2012, ജനുവരി 12, വ്യാഴാഴ്‌ച
അരയ്‌ക്കു താഴേക്ക് തളര്‍ന്നെങ്കിലും ജീവിക്കാനുള്ള പ്രതീക്ഷയുമായി ബിജു മാത്യു
തൊടുപുഴ : അരയ്‌ക്കു താഴേക്കു തളര്‍ന്ന് കിടപ്പിലായ 389 കാരനായ നിര്‍ധന യുവാവ് എഴുന്നേറ്റ് നടക്കാന്‍ ഉദാരമതികളുടെ സഹായം യാചിക്കുന്നു. മേസ്‌തിരിപ്പണിയിലൂടെ ജീവിതം കരുപ്പിടിപ്പിച്ചു വന്ന നെയ്യശ്ശേരി കാനകാട്ട് ബിജു മാത്യുവാണ് കെട്ടിടം പണിക്കിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് രണ്ടു വര്‍ഷമായി അരയ്‌ക്കു താഴേക്ക് തളര്‍ന്നു കിടപ്പിലായത്.
2010 ജനുവരിയില്‍ മുതലക്കോടത്തിനു സമീപം കെട്ടിടനിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കേ ആണ് ബിജുവിന് അപകടം പറ്റിയത്. കെട്ടടത്തിന്റെ ഒന്നാം നില വാര്‍ക്കുന്നതിനായി തട്ടടിച്ചുകൊണ്ടിരുന്ന ബിജു തട്ടുപലക തകര്‍ന്ന് താഴേക്കു വീഴുകയായിരുന്നു. തട്ടുപലകയ്‌ക്കു മുകളില്‍ നിരത്തിയിരുന്ന കട്ടിയുള്ള ഇരുമ്പു ഷീറ്റുകള്‍ ബിജുവിന്റെ മേല്‍ വന്നു പതിക്കുകയും ചെയ്‌തു.
നട്ടെല്ലു തകര്‍ന്ന ബിജുവിനെ ഉടനെ തന്നെ തൊടുപുഴയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നട്ടെല്ലിന് ഓപ്പറേഷന്‍ നടത്തുകയും ചെയ്‌തു. എന്നാല്‍ നട്ടെല്ലിനുള്ളിലെ സ്‌പൈനല്‍ കോഡിന് ചതവു പറ്റിയതിനാല്‍ അപകടദിവസം തന്നെ ബിജുവിന്റെ അരയ്‌ക്കു താഴേക്കു തളരന്‍നു. മലമൂത്ര വിസര്‍ജ്ജനം നടക്കുന്നതു പോലും അറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ബിജു.
ഓപ്പറേഷനും തുടര്‍ന്ന് ഫിസിയോ തെറാപ്പിയുമായി ആറ് മാസം സ്വകാര്യആശുപത്രിയില്‍ ചികിത്സിച്ചെങ്കിലും അരയ്‌ക്കു താഴേക്ക് ചലനശേഷി തിരിച്ചു കിട്ടിയില്ല. ഇതിനോടകം 2.25 ലക്ഷം രൂപ ചികിത്സയ്‌ക്കായി ചിലവഴിക്കുകയും ചെയ്‌തു. തുടര്‍ന്ന് ചികിത്സിക്കുവാന്‍ പണമില്ലാതെ മൂന്ന് മാസം വീട്ടില്‍ കഴിച്ചു കൂട്ടി.
ഇതിനിടയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗവിഭാഗം മുന്‍ മേധാവി ഡോ. പി. എസ് ജോണിന്റെ സ്‌പൈനല്‍ കോഡ് റീജനറേഷന്‍ ചികിത്സയെക്കുറിച്ച് അറിഞ്ഞു. നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ജയിംസ് വരാരപ്പിള്ളി ഡോ.പി.എസ് ജോണിനെ പോയി കാണുകയും തുടര്‍ന്ന് ബിജുവിന് അദ്ദേഹത്തിന്റെ ചികിത്സ ആരംഭിക്കുകയും ചെയ്‌തു.
ചികിത്സയുടെ പ്രാരംഭമായി എറണാകുളത്ത് വിശദമായ സ്കാനിംഗ് നടത്തുകയും തുടര്‍ന്ന് മൂന്ന് മാസം ഗുളിക കഴിക്കുകയും ചെയ്‌തു.
രണ്ടുമാസം ഗുളിക കഴിച്ചതോടെ അരയ്‌ക്കു താഴേക്ക് സ്‌പര്‍ശന ശക്തി തിരിച്ചുകിട്ടി. പ്രാഥമിക കൃത്യങ്ങള്‍ നടത്തേണ്ടപ്പോള്‍ അറിയാന്‍ കഴിയുകയും കാലുകള്‍ ചലിപ്പിക്കാവുന്ന അവസ്ഥയിലുമായി. ഗുളികകള്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കാലുകള്‍ക്ക് ബലം കിട്ടുന്നതിനു വേണ്ടി ഡോക്‌ടറുടെ നിര്‍ദ്ദേശാനുസരണം രണ്ടു മാസം ഫിസിയോ തെറാപ്പി ചെയ്‌തു.
ഇതിനിടയില്‍ അരയ്‌ക്കു താഴെ ഇരുവശത്തും ബെഡ്‌സോര്‍ പ്രത്യക്ഷപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടു മൂലം വീട്ടിലേക്കു മടങ്ങുകയും ഡ്രസ്സിംഗ് തുടരുകയും ചെയ്‌തു. ബെഡ്‌സോര്‍ വ്യാപിച്ചതിനെ തുടര്‍ന്ന് രണ്ടുമാസം ആശുപത്രിയില്‍ കിടന്ന് ചികിത്സിച്ചെങ്കിലും ബെഡ്‌സോര്‍ സുഖപ്പെട്ടില്ല. തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പോകുകയും പ്ലാസ്റ്റിക് സര്‍ജറി നടത്തിയാല്‍ ബെഡ്‌സോര്‍ പൂര്‍ണമായും സുഖപ്പെടുത്താമെന്ന് ഡോക്‌ടര്‍മാര്‍ ഉറപ്പു പറയുകയും ചെയ്‌തു. ഇതിനായി ഒരു ലക്ഷത്തിലധികം രൂപ വേണ്ടി വരും. തുടര്‍ന്ന് കോട്ടയത്തെ ചികിത്സയ്‌ക്ക് ഒന്നര ലക്ഷം രൂപയും വേണം. എല്ലാ ചികിത്സയും പൂര്‍ത്തീകരിക്കാന്‍ രണ്ടര ലക്ഷം രൂപ വേണ്ടി വരും.
അപകടത്തിനു ശേഷം ഇതുവരെ വിവിധ ആശുപത്രികളിലായി ചികിത്സയ്‌ക്കായി മൂന്ന് ലക്ഷത്തിലധികം രൂപ ചിലവഴിച്ചു. നെയ്യശ്ശേരി പള്ളി വികാരി വഴി ഇടവകക്കാരില്‍ നിന്നും സമാഹരിച്ച തുകയും നാട്ടുകാരില്‍ നിന്നും ലഭിച്ച സഹായവുമൊക്കെകൊണ്ടാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്.
മരുതുംപാറയില്‍ പാറക്കെട്ടുകള്‍ നിറഞ്ഞ 12 സെന്റ് സ്ഥലവും ഷീറ്റ് മേഞ്ഞ ഒരു വീടുമാണ് ബിജുവിനും കുടുംബത്തിനുമുള്ള ആകെ സമ്പത്ത്. പ്രായമായ മാതാപിതാക്കളും അവിവാഹിതയായ സഹോദരിയും ബിജുവിനുണ്ട്. ഭാര്യ ബിന്ദു ഒരു സ്വകാര്യസ്ഥാപനത്തില്‍ പോകുന്നതു കൊണ്ടു ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബചിലവുകള്‍ നടത്തുന്നത്. വീടും സ്ഥലവും വിറ്റിട്ടാണെങ്കിലും ബിജുവിനെ ചികിത്സിക്കണമെന്ന ആഗ്രഹത്തോടെ പിതാവ് പലരെയും സമീപിച്ചെങ്കിലും വഴിയില്ലാത്ത പാറക്കെട്ടു നിറഞ്ഞ സ്ഥലവും പണി തീരാത്ത വീടും വാങ്ങാന്‍ ആരും തയ്യാറായില്ല. ഇതോടെ ചികിത്സയ്‌ക്കു പണം കണ്ടെത്താനുള്ള ബിജുവിന്റെ അവസാനശ്രമവും പരാജയപ്പെട്ടു. ഇനി ഉദാരമതികളുടെ കാരുണ്യമുണ്ടെങ്കില്‍ മാത്രമേ ബിജുവിന് ചികിത്സ തുടരാനാകൂ. കാരുണ്യമനസ്‌കരായ ഉദാരമതികള്‍ തന്നെ സഹായിക്കാന്‍ മുന്നോട്ടു വരുമെന്നും ജീവിതത്തിലേക്ക് മടങ്ങി വന്ന് കുടുംബം പുലര്‍ത്താനാകുമെന്ന ശുഭ പ്രതീക്ഷയുമാണ് വേദന കടിച്ചമര്‍ത്തി കഴിയുമ്പോഴും ബിജുവിനെ ഓരോ ദിവസവും മുന്നോട്ടു നയിക്കുന്നത്.
വിലാസം: ബിജു മാത്യു, കാനകാട്ട്, നെയ്യശ്ശേരി പി.ഒ, തൊടുപുഴ. ഇടുക്കി ജില്ല. പിന്‍ - 685581
അക്കൗണ്ട് നമ്പര്‍ : 17160100011025
ഐ.എഫ്.എസ്.സി നമ്പര്‍ : എഫ്.ഡി.ആര്‍.എല്‍ 0001716
ഫെഡറല്‍ ബാങ്ക്
കരിമണ്ണൂര്‍ ശാഖ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ