മുട്ടിനൊപ്പം ഇറക്കമില്ലാത്ത ഫ്രോക്ക് അണിഞ്ഞ് ആബാലവൃദ്ധം പ്രേക്ഷകരുടെ മനസില്‍ തിരയിളക്കം സൃഷ്ടിച്ച ലക്ഷ്മി അനശ്വരമാക്കി മാറ്റിയ ജൂലി എന്ന കഥാപാത്രത്തെ യുവനായിക പൂര്‍ണ (ഷംന കാസിം) പുനരവതരിപ്പിക്കും. പൂര്‍ണ ഡേറ്റ് നല്‍കിക്കഴിഞ്ഞു എന്നാണ് സിനിമാ ലോകത്തെ പുതിയ വാര്‍ത്ത.
രേവതി കലാമന്ദിറിന്‍റെ ബാനറില്‍ ജി സുരേഷ്കുമാറാണ് ‘ചട്ടക്കാരി’ റീമേക്ക് ചെയ്യുന്നത്. 1974ല്‍ കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത 'ചട്ടക്കാരി'യുടെ റീമേക്ക് സംവിധാനം ചെയ്യുന്നത് അദ്ദേഹത്തിന്റെ മകന്‍ സന്തോഷ് സേതുമാധവനാണ്. മൈഥിലി ചിത്രത്തില്‍ നായികയാവുമെന്നായിരുന്നു ആദ്യവാര്‍ത്തകള്‍. പിന്നീട് നിത്യ മേനോന്റെ പേരും നായിക സ്ഥാനത്തേയ്ക്ക് പറഞ്ഞ് കേട്ടു. ഇവര്‍ രണ്ടുപേരുമല്ല നായികയാകാന്‍ പോകുന്നത് ഷംന കാസിമാണ് 'ചട്ടക്കാരി'യുടെ വേഷം അണിയുന്നതെന്നതാണ് പുതിയ വാര്‍ത്ത.
ജൂലി എന്ന ആംഗ്ലോ ഇന്ത്യന്‍ യുവതിയുടെ കഥയാണ് 'ചട്ടക്കാരി'യുടേത്. യഥാര്‍ത്ഥ ജീവിതത്തിലും കാമുകീ കാമുകന്മാരായിരുന്ന മോഹനും ലക്ഷ്മിയും ചേര്‍ന്നാണ് നായികാ നായക കഥാപാത്രങ്ങളെ അന്ന് അവതരിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ സിനിമയിലെ ചൂടന്‍ രംഗങ്ങള്‍ പ്രേക്ഷക മനസ്സുകളില്‍ പ്രായഭേദമന്യേ ഉള്‍പ്പുളകം സൃഷ്ടിക്കുന്നതായിരുന്നു.
പമ്മന്‍റെ ചട്ടക്കാരി എന്ന നോവലിനെ അടിസ്ഥാനമാക്കി മഞ്ഞിലാസ് ഒരുക്കിയ ഈ സിനിമ ഒരു കാലഘട്ടത്തിന്റെ ആവേശമായിരുന്നു. ചട്ടക്കാരിയിലൂടെ ലക്ഷ്മി ഒരു തലമുറയുടെ മുഴുവന്‍ സ്വപ്നങ്ങളിലെ നായികയായിരുന്നു. അന്യഭാഷകളിലേയ്ക്ക് ചട്ടക്കാരി ഭാഷകളില്‍ റീമേക്ക് ചെയ്തപ്പോഴും ജൂലിയായി സംവിധായകര്‍ തേടിയെത്തിയിരുന്നത് ലക്ഷ്മിയെയായിരുന്നു. സോമന്‍, അടൂര്‍ ഭാസി, സുകുമാരി തുടങ്ങിയവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്‍. അടൂര്‍ ഭാസി അവതരിപ്പിച്ച കഥാപാത്രത്തിന് റീമേക്കില്‍ ജഗതി ശ്രീകുമാര്‍ ജീവന്‍ പകരും.
രതിനിര്‍വേദം റീമേയ്ക്കില്‍ ജയഭാരതി അവതരിപ്പിച്ച രതിച്ചേച്ചിയുടെ കഥാപാത്രത്തെ ഏറ്റെടുക്കാന്‍ നടി ശ്വേത മേനോന്‍ കാണിച്ച ധൈര്യം ചട്ടക്കാരിയുടെ കാര്യത്തില്‍ ഒരു നടിയും കാണിക്കുന്നില്ലെന്നും അതുകൊണ്ട് സിനിമ പ്രതിസന്ധിയിലാണെന്നും ശക്തമായ പ്രചരണം നടന്നിരുന്നു. ഇതിനിടെ ചട്ടക്കാരിയില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതില്‍ പകപോക്കാന്‍ ചില നിര്‍മ്മാതാക്കള്‍ തനിയ്‌ക്കെതിരെ നിസാര കാരണങ്ങള്‍ പറഞ്ഞ് വിലക്കേര്‍പ്പെടുത്തിയെന്ന് നിത്യ മേനോന്‍ ആരോപിച്ചതും സിനിമയുടെ റീമേയ്ക്കിനെ സംബന്ധിച്ച് ആശങ്കയുയര്‍ത്തിയിരുന്നു.
ലക്ഷ്മി ഉജ്ജ്വലമായി അവതരിപ്പിച്ച ജൂലിയെ അതിലും ഭംഗിയാക്കാനുള്ള വെല്ലുവിളി ഷംന കാസിം ഏറ്റെടുത്തിരിക്കുകയാണ്. ഷംനയെ കുഞ്ഞു ഫ്രോക്കണിഞ്ഞ് കാണാനുള്ള ആവേശത്തില്‍ പ്രേക്ഷകരും.
എന്നിട്ടും, ഡിസംബര്‍, പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലിഭായ്, ഫ്ലാഷ്, കോളജ് കുമാരന്‍ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച പൂര്‍ണ തമിഴിലാണ് കൂടുതല്‍ തിളങ്ങിയത്. പൂര്‍ണ അഭിനയിച്ച കന്ദക്കോട്ടൈ, വെല്ലൂര്‍ മാവട്ടം, വിത്തഗന്‍, ആടുപുലി, കൊടൈക്കനാല്‍ തുടങ്ങിയ തമിഴ് സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ