്‍വഹിച്ചു.
അഡ്വ. എം. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ഐ.ടിഛ സ്‌കൂള്‍ ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത്, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു സെബാസ്റ്റ്യന്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ.കെ. ജയിംസ്, ശാഹുല്‍ ഹമീദ്, എം. അലവി, എന്‍.കെ. അബ്ദുറഹ്മാന്‍, നൗഷാദ്, പുഞ്ച, വി. അന്‍വര്‍ തുടങ്ങിയവരും സംബന്ധിച്ചു.
2012, ജനുവരി 17, ചൊവ്വാഴ്ച
തൊടുപുഴയില്‍ ടൈറ്റന്‍ ഷോറൂം പ്രവര്‍ത്തനം തുടങ്ങി
തൊടുപുഴയില്‍ ടൈറ്റന്‍ ഷോറൂം പ്രവര്‍ത്തനം തുടങ്ങി
തൊടുപുഴ : ടൈറ്റാന്‍ ഷോറും തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മലബാര്‍ ഗോള്‍ഡിന് എതിര്‍വശം നാനൂസ് ടവറില്‍ മന്ത്രി പി. ജെ ജോസഫ് ഷോറൂമിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. കേരളത്തിലെ നാലാമത്തെ ഷോറൂമാണ് തൊടുപുഴയില്‍ ആരംഭിച്ചിരിക്കുന്നതെന്ന് ടൈറ്റന്‍ വണ്‍ നാഷണല്‍ സെയില്‍സ് മാനേജര്‍ എസ്. നടരാജന്‍ വാര്‌ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ ഷോറൂമില്‍ ടൈറ്റന്‍, ഫാസ്‌ട്രാക്ക്, സൊനാറ്റ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കു പുറമേ കുട്ടികള്‍ക്കായുള്ള സൂപ്പ് വാച്ചുകളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. ഷോറൂമിന്റെ ഭാഗമായി കമ്പനി അംഗീകൃത സര്‍വ്വീസ് സെന്ററും പ്രവര്‍ത്തനം ആരംഭിച്ചു. തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് നാല്‍പതു ശതമാനം വരെ കിഴിവും സൊനാറ്റ സൂപ്പര്‍ ഫൈബര്‍ വാച്ചുകള്‍ക്ക് 20- ശതമാനം കിഴിവും ഫെബ്രുവരി 14 വരെ ലഭ്യമാണ്. ടാറ്റാ ഗ്രൂപ്പും തമിഴ്‌നാടും ഇന്‍ഡസ്‌ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷനും ചേര്‍ന്നുള്ള സംയുക്ത സംരഭമാണ് ടൈറ്റന്‍ ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡ്. കമ്പനി പ്രതിനിധികളായ നാരായണ രത്‌നം, സോണി, ഫ്രാഞ്ചൈസികളായ നാസര്‍, കിഷോര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
2012, ജനുവരി 12, വ്യാഴാഴ്‌ച
അരയ്‌ക്കു താഴേക്ക് തളര്‍ന്നെങ്കിലും ജീവിക്കാനുള്ള പ്രതീക്ഷയുമായി ബിജു മാത്യു
തൊടുപുഴ : അരയ്‌ക്കു താഴേക്കു തളര്‍ന്ന് കിടപ്പിലായ 389 കാരനായ നിര്‍ധന യുവാവ് എഴുന്നേറ്റ് നടക്കാന്‍ ഉദാരമതികളുടെ സഹായം യാചിക്കുന്നു. മേസ്‌തിരിപ്പണിയിലൂടെ ജീവിതം കരുപ്പിടിപ്പിച്ചു വന്ന നെയ്യശ്ശേരി കാനകാട്ട് ബിജു മാത്യുവാണ് കെട്ടിടം പണിക്കിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് രണ്ടു വര്‍ഷമായി അരയ്‌ക്കു താഴേക്ക് തളര്‍ന്നു കിടപ്പിലായത്.
2010 ജനുവരിയില്‍ മുതലക്കോടത്തിനു സമീപം കെട്ടിടനിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കേ ആണ് ബിജുവിന് അപകടം പറ്റിയത്. കെട്ടടത്തിന്റെ ഒന്നാം നില വാര്‍ക്കുന്നതിനായി തട്ടടിച്ചുകൊണ്ടിരുന്ന ബിജു തട്ടുപലക തകര്‍ന്ന് താഴേക്കു വീഴുകയായിരുന്നു. തട്ടുപലകയ്‌ക്കു മുകളില്‍ നിരത്തിയിരുന്ന കട്ടിയുള്ള ഇരുമ്പു ഷീറ്റുകള്‍ ബിജുവിന്റെ മേല്‍ വന്നു പതിക്കുകയും ചെയ്‌തു.
നട്ടെല്ലു തകര്‍ന്ന ബിജുവിനെ ഉടനെ തന്നെ തൊടുപുഴയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നട്ടെല്ലിന് ഓപ്പറേഷന്‍ നടത്തുകയും ചെയ്‌തു. എന്നാല്‍ നട്ടെല്ലിനുള്ളിലെ സ്‌പൈനല്‍ കോഡിന് ചതവു പറ്റിയതിനാല്‍ അപകടദിവസം തന്നെ ബിജുവിന്റെ അരയ്‌ക്കു താഴേക്കു തളരന്‍നു. മലമൂത്ര വിസര്‍ജ്ജനം നടക്കുന്നതു പോലും അറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ബിജു.
ഓപ്പറേഷനും തുടര്‍ന്ന് ഫിസിയോ തെറാപ്പിയുമായി ആറ് മാസം സ്വകാര്യആശുപത്രിയില്‍ ചികിത്സിച്ചെങ്കിലും അരയ്‌ക്കു താഴേക്ക് ചലനശേഷി തിരിച്ചു കിട്ടിയില്ല. ഇതിനോടകം 2.25 ലക്ഷം രൂപ ചികിത്സയ്‌ക്കായി ചിലവഴിക്കുകയും ചെയ്‌തു. തുടര്‍ന്ന് ചികിത്സിക്കുവാന്‍ പണമില്ലാതെ മൂന്ന് മാസം വീട്ടില്‍ കഴിച്ചു കൂട്ടി.
ഇതിനിടയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗവിഭാഗം മുന്‍ മേധാവി ഡോ. പി. എസ് ജോണിന്റെ സ്‌പൈനല്‍ കോഡ് റീജനറേഷന്‍ ചികിത്സയെക്കുറിച്ച് അറിഞ്ഞു. നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ജയിംസ് വരാരപ്പിള്ളി ഡോ.പി.എസ് ജോണിനെ പോയി കാണുകയും തുടര്‍ന്ന് ബിജുവിന് അദ്ദേഹത്തിന്റെ ചികിത്സ ആരംഭിക്കുകയും ചെയ്‌തു.
ചികിത്സയുടെ പ്രാരംഭമായി എറണാകുളത്ത് വിശദമായ സ്കാനിംഗ് നടത്തുകയും തുടര്‍ന്ന് മൂന്ന് മാസം ഗുളിക കഴിക്കുകയും ചെയ്‌തു.
രണ്ടുമാസം ഗുളിക കഴിച്ചതോടെ അരയ്‌ക്കു താഴേക്ക് സ്‌പര്‍ശന ശക്തി തിരിച്ചുകിട്ടി. പ്രാഥമിക കൃത്യങ്ങള്‍ നടത്തേണ്ടപ്പോള്‍ അറിയാന്‍ കഴിയുകയും കാലുകള്‍ ചലിപ്പിക്കാവുന്ന അവസ്ഥയിലുമായി. ഗുളികകള്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കാലുകള്‍ക്ക് ബലം കിട്ടുന്നതിനു വേണ്ടി ഡോക്‌ടറുടെ നിര്‍ദ്ദേശാനുസരണം രണ്ടു മാസം ഫിസിയോ തെറാപ്പി ചെയ്‌തു.
ഇതിനിടയില്‍ അരയ്‌ക്കു താഴെ ഇരുവശത്തും ബെഡ്‌സോര്‍ പ്രത്യക്ഷപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടു മൂലം വീട്ടിലേക്കു മടങ്ങുകയും ഡ്രസ്സിംഗ് തുടരുകയും ചെയ്‌തു. ബെഡ്‌സോര്‍ വ്യാപിച്ചതിനെ തുടര്‍ന്ന് രണ്ടുമാസം ആശുപത്രിയില്‍ കിടന്ന് ചികിത്സിച്ചെങ്കിലും ബെഡ്‌സോര്‍ സുഖപ്പെട്ടില്ല. തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പോകുകയും പ്ലാസ്റ്റിക് സര്‍ജറി നടത്തിയാല്‍ ബെഡ്‌സോര്‍ പൂര്‍ണമായും സുഖപ്പെടുത്താമെന്ന് ഡോക്‌ടര്‍മാര്‍ ഉറപ്പു പറയുകയും ചെയ്‌തു. ഇതിനായി ഒരു ലക്ഷത്തിലധികം രൂപ വേണ്ടി വരും. തുടര്‍ന്ന് കോട്ടയത്തെ ചികിത്സയ്‌ക്ക് ഒന്നര ലക്ഷം രൂപയും വേണം. എല്ലാ ചികിത്സയും പൂര്‍ത്തീകരിക്കാന്‍ രണ്ടര ലക്ഷം രൂപ വേണ്ടി വരും.
അപകടത്തിനു ശേഷം ഇതുവരെ വിവിധ ആശുപത്രികളിലായി ചികിത്സയ്‌ക്കായി മൂന്ന് ലക്ഷത്തിലധികം രൂപ ചിലവഴിച്ചു. നെയ്യശ്ശേരി പള്ളി വികാരി വഴി ഇടവകക്കാരില്‍ നിന്നും സമാഹരിച്ച തുകയും നാട്ടുകാരില്‍ നിന്നും ലഭിച്ച സഹായവുമൊക്കെകൊണ്ടാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്.
മരുതുംപാറയില്‍ പാറക്കെട്ടുകള്‍ നിറഞ്ഞ 12 സെന്റ് സ്ഥലവും ഷീറ്റ് മേഞ്ഞ ഒരു വീടുമാണ് ബിജുവിനും കുടുംബത്തിനുമുള്ള ആകെ സമ്പത്ത്. പ്രായമായ മാതാപിതാക്കളും അവിവാഹിതയായ സഹോദരിയും ബിജുവിനുണ്ട്. ഭാര്യ ബിന്ദു ഒരു സ്വകാര്യസ്ഥാപനത്തില്‍ പോകുന്നതു കൊണ്ടു ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബചിലവുകള്‍ നടത്തുന്നത്. വീടും സ്ഥലവും വിറ്റിട്ടാണെങ്കിലും ബിജുവിനെ ചികിത്സിക്കണമെന്ന ആഗ്രഹത്തോടെ പിതാവ് പലരെയും സമീപിച്ചെങ്കിലും വഴിയില്ലാത്ത പാറക്കെട്ടു നിറഞ്ഞ സ്ഥലവും പണി തീരാത്ത വീടും വാങ്ങാന്‍ ആരും തയ്യാറായില്ല. ഇതോടെ ചികിത്സയ്‌ക്കു പണം കണ്ടെത്താനുള്ള ബിജുവിന്റെ അവസാനശ്രമവും പരാജയപ്പെട്ടു. ഇനി ഉദാരമതികളുടെ കാരുണ്യമുണ്ടെങ്കില്‍ മാത്രമേ ബിജുവിന് ചികിത്സ തുടരാനാകൂ. കാരുണ്യമനസ്‌കരായ ഉദാരമതികള്‍ തന്നെ സഹായിക്കാന്‍ മുന്നോട്ടു വരുമെന്നും ജീവിതത്തിലേക്ക് മടങ്ങി വന്ന് കുടുംബം പുലര്‍ത്താനാകുമെന്ന ശുഭ പ്രതീക്ഷയുമാണ് വേദന കടിച്ചമര്‍ത്തി കഴിയുമ്പോഴും ബിജുവിനെ ഓരോ ദിവസവും മുന്നോട്ടു നയിക്കുന്നത്.
വിലാസം: ബിജു മാത്യു, കാനകാട്ട്, നെയ്യശ്ശേരി പി.ഒ, തൊടുപുഴ. ഇടുക്കി ജില്ല. പിന്‍ - 685581
അക്കൗണ്ട് നമ്പര്‍ : 17160100011025
ഐ.എഫ്.എസ്.സി നമ്പര്‍ : എഫ്.ഡി.ആര്‍.എല്‍ 0001716
ഫെഡറല്‍ ബാങ്ക്
കരിമണ്ണൂര്‍ ശാഖ
ഫാ. തോമസ് പ്ലാത്തോട്ടം (64) നിര്യാതനായി
തൊടുപുഴ : സി.എസ്.ടി. സഭാംഗമായ ഫാ. തോമസ് പ്ലാത്തോട്ടം (64) ഫിലിപ്പൈന്‍സില്‍ നിര്യാതനായി. കരിമണ്ണൂര്‍ പ്ലാത്തോട്ടത്തില്‍ പി.ടി. മാത്യുവിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ്. സംസ്‌കാരം പിന്നീട്. സഹോദരങ്ങള്‍ : സിസ്റ്റര്‍ റോസ് പ്ലാത്തോട്ടം എസ്.സി.എന്‍. (ബീഹാര്‍), ജയിംസ് (തൊടുപുഴ), സിസ്റ്റര്‍ ആനീസ് പ്ലാത്തോട്ടം എസ്.എ.ബി.എസ്. (കെനിയ), പരേതനായ ജോസ്, മാത്യു (കരിമണ്ണൂര്‍), ദേവസ്യാച്ചന്‍ (തൊടുപുഴ), ബേബി (കാനഡ), ലിസി സെബി മണവാളന്‍ (കാനഡ), ടെസി മാര്‍ട്ടിന്‍ ചാമക്കാല (കാനഡ), സോളി മാത്യു വെട്ടുകല്ലേല്‍ (യു.എസ്.എ.), സോജന്‍ (കാനഡ).
ലിസി സെബാസ്റ്റ്യന്‍ (52) നിര്യാതയായി
തൊടുപുഴ : റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ പെരുമ്പിള്ളിച്ചിറ വൈപ്പന കെ.വി. സെബാസ്റ്റ്യന്റെ (ബേബി) ഭാര്യ ലിസി (52) നിര്യാതയായി. സംസ്‌കാരം 13 വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടിന് പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്‌സ് പള്ളിയില്‍. ഏഴല്ലൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി. സ്‌കൂള്‍ അദ്ധ്യാപികയും മക്കോളില്‍ കുടുംബാംഗവുമാണ്. മക്കള്‍ : അലീഷ, എലിസബത്ത്, അല്‍ഫീന. മരുമകന്‍ : അലക്‌സ് ജോസഫ് മാളിയേക്കല്‍, ആലക്കോട് (ടി.സി.എസ്. കാക്കനാട്).
എലന്റാ ബ്യൂട്ടിപാര്‍ലര്‍ ആന്റ് ടെയ്‌ലറിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
സിന്‍ഡിക്കേറ്റ് ബാങ്ക് മുന്‍ ചെയര്‍മാന്റെ ഭാര്യ ലീലാമ്മ നിര്യാതയായി
തൊടുപുഴ : സിന്‍ഡിക്കേറ്റ് ബാങ്ക് മുന്‍ ചെയര്‍മാന്‍ അറക്കുളം മേലഴകത്ത് ജോര്‍ജ്ജ് ജോസഫിന്റെ ഭാര്യ ഫിലോമിന (ലീലാമ്മ- 58) നിര്യാതയായി. സംസ്‌കാരം 13ന് വെള്ളിയാഴ്‌ച രാവിലെ 10.30 ന് അറക്കുളം സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍. അറക്കുളം ആലാനിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോസഫ്, എലിസബത്ത് മേരി, അന്നമേരി. മരുമകള്‍: റോസി ജോസഫ് കരിമ്പനാല്‍.
2012, ജനുവരി 9, തിങ്കളാഴ്‌ച
സംസ്ഥാന സൈക്കിളിംഗ്: കുര്യന്‍ ജി. കുന്നത്തുശ്ശേരിക്ക് ഒന്നാം സ്ഥാനം
തൊടുപുഴ : തിരുവനന്തപുരത്തു നടന്ന സംസ്ഥാന സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സബ്‌ജൂനിയര്‍ അണ്ടര്‍13 വിഭാഗത്തില്‍ കുര്യന്‍ ജി. കുന്നത്തുശ്ശേരി ഒന്നാം സ്ഥാനം നേടി. തൊടുപുഴ വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുര്യന്‍ ജി. കുന്നത്തുശ്ശേരിയെ പഞ്ചാബിലെ അമൃത്‌സറില്‍ നടക്കുന്ന ദേശീയ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക് തെരഞ്ഞെടുത്തു. തൊടുപുഴയില്‍ അഭിഭാഷകനായ അഡ്വ. ജോര്‍ളി കുര്യന്റെയും വഴിത്തല സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപിക സുജ ജോര്‍ജ്ജിന്റെയും മകനാണ്.
2012, ജനുവരി 2, തിങ്കളാഴ്‌ച
അഖിലേന്ത്യാ സിവില്‍ സര്‍വ്വീസ് നീന്തല്‍: ബേബി വര്‍ഗീസിന് സ്വര്‍ണം
2012, ജനുവരി 1, ഞായറാഴ്‌ച
ഒ.ഐ.സി.സി.യുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം; ജോസഫ് വാഴക്കന്‍
ഒ.ഐ.സി.സി.യുടെ പ്രവര്‍ത്തനം
അഭിനന്ദനാര്‍ഹം; ജോസഫ് വാഴക്കന്‍
തൊടുപുഴ : സാമൂഹിക പ്രവര്‍ത്തനരംഗത്ത് ഒ.ഐ.സി.സി. നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജോസഫ് വാഴക്കന്‍ എം.എല്‍.എ. പറഞ്ഞു. ഒ.ഐ.സി.സി. ഓസ്‌ട്രേലിയ ഘടകത്തിന്റെയും വാസന്‍ ഐ കെയറിന്റെയും നേതൃത്വത്തില്‍ തൊടുപുഴയില്‍ നടന്ന സൗജന്യ കണ്ണടവിതരണം ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദേശമലയാളികള്‍ നാട്ടിലെ സാധാരണക്കാരായ ആളുകള്‍ക്ക് സഹായം നല്‍കുവാന്‍ സന്നദ്ധമാകുന്നത് സമൂഹത്തിന് ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി. പ്രസിഡന്റ് ജോസ്. എം. ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. ജില്ലാചെയര്‍മാന്‍ അഡ്വ. ജോയി തോമസ്, കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. എസ്. അശോകന്‍, കെ.പി. വര്‍ഗീസ്, എന്‍.ഐ. ബെന്നി, ജോമി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലമ്മ ജോസ്, ജിന്‍സി ഷിജോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുല്ലപ്പെരിയാര്‍; ആത്മസംയമനം ബലഹീനതയല്ല ശക്തിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
മുല്ലപ്പെരിയാര്‍; ആത്മസംയമനം ബലഹീനതയല്ല ശക്തിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
തൊടുപുഴ : മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കേരളം ആത്മസംയമനം പാലിക്കുന്നത് ബലഹീനതയല്ലെന്നും നമ്മുടെ ശക്തിയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇരു സംസ്ഥാനങ്ങളും തമ്മില്‍ ഉള്ള നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ട് പ്രശ്‌നപരിഹാരമാണ് കേരളം ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിജി സ്റ്റഡിസെന്ററിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കാര്‍ഷികമേളയിലെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം സ്വീകരിച്ച നിലപാട് വളരെ വ്യക്തമാണ്. തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയുമെന്ന കാര്യത്തില്‍ കേരളം ഒറ്റക്കെട്ടാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ ഒരു സംഘടനയോ ഒരു വ്യക്തിയോ പോലും എതിര് പറഞ്ഞിട്ടില്ല. തമിഴ്‌നാട്ടിലെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണ് പ്രശ്‌നമായത്. ഡി.എം.കെ. നേതാവ് കരുണാനിധിക്ക് നല്‍കിയ കത്തിന് ലഭിച്ച മറുപടിയിലും മാധ്യമങ്ങളെയാണ് കരുണാനിധി ആശ്രയിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ നടത്തിയ കുപ്രചരണം വിശ്വസിച്ച രീതിയിലാണ് മറുപടി. കേരളം ആര്‍ക്കും എതിരല്ല നെഗറ്റീവ് നിലപാടും സ്വീകരിക്കുന്നുമില്ല. 1979-ല്‍ പുതിയ ഡാം എന്ന ആശയം ആദ്യം കൊണ്ടുവന്നത് തമിഴ്‌നാടാണെന്ന സത്യം ആരും മറക്കരുത്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നല്ല ഒരു തീരുമാനം എടുക്കുവാന്‍ തമിഴ്‌നാട് തയ്യാറാകുമെന്നാണ് വിശ്വാസം. നമ്മുടെ നിലപാട് ദേശീയതലത്തില്‍ ബോധ്യപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ മന്ത്രി പി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകനുള്ള കര്‍ഷകതിലക് അവാര്‍ഡ് വയനാട് സ്വദേശി എല്‍ദോ ബേബി-കൊച്ചുറാണി ദമ്പതികള്‍ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. ഫാം ജേര്‍ണലിസ്റ്റ് അവാര്‍ഡ് ദീപിക ഇടുക്കി ബ്യൂറോ ചീഫ് ജോണ്‍സണ്‍ വേങ്ങത്തടത്തിന് മുഖ്യമന്ത്രി സമ്മാനിച്ചു. മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി. തോമസ് എം.പി., മോന്‍സ് ജോസഫ് എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ജോസഫ്, വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. താജ്‌മോള്‍, ഡി.സി.സി. പ്രസിഡന്റ് റോയി കെ. പൗലോസ്, വിവിധ കക്ഷിനേതാക്കളായ എം.എസ്. മുഹമ്മദ്, അഡ്വ. റോയി വാരികാട്ട്, കെ. സുരേഷ്‌ബാബു, ബിജു കൃഷ്‌ണന്‍, പി.പി. സാനു, പി. പീതാംബരന്‍പിള്ള, ജോണി പൂമറ്റം, ജോണ്‍ നെടിയപാല, കെ. ഗോപിനാഥന്‍ നായര്‍, ഡോ. പി.സി. അച്ചന്‍കുഞ്ഞ്, എ.പി. തോമസ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്. ഡി. സതീശന്‍ നായര്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. രമേഷ്, അഡ്വ. ജോസഫ് ജോണ്‍, അഡ്വ. ജോസി ജേക്കബ്, പ്രൊഫ. എന്‍. ജെ. ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു