കര്‍ണാടകയില്‍ കൊല്ലപ്പെട്ട തൊടുപുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും
തൊടുപുഴ: കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ സാഗറിനടുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ തൊടുപുഴ സ്വദേശി കാപ്പില്‍ ജോസ് പി. കാപ്പന്റെ(75) മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും.
ഒന്നര മാസം മുന്‍പ് കാണാതായ ജോസ് കാപ്പനെ സാഗറില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ കരോട് എന്ന സ്ഥലത്താണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്, കാപ്പന്റെ തോട്ടത്തിലെ തൊഴിലാളിയായിരുന്ന അട്ടപ്പാടി സ്വദേശി ഷിജുവിനെ(25) സാഗര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ രണ്ടിനാണ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊന്നശേഷം കുഴിയില്‍ തള്ളിയതെന്ന് ഷിജു പോലീസിനോട് പറഞ്ഞു.
ജോസ് കാപ്പന് കരോടില്‍ കൃഷിയുണ്ട്. രണ്ടു മാസം മുന്‍പ് നാട്ടില്‍ എത്തിയ കാപ്പന്‍ നവംബര്‍ 29നാണ് മടങ്ങിയത്. ഇതിനു ശേഷം യാതൊരു വിവരവും ഇല്ലായിരുന്നു. മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. അദ്ദേഹം മുന്‍പ് ഉപയോഗിച്ചിരുന്ന മറ്റൊരു നമ്പരിലേക്ക് വിളിച്ചപ്പോള്‍ കാപ്പന്റെ ബിസിനസ് പാര്‍ട്ണര്‍ എന്നു പരിചയപ്പെടുത്തിയ ആളിന്റെ സംസാരമാണ് ബന്ധുക്കള്‍ക്ക് സംശയമുണ്ടാക്കാന്‍ കാരണം.
തുടര്‍ന്ന് സാഗറില്‍ കാപ്പന്റെ സമീപവാസികളോട് അന്വേഷിച്ചപ്പോള്‍ നവംബര്‍ രണ്ടിനു ശേഷം അദ്ദേഹത്തെ കണ്ടിട്ടില്ലെന്ന് അറിഞ്ഞു. അതിനിടെ സഹോദരന്റെ മകനെന്ന് പരിചയപ്പെടുത്തിയ യുവാവ് കാപ്പന്‍ മരിച്ചതായി സാഗറിലുള്ളവരെ അറിയിച്ചു. ഇയാള്‍ കാപ്പന്റെ വീട്ടുസാധനങ്ങള്‍ വിറ്റതായും കണ്ണൂര്‍ സ്വദേശിക്ക് പറമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതായും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കാപ്പന്‍ കൊല്ലപ്പെട്ടതായി കണ്ണൂര്‍ സ്വദേശിയും സൂചന നല്‍കി.
ഇതോടെ ബന്ധുക്കള്‍ തൊടുപുഴ പോലീസില്‍ പരാതി നല്‍കിയശേഷം സാഗറില്‍ എത്തി. തുടര്‍ന്ന് പ്രസ്തുത ഫോണ്‍ ഉപയോഗിച്ചിരുന്ന ഷിജുവിനെ കണ്ടെത്തി. സാഗര്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഭാര്യ മോളി പൂഞ്ഞാര്‍ തോട്ടക്കര കുടുംബാംഗമാണ്. മക്കള്‍: മിനി(യു.കെ.), അജിത്, സജിത്, സിബി(യു.എസ്.എ.), റജിത്(എറണാകുളം), ബിന്ദു(കനഡ), രഞ്ജി, ഡോ. മഞ്ജു(യു.കെ.), നൈന(ബഹ്‌റൈന്‍), ഡോ. നീനു(യു.എസ്.എ.). മരുമക്കള്‍: നോയല്‍(യു.കെ.), സുജ, സ്വപ്ന, ജൂബി(യു.എസ്.എ.), ശോഭ, ബിജോ(കനഡ), ശീതള്‍, സഞ്ജു(യു.കെ.), ബിനോയ്(ബഹ്‌റൈന്‍), ജോര്‍ജ്(യു.എസ്.എ.). ശവസംസ്‌കാരം ഞായറാഴ്ച 5.30ന് മുതലക്കോടം ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ