2012, ജനുവരി 18, ബുധനാഴ്‌ച

മദ്യലഹരിയിലായ ഡ്രൈവര്‍ ഓടിച്ച ആംബുലന്‍സ്‌ ഇടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ മരണമടഞ്ഞു


തൊടുപുഴ : നിയന്ത്രണം വിട്ട ആംബുലന്‍സ്‌ ഇടിച്ച്‌ ബൈക്ക്‌ യാത്രാക്കാരനായ യുവാവ്‌ ദാരുണമായി മരണമടഞ്ഞു. കുടയത്തൂരില്‍ ചൊവ്വാഴ്‌ച രാത്രി 9 മണിയോടെ ഉണ്ടായ അപകടത്തില്‍ ശരംകുത്തി തയ്യില്‍ രാജപ്പന്‍പിള്ള-ഗിരിജ ദമ്പതികളുടെ മകന്‍ ഹരികൃഷ്‌ണനാണ്‌ (25) മരിച്ചത്‌. വീട്ടില്‍ നിന്ന്‌ മുട്ടത്തേക്ക്‌ പോയ ഹരികൃഷ്‌ണന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ തങ്കമണി സഹകരണ ആശുപത്രിയുടെ ആംബുലന്‍സാണ്‌ ഇടിച്ചത്‌. സമീപത്തുള്ള വൈദ്യുതി പോസ്റ്റും ഇടിച്ച്‌ തകര്‍ത്തു. ഹരികൃഷ്‌ണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗീതാലക്ഷ്‌മി, രാജലക്ഷ്‌മി എന്നിവര്‍ സഹോദരങ്ങളാണ്‌.
ഹരികൃഷ്‌ണന്റെ ദാരുണമരണം ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്‌ തകര്‍ത്തത്‌. തൊടുപുഴ താലൂക്ക്‌ ആശുപത്രിയില്‍ പോസ്റ്റ്‌മാര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ മാതാപിതാക്കളും സഹോദരിമാരും വാവിട്ട്‌ നിലവിളിച്ചു. ഇവരെ സമാധാനിപ്പിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. വൈകുന്നേരം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സംസ്‌കാരം നടത്തി.
മദ്യപിച്ച്‌ വാഹനം ഓടിച്ചതിന്‌ ഒരു രക്തസാക്ഷികൂടി
തൊടുപുഴ : മദ്യപിച്ച്‌ വാഹനം ഓടിച്ചതിന്‌ ഒരു രക്തസാക്ഷികൂടി. ചൊവ്വാഴ്‌ച രാത്രിയില്‍ കുടയത്തൂരില്‍ ആംബുലന്‍സ്‌ നിയന്ത്രണം വിട്ട്‌ ബൈക്ക്‌ യാത്രക്കാരനെ ഇടിച്ചുണ്ടായ അപകടം ആംബുലന്‍സ്‌ ഡ്രൈവര്‍ മദ്യപിച്ചതുമൂലം വരുത്തിവച്ച ദുരന്തമായിരുന്നു. തങ്കമണി സഹകരണ ആശുപത്രിയുടെ ആംബുലന്‍സാണ്‌ അപകടത്തില്‍ പെട്ടത്‌. അപകടം ഉണ്ടായ ഉടന്‍ ഓടിക്കൂടിയ നാട്ടുകാരോട്‌ സംഭവിച്ച്‌ പോയി ക്ഷമിക്കണം എന്ന അഭ്യര്‍ത്ഥനയുമായാണ്‌ ആംബുലന്‍സ്‌ ഡ്രൈവര്‍ വേച്ച്‌ വേച്ച്‌ നാട്ടുകാരെ സമീപിച്ചത്‌. ഇടുക്കി ജില്ല ആശുപത്രിയില്‍ നിന്നും ഒരു രോഗിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ച ശേഷം മടങ്ങുമ്പോഴാണ്‌ അപകടം. വാഹനത്തില്‍ നിന്നും മദ്യകുപ്പിയും സോഡയും മദ്യം വാങ്ങിയതിന്റെ ബില്ലും കണ്ടെത്തി. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്‌ മദ്യപിച്ച്‌ ആംബുലന്‍സ്‌ ഓടിച്ച്‌ ഡ്രൈവര്‍ തല്ലികെടുത്തിയത്‌. പരിക്കേറ്റ ഹരികൃഷ്‌ണനെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകാന്‍ നാട്ടുകാര്‍ പോയ സമയം ആംബുലന്‍സ്‌ ഡ്രൈവര്‍ മുങ്ങുകയായിരുന്നു. മദ്യകുപ്പിയും ബില്ലും കണ്ടെത്തുകയും നാട്ടുകാര്‍ സാക്ഷികളായി ഉണ്ടെങ്കിലും മനപൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്ക്‌ കേസെടുക്കുവാനാണല്ലോ നമ്മുടെ നിയമം അനുശാസിക്കുന്നത്‌. ആംബുലന്‍സ്‌ ഡ്രൈവര്‍ തങ്കമണി കൊച്ചുമഠത്തില്‍ ഗോപാലന്റെ മകന്‍ സജിമോന്റെ (38) പേരില്‍ കാഞ്ഞാര്‍ പോലീസ്‌ കേസെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ