2012, ജനുവരി 18, ബുധനാഴ്‌ച

ചോരവീണ മണ്ണില്‍ സ്‌നേഹവീട്‌

ചോരവീണ മണ്ണില്‍ സ്‌നേഹവീട്‌

Posted on: 17 Jan 2012

ഷിഹാബുദ്ദീന്‍ കാളികാവ്‌



പകയില്ലാത്ത മനസ്സോടെ വിഷ്ണുവെത്തി



കാളികാവ് : 'ശത്രുക്കളുടെ മക്കളെ'ന്ന് പുറംലോകം മുദ്രകുത്തിയവര്‍ ഒത്തുചേര്‍ന്നപ്പോള്‍ ഒരിക്കല്‍ക്കൂടി സ്‌നേഹം വിജയിച്ചു. ചോക്കാടില്‍ എസ്.ഐ പി.പി. വിജയകൃഷ്ണനെ വെടിവെച്ച് കൊന്നശേഷം സ്വയം ജീവന്‍ ഒടുക്കിയ അറങ്ങോടന്‍ മുജീബ് റഹ്മാന്റെ അനാഥരായ മക്കള്‍ക്ക് കൂട്ടുകാര്‍ നിര്‍മിച്ചുകൊടുത്ത സ്‌നേഹവീടിന്റെ താക്കോല്‍ദാനച്ചടങ്ങിലേക്കാണ് തിങ്കളാഴ്ച വിജയകൃഷ്ണന്റെ മകന്‍ വിഷ്ണുവെത്തിയത്. പകയും വിദ്വേഷവും ആളിക്കത്തുന്ന ലോകത്തിന് സ്‌നേഹത്തിന്റെ വിലയാണ് ഈ അപൂര്‍വസമാഗമം കാണിച്ചുകൊടുത്തത്.
2010 സപ്തംബര്‍ 12ന് നടന്ന എസ്.ഐയുടെ കൊലപാതകത്തിനും തുടര്‍ന്ന് തങ്ങളുടെ മാതാപിതാക്കളുടെ മരണത്തിനുംശേഷം ഒറ്റപ്പെട്ടുപോയ മുഹ്‌സിനയും ദില്‍ഷാദും കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററിന് കീഴിലെ അനാഥാലയത്തിലായിരുന്നു പിന്നീട് താമസം.
കൂടും കുടുംബവുമില്ലാത്ത അനാഥ മക്കള്‍ക്ക് ദാറുന്നജാത്ത് ഓര്‍ഫനേജ് യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ചുകൊടുത്ത വീടിന്റെ താക്കോല്‍ദാനച്ചടങ്ങിലേക്ക് വെടിയേറ്റ് മരിച്ച വിജയകൃഷ്ണന്റെ മകന്‍ വിഷ്ണുവെത്തിയത് കണ്ടുനിന്ന വരെ അത്ഭുതപ്പെടുത്തി. പത്ത് വയസ്സുകാരന്‍ ദില്‍ഷാദിനെയും ആറ് വയസ്സുകാരി മുഹ്‌സിനയെയും വാരിപ്പുണര്‍ന്ന് സ്‌നേഹം പങ്കുവെച്ചപ്പോള്‍ കൂടിനിന്നവരുടെ മിഴികള്‍ നനഞ്ഞു. ബിരുദധാരിയായ വിഷ്ണു അച്ഛന് പകരക്കാരനായി പോലീസില്‍ പ്രവേശിക്കാനിരിക്കുകയാണ്.
അനാഥാലയത്തില്‍ അവധിവരുമ്പോള്‍ വലിയമ്മയെയുംകൊണ്ട് പുതിയ വീട്ടില്‍പോയി താമസിക്കാനായിരുന്നു ദില്‍ഷാദിന്റെയും മുഹ്‌സിനയുടെയും പദ്ധതി. സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയില്‍നിന്ന് ഇരുവരും താക്കോല്‍ ഏറ്റുവാങ്ങി വീടിനുള്ളിലേക്ക് പ്രവേശിക്കുമ്പോഴാണ് ജ്യേഷ്ഠസഹോദരനെപ്പോലെ വിഷ്ണു എത്തുന്നത്. ഒന്നരവര്‍ഷംമുമ്പുണ്ടായ ദുരന്തത്തില്‍ വിഷ്ണുവിന് അച്ഛന്‍ നഷ്ടപ്പെടുമ്പോള്‍ മുഹ്‌സിനയ്ക്കും ദില്‍ഷാദിനും ഉമ്മയും ബാപ്പയും നഷ്ടപ്പെട്ടു.



കാളികാവ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായിരുന്ന വിജയകൃഷ്ണന്‍ സൗമ്യശീലനും ഏവരുടെയും പ്രിയങ്കരനുമായിരുന്നു. ഇദ്ദേഹവും സംഘവും ആറങ്ങോടന്‍ മുജീബ്‌റഹ്മാനെതിരായ അറസ്റ്റുവാറന്റ് നടപ്പാക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകത്തില്‍ കലാശിച്ച സംഭവങ്ങളുണ്ടായത്. ചെലവിന് കൊടുക്കാത്തതിനെതിരെ മുജീബ് റഹ്മാന്റെ ഭാര്യമാരിലൊരാളാണ് പരാതി നല്‍കിയിരുന്നത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എല്ലാവരെയും അകറ്റിയശേഷം ഭാര്യ ഖമറുന്നീസയും മക്കളുമായി ചോക്കാടന്‍ മലവാരം കയറി വനത്തില്‍ അഭയംതേടി. പിറ്റേന്ന് രാവിലെ മലവാരത്തിന് താഴത്തേക്ക് മക്കളെ പറഞ്ഞുവിട്ടശേഷം മുജീബ്‌റഹ്മാന്‍ എസ്.ഐയെ വെടിവെച്ച തോക്കുകൊണ്ട് ഭാര്യയെ വെടിവെച്ചുകൊന്നശേഷം സ്വയം വെടിവെച്ച് മരിച്ചു.
അനാഥരായ മുജീബ്‌റഹ്മാന്റെ മക്കള്‍ക്കായി നാണയത്തുട്ടുകള്‍ ശേഖരിച്ചും വീടുകളും കവലകളും കയറിയിറങ്ങിയുമാണ് കളിക്കൂട്ടുകാര്‍ സ്‌നേഹ
ക്കുടിലൊരുക്കിയത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിച്ചതിലും അധികം ലഭിച്ചതിനാല്‍ വളരെവേഗം വീട് പൂര്‍ത്തിയാക്കി. വിദ്യാലയത്തില്‍നിന്ന് ഒരുകിലോമീറ്റര്‍ അകലെ പയ്യാക്കോടില്‍ സ്ഥലം വാങ്ങിച്ചാണ് വീട് വെച്ചിട്ടുള്ളത്.
വിധി പിതാക്കന്മാരെ നഷ്ടപ്പെടുത്തിയെങ്കിലും മക്കളെന്ത് പിഴച്ചുവെന്ന് വിഷ്ണു ചോദിക്കുന്നു. കാരുണ്യത്തിന്റെ സ്‌നേഹത്തണല്‍ വിരിയിച്ച് ഇവര്‍ക്ക് സംരക്ഷണം നല്‍കിയവര്‍ തുടര്‍ന്നും ഇവരെ സംരക്ഷിക്കണമെന്നും വിഷ്ണു പറഞ്ഞു. താക്കോല്‍ദാനത്തിന് ഒട്ടേറെ പ്രമുഖര്‍ എത്തിയിരുന്നു. വീടിന്റെ താക്കോല്‍ദാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രമാണ കൈമാറ്റം പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കറും നിര്‍വഹിച്ചു.



അഡ്വ. എം. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ഐ.ടിഛ സ്‌കൂള്‍ ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത്, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു സെബാസ്റ്റ്യന്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ.കെ. ജയിംസ്, ശാഹുല്‍ ഹമീദ്, എം. അലവി, എന്‍.കെ. അബ്ദുറഹ്മാന്‍, നൗഷാദ്, പുഞ്ച, വി. അന്‍വര്‍ തുടങ്ങിയവരും സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ