2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച
ഹോട്ടല്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം; അസോസിയേഷന്‍
തൊടുപുഴ: ഹോട്ടല്‍മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയുടെ നിവേദനം ജില്ലാ പ്രസിഡന്റ് എം.എന്‍ ബാബു മന്ത്രി പി.ജെ ജോസഫിന് സമര്‍പ്പിച്ചു.
കേരളത്തിലെ ചെറുതും വലുതുമായ ഒന്നരലക്ഷത്തോളം വരുന്ന ചായപീടിക, റസ്റ്റോറന്റ്, ലോഡ്‌ജ്, സ്റ്റാര്‍ ബാര്‍ ഹോട്ടലുകളും പ്രത്യക്ഷമായും പരോക്ഷമായും ഉള്ള 25 ലക്ഷത്തോളം തൊഴിലാളികളും ഉള്‍പ്പെടുന്ന ഹോട്ടല്‍ വ്യവസായത്തിന്റെ പ്രശ്‌നങ്ങള്‍ നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ടൂറിസം വികനസത്തില്‍ അത്യന്താപേക്ഷിതമായിട്ടുള്ള ചെറുകിട വ്യവസായശൃംഖലയാണ് ഹോട്ടലുകളും റസ്റ്റോറന്റുകളും, വിദേശ ആഭ്യന്തര ടൂറിസ്റ്റുകളില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ ആശ്രയം ചെറുകിട ഹോട്ടലുകള്‍ മാത്രമാണ്. കൂടാതെ വിദ്യാര്‍ത്ഥികള്‍, രോഗികള്‍, ഉദ്യോഗസ്ഥര്‍, വ്യവസായികള്‍ എന്നിവര്‍ക്കും ആശ്രയം വ്യവസായം. പ്രതിസന്ധികളെ നേരിടുകയാണ്.
നിത്യോപയോഗ സാധനങ്ങളുടെ വില, പാല്‍വില, പാചകവാതകവില, തൊഴിലാളികളുടെ ശമ്പളം, അവരുടെ മറ്റാനുകൂല്യങ്ങള്‍, വിവിധയിനം ടാക്‌സുകള്‍ തുടങ്ങിയ എല്ലാ ഇനങ്ങളിലും ഉണ്ടായിട്ടുള്ള അമിതമായ വര്‍ദ്ധനവ് കാരണം ഹോട്ടലുകള്‍ പലതും അടച്ചുപൂട്ടിയിട്ടുണ്ട്. ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് ഹോട്ടല്‍ ഉടമയ്‌ക്കോ, മറ്റാര്‍ക്കെങ്കിലുമോ കൃത്യമായി പ്രവചിക്കാന്‍ സാധിക്കുകയില്ല. ഹോട്ടല്‍ രാവിലെ തുറക്കുമ്പോള്‍ മുതല്‍ രാത്രി അടക്കുന്നതു വരെ തുടര്‍ച്ചയായി വെള്ളം ഉപയോഗിക്കേണ്ടി വരുന്നു.
പലവിധത്തിലുള്ള ആളുകള്‍ പലതരത്തിലുള്ള ആവശ്യങ്ങള്‍ക്ക് ഹോട്ടലില്‍ ജലം ഉപയോഗിക്കുന്നുണ്ട്. പാചകആവശ്യത്തിന് പുറമേ കുടിക്കുന്നതിനും കുളിക്കുന്നതിനും പ്രാഥമികആവശ്യങ്ങള്‍ക്കും ശുചീകരണത്തിനും വെള്ളം ഉപയോഗിക്കുന്നു. ഇതിന് കൃത്യമായ ഒരളവ് പറയാനോ, നിയന്ത്രിക്കുവാനോ പ്രയാസമാണ്. ഇപ്രകാരം പലവിധത്തില്‍ വളരെയധികം ജലം ആവശ്യമായിട്ടുള്ള അവശ്യസേവന മേഖലയാണ് ഹോട്ടല്‍വ്യവസായം.
വെള്ളക്കരം വര്‍ദ്ധിപ്പിച്ചത് ഹോട്ടലുകളെ വളരെഅധികം ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഈ വ്യവസായത്തിന് മാത്രമായി പ്രത്യേക പരിഗണന നല്‍കി വെള്ളത്തിന് കുറഞ്ഞ നിരക്ക് നിശ്ചയിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഹോട്ടലുകള്‍ ഉപയോഗിക്കുന്ന വെള്ളത്തിന് രണ്ടു തരത്തിലുള്ള താരിഫ് ഉണ്ടായിരുന്നത് പുനസ്ഥാപിക്കണം, പാചകത്തിനുപയോഗിക്കുന്ന വെള്ളത്തിന് ഗാര്‍ഹിക നിരക്കും ലോഡ്‌ജുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന് കൊമേഴ്‌സ്യല്‍ ചാര്‍ജ്ജും ഈടാക്കണം.
ചൈല്‍ഡ് ലേബര്‍ ആക്‌ടില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി 14 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഹോട്ടലുകളില്‍ ജോലി ചെയ്യുവാന്‍ അനുവാദമുള്ളപ്പോള്‍ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 26 വകുപ്പിന്റെ മറ പിടിച്ച് ഹോട്ടലുകളില്‍ 18 വയസിനു താഴെയുള്ളവരെ ജോലി ചെയ്യിപ്പിക്കുന്നു എന്നാരോപിച്ച് ഹോട്ടലുടമകളെ പീഡിപ്പിക്കുന്ന പോലീസിന്റെ നടപടി അവസാനിപ്പിക്കണം. കേരളത്തിലെ ഭൂരിപക്ഷം ചെറുകിട ഹോട്ടലുകളും വാടകക്കെട്ടിടത്തിലാണ് നടത്തിവരുന്നത്. റെന്റ് കണ്‍ട്രോള്‍ ആക്‌ടില്‍ നിരവധി അപാകതകള്‍ ഉള്ളതിനാല്‍ സാമ്പത്തികവര്‍ഷം മൊത്തം 25000 കോടിയില്‍ അധികം നികുതി സംഭരിച്ച് ഗവണ്‍മെന്റില്‍ അടക്കുന്ന ഹോട്ടല്‍ മേഖലയിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ ഒഴിപ്പിക്കല്‍ ഭീഷണിയിലാണ്. വാടക നിയന്ത്രണ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനായി കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനുമായി ചര്‍ച്ച നടത്തണം.
കേരളത്തിന്റെ മുഖ്യവരുമാനമാര്‍ഗ്ഗമായ വിനോദസഞ്ചാരമേഖലയിലെ പ്രധാന ഘടകമായ ഹോട്ടല്‍ മേഖലയിലെ ഏക സംഘടനയായ കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന് കേരളത്തിലെ 95 ശതമാനം ഹോട്ടല്‍ റസ്റ്റോറന്റ് ഉടമകളും അംഗങ്ങളായിട്ടുള്ള സംഘടന എന്ന നിലയില്‍ അര്‍ഹമായ പ്രാതിനിധ്യം സര്‍ക്കാര്‍ കമ്മറ്റികളിലും ബോര്‍ഡുകളിലും നല്‍കണം. ഹോട്ടല്‍ ക്ലാസിഫിക്കേഷന്‍ കമ്മറ്റി ഡിറ്റിപിസി, ഭക്ഷ്യസുരക്ഷാകമ്മറ്റികള്‍, വാറ്റ് കണ്‍സള്‍ട്ടേഷന്‍ കമ്മറ്റി, മിനിമം വേജസ് അഡൈ്വസറി കമ്മറ്റി തുടങ്ങിയവകളില്‍ യഥാര്‍ത്ഥ മേഖലയില്‍ ഉള്ളവരെ ഉള്‍പ്പെടുത്തണം. എങ്കില്‍ മാത്രമേ അതാതു മേഖലയിലെ പ്രശ്‌നങ്ങള്‍ അര്‍ഹമായരീതിയില്‍ ചര്‍ച്ച ചെയ്യുവാന്‍ ഈ കമ്മറ്റികള്‍ക്ക്‌സാധിക്കുകയുള്ളൂ.
2006 ല്‍ പാര്‍ലമെന്റ് ഭക്ഷ്യസുരക്ഷാ നിലവാര നിയമം പാസാക്കുകയും അതിന്റെ ചട്ടങ്ങള്‍ ഇറക്കിക്കൊണ്ടിരിക്കുകയുമാണ്. 2011 ആഗസ്റ്റ് ഒന്‍പത് മുതല്‍ ഇത് പ്രാബല്യത്തില്‍ വരികയാണ്. ചായക്കട നടത്താന്‍ പോലും ഹോട്ടല്‍മാനേജ്‌മെന്റ് പഠിക്കണം, ഭക്ഷണം പാഴ്‌സല്‍ ചെയ്യുന്നതിന് അന്താരാഷ്‌ട്രനിലവാരം വേണമെന്നുള്ളതും കടുത്ത നിബന്ധനകള്‍ പാലിക്കാത്ത വിധത്തില്‍ ഭക്ഷണം കൊടുത്താല്‍ ലക്ഷങ്ങളുടെ പിഴശിക്ഷയും ചുമത്തുന്ന നിയമം നടപ്പിലാക്കിയാല്‍ കേരളത്തിലെ നാടന്‍ വിഭവങ്ങളും ദോശ, ഇഡ്‌ലി, ചട്‌ണി, ചില്ലിചിക്കന്‍ തുടങ്ങിയ ഇന്‍സ്റ്റന്റ് വിഭവങ്ങളും മലയാളികള്‍ക്ക് ലഭിക്കാതെ വരും. കേരളത്തിന്റെ പരമ്പരാഗത ഭക്ഷണശൈലിയുമായി പൊരുത്തപ്പെടുന്ന നിയമമെ നടപ്പിലാക്കാവൂ. ഈ നിയമത്തില്‍ സമഗ്രമായ പരിഷ്‌കരണം നടത്തുകയും കേരളത്തില്‍ നടപ്പിലാക്കുന്നതിന് മുമ്പായി കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനുമായി ചര്‍ച്ച നടത്തുകയും വേണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ